Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേയിൽ പെട്രോളിന്റെ എക്‌സൈസ് നികുതി 10 രൂപയും ഡീസലിന്റേത് 13 രൂപയും വർധിപ്പിച്ചത് സാധാരണക്കാർക്ക് നൽകുന്നത് കോവിഡു കാലത്തെ ഇരുട്ടടി; വില കുറഞ്ഞപ്പോൾ മാർച്ചിൽ 3 രൂപ നികുതി കൂട്ടിയതും മോദി സർക്കാർ മറന്നു; രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ; ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപ; ഡീസലിന് 3.81 രൂപയും; കൊറോണ കാലത്തെ നഷ്ടം നികത്താൻ പാവങ്ങളെ പിഴിഞ്ഞ് എണ്ണകമ്പനികളും; ഇന്ധന വില സർവ്വകാല റിക്കോർഡിലേക്ക് കുതിക്കുമ്പോൾ

മേയിൽ പെട്രോളിന്റെ എക്‌സൈസ് നികുതി 10 രൂപയും ഡീസലിന്റേത് 13 രൂപയും വർധിപ്പിച്ചത് സാധാരണക്കാർക്ക് നൽകുന്നത് കോവിഡു കാലത്തെ ഇരുട്ടടി; വില കുറഞ്ഞപ്പോൾ മാർച്ചിൽ 3 രൂപ നികുതി കൂട്ടിയതും മോദി സർക്കാർ മറന്നു; രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ; ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപ; ഡീസലിന് 3.81 രൂപയും; കൊറോണ കാലത്തെ നഷ്ടം നികത്താൻ പാവങ്ങളെ പിഴിഞ്ഞ് എണ്ണകമ്പനികളും; ഇന്ധന വില സർവ്വകാല റിക്കോർഡിലേക്ക് കുതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപയാണ്. ഡീസലിന് 3.81 രൂപയും. എന്നാൽ കൊറോണക്കാലത്ത് വില ഇടിഞ്ഞപ്പോൾ കൂട്ടിയ എക്‌സൈസ് നികുതി ഇനിയും കേന്ദ്രം കുറച്ചതുമില്ല. നികുതി കൂട്ടുമ്പോൾ അത് വിലയെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ അത് മാറുകയാണ്. കോവിഡുകാലത്ത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് ഇന്ധന വില വർദ്ധനവ്. അന്താരാഷ്ട്ര വിപണയിൽ ഇന്ധന വില കുറയുന്ന സൂചനകളാണുള്ളത്. ഇതിനിടെയാണ് ഇന്ത്യയിൽ വില ഉയരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന് ഇപ്പോൾ 39 ഡോളറാണ് വില. ആറു കൊല്ലം മുമ്പ് ഇത് 130 ഡോളറായിരുന്നു. അന്ന് 75 രൂപയായിരുന്നു കേരളത്തിലെ പെട്രോൾ വില. എന്നാൽ ഇന്ന് അത് 76 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഇപ്പോൾ 39 ഡോളറും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും ഡോളർ വിനിമയ നിരക്ക് ദുർബലമാവുകയും ചെയ്തതാണ് ഇന്ധന വില കൂടാനുള്ള പ്രധാന കാരണമെന്ന് എണ്ണ കമ്പനികൾ പറയുന്നു. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മയും തീരുമാനിച്ചതാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് വിശദീകരണം. എന്നാൽ രണ്ട് ദിവസമായി വില കുറയുന്നുവെന്നതാണ് യാഥാർത്ഥ്യം. എക്‌സൈസ് നികുതിയിലെ ഭീമമായ വർദ്ധനവ് കാരണമാണ് പെട്രോൾ വില ക്രമാതീതമാകുന്നത്. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല. എന്നാൽ, എണ്ണക്കമ്പനികൾ കഴിഞ്ഞ ഏതാനും മാസങ്ങളിലെ നഷ്ടം നികത്താൻ ശ്രമിക്കുമ്പോൾ വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ നിരക്ക് (ജലൃേീഹ റശലലെഹ ൃമലേ) ഇനിയും ഉയർന്നേക്കാമെന്നാണ് സൂചനകൾ.

എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും ദുർബലമായി തുടരുകയാണെന്നും ഡിമാൻഡ് കുറവായതിനാൽ വില വീണ്ടും കുറയുമെന്നും അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്. അതു സംഭവിച്ചാലും രാജ്യത്ത് എക്‌സൈസ് നികുതി വീണ്ടും കൂട്ടും. ആഗോള എണ്ണവിലയിലുണ്ടായ വർദ്ധനവും ദുർബലമായ കറൻസിയും മൂലം എണ്ണ സംഭരിക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നു. അതിനാലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ വില വർദ്ധനവ് ഉപഭോക്താക്കളിലേക്ക് കൂടി കൈമാറിയത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറയ്ക്കാതെ എക്‌സൈസ് ഡ്യൂട്ടി കൂട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. എണ്ണവില ഉയർന്നപ്പോൾ എക്‌സൈസ് ഡ്യൂട്ടി കുറച്ചതുമില്ല. അതിന്റെ അധികഭാരം കൂടി ജനങ്ങളിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാൽ അതിന്റെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കോവിഡ് പ്രതിസന്ധിക്കിടെ ഡിമാന്റ് കുറഞ്ഞതോടെ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തി. ബാരലിന് വെറും 20 ഡോളറെന്ന അവിശ്വസനീയമായ വിലക്കുറവിലേക്ക് എത്തി. എന്നാൽ ഒരു പൈസ പോലും ജനങ്ങൾക്ക് നേട്ടമുണ്ടായില്ല. പിന്നീട് രാജ്യാന്തര വിപണിയിൽ എണ്ണവില അൽപം കൂടി. പിന്നെ വൈകിയില്ല, 80 ദിവസത്തിന് ശേഷം രാജ്യത്തെ എണ്ണക്കമ്പനികൾ യോഗം ചേർന്നു, നിരക്ക് കൂട്ടാൻ തീരുമാനിച്ചു. അങ്ങനെ വില ഉയരാൻ തുടങ്ങി. എണ്ണക്കമ്പനികൾ മാത്രമല്ല, ഈ വില കൂടുന്നതിന് കാരണം. കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ നികുതിഘടന ഇതിൽ ഒരു പ്രധാനഘടകമാണ്. ഈ വർഷം തന്നെ രണ്ട് തവണയാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്.

മാർച്ച് 14-ന് അസംസ്‌കൃത എണ്ണവില ബാരലിനു 35 ഡോളറായിരുന്നു. വിലയിടിവിന് ആനുപാതികമായി ഗുണം ജനത്തിന് കിട്ടിയില്ല. മാത്രമല്ല കേന്ദ്രസർക്കാർ മാർച്ച് 10-ന് എക്‌സൈസ് തീരുവ മൂന്നു രൂപ കൂട്ടി. പിന്നീടു മെയ്‌ ആറിനു പെട്രോളിന് 10 രൂപയും ഡീസലിനു 13 രൂപയും വീതം തീരുവ വീണ്ടും കൂട്ടി. കേന്ദ്രം നികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങളും വിട്ട് വീഴ്ചക്ക് തയ്യാറാകില്ല. രാജ്യത്ത് 86% ഇന്ധനവും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ രാജ്യാന്തരവിപണിയിലെ കുറവിന് ആനുപാതികമായ ഗുണം സാധാരണക്കാരന് കിട്ടുന്നില്ല. എക്‌സൈസ് തീരുവ കൂട്ടിയും, അടിസ്ഥാന വില കൂട്ടിയും ജനങ്ങൾക്ക് ലഭിക്കേണ്ട ഇളവ് സർക്കാരുകളും, എണ്ണക്കമ്പനികളും നൽകുന്നില്ല.

കോവിഡ് പ്രതിസന്ധി ഇന്ത്യയിൽ ശക്തമാകുമ്പോഴും പെട്രോൾ, ഡീസൽ വിലയിൽ വൻവർധന വരുത്തി ജനങ്ങളെ കൊള്ളയടിച്ച് ലാഭം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ആറ് ദിവസത്തിനിടെ പെട്രോളിന് 3 രൂപ 26 പൈസയും ഡീസലിന് 3 രൂപ 32 പൈസയാണ് വർധിച്ചത്. ലോക്ഡൗൺ കാലത്ത് വിവിധ സന്ദർഭങ്ങളിലായി വൻതോതിൽ ആഗോള വിപണിയിൽ വില ഇടിവ് ഉണ്ടായിട്ടും ഇന്ത്യയിലെ എണ്ണകമ്പനികൾ വിലയിൽ കുറവ് വരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതിരിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കോർപ്പറേറ്റുകളുടെ സുഖസൗകര്യങ്ങളന്വേഷിക്കൽ മാത്രമാണ് ബിജെപി ഭരണത്തിൽ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും ദൈനംദിന ജീവിതത്തിന് വകയില്ലാതെയും വഴിമുട്ടുന്ന ജനങ്ങൾക്കുമേൽ വീണ്ടും ഭാരം കെട്ടിവെച്ച് ഫാസിസത്തിന്റെ തനിനിറം കാണിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.

മഹാമാരി ഇന്ത്യയിൽ വലിയതോതിൽ വർദ്ധിക്കുമ്പോഴും ആരോഗ്യ മേഖലയിൽ ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ എണ്ണകമ്പനികൾക്ക് വേണ്ടിയും കൊള്ളലാഭം കൊയ്യുന്നതിനു വേണ്ടിയും ജനങ്ങളുടെ മേൽ നടത്തുന്ന ഏകാധിപത്യത്തിനെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.


2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 38 ഡോളറും. മൊത്തം ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക വർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാവും ആഗോള വിപണിയിലെ വിലയിടിവു മൂലം എന്നാണു കണക്കാക്കപ്പെടുന്നത്. പെട്രോളിയം സബ്സിഡിയിനത്തിലെ ലാഭം വേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.

അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP