Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

പെഗസ്സസിനെ പോലെ വമ്പന്മാരില്ലെങ്കിലും കേരളത്തിലും ഉണ്ട് ഫോണിലെ ചാരന്മാർ; കോടിയേരി ആഭ്യന്തരമന്ത്രി ആയിരിക്കെ ഫോൺ ചോർത്തൽ യന്ത്രം സൂക്ഷിച്ചത് വാടക വീട്ടിൽ; താൻ ആഭ്യന്തരമന്ത്രി ആയപ്പോൾ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നും ചെന്നിത്തല

പെഗസ്സസിനെ പോലെ വമ്പന്മാരില്ലെങ്കിലും കേരളത്തിലും ഉണ്ട് ഫോണിലെ ചാരന്മാർ; കോടിയേരി ആഭ്യന്തരമന്ത്രി ആയിരിക്കെ ഫോൺ ചോർത്തൽ യന്ത്രം സൂക്ഷിച്ചത്  വാടക വീട്ടിൽ; താൻ ആഭ്യന്തരമന്ത്രി ആയപ്പോൾ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പെഗസ്സസ് എന്ന ട്രോജൻ കുതിരയെ കുറിച്ചാണ് രാജ്യമൊട്ടുക്ക് സംഭാഷണം. ഈ ചാര മാൽവേറിനെ പേടിച്ച് ഫോൺ വിളിക്കാൻ പേടിക്കേണ്ട അവസ്ഥ. എല്ലാവർക്കും അല്ല സെലിബ്രിറ്റികൾക്ക്. അത്തരമൊരു ചോർത്തൽ അനുഭവം തനിക്കും ഉണ്ടായി എന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. മനോരമ ഓൺലൈനിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലും ഉണ്ട് ഫോൺ ചോർത്തൽ

രമേശ് ചെന്നിത്തല നേരത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ആളാണല്ലോ. അതുകൊണ്ട് തന്നെ പൊലീസിന്റെ ഈ വക കുസൃതികളൊക്കെ നന്നായി അറിയാം. പ്രതിപക്ഷ കക്ഷി നേതാക്കളുടെയും വിജിലൻസ് മേധാവിയുടെയും മാധ്യമപ്രവർത്തകരുടെയുമടക്കം ഫോൺചോർത്തൽ സംസ്ഥാനത്തും രഹസ്യമായി നടക്കുന്നുണ്ട. എല്ലാം നാടിന്റെ സുരക്ഷയ്ക്ക് വേണ്ടിയെന്നാണ് ന്യായം. പ്രതിപക്ഷ കക്ഷി നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നതായി 2019 ഒക്ടോബറിൽ രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ, തന്റെ ഫോൺ പൊലീസ് ചോർത്തിയെന്ന് ഡോ. ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകിയിരുന്നു.

പൊലീസിന്റെ വെടിയുണ്ടകൾ കാണാതായതും പർച്ചേസിലെ അഴിമതികളും സിഎജി കൈയോടെ പിടികൂടിയതിനു പിന്നാലെ, വിവരങ്ങളും രേഖകളും പുറത്തായതിനെക്കുറിച്ച് രഹസ്യാന്വേഷണത്തിന് ഉത്തരവിറങ്ങിയിരുന്നു. മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഫോൺ നിയമപരിരക്ഷയോടെ എത്രകാലം വേണമെങ്കിലും ചോർത്തുകയായിരുന്നു ലക്ഷ്യം. കോവിഡുകാലത്ത് സമ്പർക്കപ്പട്ടികയുണ്ടാക്കാനെന്ന പേരിൽ ആരുടെയും ഫോൺ ചോർത്താൻ പൊലീസിന് അനുമതി നൽകിയുള്ള ഉത്തരവും വിവാദമായിരുന്നു. സോളാർ വിവാദം കത്തിനിൽക്കെ, മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ഇന്റലിജൻസ് ചോർത്തിയിരുന്നു.

പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിൽ തന്റെ ഫോൺ നിരന്തരം നീരീക്ഷിച്ചിരുന്നുവെന്നാണ് ചെന്നിത്തല പറയുന്നത്. മുഖ്യമന്ത്രിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചെങ്കിലും അങ്ങനെയൊരു സംഭവമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഫോൺ ചോർത്താനുള്ള യന്ത്രം സ്ഥാപിച്ചിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. താൻ ആഭ്യന്തരമന്ത്രിയായിരിക്കേ അത് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്കു മാറ്റിയെന്നും അഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോൺ ചോർത്തരുതെന്നു നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹം, കള്ളനോട്ടടി തുടങ്ങിയവയുമായി ബന്ധമുള്ളവരുടെ ഫോണുകൾ മാത്രമാണ് അന്ന് ചോർത്തിയിരുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാർ അവർക്കു താൽപര്യമുള്ള പാർട്ടി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വച്ച് പ്രധാന ആളുകളുടെ ഫോൺ ചോർത്താൻ തുടങ്ങിയപ്പോഴാണ് താൻ ഇടപെട്ടത്. ഇപ്പോൾ ഫോൺ ചോർത്തൽ നിർത്തി. ഫോണുകൾ ചോർത്തിയെന്നത് സത്യമാണെന്നും ചെന്നിത്തല അഭിമുഖത്തിൽ പറഞ്ഞു.

എളുപ്പമല്ല ഫോൺ ചോർത്തൽ

നിയമപ്രകാരം ഫോൺ ചോർത്താൻ ചില നടപടിക്രമങ്ങളുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്നത്, സാമ്പത്തിക കുറ്റകൃത്യം, ഭീകരവിരുദ്ധനിയമം ചുമത്തിയ കേസുകൾ എന്നിവയുടെ അന്വേഷണത്തിനേ ഫോൺ ചോർത്താനാവൂ. കാരണം വ്യക്തമാക്കി ഡി.ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം. അടിയന്തരസാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം. രണ്ടു മാസത്തേക്കാണ് ആദ്യഅനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് അമ്പത് അപേക്ഷയെങ്കിലും നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. നടപടിക്രമങ്ങളേറെയുള്ളതിനാലാണ് അനധികൃതമായി പൊലീസ് ഫോൺ ചോർത്തുന്നത്. 75 ശതമാനം ഫോൺചോർത്തലും മാവോയിസ്റ്റ്, തീവ്രവാദബന്ധം സംശയിക്കുന്നവരുടേതാണ്.

കടപ്പാട്: മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP