Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി

പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ നിന്ന് പ്യൂൺ 60 ലക്ഷത്തോളം തട്ടിയെടുത്ത സംഭവം പുറത്തു വന്നതിന് പിന്നാലെ ബ്രാഞ്ച് മാനേജർക്ക് സസ്പെൻഷൻ. സഹകരണ സംഘം അസി. രജിസ്ട്രാറും അന്വേഷണം തുടങ്ങി. പണം നഷ്ടപ്പെട്ടതായി കാണിച്ച് ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി നൽകിയ പരാതിയിൽ അടൂർ പൊലീസ് ഇൻസ്പെക്ടർ അന്വേഷണം തുടങ്ങി. പഴകുളം കിഴക്ക് ബാങ്കിന്റെ അടൂർ ബോയ്സ് ഹൈസ്‌കൂൾ ജങ്ഷനിലുള്ള ശാഖയിൽ നിന്നുമാണ് പ്യൂൺ മുകേഷ് 60 ലക്ഷത്തോളം തട്ടിയെടുത്തത്.

ആദ്യം പുറത്തു വന്നത് 31.50 ലക്ഷത്തിന്റെ തട്ടിപ്പായിരുന്നു. ബ്രാഞ്ച് മാനേജരുടെ മൊഴിയിൽ നിന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട പണത്തിൽ നിന്നും മറ്റൊരു 22 ലക്ഷത്തോളം കൊണ്ടുപോയെന്ന് വ്യക്തമായത്. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും ഹെഡ് ഓഫീസിലോ പൊലീസിലോ സഹകരണ സംഘം രജിസ്ട്രാറെയോ അറിയിക്കാതിരുന്നതിന് മാനേജർ ഷീലയെ സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച സഹകരണ സംഘം അസി. രജിസ്ട്രാർ പരിശോധന നത്തി ഷീലയുടെ മൊഴി എടുത്തിരുന്നു. അതിന് പിന്നാലെയാണ് സസ്പെൻഷൻ വന്നിരിക്കുന്നത്.

മുകേഷ് 31.50 ലക്ഷം സജീവമല്ലാത്ത അക്കൗണ്ടുകളിൽ കൂടി പിൻവലിച്ചുവെന്നായിരുന്നു ഇതു വരെ കരുതിയിരുന്നത്. എന്നാൽ, നിക്ഷേപകരുടെ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. 25 ലക്ഷത്തോളം രൂപ ഇങ്ങനെ പിൻവലിച്ചിട്ടുണ്ട്. ഒന്നരക്കോടി നിക്ഷേപിച്ച ഒരാളുടെ അക്കൗണ്ടിൽ നിന്നും എഫ്.ഡി വായ്പയായി 22 ലക്ഷത്തിൽപ്പരം രൂപയാണ് പിൻവലിച്ചിരിക്കുന്നത്. എഫ്ഡി ലോൺ എടുത്തിട്ടുണ്ടെങ്കിൽ എടുത്ത തുക കുറച്ച് വേണം പലിശ നൽകാൻ. എന്നാൽ നിക്ഷേപകന് മുഴുവൻ തുകയും മാനേജർ നൽകിയിരുന്നു. പ്യൂണിന്റെ തട്ടിപ്പ് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇതെന്നും പറയുന്നു.

ബ്രാഞ്ച് മാനേജർ ഷീല അറിയാതെയാണ് മുകേഷ് പണം പിൻവലിച്ചിരുന്നത് എന്നാണ് പറയുന്നത്. മാനേജർ അവധിയെടുക്കുമ്പോഴും ഓഫീസിൽ ഇല്ലാത്ത സമയത്തുമായിട്ടാണ് വ്യാജരേഖ ചമച്ച് മുകേഷ് പണം എടുത്തത്. ഈ വിവരം മാനേജർ അറിഞ്ഞതിന് ശേഷവും പിൻവലിക്കുന്നത് മുകേഷ് തുടർന്നു. ഇത്തരത്തിലൊരു കൊള്ള നടക്കുന്ന വിവരം മാനേജർ ബാങ്കിന്റെ ഉന്നതാധികാരികൾക്ക് റിപ്പോർട്ട് ചെയ്യാതിരുന്നത് വീഴ്ചയാവുകയും ചെയ്തു.

തട്ടിപ്പിൽ ആരുടെയും പണം നഷ്ടമായിട്ടില്ലെന്നും സഹകാരികൾക്ക് പരാതിയില്ലെന്നുമായിരുന്നു ആദ്യമൊക്കെ ബാങ്ക് അധികൃതരുടെ നിലപാട്. തട്ടിയെടുത്ത പണം തിങ്കളാഴ്ച തിരികെ അടയ്ക്കുമെന്ന മുകേഷിന്റെ വാക്ക് വിശ്വസിച്ചാണ് ഇത്തരമൊരു നിലപാട് അധികൃതർ സ്വീകരിച്ചത്. പണം തിരികെ അടയ്ക്കാതെ പ്യൂൺ മുങ്ങിയതോടെയാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച തന്നെ സഹകരണ സംഘം അസി. രജിസ്ട്രാറുടെ ഓഫീസിൽ നിന്നുള്ള സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിച്ചു. മാനേജർ ഷീലയിൽ നിന്ന് മൊഴിയുമെടുത്തിട്ടുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് വായ്പ എടുത്ത രേഖകളിലൊന്നും മാനേജർ ഒപ്പിട്ടിട്ടില്ല. താൻ എടുത്ത 31.50 ലക്ഷം തിരികെ അടയ്ക്കാമെന്ന് മുദ്രപത്രത്തിൽ മുകേഷ് എഴുതി നൽകിയിരുന്നു. അപ്പോഴും എഫ്.ഡിയിൽ നിന്ന് വായ്പയായി എടുത്ത പണത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല.

പണം പോയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാനേജർക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. തട്ടിപ്പ് നടന്ന വിവരം ബാങ്ക് ഹെഡ് ഓഫീസിൽ അറിയിക്കാതെയിരുന്നത് ബാങ്ക് മാനേജരുടെ വീഴ്ചയാണ്. യഥാർഥത്തിൽ മാനേജരെ ചതിയിൽപ്പെടുത്തിയാണ് പ്യൂൺ പണം തട്ടിയത്. ഇത് ഉപയോഗിച്ച് രണ്ട് ആഡംബര കാറുകളും വസ്തു വകകളും മുകേഷ് വാങ്ങിക്കൂട്ടി. ഇക്കാര്യം ഇയാളുടെ വീട്ടുകാർക്കും അറിവുണ്ടായിരുന്നു. മുകേഷ് ഇപ്പോൾ ഒളിവിലാണ്. സുഹൃത്തുക്കളുടെയും മറ്റും നമ്പരിൽ നിന്ന് ഇയാൾ പലരെയും വിളിക്കുന്നുണ്ട്. എടുത്ത പണത്തിൽ പുറത്തു വന്നിട്ടുള്ള തട്ടിപ്പിലെ 31.50 ലക്ഷം വെള്ളിയാഴ്ച അടയ്ക്കാമെന്ന് ഇയാൾ അറിയിച്ചിട്ടുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് വ്യാജരേഖ ചമച്ച് എടുത്ത വായ്പയെ കുറിച്ച് മിണ്ടാട്ടമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP