Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്ടിമുടിയിൽ നിന്നും ഇന്ന് കണ്ടെടുത്തത് ഒമ്പത് മൃതദേഹങ്ങൾ; ആകെ കണ്ടെത്താനായ 26 മൃതദേഹങ്ങളിൽ 25ഉം പോസ്റ്റ്മോർട്ടം നടപടികൾ ‍പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി; അഞ്ച് പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു; ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കുമെന്ന് മുഖ്യമന്ത്രിയും

പെട്ടിമുടിയിൽ നിന്നും ഇന്ന് കണ്ടെടുത്തത് ഒമ്പത് മൃതദേഹങ്ങൾ; ആകെ കണ്ടെത്താനായ 26 മൃതദേഹങ്ങളിൽ 25ഉം പോസ്റ്റ്മോർട്ടം നടപടികൾ ‍പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി; അഞ്ച് പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു; ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കുമെന്ന് മുഖ്യമന്ത്രിയും

പ്രകാശ് ചന്ദ്രശേഖർ

കോതമം​ഗലം: മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് രാവിലെ തിരച്ചിൽ പ്രവർത്തനം പുനരാരംഭിച്ചു. നാലു മണിയോടെ ഒമ്പത് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെടുത്തു. ഉച്ചവരെ സാമാന്യം തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും ഉച്ചയ്ക്കുശേഷം തിരച്ചിൽ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിൽ ശക്തമായ മഴയുണ്ടായി. കഴിഞ്ഞ ദിവസം 17 മൃതദേഹങ്ങളും ഇന്ന് ഒമ്പത് മൃത​ദേ​ഹങ്ങളുമാണ് കണ്ടെത്തിയത്. ഇതിൽ 25 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇതിൽ അഞ്ച് മൃതദേഹങ്ങൾ വൈകിട്ട് മൂന്നരയോടെ ടാറ്റാ ടീ ആശുപത്രിക്ക് അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്‌കാരം നടത്തി. ജെ സി ബി ഉപയോഗിച്ച് തയാറാക്കിയ കുഴികളിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങൾക്കു ശേഷം സംസ്‌കരിക്കുകയായിരുന്നു. ബാക്കിയുള്ള മൃത​ദേഹങ്ങളും ഇവിടെ തന്നെ സംസ്കരിക്കും എന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

മണ്ണിനടിൽ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുന്നു. പലതിന്റെയും അവശിഷ്ടങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ പത്തടിയോളം എങ്കിലും മണ്ണ് മൂടിയിട്ടുണ്ട്. മൂന്നാറിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയും മഞ്ഞുമാണ്. തിരച്ചിൽ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. ഡി എഫ് ഒ മാരായ ആർ. കണ്ണൻ , ലക്ഷ്മി എന്നിവരും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി രംഗത്തുണ്ട്. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാൻ ദിനേശ് എം പിള്ള, ദേവികുളം മുൻസിഫ് മജിസ്‌ട്രേറ്റ് ആനന്ദ് ബാലചന്ദ്രൻ, ദേവികുളം ബാർ അസോസിയേഷൻ ഭാരവാഹി എം.സി. രാജേഷ് എന്നിവരും കോടതി സ്റ്റാഫും ചേർന്ന് സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ സാമഗ്രികൾ, ഭക്ഷണം എന്നിവ പൊലീസിനു കൈമാറി.

പെട്ടിമുടിയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് 9 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.എൻ ഡി ആർ എഫിന്റെ രണ്ട് ബറ്റാലിയനും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഇന്ന് തിരച്ചിൽ നടത്തിയത്. കോടമഞ്ഞും ചാറ്റൽ മഴയും ഉണ്ടെങ്കിലും ഇത് കാര്യമാക്കാതെ രാവിലെ 8 മണിയോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രക്ഷപെട്ട താമസക്കാർ നൽകിയ വിവരങ്ങൾ പ്രകാരം 47 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദേവികുളം സബ്ബകളക്ടർ പ്രേം കൃഷ്ണൻ രാവിലെ പ്രതികരിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം വരെ നടത്തിയ തിരച്ചിലിൽ 17 പേരുടെ മൃതദ്ദേഹങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെടുത്ത കണ്ണൻദേവൻ ഹിൽസ് & പ്ലാന്റഷൻസിലെ തൊഴിലാളികളുടെ 4 ലയങ്ങളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ഇവിടെ 83 പേരുണ്ടായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. വ്യാഴാഴ്ച രാത്രി 10.30 തോടെയുണ്ടായ ഉരുൾപൊട്ടലിൽ ലയങ്ങൾ സ്ഥിതിചെയ്തിരുന്ന പ്രദേശം അപ്പാടെ തുടച്ചുനീക്കപ്പെടുകയായിരുന്നു. കെ.ഡി.എച്ച കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളിൽ താമസിച്ചിരുന്നത്. 30 മുറികളുള്ള നാലു ലയങ്ങളും പൂർണമായി തകർന്നു. വലിയൊരു പ്രദേശം മുഴവൻ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാർ മേഖലയിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.നാലു പേരടങ്ങുന്ന ഒരു കുടുംബം വലിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി നടന്ന ദുരന്തം പുറംലോകത്തെത്തിയത് ഇന്നലെ പുലർച്ചെയാണ്. മൊബൈൽ ഫോൺ കവറേജും ലാൻഡ് ഫോൺ സൗകര്യമോ ഇവിടിയില്ല. മൂന്നാറിൽ നിന്ന് 30 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്.

 രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃത​ദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു. പെട്ടിമുടിയിൽ തിരച്ചിൽ രാവിലെ ആരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ട് ടീം പ്രവർത്തിക്കുന്നു. പൊലീസും ഫയർ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. എല്ലാവരും ദുരന്തമുഖത്ത് സ്തുത്യർഹമായ സേവനമാണ് കാഴ്‌ച്ചവെക്കുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതൽ മണ്ണ് മാന്തി യന്ത്രം എത്തിയെന്നും പിണറായി വിജയൻ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നു. ഇത് ചതുപ്പുകൾ രൂപപ്പെടാൻ ഇടയായി എന്നും അദ്ദേഹം പറഞ്ഞു. രാജമലയിൽ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞിട്ടുണ്ട്. വലിയ വാഹനത്തിന് എത്തിപ്പെടാൻ ഇത് വിഘാതമാകുന്നുഎന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി. കുടുംബാഗങ്ങൾക്ക് സഹായം നൽകും. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചെലവിൽ നടത്തും. സർവവും നഷ്ടപ്പെട്ടവരാണ് ഇവർ. സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇടുക്കിയിലാകെ വ്യാപക നാശനഷ്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കർ കൃഷി നശിച്ചു. പത്ത് വീട് തകർന്നു. ചെകുത്താൻ മലയിൽ നാലിടത്ത് ഉരുൾപൊട്ടി ഏലം കൃഷി നശിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെ ആരതി രാജ് 33 വയസ്, സരോജ 58 വയസ് എന്നിവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. ആരതിയുടെ മൃതദേഹം സമീപത്തെ പുഴയിൽ നിന്നാണ് ലഭിച്ചത്. ദേശീയദുരന്ത നിവാരണസേയുടെ കേരള മേധാവി രേഖ നമ്പ്യാരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. ആരക്കോണത്തുനിന്നുള്ള 58 അംഗങ്ങളടക്കം എൻ.ഡി.ആർ.എഫിന്റെ മൂന്നു യൂണിറ്റുകളാണ് തെരച്ചിൽ നടത്തുന്നത്. മന്ത്രി എം.എം.മണി പെട്ടിമുടിയിലെത്തി രക്ഷാപ്രവർത്തനം വിലയിരുത്തിയിരുന്നു. ഇതിനിടെ, പെട്ടിമുടിയിൽ വരയാടിന്റെയും ജീവനെടുത്തു ഉരുൾപൊട്ടൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗത്താണ് പെട്ടിമുടി ഉരുൾപൊട്ടലെന്നതു ആശങ്ക വർധിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP