Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സഞ്ചാരപഥവും സമ്പർക്കപ്പട്ടികയും വൈകുന്നതിൽ ദുരൂഹത; താനുമായി സമ്പർക്കമില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റെന്ന് സൂചന; രോഗിയായ എംഎസ്എഫ് നേതാവിനെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പ്: സ്വന്തം പാർട്ടിക്കാരന്റെ പൊതുസമ്പർക്കത്തെ കുറിച്ച് മിണ്ടാട്ടമില്ല

പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സഞ്ചാരപഥവും സമ്പർക്കപ്പട്ടികയും വൈകുന്നതിൽ ദുരൂഹത; താനുമായി സമ്പർക്കമില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റെന്ന് സൂചന; രോഗിയായ എംഎസ്എഫ് നേതാവിനെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പ്: സ്വന്തം പാർട്ടിക്കാരന്റെ പൊതുസമ്പർക്കത്തെ കുറിച്ച് മിണ്ടാട്ടമില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ സഞ്ചാരപഥവും സമ്പർക്കപ്പട്ടികയും തയാറാക്കുന്നത് വൈകുന്നതിൽ ദുരൂഹത. പട്ടികയിൽ നിന്ന് ചില സ്ഥലങ്ങൾ, നേതാക്കൾ, സ്ഥാപനങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി നീക്കം നടക്കുന്നുവെന്ന് പാർട്ടി പ്രവർത്തകരിൽ നിന്ന് തന്നെ ആരോപണം ഉയരുന്നു.

അതേ സമയം, ഇയാളുമായി നേരിട്ട് ബന്ധപ്പെട്ട ചില നേതാക്കൾ സ്വയം ക്വാറന്റൈനിൽ പോയി മാതൃക കാട്ടി. ജില്ലാ സെക്രട്ടറി അടക്കം ചില നേതാക്കൾ തങ്ങൾക്ക് രോഗിയുമായി സമ്പർക്കമില്ലെന്നും അതു കൊണ്ട് ക്വാറന്റൈനിൽ പോകില്ലെന്നുമുള്ള വാശിയിലാണ്. ആരോഗ്യവകുപ്പ് സമ്പർക്ക പട്ടികയും സഞ്ചാരപഥവും തയാറാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് പുറത്തുവിടാതെ വച്ചിരിക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നു. സമ്പർക്ക പട്ടിക തയാറാക്കി വരുന്നതേ ഉള്ളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ഏരിയാ കമ്മറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് സഞ്ചാരപഥവും സമ്പർക്കപ്പട്ടികയും പുറത്തു വിടാത്തത് എന്നാണ് ജനങ്ങളുടെ ചോദ്യം. ഇയാൾ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് അടക്കം നിരവധി സ്ഥലങ്ങളിൽ കയറി ഇറങ്ങി ഒരു പാട് ആൾക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. സമ്പർക്ക പട്ടികയും സഞ്ചാരപഥവും പുറത്തു വന്നിട്ട് നിരീക്ഷണത്തിൽ പോകാമെന്നാണ് ഇയാളുമായി ബന്ധപ്പെട്ടവർ പറയുന്നത്.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ നിരന്തര സാന്നിധ്യമായിരുന്നു ഏരിയാ കമ്മറ്റി അംഗം. ഇവിടെ നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തു. ആ സമയം ജില്ലാ സെക്രട്ടറി അടക്കം അവിടെ ഉണ്ടായിരുന്നു. എന്നാൽ, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു താൻ ക്വാറന്റൈനിൽ പോകേണ്ട കാര്യമില്ലെന്ന് വാശി പിടിക്കുകയാണ്. പാർട്ടി ഓഫീസ് സംബന്ധിച്ച ഒരു വാർത്തകളും പുറത്തേക്ക് പോകാൻ സമ്മതിക്കുന്നുമില്ല. ജില്ലാ കമ്മറ്റി ഓഫീസ് അടച്ചു പൂട്ടിയെന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർ അടക്കം ഇവിടെ തന്നെ ക്വാറന്റൈനിലാണ് എന്നും പറയുന്നു.

ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ ടി. സക്കീർ ഹുസൈൻ, അമൃതം ഗോകുലൻ എന്നിവർ സ്വയം ക്വാറന്റൈനിൽ പോയി മാതൃക കാട്ടിയിട്ടുണ്ട്. എന്നാൽ, 60 വയസ് കഴിഞ്ഞ നിരവധി നേതാക്കളുമായി കോവിഡ് രോഗി സമ്പർക്കം പുലർത്തിയിട്ടുണ്ട്. പാർട്ടിയുടെ കുമ്പഴ ലോക്കൽ കമ്മറ്റി ഓഫീസ്, പത്തനംതിട്ട ഏരിയാ കമ്മറ്റി ഓഫീസ്, കേരളാ ബാങ്ക് പത്തനംതിട്ട ബ്രാഞ്ച്, കുമ്പഴ സർവീസ് സഹകരണ ബാങ്ക്, വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സമൂഹം എന്നിങ്ങനെ ഇയാളുടെ സമ്പർക്കപ്പട്ടിക വലുതാണ്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൂടുതൽ അംഗങ്ങൾ പങ്കെടുത്തുള്ള യോഗം പാടില്ല എന്നുണ്ട്. ഇത് മറികടന്ന് സിപിഎം പലയിടത്തും യോഗം വിളിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാനായിരുന്നു യോഗം. കോവിഡ് പ്രോട്ടോക്കേൾ ലംഘിച്ച് അതിൽ നിരവധി പേർ പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള യോഗങ്ങളിൽ പിന്നീട് രോഗം തിരിച്ചറിഞ്ഞ ഏരിയാ കമ്മറ്റി അംഗവും പങ്കെടുത്തിരുന്നു. ഇതാണിപ്പോൾ സിപിഎമ്മിനെ കുഴപ്പിച്ചിരിക്കുന്നത്.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച എംഎസ്എഫ് നേതാവിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചിരുന്നു. രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചതും. മുമ്പ് ഇടുക്കിയിലെ കോൺഗ്രസ് നേതാവ് ഉസ്മാനെയും രോഗത്തിന്റെ പേരിൽ മുഖ്യമന്ത്രി അവഹേളിച്ചിരുന്നു. ദേശാഭിമാനി വായിച്ച മുഖ്യമന്ത്രി അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകണം എംഎസ്എഫ് നേതാവിനെ വിമർശിച്ചത് എന്നു വേണം കരുതാൻ.

യുഡിഎഫ് നേതാക്കൾ കോവിഡ് പരത്തുന്നുവെന്ന് ദേശാഭിമാനി എഴുതിയ ദിവസമാണ് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയാകട്ടെ യുഡിഎഫ് നേതാവിന്റേതിനേക്കാൾ വിപുലവും ആണ്. ആ വസ്തുത മറച്ചു വച്ചാണ് കോവിഡിനെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുന്നത്.

ഏരിയാ കമ്മറ്റി അംഗത്തിന്റെ യഥാർഥ സഞ്ചാരപഥം പുറത്തുവിടാത്തതിൽ പാർട്ടി പ്രവർത്തകർ അടക്കം ആശങ്കയിലാണ്. ഇത് രോഗം പകരാനേ ഉപകരിക്കൂവെന്നും വസ്തുതകൾ മറച്ചു വയ്ക്കരുത് എന്നും അവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP