Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പരമാധികാരം ഉറപ്പാക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; കൂടുതൽ പ്രകോപനത്തിന് സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കുന്നതും പരിഗണനയിൽ; ശിവശങ്കറിന്റെ അറസ്റ്റിൽ ഭയമില്ലെന്ന സന്ദേശം നൽകാൻ രണ്ടും കൽപ്പിച്ച് പിണറായി; കൈവിട്ട കളി വേണമോ എന്ന സംശയത്തിൽ കോടിയേരിയും

പരമാധികാരം ഉറപ്പാക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; കൂടുതൽ പ്രകോപനത്തിന് സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കുന്നതും പരിഗണനയിൽ; ശിവശങ്കറിന്റെ അറസ്റ്റിൽ ഭയമില്ലെന്ന സന്ദേശം നൽകാൻ രണ്ടും കൽപ്പിച്ച് പിണറായി; കൈവിട്ട കളി വേണമോ എന്ന സംശയത്തിൽ കോടിയേരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു സംസ്ഥാനത്തു സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇത് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിക്കുമെന്ന ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുണ്ട്. കോടിയേരിയുടെ മകൻ ബിനീഷ് ബംഗ്ലുരുവിൽ ഇഡി കസ്റ്റഡിയിലാണ്. കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കുന്ന തീരുമാനം എടുത്താൽ അത് തിരിച്ചടിയാകുമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. എന്നാൽ തീരുമാനവുമായി മുമ്പോട്ട് പോകാനാണ് പിണറായിയുടെ തീരുമാനം. വരുന്ന നാലിനു ചേരുന്ന മന്ത്രിസഭ തീരുമാനം എടുത്തേക്കും.

മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതെന്ന് ആക്ഷേപം ഉയർന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും. ഘടകകക്ഷി മന്ത്രിമാരുടെ എതിർപ്പു മൂലം വിവാദത്തിലായ വിഷയമാണിത്. ഇതും അംഗീകരിക്കും. സിപിഐയുടെ എതിർപ്പ് ഈ വിഷയത്തിലുണ്ട്. മുഖ്യമന്ത്രിക്ക് പരമാധികാരം നൽകാനുള്ള നീക്കമാണ് ഇത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തിലാണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഇതിനൊപ്പം ബാറുകൾ തുറക്കുന്നതും പരിഗണനയിലാണ്. നിബന്ധനകളോടെ ആയിരിക്കും ഇതിനു നടപടി സ്വീകരിക്കുക. നിലവിൽ ബാറിൽ നിന്നു മദ്യം പാഴ്‌സൽ വിൽക്കാനാണ് അനുമതിയുള്ളത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഡിസംബർ അവസാനമേ ബാർ തുറക്കാനാകൂ. അതുകൊണ്ടാണ് ബാർ ഉടൻ തുറക്കുന്നത്.

മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം എത്തിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിൽ മന്ത്രിസഭാ ഉപസമിതിയുടെ അവസാനം ചേർന്ന യോഗത്തിലും ഘടകകക്ഷി മന്ത്രിമാർ ശക്തമായി എതിർത്തതിനാൽ വിവാദ വ്യവസ്ഥകൾ ഒഴിവാക്കാനാണു സാധ്യത. അതേസമയം, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അമിതാധികാരം നൽകുന്ന വ്യവസ്ഥകളിൽ കുറവ് വരുത്തില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു കൊണ്ടുവരണമെന്നു മന്ത്രിസഭാ ഉപസമിതിയോടു മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഈ തീരുമാനം നടപ്പാക്കാനുള്ള നീക്കം. ഇതും വിവാദമായി മാറും. സംസ്ഥാനത്തു സിബിഐ അന്വേഷണത്തിനു സർക്കാർ നൽകിയ പൊതുവായ അനുമതി റദ്ദാക്കാനാണ് നീക്കം. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാരിനെ പിണക്കുന്നതിനോട് കോടിയേരിക്ക് താൽപ്പര്യമില്ല. എന്നാൽ പഴയ അതേ ധാർഷ്ട്യവുമായി മുമ്പോട്ട് നീങ്ങുന്നവർ ഉറച്ച മനസ്സിലും.

പരമാവധി സംയമനം പാലിച്ചില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ അതിശക്തമായ ഇടപെടൽ നടത്തുമെന്ന് കോടിയേരിക്ക് അറിയാം. മന്ത്രി കെടി ജലീലും അന്വേഷണ പരിധിയിലാണ്. ജലീലിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ കേന്ദ്ര ഏജൻസികളേയും മോദി സർക്കാരിനേയും പ്രകോപിപ്പിക്കരുതെന്നാണ് കോടിയേരിയുടെ അഭിപ്രായം. ഇതാണ് പിണറായി അംഗീകരിക്കാത്തത്. വിവാദങ്ങൾക്കൊപ്പം കൈയടി കിട്ടുന്ന ചില തീരുമാനം കൂടി മന്ത്രിസഭ എടുത്തേക്കും. യുജിസി ശമ്പളപരിഷ്‌കരണം ലഭിക്കാതെ കോളജുകളിൽ നിന്നു വിരമിച്ച അദ്ധ്യാപകർക്കു യുജിസി നിരക്കിൽ പെൻഷൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശവും പരിഗണിച്ചേക്കും. ഇതു സംബന്ധിച്ച ഫയലിനു ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഏതാനും ജനക്ഷേമ, വികസന പദ്ധതികൾ കൂടി പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ചില സ്ഥാപനങ്ങളിലെ സിപിഎം അനുഭാവികൾ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശകൾ സർക്കാരിന്റെ മുന്നിലുണ്ട്. ഇതും പിൻവാതിൽ നിയമനത്തിന്റെ പരിധിയിൽ സർക്കാരിന് വിനയാകും. എന്നാൽ പാർട്ടിക്കാർക്കെല്ലാം സ്ഥിര ജോലിയെന്ന നിലപാടിലാണ് പിണറായി. കള്ളപ്പണ ലഹരിമരുന്ന് ഇടപാടിൽ ബിനീഷ് കോടിയേരിയുടെ പങ്ക് ആരോപിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കോടിയേരി സ്വയം പ്രതിരോധത്തിലാണ്. .

ഓൺ ലൈനായി നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനായി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ എകെജി സെന്ററിൽ എത്തിയില്ല. കഴിഞ്ഞ ഓൺലൈൻ കേന്ദ്രകമ്മിറ്റിയിൽ എകെജി സെന്ററിൽ എത്തിയാണു കോടിയേരി പങ്കെടുത്തത്. അദ്ദേഹം തലസ്ഥാനത്തെ വീട്ടിൽ നിന്നു പങ്കെടുത്തുവെന്നു പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു. ബിനീഷിനെ തള്ളിപ്പറയുക, കോടിയേരിയെ സംരക്ഷിക്കുക എന്ന സമീപനമാണു സിപിഎം സ്വീകരിക്കുന്നത്. എങ്കിലും കേന്ദ്ര സർക്കാരിനെ പിണക്കാതെ ബിനീഷ് വിഷയത്തിൽ കരുതലോടെ മുമ്പോട്ട് പോകാനാണ് കോടിയേരിയുടെ ആഗ്രഹം. എന്നാൽ പിണറായി അതിന് ഒരുക്കവുമില്ല.

ലഹരിമരുന്ന് കേസിലെ പണമിടപാടിൽ ബെംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ലഹരിമരുന്ന് ഇടപാടിനായി അനൂപ് മുഹമ്മദിന് എത്ര തുക കൈമാറിയെന്നത് സംബന്ധിച്ചാണ് ഇഡി പ്രധാനമായിട്ടും ചോദിച്ചറിയുന്നത്. പണം കൈമാറിയിട്ടുണ്ടെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ എത്രയാണ് തുകയെന്നും എപ്പോഴോക്കെയാണ് കൈമാറിയതെന്നും വെളിപെടുത്താൻ തയാറായിട്ടില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും നിശബ്ദത പാലിക്കുകയും ചെയ്യുകയാണെന്ന് ഇ.ഡി പറയുന്നു. അതേസമയം ലഹരി ഇടപാടുകൾ ബിനീഷിനു അറിയില്ലായെന്ന അനൂപിന്റെ മൊഴി ഇ.ഡി കാര്യമായിട്ടെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP