Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയ മഞ്ജു വാര്യരുടെ പാത പിന്തുടരാത്തത് വിനയായി; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം; അഭിനയ അവസരങ്ങൾ ഇനിയില്ലെന്ന് മനസ്സിലാക്കി സംവിധായകയാകാൻ പാർവ്വതി തിരുവോത്ത്; ലോക്ഡൗൺ കഴിഞ്ഞാൽ പുതിയ മിഷൻ

അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയ മഞ്ജു വാര്യരുടെ പാത പിന്തുടരാത്തത് വിനയായി; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം; അഭിനയ അവസരങ്ങൾ ഇനിയില്ലെന്ന് മനസ്സിലാക്കി സംവിധായകയാകാൻ പാർവ്വതി തിരുവോത്ത്; ലോക്ഡൗൺ കഴിഞ്ഞാൽ പുതിയ മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയ്‌ക്കൊം ഉറച്ചു നിന്ന നടിയാണ് പാർവ്വതി തിരുവോത്ത്. സിനിമയിലെ കള്ളമുഖങ്ങളെ പൊളിച്ചു കാട്ടിയ നടി. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വേണ്ടി നിലയുറപ്പിച്ച വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടമുണ്ടാക്കിയ നടി. എന്നാൽ അഭിനയത്തിന് ചെറിയൊരു ഇടവേള നൽകുകയാണ് ഈ നടി.

'സാധാരണ രണ്ടോ മൂന്നോ സിനിമകൾ ചെയ്ത് കഴിഞ്ഞാൽ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാൽ ഈ ലോക്ക്ഡൗൺ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോൾ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ്', പാർവതി പറയുന്നു. സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേർന്ന് മറ്റൊരു പ്രോജക്ടും ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അവർ പറയുന്നു. എന്നാൽ സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും പാർവതി പുറത്തുവിട്ടിട്ടില്ല. എന്നാൽ സിനിമയിലെ കള്ളക്കളികൾ തുറന്നു പറഞ്ഞതോടെ മുഖ്യധാര സിനിമകളിൽ പാർവ്വതിക്ക് സാധ്യത കുറഞ്ഞു. പല പ്രമുഖ നടന്മാരും പാർവ്വതിക്കൊപ്പം അഭിനയിക്കുന്നതിനും തയ്യാറല്ലെന്നാണ് സൂചന.

ഇത് മനസ്സിലാക്കിയാണ് അഭിനയത്തിന് അപ്പുറത്തേക്ക് ഒരു വഴി പാർവ്വതി തിരിഞ്ഞെടുക്കുന്നത്. ക്യാമറയ്ക്ക് പിന്നിൽ നിലയുറപ്പിച്ച് അഭിനയം തുടരുന്നതും ആലോചനയിലുണ്ട്. ബാലചന്ദ്ര മേനോൻ ശൈലിയിൽ പാർവ്വതി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ നായികയും പാർവ്വതിയാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും ലോക്ക്ഡൗൺ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ അതോ തത്കാലത്തേക്ക് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുമോ എന്നതിൽ പാർവതി പ്രതികരിച്ചിട്ടില്ല. ചെയ്യാൻ പോകുന്ന സിനിമകളുടെ തിരക്കഥകൾ ഏകദേശം പൂർത്തിയായെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്.

ബാഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ചാർളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയിൽ നിറയുമ്പോഴാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പർതാരമായി കുതിച്ചുയരുകയായിരുന്ന പാർവ്വതി ഒന്നും ആലോചിക്കാതെ ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവിയായിരുന്നു പാർവ്വതിയുടെ തൊട്ട് മുമ്പിൽ. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാർവ്വതി മാറുമെന്ന് ഏവരും കരുതി. എന്നാൽ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമർശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകർ ആരും പിന്നെ പാർവ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താൻ പാർവ്വതി യാത്ര തുടർന്നു. ഇത് വലിയ നഷ്ടമാണ് പാർവ്വതിക്കുണ്ടാക്കിയത്.

നടിയെ ആക്രമിച്ചപ്പോൾ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാർവ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാൽ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും പിന്നെ പാർവ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികൾ. ഇതിൽ രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങൾ ഇന്ന് വച്ച് പുലർത്തുന്നില്ല. അവസരങ്ങൾ തീരെ കുറഞ്ഞ സമയത്താണ് ഇവർ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാൽ പാർവ്വതി മലയാളത്തിലെ പല വമ്പൻ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചിൽ.

ദിലീപും മഞ്ജുവാര്യരും തമ്മിലെ കുടുംബ പ്രശ്നങ്ങളിൽ നിലപാട് എടുത്തതാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. ഇതാണ് ദിലീപിനെ കേസിലെ മുഖ്യ പ്രതികളിലൊരാളാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ നടിക്കൊപ്പം എന്നും മഞ്ജു ഉറച്ചു നിൽക്കുമെന്ന് ഏവരും കരുതി. എന്നാൽ നിർണ്ണായക ഘട്ടത്തിൽ മഞ്ജു വനിതാ കൂട്ടായ്മയിൽ നിന്ന് അകലം പാലിച്ചു. മലയാളത്തിലെ ലേഡി സൂപ്പർതാര പദവിയിൽ സജീവമായി തുടരുകയും ചെയ്തു. മോഹൻലാലിന്റെ ഒടിയൻ അടക്കമുള്ള ബിഗ് ബജറ്റ് സിനിമകളിൽ നായികയായി. നിരവധി സ്റ്റേജ് ഷോകളിലൂടേയും താരമായി. നടിയെ ആക്രമിച്ച കേസിൽ മൗനം തുടർന്നാണ് മഞ്ജുവിന്റെ മുന്നോട്ട് പോക്ക്. എന്നാൽ കൈനിറയെ അവസരമുള്ളപ്പോഴായിരുന്നു പാർവ്വതി നടിക്കായി രംഗത്ത് വന്നത്. ഇതോടെ നടിക്ക് സമ്മർദ്ദം ഏറി. അപ്പോഴും സ്വന്തംകാലിൽ ഉറച്ചു നിൽക്കുകയായിരുന്നു പാർവ്വതി. ഇതുമൂലം അവസരങ്ങൾ കുറയുകയും ചെയ്തു.

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടിയെയാണ് റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത്. നോട്ട് ബുക്കിൽ അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാർഥ ജീവിതത്തിൽ പാർവതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറയാൻ പാർവതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബർ ആക്രമണത്തിന് പാർവതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവർക്കെതിരെ പരാതികൊടുക്കാൻ തയാറാകുകയാണ് ചെയ്തത്. ഈ അടുത്ത് ഒരു അഭിമുഖത്തിൽ പാർവതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്. അപ്പോഴും പാർവ്വതി നിലപാട് മാറ്റാതെ പൊതു വേദികളിലെത്തി അമ്മയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തിൽ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാർവതിക്ക് തന്നെയാണ്.

മലയാളസിനിമയിൽ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാർവ്വതിക്ക് അവസരങ്ങൾ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാൾ ഒരുപടി മേലെ പാർവതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം നേടിയിരുന്നു. റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. ഈ സാഹചര്യത്തിലാണ് സംവിധാന സാധ്യതകൾ നടി തേടുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP