Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ പിഴച്ചത് അഭിഭാഷകരുടെ വാദപ്രതിവാദത്തിൽ; രണ്ടാം വട്ടവും പിസിക്ക് രക്ഷകനായി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ; പിണറായി പൊലീസിന്റെ ഇരട്ടപൂട്ട് വക്കീൽ പൊളിച്ചപ്പോൾ

പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ പിഴച്ചത് അഭിഭാഷകരുടെ വാദപ്രതിവാദത്തിൽ; രണ്ടാം വട്ടവും പിസിക്ക് രക്ഷകനായി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ; പിണറായി പൊലീസിന്റെ ഇരട്ടപൂട്ട് വക്കീൽ പൊളിച്ചപ്പോൾ

സായ് കിരൺ

തിരുവനന്തപുരം : പീഡന പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുക, അതും മറ്റൊരു കേസിൽ പൊലീസുമായി ചോദ്യം ചെയ്യലിൽ സഹകരിച്ചുകൊണ്ടിരിക്കുന്ന അതേസമയം ലഭിച്ച പരാതിയിൽ. പി.സി.ജോർജെന്ന ശത്രുവിനെ പൂട്ടാൻ പിണറായി വിജയന്റെ പൊലീസ് ഇറക്കിയ പൂഴിക്കടകടൻ അടവും ചീട്ടുകൊട്ടാരം പോലെ തകർന്ന് താഴെ വീണു. ഊതിപ്പെരുക്കിയ എഫ്.ഐ.ആറും റിമാൻഡ് റിപ്പോർട്ടും തകർന്നടിഞ്ഞു. ശസ്തമംഗലം അജിത്കുമാറെന്ന ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ അഭിഭാഷകൻ അജിത് കുമാർ പൊളിച്ചടുക്കുകയായിരുന്നു.

ഇത് രണ്ടാംവട്ടമാണ് ജോർജിന്റെ രക്ഷയ്ക്ക് അജിത്കുമാറെത്തുന്നത്. രണ്ടുമാസ മുമ്പ് വിദ്വേഷപ്രസംഗ കേസിൽ അറസറ്റിലായപ്പോഴും ജോർജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം വാങ്ങിക്കൊടുത്തത് അജിത് കുമാറായിരുന്നു. അതോടെ അജിത്ത് കുമാർ വക്കീലിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇന്നലെയും ഏവരും ജോർജ് അഴിക്കുള്ളിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടു മണിക്കൂർ നീണ്ട വാദപ്രവാദത്തിനൊടുവിൽ തന്റെ കക്ഷിക്ക് ജാമ്യം വാങ്ങികൊടുത്തത് അജിത്കുമാർ ബ്രില്ല്യൻസിന് മറ്റൊരു തെളിവായി. ജോർജിനെ ഹാജരാക്കുന്ന വിവരം പൊലീസ് നേരത്തെ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നു. ആറുമണിക്ക് എത്തിക്കുമെന്നായിരുന്നു അറിയിച്ചത്.

സാധാരണഗതിയിൽ അഞ്ചുമണിക്ക് ശേഷമാണെങ്കിൽ വീട്ടിൽ ഹാജരാക്കിയാൽ മതിയെന്നാകും മജിസ്ട്രേട്ടുമാർ പറയാറുള്ളത്. എന്നാൽ കേസിൽ ഗൗരവം കണക്കിലെടുത്ത മജിസ്ട്രട്ട് അബിനിമോൾ രാജേന്ദ്രൻ കോടതിയിൽ എത്തിച്ചാൽ മതിയെന്നും താൻ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ആദ്യകണക്കു കൂട്ടൽ തെറ്റി. കോടതിയിലാണെങ്കിൽ വിശദമായ വാദപ്രതിവാദം നടക്കും. അത് അനുകൂലമാകില്ലെന്ന പൊലീസിന്റെ ഭയം തുടർന്നുള്ള മണിക്കൂറുകളിൽ ശരിയായി. പൊലീസ് ജോർജുമായി 6.30തോടെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 3ൽ എത്തി. ഏഴ് മണിക്ക് മജിസ്ട്രേട്ട് ചേംബറിൽ നിന്ന് ബെഞ്ചിലെത്തി, വാദം തുടങ്ങി.

സ്ത്രീയുടെ മാനത്തിനാണ് ക്ഷതമേറ്റതെന്നും മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പി.സി.ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും 9 കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഉമാ നൗഷാദ് വാദിച്ചു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി ഉന്നയിക്കുന്നത് കേസ് കെട്ടിചമച്ചതിന് തെളിവാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ സ്ത്രീയുടെ മാനത്തിനാണ് വിലയെന്നും പരാതി നൽകാൻ വൈകിയത് ഇപ്പോൾ പരിഗണിക്കേണ്ട വിഷയമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വക്കീൽ അജിത്ത് കുമാർ വാദിച്ചു. മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൂട്ടിയ എഫ്ഐആറും റിമാന്റ് റിപ്പോർട്ടുമാണ്. പീഡനക്കേസ് പ്രതിയെ അറസ്റ്റ ചെയ്യുന്നതിന് മുമ്പുള്ള നടപടികൾ അക്കമിട്ട് നിരത്തിയ അജിത് കുമാർ ഇതൊന്നും ഇവിടെ പാലിച്ചിലെന്നും വിശദീകരിച്ചു. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിന്റെ കർട്ടനു പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു. പി.സി.ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്.അദ്ദേഹത്തിന് 71 വയസുണ്ട്.മെഷീന്റെ സഹായത്തോടെയാണ് ഉറങ്ങുന്നത്.അദ്ദേഹത്തെ ജയിലിലേയ്ക്ക് അയച്ചാൽ മരണം വരെ സംഭവിക്കാം.അതു കൊണ്ട് അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും അജിത് കുമാർ വാദിച്ചു.

തുടർന്ന് മജിസ്ട്രട്ട് പരാതിയുണ്ടോയെന്ന് കോടതി ജോർജിനോട് ചോദിച്ചു ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് തന്നെ വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതിയുള്ള കാര്യം അറിയിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു. പിന്നാലെ കേസുമായി സഹരിക്കുമോയെന്ന മജിസ്ട്രട്ടിന്റെ ചോദ്യത്തിന് നൂറുശതമാനം എന്ന മറുപടിയാണ് ജോർജ് നൽകിയത്. ഇതോടെ രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷം, മൂന്ന് മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. 25000 രൂപ ജാമ്യതുകയും നൽകണം, എന്നീ വ്യവസ്ഥകളിൽ ജാമ്യം അനുവദിച്ചു. പുറത്തെത്തിയ ജോർജ് ആദ്യം ദൈവത്തിനും പിന്നെ അജിത് കുമാറിനുമാണ് നന്ദി പറഞ്ഞ്.

മെയ്‌ ഒന്നിനായിരുന്നു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പുലർച്ചെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നന്ദാവനം പൊലീസ് ക്യാമ്പിലും എത്തിച്ചു. അസാധാരണമായ പൊലീസ് നപടി കണ്ടതോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ ജോർജിന് ജാമ്യം കിട്ടില്ലെന്ന് മാധ്യമങ്ങൾ വിധിയെഴുതി. പിന്നാലെ ജോർജിന്റെ വക്കാലത്ത് ശാസ്തമംഗലം അജിത്ത് കുമാർ ഏറ്റെടുത്തു. അതും ആർ.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലിൽ. മജിസ്ട്രറ്റിന്റെ വീട്ടിൽ ഹാജരാക്കിയ ജോർജിന് മിനിട്ടുകൾ പുറത്തേക്ക് എത്തി. കേസ് ഏറ്റെടുത്തത് മുതൽ ജോർജിന് ജാമ്യം കിട്ടിയിരിക്കും എന്ന നിലപാടിലായിരുന്നു അജിത്ത് കുമാർ അതിന് സുപ്രീം കോടതിയുടെ പല വിവിധ ന്യായങ്ങളും ചൂണ്ടിക്കാട്ടിയുള്ള ജാമ്യ വാദം കോടതി അംഗീകരിച്ചു.

സർക്കാരിന്റെയും പൊലീസിന്റെയും അമിതാവേശത്തിന് തിരിച്ചടി നൽകിയ അഭിഭാഷകനെ ഹിന്ദുമഹാസമ്മേനത്തിൽ അന്നേദിവസം അനുമോദിക്കുകയും ചെയ്തു. പ്രിയദർശിനി ഹാളിൽ നടന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ അജിത്തിന് പ്രശംസിക്കുകയും ചെയ്തു. ജാമ്യം നൽകാൻ താത്പര്യമില്ലെങ്കിൽ പോലും അജിത്തിന്റെ വാദം കേട്ടാൽ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കും എന്ന് പി.സി.ജോർജ് പറഞ്ഞതായും മുരളീധരൻ പറഞ്ഞു. പിന്നാലെ ഷാൾ അണിച്ച് അനുമോദനവും അറിയിച്ചു. ആർ.എസ്.എസിനും ബിജെപിക്കും എക്കാലവും പ്രിയപ്പെട്ടവയാളാണ് അജിത് കുമാർ.

ബിജെപിയുടെ അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്തിന്റെ ഭാഗമാണ്. 2018ൽ നരേന്ദ്ര മോദി സർക്കാർ അജിത്തിനെ കേരള ഹൈക്കോടതിയിൽ സിബിഐയുടെ പ്രത്യേക പ്രോസിക്യൂട്ടറായും നിയമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP