Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ സ്വാദിന്റെ കാരണം മണിക്കിണറിലെ വെള്ളവും അതിലുപരി അവിടുത്തെ ദേവന്റെ വരപ്രസാദവും; പഴയിടം സദ്യവിഭവങ്ങളിൽ നിന്നും അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് നീക്കിയെന്നും മോഹനൻ നമ്പൂതിരി; ഉണ്ടാക്കാനാകുക അമ്പലപ്പുഴ ശൈലിയിലുള്ള പായസം മാത്രമെന്നും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ സ്വാദിന്റെ കാരണം മണിക്കിണറിലെ വെള്ളവും അതിലുപരി അവിടുത്തെ ദേവന്റെ വരപ്രസാദവും; പഴയിടം സദ്യവിഭവങ്ങളിൽ നിന്നും അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് നീക്കിയെന്നും മോഹനൻ നമ്പൂതിരി; ഉണ്ടാക്കാനാകുക അമ്പലപ്പുഴ ശൈലിയിലുള്ള പായസം മാത്രമെന്നും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

പഴയിടം സദ്യ വിഭവങ്ങളുടെ പേരിൽ നിന്നും അമ്പലപ്പുഴ പാൽപ്പായസം എന്ന വാക്ക് നീക്കി. അമ്പലപ്പുഴ പാൽപ്പായസം എന്നത് അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസാദ പായസം ആണെന്നും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം അവരുടെ അറിവോടുകൂടി അമ്പലപ്പുഴ ശൈലിയിലുള്ള പായസം മാത്രമാണ് ആർക്കും ഉണ്ടാക്കി നൽകാൻ കഴിയുക എന്നും പഴയിടം സദ്യയുടെ ഫേസ്‌ബുക്ക് പേജിലൂടെ പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചു.

ഒരു പ്രത്യേക വിഷയത്തിലേക്കുള്ള വിശദീകരണമായി ഈ കുറിപ്പ് സ്വീകരിക്കുക എന്ന ആമുഖത്തോടെയാണ് അമ്പലപ്പുഴ പാൽപ്പായസം എന്ന വാക്ക് തങ്ങളുടെ സദ്യവിഭവങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തതായുള്ള അറിയിപ്പ് പഴയിടം നമ്പൂതിരി അറിയിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ അമ്പലപ്പുഴ പാൽപ്പായസം ബേക്കറിയിലൂടെ വിറ്റ സംഭവം വിവാദമായതിന് പിന്നാലെയാണ് പഴയിടം സദ്യയിലെ അമ്പലപ്പുഴ പാൽപ്പായസവും പിൻവലിക്കണം എന്ന ആവശ്യം ഉയർന്നത്. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥർ ബേക്കറിയിലെത്തി പാൽപ്പായസം ആവശ്യപ്പെട്ടിരുന്നു. ആദ്യം അമ്പലപ്പുഴപാൽപ്പായസം നൽകാൻ വിസമ്മതിച്ച ബേക്കറി ജീവനക്കാർ പിന്നീട് 175 രൂപ വില ഈടാക്കി പായസം നൽകി. ഇക്കാര്യം സംബന്ധിച്ച് വിജിലൻസും പരിശോധന നടത്തി തട്ടിപ്പ് മനസ്സിലാക്കുകയായിരുന്നു.

500മില്ലിലിറ്റർ അമ്പലപ്പുഴപാൽപ്പായസം എന്ന പേരിൽ 175 രൂപ വാങ്ങിയാണ് ബേക്കറി ജീവനക്കാർ വിൽപ്പന തകൃതിയാക്കിയിരുന്നത്. കൂടാതെ സ്വകാര്യ ബേക്കറിയിൽ അമ്പലപ്പുഴ പാൽപ്പായസ വിൽപ്പന എന്ന് തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെയും വാട്സ് അപ് സന്ദേശങ്ങൾ വഴിയും വ്യാപകമായ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, വിഷയം ആർഎസ്എസ് ഏറ്റെടുത്ത് ബേക്കറി ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. അതിന്റെ വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു ബേക്കറി ഉടമകളിൽ ഒരാളായ തോമസ് ഈപ്പനെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ പ്രവർത്തകർ അതിന്റെ വീഡിയോയും എടുത്തു. എന്റെ കടയിൽ ഞാൻ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജനുണ്ടാക്കി കഴിഞ്ഞ ദിവസം വിറ്റിരുന്നുവെന്നും തെറ്റു പറ്റിയതാണെന്നും വീഡിയോയിൽ പറയുന്നു. ഇനി മേലാൽ ഞാൻ പാൽപ്പായസം ഉണ്ടാക്കി വിൽക്കില്ലെന്നും തോമസ് ഈപ്പൻ പറഞ്ഞ് അവസാനിപ്പിക്കുകയാണ്. അതു പോരെന്നും ഭക്തജനങ്ങൾക്കുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും കൂടി പ്രവർത്തകർ പറഞ്ഞു കൊടുക്കുന്നത് തോമസ് ഏറ്റു പറയുന്നുണ്ട്.

ഇതിനിടെ പഴയിടം സദ്യയിലെ വിഭവങ്ങളുടെ കൂട്ടത്തിൽ അമ്പലപ്പുഴ പാൽപ്പായസം ഉണ്ടെന്നും അത് മാറ്റണമെന്നും ആവശ്യമുയർന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പഴയിടം നമ്പൂതിരി പായസത്തിന്റെ പേര് മാറ്റുകയും ആ വിവരം ഫേസ്‌ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരിക്കുന്നത്.

പഴയിടം മോഹനൻ നമ്പൂതിരിയുടെ പോസ്റ്റ് ഇങ്ങനെ,

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേകിച്ചും പഴയിടം ഫേസ്‌ബുക്ക് അക്കൗണ്ടിലും മെസ്സേജുകളിലും വന്ന അഭിപ്രായമാണ് പഴയിടം സദ്യ വിഭവങ്ങളിൽ നിന്ന് അമ്പലപ്പുഴ പാൽപ്പായസം എന്ന വാക്ക് മാറ്റണം എന്നത്. ആദ്യത്തെ എതിരഭിപ്രായത്തോട് കൂടി തന്നെ ഞങ്ങൾ ആ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം (അവരുടെ അറിവോടു കൂടി) അമ്പലപ്പുഴ ശൈലിയിൽ ഉള്ള പായസം മാത്രമാണ് ആർക്കും ഉണ്ടാക്കി നൽകാൻ കഴിയുക.

ഉപഭോക്താക്കളുടെ അറിവിലേക്ക്:
അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത് അമ്പലപ്പുഴ ക്ഷേത്രത്തിൽ മാത്രം ഉണ്ടാക്കുന്ന പ്രസാദ പായസം ആണ്. അതിന്റെ പ്രത്യേക സ്വാദിന് സഹായകരമാം വിധം സ്വാധീനിക്കുന്ന ഘടകം അവിടുത്തെ മണിക്കിണറിലെ വെള്ളവും അതിലുപരി അവിടുത്തെ ദേവന്റെ വരപ്രസാദവുമാണ്. ആയതിനാൽ തന്നെ ഈ പായസം അമ്പലത്തിന് പുറത്ത് ഉണ്ടാക്കുന്നത് അസാധ്യവുമാണ്. തെറ്റിദ്ധാരണ ഉണ്ടാകുംവിധം മുൻ ഫേസ്‌ബുക്ക് പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
എല്ലാ സഹകരണങ്ങൾക്കും നന്ദിപൂർവം..
പഴയിടം മോഹനൻ നമ്പൂതിരി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP