Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെട്ടിമുടിയിലെ ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുമല ചോല; കണ്ണൻ ദേവൻ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിർത്തി പ്രദേശം നിക്ഷിപ്ത വനമേഖലയിൽ; പ്രദേശം തൊഴിലാളി ലയങ്ങൾക്ക് 800 മീറ്റർ മുകളിലായി; തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കാണാമറയത്ത് പുതഞ്ഞു കിടക്കുന്നത് ഇനിയും 21 പേർ; പുഴകൾ കേന്ദ്രീകരിച്ചു തെരച്ചിൽ ഊർജ്ജിതമാക്കി

പെട്ടിമുടിയിലെ ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുമല ചോല; കണ്ണൻ ദേവൻ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിർത്തി പ്രദേശം നിക്ഷിപ്ത വനമേഖലയിൽ; പ്രദേശം തൊഴിലാളി ലയങ്ങൾക്ക് 800 മീറ്റർ മുകളിലായി; തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കാണാമറയത്ത് പുതഞ്ഞു കിടക്കുന്നത് ഇനിയും 21 പേർ; പുഴകൾ കേന്ദ്രീകരിച്ചു തെരച്ചിൽ ഊർജ്ജിതമാക്കി

മറുനാടൻ മലയാളി ബ്യൂറോ

മുന്നാർ: പെട്ടിമുടിയെ ദുരിതത്തിലാക്കിയ ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുല ചോലയാണെന്ന് കണ്ടെത്തി. വനം വകുപ്പാണ് ഇക്കാര്യം വിശദീകരിച്ചത്. കണ്ണൻ ദേവൻ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിർത്തി പ്രദേശത്താണ് നിക്ഷിപ്ത വനമേഖലയായ ഈ പ്രദേശം. പെട്ടിമുടിയിലെ തോട്ടം തൊഴിലാളി ലയങ്ങൾക്ക് 800 മീറ്റർ മുകളിലാണ് കുരിശുമല ചോല. ഇവിടെ നിന്നു കൂറ്റൻ പാറകളും മലവെള്ളവും ഒഴുകിയെത്തിയാണ് ദുരന്തമുണ്ടായതെന്നു ഇരവികുളം ദേശീയ ഉദ്യാനത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേരിയംപറമ്പിൽ പറഞ്ഞു.

2 ചോലകളുടെ സംഗമ പ്രദേശമാണ് കുരിശുമല. ഇതോടൊപ്പം സമീപത്തു മറ്റൊരു ഉറവ കണ്ടെത്തിയതായും അസി. വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. പെട്ടിമുടിക്കു സമീപം ഗ്രേവൽ ബാങ്ക്‌സ് എന്ന സ്ഥലത്ത് 20 വർഷം മുൻപ് ഉരുൾ പൊട്ടലുണ്ടായിരുന്നു. അതേസമയം ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരും. ഇന്നലെ മൂന്ന് കുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതിൽ തന്നെ അധികവും കുട്ടികളാണ്.

വീടുകൾ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാൽ, പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. പുഴയിൽ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു. കോവിഡ് ഭീതി ഉള്ളതിനാൽ കർശന ജാഗ്രതപാലിച്ചാണ് തെരച്ചിൽ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. സ്‌ഫോടക വസ്തുക്കൾ കൊണ്ട് ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.

മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ്. പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ടവരും അങ്ങനെ തന്നെ. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുകയാണ്. ആയിരത്തിലേറെ പേർ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ളവരെ ചെക്‌പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്.

നൂറിലേറെ വരുന്ന പൊലീസും അഗ്‌നിശമന സേനാ ജീവനക്കാരും' 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്. ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജൻ പരിശോധന നടത്തുക. ഇന്നലെ 10 പേർക്ക് പരിശോധന നടത്തിയിരുന്നു. ആർക്കും കോവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി. പെട്ടിമുടിയിൽ തെരച്ചിലിനെത്തിയ ആലപ്പുഴയിൽ നിന്നുള്ള അഗ്‌നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂർണ്ണമായും ക്വാറന്റീനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതും ആശ്വാസമായി.

പെട്ടിമുടി: മാറ്റിപ്പാർപ്പിച്ചവർക്ക്കണ്ണൻദേവൻ കമ്പനിയുടെ സഹായം

ഉരുൾപൊട്ടിയതിനെ തുടർന്ന് പെട്ടിമുടിയിൽനിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് സഹായവുമായി കണ്ണൻദേവൻ കമ്പനിയും ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയനും. മാറ്റിപ്പാർപ്പിച്ച 64 കുടുംബങ്ങൾക്കും 2500 രൂപയുടെ അവശ്യസാധന കിറ്റുകളാണ് കണ്ണൻദേവൻ കമ്പനി വിതരണം ചെയ്തത്.

വിവിധ എസ്റ്റേറ്റുകളിലെ ബന്ധുവീടുകളിൽ കഴിയുന്നവർക്ക് അതത് എസ്റ്റേറ്റുകളിലെ വെൽെഫയർ ഓഫീസർമാർ വീടുകളിലെത്തി വിതരണം ചെയ്തു. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ(സിഐ.ടി.യു.) നേതൃത്വത്തിൽ 64 കുടുംബത്തിനും 5000 രൂപ വീതം വീടുകളിൽ എത്തിച്ചുനൽകും. സഹായധനത്തിന്റെ വിതരണം സിപിഎം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി.ശശി, കെ.കെ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP