Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോയിലെ ടിയും ചേരുമ്പോൾ ഹാറ്റ്‌സായി! നിലമ്പൂരിൽ മൂന്ന് പേർക്ക് ഓസ്‌ട്രേലിയൻ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് തട്ടിച്ചത് ഏഴര ലക്ഷം; പ്രളയകാലത്ത് ടെമ്പോയിൽ നാടു ചുറ്റാൻ ഇറങ്ങിയവരെ നാട്ടുകാർ തടഞ്ഞ് വച്ചത് മണിക്കൂറുകൾ; പൊലീസ് എത്തി രക്ഷിച്ച് കൊണ്ടു പോയത് പോത്തുകൽ സ്‌റ്റേഷനിലേക്കും; ജാമ്യമില്ലാ കേസിലെ എഫ് ഐ ആർ മറുനാടന്; കരഞ്ഞ കണ്ണുമായി ലൈവിലെത്തി പൊലീസിനെ പറ്റിക്കാനുള്ള അവസാന അടവും; ഫിജോയും ഭർത്താവും വീണ്ടും കുടുങ്ങി

ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോയിലെ ടിയും ചേരുമ്പോൾ ഹാറ്റ്‌സായി! നിലമ്പൂരിൽ മൂന്ന് പേർക്ക് ഓസ്‌ട്രേലിയൻ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് തട്ടിച്ചത് ഏഴര ലക്ഷം; പ്രളയകാലത്ത് ടെമ്പോയിൽ നാടു ചുറ്റാൻ ഇറങ്ങിയവരെ നാട്ടുകാർ തടഞ്ഞ് വച്ചത് മണിക്കൂറുകൾ; പൊലീസ് എത്തി രക്ഷിച്ച് കൊണ്ടു പോയത് പോത്തുകൽ സ്‌റ്റേഷനിലേക്കും; ജാമ്യമില്ലാ കേസിലെ എഫ് ഐ ആർ മറുനാടന്; കരഞ്ഞ കണ്ണുമായി ലൈവിലെത്തി പൊലീസിനെ പറ്റിക്കാനുള്ള അവസാന അടവും; ഫിജോയും ഭർത്താവും വീണ്ടും കുടുങ്ങി

എം മനോജ് കുമാർ

നിലമ്പൂർ: ഫേസ് ബുക്കിലെ സാമൂഹിക പ്രവർത്തക ഫിജോ ജോസഫും ഭർത്താവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഹാരിസ് സേട്ടും വീണ്ടും പൊലീസ് സ്‌റ്റേഷനിൽ. നിലമ്പൂരിൽ സ്വന്തം ടെംപോ ട്രാവലറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. പോത്തുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഓസ്‌ട്രേലിയയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പോത്തുകല്ലുകാരിൽ നിന്ന് ഏഴര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഫിജോയ്ക്കും ഭർത്താവിനുമെതിരെ കേസും എഫ് ഐ ആറുമുണ്ട്. ഇതിലെ പരാതിക്കാരാണ് ഫിജോയേയും സംഘത്തേയും തടഞ്ഞു വച്ചത്. പൊലീസ് എത്തി ഇവരെ പോത്തുകൽ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി.

ഏതായാലും വിസ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം നേരിടുന്ന ഫിജോ ജോസഫ് നിലമ്പൂർ പോത്തുകൽ പൊലീസ് സ്റ്റേഷനിൽ തുടരുന്നു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ടു പണം നഷ്ടമായ ആളുകൾ ഫിജോ ജോസഫിനെയും ഭർത്താവിനെയും കാർ അടക്കം തടഞ്ഞു വയ്ക്കുകയും പ്രശ്‌നമായപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. ഫിജോ ജോസഫിനെ ചോദ്യം ചെയ്തു വരുകയാണെന്ന് പോത്തുകൽ പൊലീസ് മറുനാടനോട് പറഞ്ഞു. എസ്‌ഐ മെഡിക്കൽ ലീവിലാണ്. സിഐ സ്ഥലത്തില്ല. അതിനാൽ കാര്യങ്ങൾ ഞങ്ങൾ അന്വേഷിച്ചു വരുകയാണ്.

ഫിജോ ജോസഫിനെതിരെ പോത്തുകൽ പൊലീസ് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കാര്യം പറഞ്ഞപ്പോൾ എന്തായാലും ഞങ്ങൾ അന്വേഷിക്കുകയാണ് പിന്നീട് വിശദാംശങ്ങൾ നൽകാം എന്നാണ് പോത്തുകൽ പൊലീസ് പറഞ്ഞത്. ഫിജോ ജോസഫ് തന്നെ ഫെയ്‌സ് ബുക്ക് ലൈവ് വഴി വിശദാംശങ്ങൾ നല്കിയതോടെയാണ് ജനങ്ങൾ തടഞ്ഞുവെച്ച കാര്യവും മുൻപ് തന്നെ വിസ തട്ടിപ്പ് കേസിൽ പോത്തുകൽ പൊലീസ് ഫിജോയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്ത കാര്യമെല്ലാം വ്യക്തമാകുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ഉള്ളതിനാൽ ഫിജോ ജോസഫ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതകൾ ഏറെയാണ്. ചോദ്യം ചെയ്ത ശേഷം വിശദാംശങ്ങൾ നൽകാം എന്നാണ് ഇപ്പോഴും പൊലീസ് വ്യക്തമാക്കുന്നത്.

ഈ വർഷം മെയ്‌ 5നാണ് പോത്തുകൽ പൊലീസ് സ്‌റ്റേഷനിൽ ഫിജോയ്‌ക്കെതിരെ പരാതി കിട്ടിയതും എഫ് ഐ ആർ ഇട്ടതും. ഐപിസിയിലെ 420, 406, 506, 34 എന്നിവയാണ് വകുപ്പുകൾ. ഇത് ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ട് തന്നെ പോത്തുകല്ല് സ്‌റ്റേഷനിലെത്തിച്ചവരെ പൊലീസിന് കോടതിയിൽ ഹാജരാക്കേണ്ടി വരും. എന്നാൽ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഫിജോ പറയുന്നത്. ജോൺ മാത്യുവാണ് പരാതിക്കാരൻ. അജിത് ജോർജ് ഒന്നാം പ്രതിയും ഫിജോ രണ്ടാം പ്രതിയുമാണ്. ഹരീഷ് മൂന്നാം പ്രതി. ഇതിൽ ഹരീഷ് എന്ന ഹാരീസാണ് ഫിജോയുടെ ഭർത്താവ്. കഴിഞ്ഞ വർഷം മെയ്‌ക്കും ഈ വർഷം ജനുവരിക്കും ഇടയിൽ കോട്ടയത്തെ ഏറ്റുമാനൂരിലുള്ള ഹാറ്റ് കോർപ്പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയും ഡയറക്ടർമാരുമായ പ്രതികൾ ചേർന്ന് ഓസ്‌ട്രേലിയയിലേക്ക് തൊഴിൽവിസ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരന്റെ മകനും നാട്ടുകാരായ രണ്ട് പേരേയും പറ്റിച്ചെന്നാണ് എഫ് ഐ ആറിലെ ആരോപണം.

ഏഴര ലക്ഷം രൂപ വാങ്ങിയെന്നാണ് ആക്ഷേപം. അതിന് ശേഷം വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് ആരോപണം. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാൽ കേസെടുത്തുവെന്നും എഫ് ഐ ആറിൽ പറയുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ തടഞ്ഞുവച്ച് കൈമാറിയ പ്രതികൾക്കെതിരെ പൊലീസിന് നടപടികൾ എടുക്കേണ്ടതുണ്ട്. മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കാതെ വിട്ടയ്ക്കാനും കഴിയില്ല. എന്നാൽ പൊലീസ് കാര്യങ്ങൾ തിരക്കുകയാണ്. ഇതിന് ശേഷം മാത്രമേ തീരുമാനങ്ങൾ ഉണ്ടാകൂ. അതിനിടെ ഫെയ്‌സ് ബുക്കിൽ ലൈവ് നടത്തി കാര്യങ്ങൾ ഫിജോ തന്നെ സ്ഥിരീകരിച്ചു. കരയുന്ന കണ്ണൂകളുമായാണ് ഫിജോ എത്തിയത്. നിലമ്പൂരുകാരുടെ പണം തട്ടയില്ലെന്നും ഹാറ്റ്‌സിൽ വെറുമൊരു ജോലിക്കാരിയാണെന്നും ഫിജോ പറയുന്നു. പരാതിക്കാർ ഓഫീസിൽ എത്തിയപ്പോൾ താനും അവിടെ ഉണ്ടായിരുന്നുവെന്നും കരഞ്ഞു പറയുന്നു. അങ്ങനെ ആദ്യമായി ഹാറ്റ്‌സുമായുള്ള ബന്ധം ഫിജോ സ്ഥിരീകരിക്കുകയാണ്. എന്നാൽ ഹാറ്റ്‌സിന് പിന്നിലെ ബുദ്ധിയും കരുത്തും ഫിജോയുടെ തന്ത്രങ്ങളാണെന്നതാണ് വസ്തുത. നിലമ്പൂരിലെ അറസ്റ്റ് ഒഴിവാക്കാനാണ് ഫിജോ കരഞ്ഞു കൊണ്ട് ലൈവിട്ടത്.

ഹാരീസ് ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പുറത്തു വരുന്ന വിവരം. തട്ടിപ്പ് പിടിക്കപ്പെട്ടാലും ഒരു കാരണവശാലും തങ്ങൾ അകത്തു പോകരുതെന്ന് ഫിജോയ്ക്കും ഹാരിസിനും നിർബന്ധമുണ്ടായിരുന്നു. ഇതു കാരണം തട്ടിപ്പു കമ്പനിയുടെ തലപ്പത്ത് നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പകരം സന്തത സഹചാരിയും ക്വട്ടേഷൻ നേതാവുമായ തൃശൂർ സ്വദേശി അജിത്ത് ജോർജിന്റെ പേരിൽ തുടങ്ങിയ ഫോർലൈൻ കൺസൾട്ടൻസി മുഖേനെയായിരുന്നു റിക്രൂട്ട്മെന്റ് തട്ടിപ്പ്. ഇവിടേക്ക് ആളെ എത്തിച്ചു കൊടുക്കാനാണ് ഹാരിഷിന്റെ പേരിൽ ഹാറ്റ്സ് കോർപ്പറേറ്റ്സ് തുടങ്ങിയത്. രണ്ടു ഏജൻസികളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. ഇതു കാരണം ഫോർലൈൻ നടത്തുന്ന തട്ടിപ്പുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തം വരികയില്ല എന്നും ഫിജോ കരുതി. പക്ഷേ, ഇവരുടെ കണക്കു കൂട്ടൽ തെറ്റിച്ചത് തട്ടിപ്പിനെതിരേ പരാതി നൽകിയ ഡോക്ടർ ആയിരുന്നു. ഇതോടെ കൂടുതൽ പരാതികളെത്തി. എന്നാൽ ഈ കേസിൽ ഒന്നും അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നില്ല. അതിനിടെയാണ് സമാന പരാതികൾ നിലമ്പൂരിലും ചർച്ചയാകുന്നത്. ഹാരീസിലെ എച്ചും അജിത്തിലെ എയും ഫിജോയുടെ പഴയ പേരിനൊപ്പമുള്ള ടിയും ചേർന്നാണ് ഹാറ്റ്സ്.

പത്തനംതിട്ടയിലെ കേസിൽ ഫിജോയും ഭർത്താവും പൊലീസിന്റെ വലയിലായതോടെ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളിയുടെ കപടമുഖമാണ്. നിരവധി കേസുകളിൽ മുമ്പും ഇവർ അറസ്റ്റിന്റെ വക്കോളമെത്തിയിരുന്നെങ്കിലും ഒരു ഐജിയുടെ പേരു പറഞ്ഞ് പൊലീസിനെ വിരട്ടി രക്ഷപ്പെടുകയായിരുന്നു ഇവരുടെ തന്ത്രം. തനിക്ക് ഇവരുമായി ബന്ധമില്ലെന്ന് ഐജി പലവട്ടം വിശദീരിച്ചപ്പോൾ തന്നെ കള്ളക്കളി പൊളിഞ്ഞിരുന്നു. ഇതോടെ ഫിജോയുടെ ഈ അവകാശവാദം പൊള്ളയാണെന്ന് ഏവർക്കും മനസ്സിലാവുകയും ചെയ്തു. അപ്പോഴും ഐജിയുടെ പേരു വ്യാജമായി പറഞ്ഞ് ഇവർ തട്ടിപ്പുകൾ നടത്തി. ഇത് മനസ്സിലാക്കി നേരത്തെ കോട്ടയം എസ് പിയായിരുന്ന ഹരിശങ്കർ കൃത്യമായ ഇടപെടൽ നടത്തി. ഏറ്റുമാനൂർ പൊലീസ് കൃത്യമായി ഇടപെട്ടപ്പോൾ ഫിജോയും പങ്കാളിയും അഴിക്കുള്ളിലായി. കൂടുതൽ പേർ പരാതിയുമായെത്തി. ഇതിലൊന്നാണ് നിലമ്പൂരിലേയും.

പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2017 ഓഗസ്റ്റിലാണ് ഇവർ പണം വാങ്ങിയത്. ഏറ്റുമാനൂരിൽ കെഎസ്ആർടിസിക്ക് സമീപം ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. അജിത്ത് ജോർജിനെയാണ് പുറമറ്റം സ്വദേശിയായ ഡോ ആഷ്ബി ആദ്യം പരിചയപ്പെട്ടത്. 2017 ഓഗസ്റ്റ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന് പരസ്യം ചെയ്തിരുന്നു. അതേപ്പറ്റി അന്വേഷിക്കാനാണ് ഡോക്ടർ അജിത്തിനെ വിളിക്കുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ആഷ്ബിയെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും സഹോദരൻ എബിക്ക് ദുബായ് എയർപോർട്ടിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1.5 ലക്ഷം രൂപയും രണ്ടാം തവണ രണ്ടു ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും അജിത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇവർ ഏറ്റുമാനൂർ ഫോർലൈൻ കൺസൾട്ടൻസിയിൽ എത്തി ഫിജോയ്ക്കും ഹാരിഷിനുമായി രണ്ടു ലക്ഷം രൂപ കൈമാറി. വർഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഡോക്ടർ ആശുപത്രിയിലെ ജോലിയും സഹോദരൻ എബി ബഹറിനിൽ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. വർഷം രണ്ടു കഴിഞ്ഞിട്ടും പണമോ പണിയോ കിട്ടാതെ വന്നപ്പോൾ ഇവർ വാങ്ങിയ പണം തിരികെ ചോദിച്ചു. അപ്പോഴാണ് ഹാരിഷും ഫിജോയും ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഇവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്കാർ മൊഴിയിൽ ഫിജോയുടെയും ഹാരിഷിന്റെയും പേര് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. ഇവർ മുൻപ് കണക്കു കൂട്ടിയത് അനുസരിച്ചായിരുന്നെങ്കിൽ ഈ പരാതിയിൽ അജിത്ത് ജോർജ് മാത്രമാകുമായിരുന്നു പ്രതി. മുൻപ് ഇങ്ങനെ പല കേസുകളിലും അജിത്തിനെ മാത്രം പ്രതിയാക്കി ഫിജോയും ഹാരിഷും തല ഊരുകയായിരുന്നു പതിവ്. ഇതിന് ശേഷം ഫേസ്‌ബുക്ക് ലൈവിൽ വന്ന് അജിത്തിനെ തള്ളിപ്പറയുകയും ചെയ്യും. ഇത് തന്നെയാണ് നിലമ്പൂരിൽ കാറിൽ ഇരുന്ന് കരഞ്ഞ് നടത്തുന്ന നാടക തന്ത്രം.

ഹാറ്റ്സ് കോർപ്പറേറ്റ്സിലും ഫോർലൈൻ കൺസൾട്ടൻസിയിലുമായി നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവർ പലരും ജോലി ഉപേക്ഷിച്ചു പോയി. ഇവരിൽ ചിലർ തട്ടിപ്പിന്റെ രേഖകളുമായിട്ടാണ് പോയിരിക്കുന്നത്. ഇതും ഫിജോയ്ക്കും കൂട്ടർക്കും വലിയ വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP