Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂർണ പെൻഷനായ 7,500 രൂപ കിട്ടണമെങ്കിൽ പ്രോറാറ്റ വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബറിനു ശേഷം 15,000 രൂപയ്ക്കു മുകളിലെ ശമ്പളത്തിൽ തന്നെ 33 വർഷം പൂർത്തിയാകണം; 2047 വരെ ആർക്കും 7500 രൂപ പെൻഷൻ കിട്ടില്ല; ഉയർന്ന ഓപ്ഷൻ കൊടുക്കാത്തവർക്ക് വമ്പൻ നഷ്ടം; പിഎഫ് പെൻഷനിൽ നിറയുന്നത് ചതികൾ മാത്രം

പൂർണ പെൻഷനായ 7,500 രൂപ കിട്ടണമെങ്കിൽ പ്രോറാറ്റ വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബറിനു ശേഷം 15,000 രൂപയ്ക്കു മുകളിലെ ശമ്പളത്തിൽ തന്നെ 33 വർഷം പൂർത്തിയാകണം; 2047 വരെ ആർക്കും 7500 രൂപ പെൻഷൻ കിട്ടില്ല; ഉയർന്ന ഓപ്ഷൻ കൊടുക്കാത്തവർക്ക് വമ്പൻ നഷ്ടം; പിഎഫ് പെൻഷനിൽ നിറയുന്നത് ചതികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശമ്പളപരിധി നിശ്ചയിച്ച് നിലവിൽ നൽകിവരുന്ന പിഎഫ് പെൻഷൻ കനത്ത നഷ്ടമാകുന്നത് 2014 സെപ്റ്റംബറിൽ ഇപിഎഫ്ഒ കൊണ്ടുവന്ന ഭേദഗതിയിലെ അന്യായ വ്യവസ്ഥ മൂലം എന്ന വിലയിരുത്തൽ ഉയരുന്നു. ഇത് വലിയ തിരിച്ചടിയാണ് സാധാരണക്കാർക്ക്. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ കഴിയാതെ പോകുന്ന തൊഴിലാളികൾക്ക് പെൻഷനിൽ വരുന്ന ഈ നഷ്ടം തുടർന്നും നേരിടേണ്ടിവരും. ഉയർന്ന പെൻഷന് ഈ വ്യവസ്ഥ ബാധകമല്ല. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണ് ഇവിടെ.

2004ലെ ഭേദഗതിയിലാണ് പെൻഷൻ കണക്കാക്കുന്നത് അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിക്കു പകരം 60 മാസത്തെ ശരാശരി എന്നാക്കി മാറ്റിയത്. എന്നാൽ, പെൻഷൻ പ്രോറാറ്റ (ആനുപാതിക) അടിസ്ഥാനത്തിൽ കണക്കാക്കണമെന്ന വ്യവസ്ഥ കൂടി വച്ചതിനാൽ അവസാന 60 മാസ ശരാശരി എന്നതു പോലും അട്ടിമറിക്കപ്പെട്ടുവെന്നതാണ് വസ്തുത.

ഇപിഎസ് പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2014 ഓഗസ്റ്റ് വരെ പരമാവധി 6,500 രൂപ ശമ്പളത്തിലും 2014 സെപ്റ്റംബറിനു ശേഷം മാത്രം 15,000 രൂപ ശമ്പളത്തിലും പെൻഷൻ പ്രത്യേകമായി കണക്കാക്കണമെന്നതാണ് പ്രോറാറ്റ വ്യവസ്ഥ. മൊത്തം പെൻഷൻ 15,000 രൂപ ശമ്പള നിരക്കിൽ കിട്ടില്ല എന്നതാണ് പ്രോറാറ്റ വ്യവസ്ഥയുടെ പ്രശ്‌നം. മാത്രമല്ല, 20 വർഷ സർവീസിന് അധിക വെയ്‌റ്റേജായി കിട്ടുന്ന 2 വർഷത്തെ പെൻഷനും പരമാവധി 6,500 രൂപ ശമ്പള പരിധിയിലാണ് കണക്കാക്കുക.

1995 നവംബർ മുതൽ സർവീസിലുള്ളയാൾ 2022 ഡിസംബറിൽ വിരമിക്കുകയാണെങ്കിൽ എത്ര ഉയർന്ന ശമ്പളമുള്ളയാളാണെങ്കിലും ഇപിഎഫ്ഒ നൽകുന്ന പെൻഷൻ 3718 രൂപയാണ്, 1995 ഓഗസ്റ്റ് 31 വരെ പരമാവധി 6,500 രൂപ ശമ്പള നിരക്കിൽ 1,744 രൂപയും 2014 സെപ്റ്റംബർ മുതൽ 15,000 രൂപ ശമ്പളനിരക്കിൽ 1,788 രൂപയും 2 വർഷത്തെ സർവീസ് വെയ്‌റ്റേജിന് 6,500 രൂപ നിരക്കിൽ 186 രൂപയും ചേർന്നാണിത്. പ്രോറാറ്റ വ്യവസ്ഥ ഇല്ലായിരുന്നെങ്കിൽ അവസാന 60 മാസത്തെ ശരാശരി ശമ്പളമായ 15,000 രൂപ നിരക്കിൽ പെൻഷൻ കണക്കാക്കിയിരുന്നെങ്കിൽ 3,718 രൂപയ്ക്കു പകരം 6,242 രൂപ ലഭിക്കുമായിരുന്നു.

സർവീസ് കൂടുംതോറും പെൻഷനിലെ നഷ്ടം കൂടും. 33 വർഷം സർവീസ് ഉള്ളവർക്ക് 15,000 രൂപ ശമ്പള പരിധി അനുസരിച്ച് 7,500 രൂപ വരെ പെൻഷൻ കിട്ടുമെന്നത് സ്വപ്‌നമായി തുടരും. പൂർണ പെൻഷനായ 7,500 രൂപ കിട്ടണമെങ്കിൽ പ്രോറാറ്റ വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബറിനു ശേഷം 15,000 രൂപയ്ക്കു മുകളിലെ ശമ്പളത്തിൽ തന്നെ 33 വർഷം പൂർത്തിയാകണം. 2047 വരെ ആർക്കും 7500 രൂപ പെൻഷൻ കിട്ടില്ല. ഇപിഎഫ്ഒ അവതരിപ്പിക്കുന്ന കോടികളുടെ നഷ്ടക്കണക്കല്ലാതെ, യഥാർഥത്തിലുള്ള പെൻഷൻ കണക്കിലെ ഇത്തരം തട്ടിപ്പുകളൊന്നും കോടതികളുടെ ശ്രദ്ധയിൽ ആരും കൊണ്ടുവന്നില്ലെന്നു വേണം മനസ്സിലാക്കാൻ.

അതിനിടെ സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ ഇപിഎഫ്ഒ ഏർപ്പെടുത്തിയ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് എൻ.കെ.പ്രേമചന്ദ്രന് ഉറപ്പു നൽകി. അടിയന്തര നടപടികൾ സ്വീകരിക്കാൻ ചീഫ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർക്കു നിർദ്ദേശം നൽകുകയും ചെയ്തു. ഇക്കാര്യമുന്നയിച്ച് പ്രേമചന്ദ്രൻ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

26(6) അനുസരിച്ച് ഓപ്ഷൻ നൽകിയതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അർഹതയുള്ള ഭൂരിപക്ഷം പേർക്കും ഓപ്ഷൻ നൽകാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP