Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വിലവർദ്ധന വിശദീകരിക്കുക പ്രയാസം; രണ്ടു രൂപ സെസ് പിൻവലിച്ചേ പറ്റൂവെന്ന നിലപാടിൽ എംവി ഗോവിന്ദൻ; ഇന്ധന വില കൂട്ടിയ പിണറായി സർക്കാർ പ്രഖ്യാപനത്തിൽ യെച്ചൂരി അതൃപ്തൻ; ബജറ്റിലെ കൊടുംകൊള്ള വേണ്ടെന്ന് വയ്ക്കാൻ സമ്മർദ്ദം; കേന്ദ്രത്തെ കുറ്റം പറഞ്ഞ് തലയൂരും; പെട്രോൾ-ഡീസൽ വില കൂടാനിടയില്ല

സിപിഎം സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വിലവർദ്ധന വിശദീകരിക്കുക പ്രയാസം; രണ്ടു രൂപ സെസ് പിൻവലിച്ചേ പറ്റൂവെന്ന നിലപാടിൽ എംവി ഗോവിന്ദൻ; ഇന്ധന വില കൂട്ടിയ പിണറായി സർക്കാർ പ്രഖ്യാപനത്തിൽ യെച്ചൂരി അതൃപ്തൻ; ബജറ്റിലെ കൊടുംകൊള്ള വേണ്ടെന്ന് വയ്ക്കാൻ സമ്മർദ്ദം; കേന്ദ്രത്തെ കുറ്റം പറഞ്ഞ് തലയൂരും; പെട്രോൾ-ഡീസൽ വില കൂടാനിടയില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് എടുത്ത തീരുമാനം ഭാഗികമായെങ്കിലും പിൻവലിച്ചേക്കും. സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ധനമന്ത്രി കെ എൻ ബാലഗോപാലിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോടും തീരുമാനം തിരിച്ചടിയാകുമെന്ന് ഗോവിന്ദൻ വിശദീകരിച്ചിട്ടുണ്ട്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത അതൃപ്തിയിലാണ്. ദേശീയ തലത്തിൽ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ സിപിഎമ്മിന് സംസാരിക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാക്കിയെന്നാണ് യെച്ചൂരിയുടെ പക്ഷം. ഈ സാഹചര്യത്തിലാണ് പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ ഇടതു സർക്കാർ പുനർചിന്തനം നടത്തുന്നത്. ബജറ്റ് ചർച്ചകൾക്കൊടുവിൽ സെസ് പിൻവലിക്കാനും സാധ്യതയുണ്ട്. അതിനിടെ ഒരു രൂപയായി സെസ് കുറയ്ക്കുന്നതും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യതയെന്ന് സൂചന. രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സംസ്ഥാന ബജറ്റിലുണ്ടായത് നിർദ്ദേശങ്ങൾ മാത്രമാണെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയോട് പാർട്ടിയോട് ആലോചിക്കാതെ ഇന്ധന വില കൂട്ടിയതിലുള്ള അതൃപ്തി ഗോവിന്ദൻ അറിയിച്ചെന്നാണ് സൂചന.

'ബജറ്റിനെതിരായി വിമർശനങ്ങളും ചർച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സർക്കാരിനെ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന കടന്നാക്രമണമാണ് ഇത്', എം വി ഗോവിന്ദൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് ഇങ്ങനെയാണ്. അതിന് ശേഷം ധനമന്ത്രിയുമായി വീണ്ടും പാർട്ടി സെക്രട്ടറി ചർച്ച നടത്തിയെന്നാണ് സൂചന. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിൽ അടക്കം കർശന നിലപാട് ഗോവിന്ദൻ സ്വീകരിച്ചിരുന്നു. പെട്രോൾ-ഡീസൽ വിലയിലും ഇതു തന്നെയാണ് ഗോവിന്ദന്റെ നിലപാട്. പാർട്ടി നേതാക്കളേയും അണികളേയും തീരുമാനം പ്രതിക്കൂട്ടിലാക്കിയെന്നാണ് സിപിഎം സെക്രട്ടറിയുടെ നിലപാട്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വിലവർദ്ധന വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യവും എംവി ഗോവിന്ദൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ് സജീവമായി സർക്കാർ പരിഗണിക്കുന്നത് എന്നാണ് സൂചന. അതു പോരാ പൂർണ്ണമായും പിൻവലിക്കണമെന്നതാണ് ഗോവിന്ദന്റെ നിലപാട്. എന്നാൽ പരസ്യമായി സർക്കാരിനെ ഗോവിന്ദൻ തള്ളി പറയുകയുമില്ല. വിഷയത്തിൽ കേന്ദ്ര നിലപാടും നിർണ്ണായകമാകും. യെച്ചൂരിയും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളേയും ഇത് ബാധിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.

അതിനിടെ ഭാവികേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽ.ഡി.എഫ്. സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ബാലഗോപാൽ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

'കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി നികുതിക്ക് മേൽ നികുതി എന്ന പേരിൽ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും ചുമത്തുന്നതിൽ യാതൊരു ന്യായവുമില്ല. ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉത്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിൻവലിക്കേണ്ടത്'- മന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റം പറഞ്ഞ് തീരുമാനം പിൻവലിക്കാനുള്ള സാധ്യത തേടലിന്റെ തുടക്കമാണ് ഈ പോസ്‌റ്റെന്നും സൂചനയുണ്ട്.

സംസ്ഥാനത്തു മാത്രമായി ഇന്ധന സെസ് ഏർപ്പെടുത്തുന്നത് ഇതാദ്യം എന്ന വിലയിരുത്തലും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന ഇന്ധന നികുതിക്ക് ആനുപാതികമായി വാറ്റ് വർധിപ്പിക്കുന്നതായരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ജനങ്ങൾക്കു താങ്ങാൻ കഴിയാത്ത വിധത്തിൽ കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി കൂട്ടിയപ്പോൾ മുൻ യുഡിഎഫ് സർക്കാരുകൾ കേരളത്തിൽ വില്പന നികുതി വേണ്ടന്നു വച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇങ്ങനെ പെട്രോളിയം നികുതി വേണ്ടെന്നു വച്ചിരുന്നു. അന്നും സാമൂഹ്യ സുരക്ഷാ പെൻഷനുകളടക്കം മുടക്കം കൂടാതെ കൊടുത്തിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.

ഇതെല്ലാം അവഗണിച്ചാണ് ഒറ്റയടിക്ക് രണ്ടു രൂപ വർധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 10 പൈസ കൂട്ടിയപ്പോൾ 48 മണിക്കൂർ ബന്ദ് നടത്തിയവരാണ് സ്വന്ത നിലയിൽ രണ്ടു രൂപ സെസ് പ്രഖ്യാപിച്ചത്. ഇതിനെതിരേയാണ് കേരളത്തിൽ പ്രതിഷേധം ആളുന്നതെന്ന് കോൺഗ്രസ് പറയുന്നു. യുഡിഎഫും സമരം ശക്തമാക്കും. ഈ സാഹചര്യത്തിലാണ് കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങിയത്. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്. ഇതെല്ലാം സിപിഎം നേതൃത്വത്തെ കുഴക്കുന്നുണ്ട്.

കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ശ്രമം ദുർബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തൽ. നികുതി സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP