Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ പൊടിച്ചത് ഒരു കോടിയിലേറെ രൂപ; മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനും മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനുമായി ചെലവിട്ടത് 88 ലക്ഷം; ഷുഹൈബ് വധക്കേസിൽ അരക്കോടിയിലേറെ; ഖജനാവ് ധൂർത്തടിച്ച് പിണറായി സർക്കാർ

പെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ പൊടിച്ചത് ഒരു കോടിയിലേറെ രൂപ; മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനും മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനുമായി ചെലവിട്ടത് 88 ലക്ഷം; ഷുഹൈബ് വധക്കേസിൽ  അരക്കോടിയിലേറെ; ഖജനാവ് ധൂർത്തടിച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്നത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരെ. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാജരാകാൻ എത്തിയതിൽ ഒരാൾ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ സിറ്റിങിൽ ഫീസായി വാങ്ങിയത് 25 ലക്ഷത്തിലേറെ രൂപയാണ്.പിന്നാലെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് എത്തി. ഒരു സിറ്റിങിന് 20 ലക്ഷം, സഹായിക്ക് ഒരു ലക്ഷം. മൂന്ന് സിറ്റിങ് ആണ് ഈ കേസിനുവേണ്ടി അഡ്വ. മനീന്ദർ സിങ് നടത്തിയത്. 2019 നവംബർ നാല്, നവംബർ 12, നവംബർ 19 തീയതികളിൽ സർക്കാരിനായി ഹാജരായ വകയിൽ 63 മൂന്ന് ലക്ഷം രൂപയാണ് ഫീസ് ഇനത്തിൽ അനുവദിച്ചുകൊണ്ട്് ഉത്തരവ് ഇറങ്ങിയത്.

ഇരുവർക്കുമായി നികുതിപ്പണത്തിൽ നിന്നും ചെലവിട്ടത് 88 ലക്ഷം രൂപ. ഇതിന് പുറമെ താമസ - ഭക്ഷണ സൗകര്യവും നൽകി. എന്നാൽ കേസിൽ സർക്കാരിന്റെ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് പ്രഥമദൃഷ്ട്യാ അംഗീകരിക്കാനായില്ല. കേസ് ഡയറിയിൽ പൊരുത്തക്കേടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിഷ്പക്ഷവും സത്യാസന്ധവുമായ വിചാരണയ്ക്ക് സുതാര്യമായ അന്വേഷണവും ആവശ്യമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജി ഐ പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്നാണ് പെരിയ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ജി ഐ പൈപ്പ് ഉപയോഗിച്ചാൽ ഇത്തരം മുറിവ് ഉണ്ടാകില്ലെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. പിന്നെ കുറ്റപത്രത്തിലെ ഈ വൈരുധ്യത്തിന് കാരണമെന്താണെന്ന് കോടതി അന്ന് ചോദിച്ചിരുന്നു.ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ച് കേസ് സിബിഐയ്ക്ക് കൈമാറിയതോടെയാണ്
സുപ്രീം കോടതിയിൽ റിട്ട് ഹർജി സംസ്ഥാന സർക്കാർ നൽകിയത്.

കേസിൽ വാദത്തിനായി അണിനിരന്നതും പ്രമുഖരായ അഭിഭാഷകർ തന്നെ. ഓരോ സിറ്റിങിനായി ലക്ഷങ്ങൾ ചെലവഴിക്കപ്പെട്ടു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു. ഇതോടെ ഖജനാവിൽ നിന്നും കോടികൾ ചെലവിട്ട കേസിൽ വലിയ തിരിച്ചടിയാണ് സംസ്ഥാന സർക്കാർ നേരിടുന്നത്.കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സിപിഎമ്മുകാർ പ്രതികളായ കേസുകളുടെ നടത്തിപ്പിന് സർക്കാർ പൊതു ഖജനാവിൽ നിന്നും പണം വാരിക്കോരി ചെലവിടുന്നത് ഇത് ആദ്യമല്ല. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് വേണ്ടി കേസ് നടത്തിപ്പിനായി പിണറായി സർക്കാർ പൊതു ഖജനാവിൽ നിന്നും മുടക്കിയത് 56.4 ലക്ഷം രൂപ. ഈ കേസിൽ സിബിഐ എത്തിയപ്പോൾ പി ജയരാജൻ പ്രതിയായി. ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ പ്രതികൾക്കു വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകരെ കൊണ്ടുവന്നതിനാണ് ഇത്രയും തുക ഇടത് സർക്കാർ ചെലവഴിച്ചത്. കേസന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിൽ, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇതും വെറുതെയായിരുന്നു. അന്നും ഈ കേസ് സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു.

ഒരു കൊലപാതക്കകേസ് സിബിഐക്ക് വിടേണ്ട എന്ന് വാദിക്കുന്നതിന് വേണ്ടി മാത്രമാണ് ഷുഹൈബ് കേസിൽ സർക്കാർ ഇത്രയും ഭീമമായ വക്കീൽ ഫീസ് മുടക്കിയത്. ഇതിനായി ഹാജരായത് സീനിയർ ഗവ. പ്ലീഡർമാരായ പി.നാരായണൻ, സുമൻ ചക്രവർത്തി, സുപ്രീം കോടതി സീനിയർ അഭിഭാഷകരായ അമരേന്ദ്ര ശരൺ, വിജയ് ഹൻസാരിയ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുിവരായിരുന്നു. ഇതിന് സമാനമായ ചെലവിടലാണ് പെരിയ കേസിലും നടക്കുന്നത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിച്ചാൽ അതും കണ്ണൂരിലെ നേതാക്കളിൽ എത്തുമെന്ന ആരോപണമുണ്ട്.

2019 ഫെബ്രുവരി 17 നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്.

കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നു സർക്കാർ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഹർജിക്കാർ ആവശ്യപ്പെടാതെയാണു കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനിൽക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാർട്ടിക്കാരാണു പ്രതികൾ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്നു പറയാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

പെരിയ കേസ് സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയ സംസ്ഥാന സർക്കാർ നടപടിക്ക് എതിരെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സഹർജി ഫയൽ ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും കേസ് ഡയറി സിബിഐക്കു കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിരുന്നു. സർക്കാർ വാദം മാത്രം കേട്ടു സിബിഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങൾക്കു പറയാനുള്ളതു കൂടി കേൾക്കണമെന്നുമാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP