Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാബുവിനോട് പറഞ്ഞേര് കോഴഞ്ചേരിയിലെ ഡിവൈഎഫ്ഐ തയാറായിട്ടുണ്ടെന്ന്; ഒന്നര ലക്ഷം രൂപയുടെ പരിപാടിക്ക് 10,000 രൂപ തന്നാലെന്താ; അനുസ്മരണം കഴിഞ്ഞോട്ടെ പണി തരാം; മരിച്ചു പോയ സഖാവിന്റെ അനുസ്മരണത്തിന് പിരിവ് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ് ബിജിലി കോഴഞ്ചേരിയിലെ പാർക്ക് ഹോട്ടൽ മാനേജരെ ഭീഷണിപ്പെടുത്തിയ ഓഡിയോ പുറത്ത്: രണ്ടു മാസം കൊണ്ട് പാർട്ടിക്ക് കൊടുത്തത് 60 ലക്ഷം; ഇനി തരാൻ ബുദ്ധിമുട്ടാണെന്ന് മാനേജരും: നാണം കെട്ട് പത്തനംതിട്ടയിലെ സിപിഎം നേതൃത്വം

സാബുവിനോട് പറഞ്ഞേര് കോഴഞ്ചേരിയിലെ ഡിവൈഎഫ്ഐ തയാറായിട്ടുണ്ടെന്ന്; ഒന്നര ലക്ഷം രൂപയുടെ പരിപാടിക്ക് 10,000 രൂപ തന്നാലെന്താ; അനുസ്മരണം കഴിഞ്ഞോട്ടെ പണി തരാം; മരിച്ചു പോയ സഖാവിന്റെ അനുസ്മരണത്തിന് പിരിവ് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ് ബിജിലി കോഴഞ്ചേരിയിലെ പാർക്ക് ഹോട്ടൽ മാനേജരെ ഭീഷണിപ്പെടുത്തിയ ഓഡിയോ പുറത്ത്: രണ്ടു മാസം  കൊണ്ട് പാർട്ടിക്ക് കൊടുത്തത് 60 ലക്ഷം; ഇനി തരാൻ ബുദ്ധിമുട്ടാണെന്ന് മാനേജരും: നാണം കെട്ട് പത്തനംതിട്ടയിലെ സിപിഎം നേതൃത്വം

ആർ കനകൻ

കോഴഞ്ചേരി: അകാലത്തിൽ മരിച്ചു പോയ ഡിവൈഎഫ്ഐ നേതാവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതിന് വേണ്ടി പിരിവ് ചോദിച്ച് ബാർ ഹോട്ടൽ മാനേജരെ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. ചോദിച്ച തുക തന്നില്ലെങ്കിൽ ബാർ ഹോട്ടലിൽ ഡിവൈഎഫ്ഐക്കാര് പിള്ളേര് കയറി മേയുമെന്ന ഭീഷണി അടങ്ങുന്ന ക്ലിപ്പ് പുറത്തായതോടെ ജില്ലയിലെ സിപിഎം നേതൃത്വം റിവേഴ്സ് ഗിയറിലായി.

ഒരബദ്ധം പറ്റി നാറ്റിക്കരുത് എന്നും ശനിയാഴ്ച ചേരുന്ന ജില്ലാ കമ്മറ്റി യോഗം ഈ വിഷയം ചർച്ച ചെയ്ത് കുറ്റക്കാരെ താക്കീത് ചെയ്യാമെന്നുമാണ് പാർട്ടി നേതൃത്വം വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. പ്രളയം, പാർട്ടി സെക്രട്ടറിയുടെ യാത്ര, പാർലമെന്റ് തെരഞ്ഞെടുപ്പ്, ഇതു പോലെയുള്ള നിരവധി അല്ലറ ചില്ലറ പരിപാടികൾ അങ്ങനെ ഒക്കെ പിരിവ് കാരണം വലഞ്ഞിരിക്കുന്ന വ്യാപാരികൾക്ക് മേലാണ് പാർട്ടി സഖാക്കൾ ഗുണ്ടായിസവുമായി വന്നത്. കോഴഞ്ചേരി പാർക്ക് ഹോട്ടലിന്റെ മാനേജരെ ഡിവൈഎഫ്ഐ ആറന്മുള ബ്ലോക്ക് പ്രസിഡന്റ് ബിജിലി പി ഈശോ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള സീറ്റിലേക്ക് പരിഗണിക്കപ്പെട്ടയാളാണ് ബിജിലി എന്നതാണ് ഏറെ കൗതുകകരം. ജില്ലാ സഹകരണ ബാങ്കിന്റെ മുൻ മാനേജരായിരുന്ന ഗോപാൽജി, കോട്ടയത്തുകാരൻ സാബു എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പാർക്ക് ബാർ ഹോട്ടൽ. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്കായി മാത്രം 60 ലക്ഷത്തോളം രൂപ ഇവിടെ നിന്ന് നൽകിയിരുന്നു. അകാലത്തിൽ മരിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഉദയകുമാറിന്റെ അനുസ്മരണം നടത്തുന്നതിന് വേണ്ടിയാണ് ബിജിലി പാർക്ക് ഹോട്ടൽ മാനേജരെ പിരിവിനായി വിളിച്ചത്. 10,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന പരിപാടിക്ക് 1.50 ലക്ഷം രൂപ ചെലവ് വരുമെന്നും അതു കൊണ്ട് പണം തന്നേ തീരൂവെന്നുമാണ് ഭീഷണി.

ഹോട്ടൽ ഉടമ 1000 രൂപ കൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നിട്ടും ഭീഷണി ആയതോടെ സിപിഎം ജില്ലാ സെക്രട്ടറിയെ വിവരം അറിയിച്ചു. അവരോടു കൂടുതൽ പണം ചോദിക്കണ്ടെന്ന് ജില്ലാ സെക്രട്ടറി നിർദ്ദേശിച്ചുവെന്നാണ് വിവരം. എന്നാൽ, ജില്ലാ സെക്രട്ടറിയല്ല ആരു പറഞ്ഞാലും ഞങ്ങൾക്ക് ആവശ്യപ്പെട്ട പണം കിട്ടിയേ തീരു എന്നാണ് ബിജിലിയുടെ നിലപാട്. ഇക്കാര്യം ഹോട്ടൽ ഉടമയായ സാബുവിനോട് പറഞ്ഞേക്കാനാണ് ഭീഷണി. അല്ലെങ്കിൽ കോഴഞ്ചേരിയിലെ ഡിവൈഎഫ്ഐ തയാറായിരിക്കുകയാണ്. ബാർ ഹോട്ടലിന് അകത്ത് കയറുന്ന തങ്ങളുടെ പിള്ളാരെ എവനെങ്കിലും തൊട്ടാൽ അടിച്ചു തകർക്കും. ചിറ്റാറിൽ നിന്ന് 100 ചൂരൽ കൊണ്ടു വരുന്നുണ്ട്. നിനക്കൊക്കെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും. ഞാൻ വിളിച്ച് ഇങ്ങനെ പറഞ്ഞെന്ന് അവനോട് പറഞ്ഞേര് എന്നുമാണ് ബിജിലിയുടെ ഭീഷണി.

കഴിഞ്ഞ രണ്ടു മാസം കൊണ്ട് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് 60 ലക്ഷം നൽകി. ഇനി വലിയ തുക നൽകാൻ കഴിയില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മാനേജർ പറയുന്നു. ബിജിലിക്ക് ഒപ്പം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ് മാനേജർ എന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. 65 തൊഴിലാളികൾ ഇവിടെയുണ്ട്.

പിരിവ് തന്ന് സ്ഥാപനം മുടിഞ്ഞാൽ തങ്ങൾ പട്ടിണിയിലാകുമെന്നും മാനേജർ പറയുന്നു. തനിക്ക് ഇതൊന്നും അറിയണ്ട എന്ന് ബിജിലി പറയുന്നു. ഈ സർക്കാരാണ് ബാർ ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകിയത്. നാട്ടുകാരെ വിഷം കുടിപ്പിക്കുന്ന നിനക്കൊക്കെ തന്നാലെന്താ. സാബുവിനോട് പറഞ്ഞേര് വിവരം അറിയുമെന്ന് എന്നുമാണ് ഭീഷണി. സർക്കാരിനെതിരേയും ബിജിലി പ്രതികരിക്കുന്നുണ്ട്.

ഓഡിയോ ക്ലിപ്പ് പുറത്തായതോടെ അരമന രഹസ്യം അങ്ങാടിപ്പാട്ടായ തത്രപ്പാടിലാണ് പാർട്ടി നേതൃത്വം. ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി ഇക്കാര്യം പരിഹരിക്കുമെന്നും മേൽഘടകങ്ങൾക്ക് ഇനി പരാതി നൽകരുതെന്നും ജില്ലാ ഭാരവാഹികൾ വ്യാപാരികളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. യുവജന നേതാവിന്റെ പേരിൽ അനുസ്മരണ സമ്മേളനം നടത്തുന്നതിന് വേണ്ടി വിവിധ സ്ഥാപനങ്ങളിൽ നിന്നും വൻ തുക ആവശ്യപ്പെട്ടുവെന്നാണ് കോഴഞ്ചേരിയിലെ വ്യാപാരികൾ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. നേരിട്ടും ഫോണിലൂടെയുമുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് ജില്ലാ - ഏരിയ നേതൃത്വങ്ങളെ സമീപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP