Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

വഴിമുട്ടിയ ജീവിതങ്ങൾ വഴിയരുകിൽ ആഹാരം വിറ്റ് ജീവിക്കാം എന്ന് കരുതിയോ; ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഭക്ഷണം വിൽക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം വരെ പിഴയും ആറു മാസം വരെ തടവും; വൻ വ്യവസായങ്ങൾക്ക് മൂന്നു വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുന്ന നാട്ടിൽ അത്താഴപട്ടിണിക്കാരന്റെ കീശ തപ്പി സർക്കാർ

വഴിമുട്ടിയ ജീവിതങ്ങൾ വഴിയരുകിൽ ആഹാരം വിറ്റ് ജീവിക്കാം എന്ന് കരുതിയോ; ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഭക്ഷണം വിൽക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം വരെ പിഴയും ആറു മാസം വരെ തടവും; വൻ വ്യവസായങ്ങൾക്ക് മൂന്നു വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുന്ന നാട്ടിൽ അത്താഴപട്ടിണിക്കാരന്റെ കീശ തപ്പി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വദേശത്തും വിദേശത്തുമായി തൊഴിൽ നഷ്ടപ്പെട്ടവർ അനവധിയാണ്. തൊഴിൽ ഇല്ലാതായതോടെ പലരും പലവിധ സ്വയംതൊഴിലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. മത്സ്യ കച്ചവടം മുതൽ സൂപ്പർ മാർക്കറ്റുകൾ വരെയാണ് ഇത്തരത്തിൽ ആളുകൾ തെരഞ്ഞെടുത്തിട്ടുള്ളത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം കുറഞ്ഞ വിൽപ്പന നടത്തുന്ന വഴിയോര സ്റ്റാളുകളും സംസ്ഥാനത്ത് സജീവമായി. വനിതകളുടെ ഇഷ്ട മേഖലയായ കേക്ക് നിർമ്മാണവും സജീവമാണ്. എന്നാൽ, സർക്കാർ രജിസ്ട്രേഷനില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും വിൽക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴതുകകളാണ്. ലൈസൻസോ രജിസ്റ്റ്രേഷനോ ഇല്ലാതെ പ്രവർത്തിച്ചാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് അഞ്ച് ലക്ഷം വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതൽ പേർ മനസിലാക്കി തുടങ്ങിയത്.

12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസൻസ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ രജിസ്റ്റ്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങൾ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു രജിസ്റ്റ്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർമ്മാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽനിന്നാണ് ലൈസൻസും രജിസ്റ്റ്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

ലൈസൻസോ രജിസ്റ്റ്രേഷനോ ഇല്ലാതെ പ്രവർത്തിച്ചാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവുമാണ് നിലവിലെ ശിക്ഷ. മായം ചേർത്ത ആഹാരം വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയിൽ ശിക്ഷയും പിഴയും അനുഭവിക്കണം. ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ മുന്നു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരും. ഗുണമേന്മയില്ലാതെ വിൽപന നടത്തിയാൽ 5 ലക്ഷം രൂപയാണ് പിഴ.

ഭക്ഷണം വിൽക്കണമെങ്കിൽ ലൈസൻസ് വേണം

ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട സംരംഭത്തിന് നിർബന്ധമായും വേണ്ട ഒന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI) നൽകുന്ന സർട്ടിഫിക്കേഷൻ. പന്ത്രണ്ടു ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ ക്യാറ്റഗറിയിൽ വരുന്ന സർട്ടിഫിക്കേഷൻ ആണ് എടുക്കേണ്ടത്. ഇത് അക്ഷയ സെന്ററുകൾ വഴി എടുക്കാവുന്നതാണ്. പന്ത്രണ്ടു ലക്ഷത്തിന് മുകളിൽ വിറ്റുവരവ് വരുന്ന സ്ഥാപനങ്ങളെ ലൈസൻസിന്റെ പരിധിയിൽ പെടുത്തിയിരിക്കുന്നു.

പിന്നീട് ആവശ്യമുള്ള ഒന്നാണ് പാക്കേജിങ് ലൈസൻസ്. ലീഗൽ മെറ്ററോളജി റൂൾ പ്രകാരം അളവിലോ തൂക്കത്തിലോ ഒരു ഉത്പന്നം ഉണ്ടാക്കി വിൽക്കുന്നതിന് ഈ ലൈസൻസ് ആവശ്യമാണ്. അക്ഷയ സെന്റർ വഴി 850 രൂപ ഫീസ് നൽകി സ്വന്തമാക്കാവുന്ന ഈ ലൈസൻസ് ഇല്ലെങ്കിൽ നിങ്ങളിൽ നിന്നും നാലായിരം രൂപ വരെ പിഴ ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

വേണം നാല് ലൈസൻസുകൾ

ഈ നാലു ലൈസൻസുകൾ ആണ് ഒരു ചെറുകിട സ്ഥാപനം തുടങ്ങുന്നതിനു അടിസ്ഥാനമായി വേണ്ടത്. ഇത് കൂടാതെ വേണ്ട മറ്റു അടിസ്ഥാന ലൈസൻസുകൾ ഡേഞ്ചറസ് ആൻഡ് ഒഫൻസീവ് ലൈസൻസ് അഥവാ ഡി ആൻഡ് ഒ ലൈസൻസ് എന്ന് അറിയപ്പെടുന്നു. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനം നൽകുന്ന ലൈസൻസ് ആണിത്. ഇതിൽ ആദ്യം ലഭിക്കേണ്ടത് കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ആണ്.

സ്ഥാപനത്തിൽ ഉത്പ്പാദനം ആരംഭിക്കുന്നത് വരെ ആവശ്യമുള്ള ഒന്നാണ് റണ്ണിങ് പെർമിറ്റ്. ഉത്പ്പാദനം ആരംഭിച്ച ശേഷം ലൈസൻസ് ആണ് വാങ്ങേണ്ടത്. ഇത് കൂടാതെ പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് എന്നിവിടങ്ങളിൽ നിന്നും ലൈസൻസ് എടുക്കണം. സ്ഥാപനത്തിൽ 10 ഹോഴ്സ് പവറിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു എങ്കിൽ ഇലൿട്രിസിറ്റി ബോർഡിൽ നിന്നും പവർ അലോക്കേഷൻ വാങ്ങിയിരിക്കണം.

വ്യവസായങ്ങൾക്ക് മൂന്നു വർഷം വരെ ലൈസൻസ് വേണ്ട

വിവിധ ലൈസൻസുകൾക്കായി കാത്തുനിൽക്കാതെ അപേക്ഷിച്ചയുടൻ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി കഴിഞ്ഞ വർഷം കേരള നിയമസഭ സഭ പാസാക്കിയിരുന്നു. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബില്ലാണ് നിയമസഭ പാസാക്കിയത്. കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം സഭ പാസാക്കി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതൽ ഉത്തേജനം നൽകുന്ന പുതിയ നിയമപ്രകാരം മൂന്നു വർഷം വരെ പത്തുകോടി രൂപവരെ മുതൽമുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാൻ ലൈസൻസുകൾ ആവശ്യമില്ല.

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തിൽ സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ പരിശോധിക്കുന്ന ബോർഡ് കൈപറ്റ് രസീത് നൽകും. ഇത് ലഭിച്ചാലുടൻ സംരംഭം തുടങ്ങാം. മൂന്നു വർഷമാണ് കാലാവധി. തുടർന്ന് ആറു മാസത്തിനകം നിയമപരാമായി എടുക്കേണ്ട എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുത്തിരിക്കണം. സാക്ഷ്യ പത്രത്തിലെ നിബന്ധനകൾ ലംഘിച്ചാൽ അഞ്ചു ലക്ഷംരൂപവരെ പിഴ, പത്തു കോടി രൂപയിൽ താഴെയുള്ള സംരംഭങ്ങൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. നോഡൽ ഏജൻസിയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് മുമ്പാകെ അപ്പീൽ നൽകാം.

1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ കേരള് മുനിസിപ്പാലിറ്റി ആക്ട്, 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്സട്, 2013ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട്, 1955ലെ ട്രവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട്, 1939ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട് എന്നീ നിയമങ്ങളിൽ ഭേദഗതി വരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP