Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ വരുന്നവർ സൂക്ഷിക്കുക; പാർക്കിങ് ബോർഡിന് കീഴിൽ ഒരിക്കലും വാഹനം പാർക്ക് ചെയ്യരുത്; നിങ്ങളെ തേടി പൊലീസിന്റെ ബുക്ക്ഡ് സ്റ്റിക്കർ എത്തും; വിളിച്ചു ചോദിച്ചാൽ മോശം പെരുമാറ്റവും; പരാതി കൊടുത്ത പൊതുപ്രവർത്തകന് എതിരെ കേസെടുത്ത് പുലിവാൽ പിടിച്ചതും ട്രാഫിക് പൊലീസ് തന്നെ

പത്തനംതിട്ടയിൽ വരുന്നവർ സൂക്ഷിക്കുക; പാർക്കിങ് ബോർഡിന് കീഴിൽ ഒരിക്കലും വാഹനം പാർക്ക് ചെയ്യരുത്; നിങ്ങളെ തേടി പൊലീസിന്റെ ബുക്ക്ഡ് സ്റ്റിക്കർ എത്തും; വിളിച്ചു ചോദിച്ചാൽ മോശം പെരുമാറ്റവും; പരാതി കൊടുത്ത പൊതുപ്രവർത്തകന് എതിരെ കേസെടുത്ത് പുലിവാൽ പിടിച്ചതും ട്രാഫിക് പൊലീസ് തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തേക്ക് വരുന്ന മറ്റു ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം. പാർക്കിങ് എന്നൊരു ബോർഡ് കണ്ടാൽ ആരും അവിടെ കൊണ്ട് വാഹനം ഇടരുത്. ഇട്ടിട്ടു പോയി മടങ്ങി വരുമ്പോഴേക്കും വാഹനത്തിന്റെ ചില്ലിലോ മിററിലോ ഒരു ബുക്ക്ഡ് സ്റ്റിക്കർ പൊലീസിന്റേതായി കാണും. നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തു എന്നതായിരിക്കും കുറ്റം. പിന്നെ നിങ്ങൾ അവിടെ മുഴുവൻ നടന്ന് പരതി നോക്കേണ്ടി വരും എവിടെയാണ് നോ പാർക്കിങ് ബോർഡ് എന്ന്. അങ്ങനെ ഒരെണ്ണം അവിടെ കാണുകയേ ഇല്ല. എന്നാൽ പാർക്കിങ് ബോർഡ് കാണുകയും ചെയ്യും.

ഇനി പിടുത്തം കൈയോടെയാണെങ്കിൽ പൊലീസിന്റെ വായിൽ ഇരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിയും വരും. കഴിഞ്ഞ കുറേ ദിവസമായി പത്തനംതിട്ട ടൗണിൽ എത്തിയ പല വാഹന യാത്രികർക്കും ഈ ദുരിതം അനുഭവിക്കേണ്ടി വന്നു. പാർക്കിങിന് ഒരിഞ്ചു സ്ഥലം പോലും ഇല്ലാത്ത സ്ഥലമാണ് പത്തനംതിട്ട ജില്ലാ ആസ്ഥാനം. ഒരിത്തിരി സ്ഥലം എവിടെയങ്കിലും ലഭ്യമായാൽ പോലും അവിടെ സ്വയം പ്രഖ്യാപിത ഓട്ടോ-ടാക്സി സ്റ്റാൻഡ് എന്നൊരു ബോർഡ് പ്രത്യക്ഷപ്പെടും. പിന്നെ ഈ ഭാഗത്തേക്ക് ഒരു വാഹനവും വരാൻ ഓട്ടോ ഡ്രൈവർമാർ അനുവദിക്കുകയുമില്ല.

പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്ക് ആക്കി മാറ്റിയിട്ടുണ്ട്. ഫീസ് അൽപം കൂടുതൽ ആയതിനാൽ ഇവിടെ വാഹനം പാർക്ക് ചെയ്യുന്നവർ കുറവാണ്. മാത്രവുമല്ല, തങ്ങൾ ഉദ്ദേശിക്കുന്ന കടയുടെ മുന്നിൽ പാർക്കിങ് കിട്ടണം എന്ന് വിചാരിക്കുന്നവരാണ് അധികവും. പത്തനംതിട്ട കോളജ് റോഡിൽ മലബാർ ഗോൾഡിന് എതിർവശത്തെ പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്തവരെയാണ് കഴിഞ്ഞ കുറേ ദിവസമായി പൊലീസ് ബുക്ക് ചെയ്യുന്നത്. സ്റ്റിക്കർ പതിച്ച് ട്രാഫിക് സ്റ്റേഷനിൽ എത്താനാണ് ആവശ്യപ്പെടുന്നത്. എന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ അത്ര നല്ല പ്രതികരണമായിരിക്കില്ല ലഭിക്കുന്നത്.

ഈ സ്ഥലം ടെമ്പോ സ്റ്റാൻഡ് ആണെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ ഒരു ബോർഡ് അവിടെയെങ്ങും കാണാനുമില്ല. ഇത്ര കൃത്യമായി നിയമം പാലിക്കുന്ന ട്രാഫിക് പൊലീസുകാർ മറ്റു ചിലയിടങ്ങളിൽ വിട്ടു വീഴ്ച കാണിക്കാറുമുണ്ട്. ഒരു വാഹന വിൽപന കേന്ദ്രത്തിന്റെ എതിർ വശം നോ പാർക്കിങ് ഏരിയ ആണ്. പക്ഷേ, ഇവിടെ വിൽപന കേന്ദ്രത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ നിരത്തി പാർക്ക് ചെയ്യാൻ അനുവദിക്കാറുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട പൊതുപ്രവർത്തകന് എതിരേ കേസെടുത്ത് പുലിവാൽ പിടിച്ചവരാണ് പത്തനംതിട്ടയിലെ ട്രാഫിക് പൊലീസുകാർ.

റിങ് റോഡിൽ സ്വകാര്യ പേ ആൻഡ് പാർക്കിന് മുന്നിലായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യുന്നവർക്ക് പൊലീസ് സ്റ്റിക്കർ പതിക്കും. ഇത് പേ ആൻഡ് പാർക്കുകാരനെ സഹായിക്കാനാണെന്നും ആരോപണം രൂക്ഷമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP