Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

'ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെയാണ്'; തിരുകേശ വിവാദത്തിൽ താൻ മുൻപ് പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; ആരുടേയും സർട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് എടുക്കുന്നതെന്നും മുഖ്യൻ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുകേശ വിവാദത്തിൽ താൻ മുൻപ് പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആൻ വിതരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഖുർആനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുന്നു. പക്ഷെ തിരുകേശസമർപ്പണ സമയത്ത് അങ്ങ് അഭിപ്രായപ്പെട്ടത് അത് ബോഡിവേസ്റ്റാണ്, അത് കത്തിച്ചാൽ ചാമ്പലാകുന്ന സംഗതിയാണ് എന്നാണ്. അക്കാരത്തിൽ അങ്ങ് അന്ന് സ്വീകരിച്ച നിലപാട് ശരിയായിരുന്നോ ആ നിലപാട് തന്നെയാണോ ഇപ്പോഴുമുള്ളത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

എന്താ സംശയം, ഞാൻ പറഞ്ഞല്ലോ എന്താ നിങ്ങൾക്ക് സംശയം. ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെയാണല്ലോ. നിങ്ങളുടെ ആരുടേയും സർട്ടിഫിക്കറ്റിന് വേണ്ടിയല്ല ഞാൻ നിലപാട് വ്യക്തമാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ ഖുർആൻ വിതരണവും മറയാക്കി എന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ സർക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്നും മന്ത്രി കെ.ടി ജലീൽ ഇതിന് കൂട്ടുനിന്നെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാൽ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും ഖുർആനെ അധിക്ഷേപിക്കാനാണ് പ്രതിപക്ഷശ്രമിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയും എൽ.ഡി.എഫും പറഞ്ഞിരുന്നത്.2012 ലായിരുന്നു കേരളത്തിൽ വളരെയധികം ചർച്ചയായ തിരുകേശവിവാദത്തിന്റെ ആരംഭം. തന്റെ കയ്യിൽ പ്രവാചകന്റെ കേശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാന്തപുരം അബൂബക്കർ മുസ്ലിയാർ അതു സൂക്ഷിക്കാനായി കോഴിക്കോട്ട് 40 കോടി ചെലവിൽ പള്ളി നിർമ്മിക്കാൻ പദ്ധതിയിട്ടതാണ് വിവാദമായത്.

കാരന്തൂർ മർക്കസിൽ നേരത്തെ തന്നെ പ്രവാചക കേശമെന്നവകാശപ്പെട്ട് മുടി സൂക്ഷിച്ചിരുന്നു. ഇത് വിശ്വാസികൾ സന്ദർശിക്കാറുമുണ്ടായിരുന്നു. എന്നാൽ പള്ളി നിർമ്മാണത്തിന് വിപുലമായ പ്രചാരണ കോലാഹലങ്ങളുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.പോപ്പുലർ ഫ്രണ്ടിന്റെ ദിനപത്രമായ തേജസിൽ ഒ.അബ്ദുല്ല കേശത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ലേഖനമെഴുതിയതോടെ മുസ്ലിം സമുദായത്തിനുള്ളിൽ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഒ അബ്ദുല്ലക്കെതിരെ കാന്തപുരം വിഭാഗം പ്രസംഗങ്ങളിലും ലേഖനങ്ങളിലും ശക്തമായ വിമർശനമുന്നയിച്ചു. എന്നാൽ പിന്നീട് കാന്തപുരത്തിന്റെ എതിർപക്ഷത്തുള്ള ഇ.കെ വിഭാഗം സുന്നികളും പിന്നാലെ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളും രംഗത്തെത്തുകയായിരുന്നു.

സമുദായത്തിനുള്ളിൽ രണ്ട് തരത്തിലായിരുന്നു വിമർശനമുണ്ടായത്. മുടി ഒറിജിനലല്ലെന്നും കാന്തപുരം വ്യാജമായി സംഘടിപ്പിച്ചതാണെന്നുമാണ് ഇ.കെ വിഭാഗം ഉന്നയിച്ച ആരോപണം. എന്നാൽ മുടി ഒറിജിനിലാണെങ്കിൽപ്പോലും അതിനെ ഇത്തരത്തിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ വിമർശനം.

ഇതിനിടെയായിരുന്നു അന്നത്തെ സിപിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തിരുകേശം ബോഡി വേസ്റ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

വടകരയിൽ സിപിഐ.എം 20-ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച 'വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോഥാനവും' എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടയിൽ നമ്മുടെയെല്ലാം മുടി കത്തിച്ചാൽ കത്തുമെന്നും മുടികത്തിച്ചാൽ കത്തുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പോലും വിവാദങ്ങൾ ഉയരുന്ന കാലമാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിച്ചു വരുന്നതിനെ കുറിച്ചും മതമേധാവികൾ മന്ത്രിമാരെ നിശ്ചയിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചും പിണറായി വിജയൻ പരാമർശിച്ചിരുന്നു.ഇതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് ബോഡിവേസ്റ്റെന്ന പരാമർശം നടത്തിയത്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP