Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് കാണിച്ചുകൊടുത്തു! കോൺഗ്രസ് നേതാവിന്റെ വാക്കുകളിൽ എല്ലാം ഉണ്ട്; തിരുവല്ലക്കാരനായ എസ് എഫ് ഐ നേതാവും വോട്ട് ചെയ്തു; പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?

കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് കാണിച്ചുകൊടുത്തു! കോൺഗ്രസ് നേതാവിന്റെ വാക്കുകളിൽ എല്ലാം ഉണ്ട്; തിരുവല്ലക്കാരനായ എസ് എഫ് ഐ നേതാവും വോട്ട് ചെയ്തു; പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് എന്ന ആരോപണം ശക്തമാക്കി വീഡിയോ തെളിവ്. സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അമലും കള്ളവോട്ട് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കിൽ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാൽ തിരുവല്ലയിൽ താമസിക്കുന്ന അമൽ ഇവിടെയെത്തി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അമൽ അഞ്ച് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. കള്ളവോട്ടുമായി ബന്ധപ്പെട്ട് വിശദ റിപ്പോർട്ട് കഴിഞ്ഞ ദിവസം മറുനാടൻ പുറത്തു വിട്ടിരുന്നു. എന്നാൽ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് മാത്രമാണെത്തിയതെന്നാണ് അമലിന്റെ ആദ്യ വിശദീകരണം. ഇത് തള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് കള്ളവോട്ട് ആരോപണവുമുയർന്നത്. യുഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് എൽഡിഎഫും രംഗത്തെത്തി. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എ. സുരേഷ് കുമാർ ഇക്കാര്യം തുറന്നുപറയുന്ന വീഡിയോയാണ് സിപിഎം പുറത്ത് വിട്ടത്. ബാങ്ക് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലെ പ്രസംഗത്തിലാണ് കള്ളവോട്ട് ചെയ്ത കാര്യം സുരേഷ് പറയുന്നത്. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഇവർക്ക് മാത്രമല്ല ഞങ്ങൾക്കും അറിയാം എന്ന് കാണിച്ചുകൊടുത്ത തെരഞ്ഞെടുപ്പാണിതെന്നാണ് സുരേഷ് കുമാർ പറയുന്നത്.

ബസിലും ട്രാവലറിലുമൊക്കെ ആളെ ഇറക്കി വ്യാപക കള്ളവോട്ട് നടന്നുവെന്നതാണ് വസ്തുത. അതിർത്തി വിട്ടു വന്നവരിൽ ഓരോരുത്തരും ചെയ്തത് അഞ്ച് വോട്ട് വരെയാണ്. എതിർത്തവരെ ഓടിച്ചിട്ട് അടിച്ചത് 10 റൗണ്ട് വരെയും. പൊലീസ് ലാത്തിച്ചാർജ് ചെയ്തത് മൂന്നു റൗണ്ട്. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ കള്ളവോട്ടിട്ടവർ ഞെട്ടി. തങ്ങൾ പൊട്ടിപ്പോളീസായിരിക്കുന്നു. കള്ളവോട്ട് കാരണം തോറ്റ് പോകുമെന്ന് കരുതി നേരത്തേ വീട്ടിൽ കയറിയ എതിർപക്ഷവും ഞെട്ടി. തങ്ങൾ ഭരണം നിലനിർത്തിയിരിക്കുന്നു. പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റോടു കൂടിയതായിരുന്നു.

വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാൻ സിപിഎം തീരുമാനിക്കുന്നു. സഹകരണ സംഘം ഉദ്യോഗസ്ഥർ, പൊലീസ് അടക്കം കാര്യങ്ങൾ എല്ലാം അനുകൂലമാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു. ബാങ്ക് ആകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. അക്കാരണത്താൽ ഭരണം പിടിക്കാൻ നോക്കേണ്ടെന്ന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ സിപിഎം നേതൃത്വത്തോട് പറഞ്ഞിരുന്നതാണ്. പക്ഷേ, ഭരണം പിടിച്ചേ തീരു. ജില്ലയിലെ മറ്റ പ്രമുഖ ബാങ്കുകളിലെല്ലാം ഈ രീതിയിൽ കള്ളവോട്ടും അട്ടിമറിയും നടത്തി ഭരണം പിടിച്ച പാരമ്പര്യവുമുണ്ട്.

എന്തായാലും ഞായറാഴ്ച രാവിലെ മാർത്തോമ്മ സ്‌കൂളിൽ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ കള്ളവോട്ട് ആരോപണം ഉയർന്നു. സിപിഎം കള്ളവോട്ടിനായി ആളെ ഇറക്കിയെന്നാരോപിച്ച് യുഡിഎഫ് രംഗത്തു വരുന്നു. പിന്നാലെ അടിപൊട്ടുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു. ഇരുഭാഗത്തും കുറേപ്പേർക്ക് അടി കിട്ടി. ചിലർക്ക് തലയ്ക്കടിയേറ്റു. എന്തായാലും മത്സരിച്ചാണ് കള്ളവോട്ട് നടന്നത്. വിജയം ഉറപ്പിച്ച് സിപിഎം അണികൾ ആഹ്‌ളാദ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഫലം വന്നപ്പോഴാണ് രസം. ഒന്നൊഴികെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. ഭരണവും നിലനിർത്തി. സിപിഎമ്മിൽ നിന്ന് വിജയിച്ച ഏക അംഗമാകട്ടെ മുൻപുള്ള ഭരണ സമിതിയിൽ യുഡിഎഫ് പ്രതിനിധി ആയിരുന്നയാളും.

വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ നിരവധി വാഹനങ്ങളിൽ കള്ള വോട്ട് ചെയ്യിക്കാൻ സിപിഎം ആളകളെ എത്തിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം കള്ളവോട്ടു ചെയ്തിട്ടും യു.ഡി.എഫിന് ജയിക്കാനായി. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം നടന്നുവെന്നും ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പത്തനംതിട്ട റസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നിയന്ത്രിച്ചതെന്നും ഡി.സി.സി നേതൃത്വം ആരോപിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി യു.ഡി.എഫ് ഭരണത്തിലാണ് പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക്.

വിജയികളും ലഭിച്ച വോട്ടും: ആർ. അഖിൽ കുമാർ (1774), അഡ്വ. അനിൽ തോമസ് (1824), അൻസർ മുഹമ്മദ് (1732), എ. ഫറൂക്ക് (1706), അഡ്വ. എ. സുരേഷ് കുമാർ (1775), ആനി സജി (1879), ആൻസി തോമസ് (1771), സജിനി മോഹൻ (1759), സി.കെ അർജുനൻ (2057), ഏബൽ മാത്യു നിക്ഷേപ മണ്ഡലം (1958) എല്ലാവരും യു.ഡി.എഫ്. കെ.ആർ. അജിത്കുമാർ, എൽ.ഡി.എഫ് (1653). 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP