Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളപ്പൊക്കം രൂക്ഷമായതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിടുമോ? ആശങ്കാകുലരായ ജനങ്ങൾ പെട്രോളടിക്കുവാൻ നെട്ടോട്ടത്തിൽ; മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും പെട്രോൾ പമ്പുകളിൽ അനിയന്ത്രിതമായ തിരക്ക്; സോഷ്യൽ മീഡിയയിലെ പ്രചാരണം തെറ്റെന്ന് പെട്രോൾ പമ്പ് ഉടമകളും സർക്കാരും

വെള്ളപ്പൊക്കം രൂക്ഷമായതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിടുമോ? ആശങ്കാകുലരായ ജനങ്ങൾ പെട്രോളടിക്കുവാൻ നെട്ടോട്ടത്തിൽ; മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും പെട്രോൾ പമ്പുകളിൽ അനിയന്ത്രിതമായ തിരക്ക്; സോഷ്യൽ മീഡിയയിലെ പ്രചാരണം തെറ്റെന്ന് പെട്രോൾ പമ്പ് ഉടമകളും സർക്കാരും

ആർ പീയൂഷ്

തിരുവനന്തപുരം: കേരളത്തിൽ മഴയും ഉരുൾപൊട്ടലും ശക്തമായതോടെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. അതിനിടയിൽ വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചിടാൻ പോകുന്നു എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകൾ കൂട്ടത്തോടെ പെട്രോൾ പമ്പുകളിലേക്ക് വാഹനവുമായും വലിയ കന്നാസുകളുമായും എത്തിക്കൊണ്ടിരിക്കുകയാണ്. പല പമ്പുകളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പുകളിലെ ജീവനക്കാരുടെ നേരെ തട്ടിക്കയറുകയും ചെയ്യുന്നുണ്ട്.

കൊച്ചി ഇരുമ്പനത്തെ ടെർമിനലിൽ വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ വിതരണം നിലയ്ക്കും എന്ന രീതിയിലുള്ള പ്രചരണമാണ് കൊഴുക്കുന്നത്. അതിനാൽ കേരളത്തിലെ ഒട്ടുമിക്ക പെട്രോൾ പമ്പുകളിലും ക്ഷാമം നേരിടുമെന്നതിനാൽ വേഗം തന്നെ വാഹനത്തിൽ ഇന്ധനം നിറയ്ക്കണമെന്നുമാണ് ആഹ്വാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തള്ളി കയറ്റം. ഓട്ടോ റിക്ഷാ തൊഴിലാികൾ ഫുൾ ടാങ്ക് നിറച്ചതിന് ശേഷം വലിയ കന്നാസുകളിലും മറ്റുമാണ് ഇന്ധനം വാങ്ങി ശേഖരിക്കുന്നത്. എറണാകുളം മുതൽ തെക്കോട്ട് തിരുവനന്തപുരം വരെയാണ് ഇങ്ങനെയുള്ള കാഴ്ചകൾ കൂടുതലായും. കൂട്ടത്തോടെ എത്തുന്ന വാഹനങ്ങൾ നിരനിരയായി കിടക്കുന്നതിനാൽ ഗതാഗത കുരുക്കും രൂക്ഷമാണ്.

അതേ സമയം ഇത്തരം പ്രചരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് തിരുവനന്തപുരം പട്ടം പിടിസി ഫ്യുവൽസിന്റെ ഉടമ തോമസ് പറയുന്നത്. നിലവിൽ കൊച്ചിയിൽ നിന്നും ഇന്ധനം കൊണ്ടു വരുന്നതിന് വലിയ തടസ്സങ്ങളൊന്നുമില്ല. പക്ഷേ കോൺട്രാക്ട് വാഹനങ്ങൾ കിട്ടാനില്ലാത്തതിനാൽ സ്വന്തം വാഹനം ഉള്ളവർക്ക് മാത്രമേ വേഗം ഇന്ധനം ലഭിക്കുകയുള്ളൂ. കൂടാതെ വെള്ളം കയറിയതിനാൽ ചില പെട്രോൾ പമ്പുകൾ അടച്ചിട്ടിട്ടുമുണ്ട്. അങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഉണ്ട് എന്നല്ലാതെ പമ്പുകൾ അടച്ചിടും എന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ദിവസങ്ങളിൽ 12,000 മുതൽ 13,000 ലിറ്റർ വരെ ഇന്ധനമാണ് ചെലവായിക്കൊണ്ടിരുന്നത്. എന്നാൽ രണ്ട് ദിവസമായി ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ കേട്ട് ആളുകൾ കൂട്ടത്തോടെ എത്തുകയാണ്. ചില പമ്പുകൾ അടച്ചിട്ടിരിക്കുന്നതിനാൽ അവിടെ നിന്നുമുള്ള വാഹനങ്ങളും പമ്പിലേക്ക് വരുന്നു. അങ്ങനെ പതിവിൽ കൂടുതൽ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ എത്തിയത് കണ്ട് പലരും ഇത്തരത്തിലുള്ള വ്യാജ വാർത്ത കണ്ണടച്ചു വിശ്വസിച്ചു. ആരും ആശങ്കപ്പെടേണ്ടെന്നും തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേ സമയം ജനങ്ങൾ ഏറെ ആശങ്കാകുലരാണ്. സത്യമാണെങ്കിലും അല്ലെങ്കിലും എല്ലാ പമ്പുകളില്ും വലിയ തിരക്കാണെന്ന് വാഹന ഉടമകൾ പ്രതികരിച്ചു. എല്ലാവരും ഫുൾടാങ്ക് അടിച്ചാണ് പോകുന്നത്. പലരും തിരക്ക് കണ്ട് ഇന്ധനം ലഭ്യമാകില്ല എന്ന് കരുതി പമ്പിലേക്ക് എത്തുന്നുമുണ്ട്. കൊച്ചിയിലെ മിക്കവാറും പമ്പുകൾ വെള്ളം കയറിയതിനാൽ അടച്ചിട്ടിരിക്കുകയാണ്. മലബാറിൽ അത്ര വലിയ പ്രശ്നങ്ങൾ ഇല്ല.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എ.ഡി.എം വി. ആർ. വിനോദ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്നും ഇന്ധനം എത്തിക്കാൻ കഴിയുന്നില്ലെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതേതുടർന്ന് പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചില പമ്പുകളിൽ ഇന്ധനം തീർന്നു. എല്ലാ പമ്പുകളിലും ശനിയാഴ്ച ഇന്ധനം എത്തിക്കുമെന്നും ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ - സ്വകാര്യ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുൻഗണന നൽകണമെന്നും കരുതൽ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റർ ഡീസലും 1000 ലിറ്റർ പെട്രോളും കരുതണമെന്നും കമ്പ് ഉടമകളോടു ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദ്ദേശിച്ചു. നിർദ്ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷൻ 56 പ്രകാരം ഒരു വർഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും
ഉത്തരവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP