Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഭ്യന്തര വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി; 24 മണിക്കൂറും ഭരണത്തിൽ ശ്രദ്ധിക്കുമ്പോൾ പത്രവും ടിവിയും പോലും പിണറായി ഒഴിവാക്കുന്നുവോ? രഹസ്യാന്വേഷണ വിഭാഗം ഒന്നും മുഖ്യനെ അറിയിക്കില്ലേ? സ്വപ്‌നാ സുരേഷ് തനിക്കെതിരെ ഉയർത്തിയ ആക്ഷേപം പോലും 'ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന്' മുഖ്യമന്ത്രി; നിയമസഭയിലെ ഉത്തരങ്ങൾ വിരൽ ചൂണ്ടുന്നത്

ആഭ്യന്തര വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി; 24 മണിക്കൂറും ഭരണത്തിൽ ശ്രദ്ധിക്കുമ്പോൾ പത്രവും ടിവിയും പോലും പിണറായി ഒഴിവാക്കുന്നുവോ? രഹസ്യാന്വേഷണ വിഭാഗം ഒന്നും മുഖ്യനെ അറിയിക്കില്ലേ? സ്വപ്‌നാ സുരേഷ് തനിക്കെതിരെ ഉയർത്തിയ ആക്ഷേപം പോലും 'ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന്' മുഖ്യമന്ത്രി; നിയമസഭയിലെ ഉത്തരങ്ങൾ വിരൽ ചൂണ്ടുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാം അറിയുന്ന ആളാകണം കേരളത്തിലെ മുഖ്യമന്ത്രി. സംസ്ഥാനത്തെ ജനങ്ങൾ കരുതുന്നത് ഇങ്ങനെയാണ്. എന്നാൽ പലതും മുഖ്യമന്ത്രി അറിയുന്നില്ല. നിയമസഭയിലെ ചോദ്യോത്തരത്തിനാണ് മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി. 2016 ൽ മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണക്കടത്തുകേസ് പ്രതിയുടെ ആരോപണം ശ്രദ്ധയിൽപെട്ടോ എന്ന ചോദ്യത്തിന്, ശ്രദ്ധയിൽപെട്ടില്ലെന്നാണു മറുപടി. അതായത് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പോലും അറിയുന്നില്ല.

ആഭ്യന്തര വിജിലൻസ് വകുപ്പും മുഖ്യമന്ത്രിയുടെ ചുമതലയിലാണ്. അതിശക്തമായ രഹസ്യാന്വേഷണ വിഭാഗം പൊലീസിനുണ്ട്. ഇവർ എല്ലാ ദിവസവും എല്ലാ കാര്യവും മുഖ്യമന്ത്രിയെ അറിയിക്കും. പ്രത്യേകിച്ച് പൊട്ടിത്തെറിയാകുന്ന സംഭവങ്ങൾ. അത്തരത്തിലൊന്നായിരുന്നു സ്വർണ്ണ കടത്ത് കേസും ഇപ്പോഴുണ്ടായ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളും. ഇതെല്ലാം വലിയ രീതിയിൽ മാധ്യമങ്ങൾ ചർച്ചയാക്കി. സൈബർ സഖാക്കൾ ക്യാപ്‌സ്യൂളുമായി പ്രതിരോധവും തീർത്തു. ഇങ്ങനെ എല്ലാവരും അറിയുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പോലും പെട്ടില്ലെന്നാണ് നിയമസഭയെ രേഖാമൂലം അറിയിക്കുന്നത്.

നിയമസഭയെ മുഖ്യമന്ത്രി ഒരിക്കലും തെറ്റിധരിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ പറഞ്ഞത് ശരിയാകാനാണ് സാധ്യത. അങ്ങനെ എങ്കിൽ കേരളത്തിലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പൂർണ്ണ പരാജയമാണ്. ഇതിനൊപ്പം പത്രം വായനയും ടിവി കാണലും പോലും മുഖ്യമന്ത്രിക്കില്ലെന്നും കരുതണം. സദാസമയം ഭരണകാര്യങ്ങളിൽ മാത്രം മുഖ്യമന്ത്രി ശ്രദ്ധിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. ബാഹ്യമായി സംഭവിക്കുന്നത് പൊലീസ് അറിയിക്കുമെന്നായിരിക്കണം മുഖ്യമന്ത്രിയുടെ പ്രതീക്ഷ. നിയമസഭയിലെ മറുപടി പരിശോധിച്ചാൽ ഇവിടെ വീഴ്ച വരുന്നുവെന്ന് വേണം മനസ്സിലാക്കാൻ.

സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനെ വിജിലൻസ് സംഘം പാലക്കാട്ടെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയതും മുഖ്യമന്ത്രിയുടെ 'ശ്രദ്ധയിൽപെട്ടില്ല'. എന്നാൽ, സരിത്തിന്റെ ഫോൺ പിടിച്ചെടുത്തതു നിയമാനുസൃതമാണെന്നു മറുപടി നൽകി. സ്വപ്നയ്‌ക്കെതിരെയുള്ള ഗൂഢാലോചനക്കേസ് അന്വേഷിക്കാൻ വൻ പൊലീസ് സംഘത്തെ നിയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടിയില്ല.

സ്വർണക്കടത്തുകേസ് പ്രതിയുടെ ഭർത്താവിനു കെ ഫോൺ പദ്ധതിയുടെ ഭാഗമായ ഏജൻസിയിൽ നിയമനം നൽകിയിരുന്നോ എന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനെ 'ആരെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല'. അങ്ങനെ പോകുന്നു രസകരമായ മറുപടികൾ. സ്വർണക്കടത്തുകേസ് പ്രതിയായ സ്വപ്നയെ സ്വാധീനിച്ചു മൊഴി മാറ്റാൻ മുൻ മാധ്യമപ്രവർത്തകൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഷാജ് കിരൺ വിജിലൻസ് മേധാവിയുമായി സംസാരിച്ചോ, അതേക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടോ, വിജിലൻസ് മേധാവിക്കെതിരെ ഈ വിഷയത്തിൽ നടപടിയെടുത്തോ, ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുമായി ഇയാൾ സംസാരിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം നിയമസഭയിൽ മുഖ്യമന്ത്രിക്ക് ഒറ്റ ഉത്തരം മാത്രം പരാതി ലഭിച്ചിട്ടില്ല. വിമാനത്തിൽ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടെന്ന പരാതി അന്വേഷിക്കാൻ ശംഖുമുഖം എസിപിയെ ചുമതലപ്പെടുത്തിയെന്നു മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP