Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെൽകൃഷി വർധിപ്പിക്കുന്നത് മോക്ഷം കിട്ടുന്ന പോലെ! മന്ത്രി സുനിൽകുമാറിനൊപ്പം വിഎസിനേയും ബിനോയ് വിശ്വത്തേയും കളിയാക്കി സീമകൾ എല്ലാം ലംഘിച്ചു; സർക്കാർ നയത്തെ പൊതുവേദിയിൽ വിമർശിച്ച പിഎച്ച് കുര്യനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ; അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത നിലപാടുമായി കൃഷിമന്ത്രി; ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാമെന്നും അത് ഗവൺമെന്റ് ചെലവിൽ നടക്കില്ലെന്നും സുനിൽകുമാർ

നെൽകൃഷി വർധിപ്പിക്കുന്നത് മോക്ഷം കിട്ടുന്ന പോലെ! മന്ത്രി സുനിൽകുമാറിനൊപ്പം വിഎസിനേയും ബിനോയ് വിശ്വത്തേയും കളിയാക്കി സീമകൾ എല്ലാം ലംഘിച്ചു; സർക്കാർ നയത്തെ പൊതുവേദിയിൽ വിമർശിച്ച പിഎച്ച് കുര്യനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ; അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത നിലപാടുമായി കൃഷിമന്ത്രി; ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാമെന്നും അത് ഗവൺമെന്റ് ചെലവിൽ നടക്കില്ലെന്നും സുനിൽകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിപിഐ കത്ത് നൽകും. കൃഷിമന്ത്രി വി എസ് സുനിൽകുമാറും കുര്യനുമായുള്ള തർക്കം പൊതുസമൂഹത്തിന് മുന്നിലേക്കും എത്തിയ സാഹചര്യത്തിലാണ് ഇത്. നെൽകൃഷി വർധിപ്പിക്കുന്നത് മോഷം കിട്ടുന്ന പോലെയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് കുര്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടനാട്ടിലെ നെൽകൃഷി നഷ്ടമാണെന്നും ഇക്കാര്യത്തിൽ പുനർവിചിന്തനം വേണമെന്നും അദ്ദേഹം ആലപ്പുഴയിൽ വ്യക്തമാക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ നയത്തിന് എതിരാണ്. സർക്കാരിനെ പൊതു സമൂഹത്തിൽ അപമാനിച്ച പിഎച്ച് കുര്യനെ പുറത്താക്കണമെന്നാണ് സിപിഐയുടെ ആവശ്യം.

റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി സിപിഐ നേരത്തെ തന്നെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. റവന്യു വകുപ്പിൽ മന്ത്രി അറിയാതെ പി.എച്ച് കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു അന്ന് സിപിഐയുടെ പരാതി. മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോട വിഷയത്തിൽ പി.എച്ച് കുര്യൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ല. കരം അടയ്ക്കാനാകാതെ കർഷകൻ ചെമ്പനോട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന് ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനത്തോടെയാണ് സിപിഐയും പിഎച്ച് കുര്യനും തമ്മിലെ ഭിന്നത രൂക്ഷമായത്. അതിന് പുതിയ മാനം നൽകുന്നതാണ് കുട്ടനാട്ട് വികസനത്തിലെ പിഎച്ച് കുര്യാന്റെ പ്രസംഗം.

ഓഖി ദുരിതകാലത്ത് സർക്കാരിനെ ഡിജിപിയായ ജേക്കബ് തോമസ് വിമർശിച്ചു. ദുരിതാശ്വാസ ഫണ്ട് ചെലവഴിച്ചതിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു. ഏട്ട് മാസമായി ജോലി ഇല്ലാത്ത സ്ഥിതിയിലാണ് ജേക്കബ് തോമസ്. ഇതേ മാതൃക പിഎച്ച് കുര്യന്റെ കാര്യത്തിലും വേണമെന്നാണ് സിപിഐയുടെ നിലപാട്. പിഎച്ച് കുര്യനെതിരെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഇതിനെതിരെ രംഗത്ത് എത്തിയത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുമതിയോടെയാണ്. എല്ലാ സീമകളും വിട്ടാണ് കുര്യൻ കുട്ടനാട്ടെ സമ്മേളനത്തിൽ പ്രസംഗിച്ചതെന്നാണ് മന്ത്രി സുനിൽകുമാറിന്റെ നിലപാട്.

ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്തതെന്ന് മന്ത്രി

ജലമാനേജ്‌മെന്റിൽ നെൽകൃഷിക്ക് പ്രധാനപങ്കുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നത്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതും കുട്ടനാട്ടിൽ നെൽകൃഷി വർധിപ്പിക്കണമെന്നാണ്.നെൽകൃഷി മൂന്നു ലക്ഷം ഹെക്ടർ കൂടി വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നയം. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ കുര്യന്റെ പല പ്രവർത്തനങ്ങളും സർക്കാരിനെ ചൊടുപ്പിച്ചിരുന്നു. അതിനിടെ കൃഷിക്കാരന്റെ മകനായ കുര്യൻ കൃഷിക്കാർക്കെതിരെ എന്തെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. ഇത് കളിയാക്കലാണെന്നാണ് വിലയിരുത്തൽ.

അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്തതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചിട്ടുണ്ട്. അച്ചടക്കമില്ലാത്ത പ്രതികരണമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നുണ്ടായത്. നെൽവയൽ വിസ്തൃതി വർധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം കിട്ടാനല്ലെന്നും സുനിൽകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഇക്കാര്യം ബോധിപ്പിക്കും. ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാം. പക്ഷെ അത് ഗവൺമെന്റ് ചെലവിൽ നടക്കില്ല. കുട്ടനാട്ടിലെ നെൽകൃഷി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.

കൃഷി നഷ്ടമാണെന്ന് വരുത്തി തീർക്കാൻ ചില ആളുകൾ ശ്രമിക്കുകയാണ്. സർക്കാർ ചെലവിൽ മണ്ടത്തരങ്ങൾ പറയാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഹാസം അംഗീകാരമായാണ് കാണുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ അട്ടിമറിക്കാൻ കഴിയുന്നതല്ല ഇടതുപക്ഷ സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.

വിഎസിനേയും ബിനോയ് വിശ്വത്തേയും വെറുതെ വിട്ടില്ല

കുട്ടനാട്ടിലെ നെൽകൃഷി നഷ്ടമാണ്. നെൽകൃഷി കൂടിയതാണ് വെള്ളം കൂടിയത്. നെൽകൃഷിക്ക് പകരം മറ്റ് കൃഷികൾ പ്രോത്സാഹിപ്പിക്കണമെന്നാണ് പിഎച്ച് കുര്യന്റെ നിലപാട്. ഇതിനിടെ വിഎസിനേയും കളിയാക്കി. നേരത്തെ 300 ഏക്കറിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്താൻ തീരുമാനിച്ചപ്പോൾ അന്ന് തിരുവനന്തപുരത്ത് നിന്ന് രാഷ്ട്രീയ നേതാവ് എന്നെ വിളിച്ചു. കർഷക തൊഴിലാളികളുടെ പണി പോകുന്ന കാര്യമാണ്. അതൊന്നും വേണ്ടെന്നും പറഞ്ഞു. ആളെ ഞാൻ പറയുന്നില്ല. നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ എന്നായിരുന്നു കുര്യന്റെ കളിയാക്കാൽ. സിപിഐ നേതാവായിരുന്ന ബിനോയ് വിശ്വത്തേയും വെറുതെ വിട്ടില്ല. ഇതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഒരു നില കെട്ടിടമല്ല, ബഹുനില കെട്ടിടമാണ് വേണ്ടതെന്ന് ഉപദേശിച്ചപ്പോൾ ബിനോയ് വിശ്വം തങ്ങളെ റിയൽ എസ്‌റ്റേറ്റ് മാഫിയയായി ചിത്രീകരിച്ചു. സയന്റിഫിക്കായി കാര്യങ്ങൾ പറയുമ്പോൾ അതൊന്നും വേണ്ട ഞങ്ങളുടെ ഐഡിയോളജിയിൽ അതൊന്നുമില്ലെന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭൂരഹിത കേരളം പദ്ധതി തട്ടിപ്പാണെന്നും പിഎച്ച് കുര്യൻ പറഞ്ഞു. ഇതോടെയാണ് സിപിഐയും പിഎച്ച് കുര്യനും തമ്മിലുള്ള തർക്കം പുതിയ തലത്തിലെത്തിയത്.

മൂന്നാറിൽ തുടങ്ങിയ പ്രശ്‌നം

പല വിഷയങ്ങളിലും മന്ത്രി അറിയാതെ പി.എച്ച് കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്ന പരാതി സിപിഐ പല ഘട്ടത്തിലും ഉയർത്തിയിരുന്നു. റവന്യൂസെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം വീണ്ടും ശക്തമാക്കും. പല വിഷയങ്ങളിലും മന്ത്രി അറിയാതെ പി.എച്ച് കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു സിപിഐയുടെ പരാതി. മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോട കർഷകൻ ആത്ഹമത്യ ചെയ്ത വിഷയത്തിൽ പി.എച്ച് കുര്യൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ല. മൂന്നാർ വിഷയത്തിൽ വകുപ്പ്മന്ത്രിയുടെ നിലപാടിന് ഒപ്പം നിന്നില്ല. തുടങ്ങി നിരവധി പരാതികളാണ് റവന്യൂസെക്രട്ടറിക്കെതിരെ സിപിഐ ഉന്നയിച്ചത്.

വകുപ്പുമന്ത്രിയുമായി ഒത്ത് പോകാത്ത വകുപ്പ്‌സെക്രട്ടറിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അതുകൊണ്ട് പിഎച്ച് കുര്യനെ മാറ്റണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി അന്ന് തള്ളിയിരുന്നു. അതേസമയം, കുര്യനെ മാറ്റണമെന്ന മന്ത്രിയുടെ ആവശ്യം വകവയ്ക്കാതെ അദ്ദേഹത്തിന് പരിസ്ഥിതി വകുപ്പിന്റെ കൂടി ചുമതല നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഇത് കൂടുതൽ പ്രകോപനം സൃഷ്ടിച്ചിരുന്നു. മൂന്നാറിലെ കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർ നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനം വിസ്തൃതി കുറയ്ക്കുമെന്ന് സെക്രട്ടറി പി.എച്ച്.കുര്യൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മന്ത്രി ഇതിനെ എതിർത്തു. പട്ടയമുള്ളവരെ നിലനിർത്തി മറ്റുള്ളവരെ പുനരധിവസിപ്പിക്കണമെന്നും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്.

നേരത്തേ ദേവികുളം സബ് കിക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലുകളും ഇരുവരെയും രണ്ട് തട്ടിലാക്കിയിരുന്നു. മന്ത്രിയെ മറികടന്ന് മൂന്നാർ വിഷയത്തിൽ യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രിക്ക് സഹായം ചെയ്തത് പി.എച്ച്.കുര്യനായിരുന്നു. ഇക്കാര്യത്തിൽ മന്ത്രി പി.എച്ച്.കുര്യനോട് വിയോജിപ്പ് പറഞ്ഞിരുന്നു. സെക്രട്ടറി പി.എച്ച്.കുര്യനല്ല, മന്ത്രി ഇ.ചന്ദ്രശേഖരനാണ് വലുതെന്ന് നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP