Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ശബരിമലയിലെ നവോത്ഥാനത്തെ എതിർത്തത് പ്രതികാരമായി; ജീപ്പിൽ പിന്തുടർന്ന് അടിച്ചു വീഴ്‌ത്തി കൃപേഷിനേയും ശരത്തിനേയും കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോയി വെട്ടി നുറുക്കി; ക്രഷർ ഉടമ ശാസ്താ ഗംഗാധരന്റെ പങ്ക് അന്വേഷിക്കാതെ ഒത്തുകളിച്ചത് സിപിഎമ്മിനെ രക്ഷിക്കാൻ; കല്ല്യാട്ടെ കണ്ണൂർ സംഘത്തിന്റെ സാന്നിധ്യവും പരിശോധിച്ചില്ല; പ്രാദേശിക തർക്കം എന്ന് പറഞ്ഞ് ഗൂഢാലോചന കണ്ടില്ലെന്ന് നടിച്ച് പൊലീസ്; സിബിഐയെ എത്തിക്കാതെ കള്ളക്കളി തുടർന്ന് സർക്കാർ; പെരിയയിലെ ക്രൂരതയ്ക്ക് ഇന്ന് ഒരു വയസ്സ്

ശബരിമലയിലെ നവോത്ഥാനത്തെ എതിർത്തത് പ്രതികാരമായി; ജീപ്പിൽ പിന്തുടർന്ന് അടിച്ചു വീഴ്‌ത്തി കൃപേഷിനേയും ശരത്തിനേയും കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോയി വെട്ടി നുറുക്കി; ക്രഷർ ഉടമ ശാസ്താ ഗംഗാധരന്റെ പങ്ക് അന്വേഷിക്കാതെ ഒത്തുകളിച്ചത് സിപിഎമ്മിനെ രക്ഷിക്കാൻ; കല്ല്യാട്ടെ കണ്ണൂർ സംഘത്തിന്റെ സാന്നിധ്യവും പരിശോധിച്ചില്ല; പ്രാദേശിക തർക്കം എന്ന് പറഞ്ഞ് ഗൂഢാലോചന കണ്ടില്ലെന്ന് നടിച്ച് പൊലീസ്; സിബിഐയെ എത്തിക്കാതെ കള്ളക്കളി തുടർന്ന് സർക്കാർ; പെരിയയിലെ ക്രൂരതയ്ക്ക് ഇന്ന് ഒരു വയസ്സ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്; കേരളത്തെ കരയിപ്പിച്ച പെരിയയിലെ രാഷ്ട്രീയ കൊലയ്ക്ക് ഇന്ന് ഒരു വയസ്സ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും (21) ശരത് ലാലിനെയും (24) ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഇന്നും മലയാളിയടെ കണ്ണീരോർമ്മയാണ്. ഏരിയാ, ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ 14 സിപിഎം പ്രവർത്തകർ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്കു വിടാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ഇരട്ടക്കൊലയുടെ രക്തസാക്ഷിത്വ വാർഷികം ഇന്നു കോൺഗ്രസ് ആചരിക്കുന്നത്. അപ്പീലിൽ വിജയം നേടാൻ കോടികളാണ് സർക്കാർ വാരി എറിയുന്നത്.

കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി ദിനാചരണം ഇന്നു കല്യോട്ടും പെരിയയിലുമായി നടക്കും. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്യോട്ട് ടൗണിൽ നടക്കുന്ന പ്രാർത്ഥനാ സംഗമം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3നു കല്യോട്ട് നിന്നു പെരിയയിലേക്ക് 5000 പേർ പങ്കെടുക്കുന്ന സ്മൃതിയാത്ര. 5നു പെരിയയിൽ അനുസ്മരണ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അധ്യക്ഷത വഹിക്കും. എംപിമാരായ കെ.സുധാകരൻ, എം.കെ.രാഘവൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും പെരിയയിലെ വേദനയെ ഓർത്തെടുക്കുകയാണ് കോൺഗ്രസുകാർ. 2019 ഫെബ്രുവരി 17ന് രാത്രി 7.40നാണു കല്യോട്ട്കൂരാങ്കര റോഡിൽ ബൈക്കിൽ സഞ്ചരിക്കവേ കൃപേഷും ശരത് ലാലും ആക്രമിക്കപ്പെട്ടത്.

ഇരുവരുടെയും മാതാപിതാക്കളുടെ ഹർജിയിലാണു 2019 നവംബർ 30നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐയ്ക്ക് വിടാൻ ഉത്തരവിട്ടു. രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷവും ഭയരഹിതവുമായി കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവിറങ്ങി മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണം സിബിഐ ഏറ്റെടുത്തില്ല. ഈ സാഹചര്യത്തിൽ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

അട്ടിമറിച്ച അന്വേഷണം

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പെരിയ -കല്യോട്ടെ ശരത്ത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ക്വട്ടേഷൻ നൽകിയത് പത്ത് ലക്ഷത്തിലേറെ രൂപയെന്ന് സൂചന പുറത്തു വന്നിരുന്നു. സിപിഎം. കാരും സമ്പന്നരുമായ ശാസ്താ ഗംഗാധരനും മലഞ്ചരക്കു വ്യാപാരി വത്സരാജുമാണ് ക്വട്ടേഷൻ നൽകാൻ പണം ചിലവഴിച്ചതെന്നാണ് ആരോപണം. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് സൂചിപ്പിച്ചേയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ. എസ്. പി. രഞ്ജിത്തിനെ ഉടൻ സ്ഥലം മാറ്റി.

ആദ്യം തന്നെ ഇരട്ട കൊലക്കേസിൽ സിബിഐ. അന്വേഷണം കോൺഗ്രസ്സ് നേതൃത്വവും കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് ശരിയായ ദിശയിലേക്ക് നീങ്ങുമ്പോഴാണ് തലപ്പത്തുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയത്. ശാസ്താ ഗംഗാധരന്റെ മകൻ ഗിജിൻ, മരുമകൻ അശ്വിൻ എന്നിവർ ഈ ഇരട്ട കൊലക്കേസിൽ അറസ്റ്റിലായിരുന്നു. ശാസ്താ ഗംഗാധരന്റെ സഹോദരന്മാരായ മധു, പത്മനാഭൻ എന്നിവരും ബന്ധുവായ മുരളിയും ഈ കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ശാസ്താ ഗംഗാധരനും സുഹൃത്തായ മലഞ്ചരക്കു വ്യാപാരി യുമാണ് ഇരട്ട കൊലക്കേസിലെ പ്രധാന കണ്ണികൾ. ഇവർക്ക് മുകളിൽ നിന്നും ഏത് തലം വരെ സംരക്ഷണം ഉറപ്പിച്ചെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏരിയാ തലം വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥരെ തുരുതുരാ സ്ഥലം മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ട ശരത്തലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കൾ ആദ്യം മുതൽ തന്നെ ഈ രണ്ടു പേർക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ലോക്കൽ പൊലീസ് അത് അവഗണിക്കുകയായിരുന്നു. കൊലക്ക് മുമ്പ് തന്നെ ഗംഗാധരനും വത്സരാജും രക്ഷപ്പെടാനുള്ള പഴുതുകൾ തേടിയതായി തെളിവുകൾ സൂചിപ്പിക്കുന്നു. തന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ഇരുപതോളം വാഹനങ്ങൾ എല്ലാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വത്സരാജും തന്റെ കടയിലെ റബ്ബറടക്കമുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങൾ കടത്തിക്കൊണ്ടു പോയി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചു. മാത്രമല്ല 50 ലക്ഷം രൂപക്ക് കട ഇൻഷൂർ ചെയ്യുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ വേണ്ടി ലോക്കൽ കമ്മിറ്റി അംഗവും മുഖ്യപ്രതിയുമായ എ. പീതാംബരനുമായി ചേർന്ന് ഗംഗാധരന്റെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറിൽ തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും കൊണ്ടിട്ടു. ഇതാണ് കൊല നടത്താൻ ഉപയോഗിച്ചതെന്ന് പൊലീസിന്റെ തെളിവെടുപ്പിൽ എ. പീതാംബരനും മൊഴി നൽകി.

എല്ലാം മുൻകൂട്ടിയുള്ള ഗൂഢാലോചനയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. അക്രമത്തിന് പിന്നിൽ കണ്ണൂർ സംഘമെന്ന കണക്കു കൂട്ടലിലാണ് കല്യോട്ടെ ജനങ്ങൾ. എന്നാൽ അതിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയില്ല.

സിബിഐയെ ഭയക്കുന്നത് എന്തിന്?

പെരിയയിൽ സിബിഐ എത്തുമ്പോൾ അത് സിപിഎമ്മിന് ഏറെ നിർണ്ണായകമാണ്. സമാന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിന്റെ ക്രിമിനൽ സംഘം എതിരാളികളെ മുൻപ് കൊലചെയ്തത് സിബിഐ പഠിക്കും. സമാന മുറിവുകൾ, വെട്ടിന്റെ ആഴം എന്നിവയെല്ലാം പഠിക്കും. സ്വാഭാവികമായും സിപിഎം ക്വട്ടേഷൻ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിക്കും. ടിപി വധത്തിൽ അന്നത്തെ ഡിജിപി ടി.പി.സെൻകുമാർ ചെയ്തത് പോലെ ക്വട്ടേഷൻ സംഘത്തെ പൊക്കും. കൊല്ലിച്ചവർ ആരെന്നതിലേക്ക് അന്വേഷണം നീക്കും. അപ്പോൾ സിപിഎമ്മിന് നെഞ്ചു വേദന വരും. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധം, അരിയിൽ ഷുക്കൂർ വധം. ഫസൽ വധം തുടങ്ങിയ അന്വേഷണങ്ങൾ പോലെ സിപിഎമ്മിലെ ഉന്നത നേതൃത്വങ്ങളിലേക്ക് അന്വേഷണം വരും. പെരിയയിൽ പ.ജയരാജനെപോലുള്ളവർക്കെതിരെ ആരോപണമുണ്ട്. അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽയുമാണ് സിബിഐ പ്രതിചേർത്തത്. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധത്തിലും പി.ജയരാജൻ അടക്കമുള്ളവരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ഈ കേസിൽ ജയരാജൻ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ പീതാംബരനു മാത്രമാണു പങ്കെന്നു സിപിഎം പറയുമ്പോഴും കൊലപാതക വിവരം ജില്ലാ നേതാവ് അടക്കം കൂടുതൽ നേതാക്കൾ അറിഞ്ഞിരുന്നതായി സൂചന പുറത്തു വന്നിരുന്നു. പല പ്രതികളെയും പൊലീസിനു മുൻപിൽ ഹാജരാക്കിയത് ജില്ലയിലെ പ്രമുഖ നേതാവായിരുന്നു. ഡമ്മി പ്രതികളെ സിപിഎം പൊലീസിന് നൽകുന്നത് ഈ ശൈലിയിലൂടെയാണ്. എവിടെ എങ്കിലും പ്രശ്‌നമുണ്ടായാൽ നേതൃത്വം തന്നെ പൊലീസിന് പ്രതികളെ കൈമാറും. ഈ രീതി ഇവിടേയും നടന്നിരിക്കുന്നു. കൃപേഷിനേയും ശരത്തിനേയും കൊലപ്പെടുത്തിയാൽ ആരൊക്കെയാവണ പ്രതികൾ എന്ന തരത്തിലും സിപിഎം ചർച്ച നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ സിപിഎം നേതാവ് തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കൊലപാതകത്തിനു പിന്നിൽ പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരം പ്രചരിപ്പിച്ചാണ് പ്രതികളെ പൊലീസിന് കൈമാറിയത്. ഇതിനിടെ പൊലീസ് ചോദ്യം ചെയ്യുമ്പോൾ പറയേണ്ട ഉത്തരങ്ങൾ അഭിഭാഷകന്റെ സഹായത്തോടെ പഠിക്കാനായി ഒരു ദിവസം മാറ്റിവച്ചു. തുടർന്നു ജില്ലാ നേതാവ് എസ്‌പി ഓഫിസിൽ പ്രതികളെ എത്തിച്ചുവെന്നാണ് ആരോപണം

ശബരിമലയിലെ ആചാര സംരക്ഷണ വിഷയം ആളിക്കത്തിയത് ഒക്ടോബറിലാണ്. അന്ന് തന്നെ ശബരിമലയിലെ ആചാര സംരക്ഷണ മുദ്രാവാക്യം കല്ല്യാട്ടും ഉയർന്നു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ശരത് ലാലും കൃപേഷുംജാഥയും സംഘടിപ്പിച്ചു. ഇതിലേക്ക് രാഷ്ട്രീയം മറന്ന് ആളുകൾ പങ്കെടുക്കാനെത്തി. ഇതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. ഈ ജാഥയാണ് പീതാംബരന്റെ ശരത്തിനോടുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. ജാഥയിൽ പങ്കെടുത്ത രണ്ടു പേരെ പീതാംബരൻ സിപിഎമ്മുകാരെ വച്ചു തല്ലി. പാർട്ടി നിലപാടിന് വിരുദ്ധമായി പങ്കെടുത്തതു കൊണ്ടായിരുന്നു ഇത്. ഇതിനെ ശരത് ലാൽ ചോദ്യം ചെയ്തു. ഇതായിരുന്നു കല്ല്യാട്ടെ പ്രശ്നങ്ങളുടെ മൂലകാരണം. ഈ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പീതാംബരന്റെ കൈ തല്ലിയൊടിക്കലും. ഇതിന് ശേഷം ശരത് നാട്ടിൽ നിന്ന് മാറി നിന്നു. കലാകാരനായിരുന്നു ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. സിപിഎമ്മുകാരെ ഭയന്നാണ് മംഗാലപുരത്ത് പഠിച്ചിരുന്ന ശരത് പോണ്ടിച്ചേരിക്ക് മാറിയത്. എന്നാൽ എന്ന് നാട്ടിലേക്ക് വന്നാലും ശരത്തിനെ വകവരുത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിൽ സജീവമാകാൻ വാദ്യകലാകാരനായ ശരത്ത് എത്തിയത്. കുടുംബത്തിന്റെ ഈ സംശങ്ങൾ ബോധപൂർവ്വം വിട്ടുകളയുകയാണ് പൊലീസ് ചെയ്തത്. ക്രൈംബ്രാഞ്ചും ഉന്നതരെ തൊട്ടില്ല.

തെളിവുകൾ കണ്ടില്ലെന്ന് നടിച്ച് പൊലീസ്

അന്വേഷണം പ്രാദേശിക തലത്തിൽ ഒതുങ്ങിയപ്പോൾ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തിൽ നിർണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകളാണ്. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷൻ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരെ ഉന്നതനേതാക്കൾ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങൾ കണ്ണൂർ രജിസ്‌റ്റ്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നു. ഇത് പൊലീസിനും അറിയാം. എന്നാൽ കണ്ണൂരിലെ ക്വട്ടേഷൻ ഗുണ്ടകളിലേക്ക് അന്വേഷണമെത്തിയാൽ സിപിഎം പ്രതിക്കൂട്ടിലാകും. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിച്ചു.

സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ശരത്ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവർക്കു കാണിച്ചു കൊടുത്തെന്നും ചിലർ മൊഴി നൽകി. അന്നു രാത്രിയായിരുന്നു കൊലപാതകം. രാത്രി കണ്ണൂർ രജിസ്‌റ്റ്രേഷനിലുള്ള വാഹനം അമിതവേഗത്തിൽ ചെറുവത്തൂർ വഴി കണ്ണൂർ ഭാഗത്തേക്കു പോകുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു കല്യോട്ട് ഭാഗത്തു നിന്നു വന്നതാകാൻ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു. കൊല്ലപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നു 2 വിരലടയാളങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും പൊലീസ് ഇപ്പോൾ അവഗണിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലത്തു നിന്നു 3 മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഇതിൽ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോൺ ആരുടേതെന്നു കണ്ടു പിടിക്കാനും പൊലീസ് താൽപ്പര്യം കാട്ടിയില്ല.

കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി കെ.എം. സുരേഷ് ആണെന്ന് പൊലീസിന്റെ റിപ്പോർട്ട്. സംഘത്തിലെ പ്രതികളെല്ലാം സുഹൃത്തുക്കളും മുൻപരിചയക്കാരുമാണ്. തന്നെ ആക്രമിച്ചവരോടു പക വീട്ടാനായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു മറ്റുള്ള പ്രതികളെയെല്ലാം ചേർത്ത് ഒന്നാംപ്രതി പീതാംബരൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എം. സുരേഷ്, ജി.ഗിജിൻ, എ.അശ്വിൻ, ആർ.ശ്രീരാഗ്, കെ.അനിൽകുമാർ എന്നീ 5 പ്രതികളും കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കഥയിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസിൽ പ്രതികളായ 2 പേർ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്. കൊലപാതകങ്ങൾ ഉണ്ടായ അന്നു മുതൽ ഇവർ അപ്രത്യക്ഷരാണെന്നു പൊലീസ് കണ്ടെത്തി. ഇവർ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നതു സ്ഥിരീകരിക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചാൽ മതി.

കറുത്ത നിറമുള്ള കാറിൽ അതിവേഗം ദേശീയപാതവഴി കടന്നു പോയത് ഇവരാണെന്നു സംശയിക്കുന്നു. കൊലപാതകം നടത്തിയതിനു ശേഷം പീതാംബരൻ ഉൾപ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാൽ-മൊട്ട-രാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിട്ടുണ്ട്. അവിടെ ആരെയെങ്കിലും എത്തിച്ചതാകാനാണ് സാധ്യത. അതിനു ശേഷമാണ് ഇവർ തിരിച്ചു പാർട്ടി ഓഫിസിൽ എത്തിയത്. പ്രതികളിൽ ചിലർ കണ്ണൂരിലെ പാർട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതും പൊലീസ് ഗൗരവത്തിൽ എടുത്തില്ല. സിബിഐ എത്തിയാൽ ഇതിലേക്കെല്ലാം അന്വേഷണം പോകും. അതുകൊണ്ടാണ് വില കൂടിയ അഭിഭാഷകരെ കൊണ്ടു വന്ന് സർക്കാർ തന്നെ നിയമ പോരാട്ടം തുടരുന്നത്.

എല്ലാ കുറ്റവും ഏറ്റെടുത്ത് പീതാംബരൻ

കൊലപാതകം കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം കടക്കാതിരിക്കാൻ ബോധപൂർവ്വമായ ഇടപെടലുമായി പ്രതികൾ രംഗത്ത് വന്നിരുന്നു. എല്ലാ കുറ്റവും പീതാംബരൻ സ്വയം ഏറ്റെടുക്കുകയാണ്. കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികൾ മൊഴി നൽകി. ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ എല്ലാം ഏറ്റെടുത്തു. കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത് താനാണെന്നാണ് പീതാംബരന്റെ കുറ്റ സമ്മതം.

പ്രതികളെല്ലാം ഒരേ പോലെയാണ് മൊഴി നൽകുന്നത്. പഠിച്ച മൊഴി പറയുകായണെന്ന് പൊലീസിനും അറിയാം. എന്നാൽ പ്രതികളുടെ സിപിഎം ബന്ധം മൂലം ഉന്നത തല ഗൂഢാലോചന അന്വേഷിക്കാൻ പൊലീസിന് കഴിയില്ല. പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റസമ്മത മൊഴി. സംഘർഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയാണ് നിഗമനം. പാർട്ടി നേതൃത്വം അറിയാതെ ഇത്തരത്തിൽ കണ്ണൂരിലെ സംഘത്തിന് ക്വട്ടേഷൻ നൽകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് എല്ലാം പീതാംബരൻ ഏറ്റെടുക്കുന്നത്. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേർന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്.

കഞ്ചാവ് ലഹരിയിലാണ് താൻ കൊല നടത്തിയതെന്നാണ് പീതാംബരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൃപേഷും ശരത്തും ചേർന്ന് തന്നെ ആക്രമിച്ചതിൽ പാർട്ടി നടപടി എടുക്കാതിരുന്നതിൽ നിരാശയുണ്ടായിരുന്നു. തന്നെ ആക്രമിച്ചതിലുള്ള അപമാനവും പകയും നിരാശയുമാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്റെ മൊഴിയിൽ പറയുന്നതും. അന്വഷണ സംഘത്തിന്റെ വിലയിരുത്തൽ. തന്നെ ആക്രമിച്ച വിഷയത്തിൽ പാർട്ടി കാര്യാമായി ഇടപെട്ടില്ല. നേരത്തെ ശരത്തും കൃപേഷും പീതംബാരനെ ആക്രമിച്ച് കൈ ഒടിഞ്ഞിരുന്നു. ഈ കേസിൽ ശരത്ത് ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ കൃപേഷ പീതംബാരനെ ആക്രമിചിട്ടില്ലെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൃപേഷിനെയും പ്രതിയാക്കാൻ പീതാംബരൻ പൊലീസിനോടും പാർട്ടിയിലും ആവശ്യപ്പെട്ടെങ്കിലും പൊലീസും പാർട്ടിയും ഇത് നിരാകരിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയെന്നാണ് പീതാംബരിന്റെ മൊഴി. അതായത് സിപിഎമ്മിനെ കുറ്റവിമുക്തമാക്കും വിധമാണ് മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP