Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

പ്രാർത്ഥനയും ചികിൽസയുമായി 15 കൊല്ലം കാത്തിരുന്ന് ലഭിച്ച കുഞ്ഞ്; ഡൗൺ സിൻട്രോം ബാധിച്ചിട്ടും പൊന്നു പോലെ കെ എസ് ചിത്ര ഒപ്പം കൊണ്ടു നടന്നു; റഹ്മാൻ ഷോയ്ക്ക് പോയപ്പോൾ ദുബായിലെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു; മരണം വിളിച്ച് ഏഴു വർഷമായിട്ടും മനസ്സിൽ പനീർപുഷ്പം പോലെ കൊണ്ടു നടക്കുന്ന ഏക മകൾ നന്ദനയുടെ പേരു കാൻസർ വാർഡിന് നൽകി കതോലിക്കാ ബാവ; സന്തോഷ സങ്കടം കരഞ്ഞു തീർത്ത് പ്രിയ ഗായിക

പ്രാർത്ഥനയും ചികിൽസയുമായി 15 കൊല്ലം കാത്തിരുന്ന് ലഭിച്ച കുഞ്ഞ്; ഡൗൺ സിൻട്രോം ബാധിച്ചിട്ടും പൊന്നു പോലെ കെ എസ് ചിത്ര ഒപ്പം കൊണ്ടു നടന്നു; റഹ്മാൻ ഷോയ്ക്ക് പോയപ്പോൾ ദുബായിലെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു; മരണം വിളിച്ച് ഏഴു വർഷമായിട്ടും മനസ്സിൽ പനീർപുഷ്പം പോലെ കൊണ്ടു നടക്കുന്ന ഏക മകൾ നന്ദനയുടെ പേരു കാൻസർ വാർഡിന് നൽകി കതോലിക്കാ ബാവ; സന്തോഷ സങ്കടം കരഞ്ഞു തീർത്ത് പ്രിയ ഗായിക

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ സെന്റർ പുതിയ വാർഡുകളിലൊന്നിനു ഇനി നന്ദനയുടെ പേര്. ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ഈ പ്രഖ്യാപനം നടത്തിയത്. മലയാളിയുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ മകളാണ് നന്ദന. ചിത്രയുടെ ഏകമകൾ നന്ദന എട്ടാം വയസ്സിൽ അപകടത്തിലാണ് ഈ ലോകത്തോടു വിട പറഞ്ഞത്. പരുമലയിലെ ആശുപത്രിക്കായി ഏറെ കാര്യങ്ങൾ മലയാളിയുടെ വാനംമ്പാടിയായ ചിത്ര ചെയ്തിരുന്നു. ഇതെല്ലാം ഉൾക്കൊണ്ടാണ് ഓർത്തഡോക്‌സ് സഭ നിർണ്ണായക തീരുമാനം എടുത്തത്.

പതിനഞ്ച് വർഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകൾക്ക് നന്ദനയെന്ന് പേര് നൽകിയത് സത്യസായി ബാബയായിരുന്നു. ഷാർജയിൽ എആർ റഹ്മാൻ അവതരിപ്പിക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്.

കുട്ടിയെ കാണാത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നീന്തൽകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ജബേൽ അലിയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇത് ചിത്രയ്ക്ക് താങ്ങാനാവാത്ത ദുഃഖമായിരുന്നു നൽകിയത്. ഇത് മറികടന്നത് കാൻസർ രോഗ പരിചരണവും മറ്റുമായാണ്. കാൻസർ രോഗികൾക്ക് ആവുന്നതെല്ലാം മലയാളത്തിന്റെ വാനംമ്പാടി ചെയ്തു. തന്റെ അച്ചനും അമ്മയും കാൻസർ ബാധിതരായാണു മരിച്ചതെന്ന ഓർമ്മയും ചിത്രയെ ഇതിന് പ്രേരിപ്പിച്ച ഘടകമാണ്.

പരുമലയിൽ ഇന്റർനാഷനൽ കാൻസർ സെന്റർ 2016ൽ ആണ് ആരംഭിച്ചത്. പദ്ധതിയെക്കുറിച്ചറിഞ്ഞപ്പോൾ ചിത്ര കയ്യിലെ സ്വർണമോതിരം ഊരി നൽകുകയായിരുന്നു. ധനസമാഹരണത്തിനായി ഗാനമേളയും നടത്തി. ആശുപത്രിയെക്കുറിച്ചു ചിത്ര ഫേസ്‌ബുക്കിൽ കുറിച്ചതു ശ്രദ്ധയിൽപ്പെട്ട ബെംഗളൂരുവിലെ ആരാധകരും ആവഡി സ്വദേശി ഗണേശ് ബാബുവും നല്ല സംഭാവനകളും നൽകി. ഈ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായിരുന്നു കാതോലിക്കാ ബാവ ചിത്രയെ കാണാനെത്തിയത്. അപ്പോഴാണ് മകളുടെ പേര് സെന്ററിലെ ഒരു വാർഡിന് നൽകുമെന്ന് പ്രഖ്യാപിച്ചത്. പരിശുദ്ധ ബാവായ്‌ക്കൊപ്പം ഓർത്തഡോക്‌സ് സഭാ മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ.ജിജി മാത്യു വാകത്താനം, ചെറിയാൻ തോമസ് എന്നിവരും ചിത്രയുടെ വീട്ടിലെത്തിയിരുന്നു.

പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ സെന്ററിനെ സഹായിക്കണമെന്നും ചിത്ര ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. സ്‌നേഹ സ്പർശത്തിലൂടെ കാൻസർ രോഗികൾക്ക് സ്വാന്തനമേകാം.ക്രിസ്മസ് ആഘോഷത്തിനായി മാറ്റി വച്ചിരിക്കുന്ന തുകയിൽ നിന്ന് ചെറിയൊരു ഭാഗം നിർധനരായ രോഗികൾക്ക് മാറ്റി വയ്ക്കാം. നിങ്ങളുടെ ഈ വർഷത്തെ ക്രിസ്മസ് സമ്മാനം ഇവരുടെ സന്തോഷമാകട്ടെ. ഫേസ്‌ബുക്ക് പേജിലൂടെയാണ് കെ എസ് ചിത്ര ഇക്കാര്യം പങ്കുവെച്ചത് വൈറലായിരുന്നു. പരിശുദ്ധ കാതോലിക്ക ബാവായുടെ സപ്തതി ആഘോഷ രഹിതമായി കാരുണ്യ പദ്ധതിയിലൂടെ ആവിഷ്‌കരിക്കുന്നതാണ് സ്‌നേഹസ്പർശം കാൻസർ ചികിത്സാ സഹായ പദ്ധതി കൊണ്ടുവന്നത്. ചിത്രയുടെ ആവശ്യത്തോടെ ആരാധകരിൽ നിന്ന് ആശുപത്രിക്ക് സഹായം ഒഴുകിയെത്തി.

പണമില്ലാത്തതുമൂലം ചികിത്സാ നടത്താൻ കഴിയാത്ത രോഗികളുണ്ട് ഈ നാട്ടിൽ. അവർക്കു തീർച്ചയായും സഹായകമാകുന്നതാണ് ഓർത്തഡോക്‌സ് സഭയുടെ ഈ കാരുണ്യ പദ്ധതി. സ്‌നേഹസ്പർശം പദ്ധതി വേദന അനുഭവിക്കുന്ന ഒട്ടേറെ രോഗികൾക്കു പ്രതീക്ഷയുടെ വെളിച്ചം പകരും. പലർക്കും പുതുജീവിതം തന്നെ ലഭിക്കും. കാതോലിക്കാ ബാവാ തിരുമേനി ഇക്കാര്യത്തെപ്പറ്റി എന്നോടു പറഞ്ഞപ്പോൾ ഇതുമായി സഹകരിക്കാനും ഇവിടെ വരാനും എനിക്കു കൂടുതൽ ആലോചിക്കേണ്ടി വന്നില്ലെന്നും ചിത്ര വിശദീകരിച്ചിരുന്നത്. ക്യാൻസറിനോട് പൊരുതുന്ന രോഗികൾക്ക് കൈത്താങ്ങാവാൻ ചിത്ര പല വട്ടം എത്തുകയും ചെയ്തു. കാൻസേർവ് എന്ന സന്നധസംഘടനയാണ് ഗാനമേളയിലും പങ്കെടുത്തു.

നീന്തൽ കുളത്തിൽ വീണത് വാനംമ്പാടിയുടെയുടെ പൊന്നോമന

2011 ഏപ്രിൽ 14ന് ഒരു വിഷുദിനത്തിലാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെട്ടത്. ദുബായിൽ വച്ച് ഒരു നീന്തൽ കുളത്തിൽ വീണു മരിക്കുമ്പോൾ ഒമ്പതു വയസായിരുന്നു നന്ദനയ്ക്ക്. മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ചിത്ര ഏറെ നാളെടുത്തു. ഇനി പാടാനില്ലെന്നു വരെ ചിത്ര പറഞ്ഞു. പിന്നീട് പതിയെ ജീവിതത്തിലേക്ക്, സംഗീത ലോകത്തേക്ക് ചിത്ര തിരിച്ചെത്തി. മകളുടെ ഓർമ്മകൾ നൽകുന്ന ഊർജമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ചിത്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മകളേ...നീ സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ സന്തോഷവതിയായിരിക്കൂ.... പൊന്നുമോളുടെ പിറന്നാൾ ദിനത്തിൽ ഇന്നും ചിത്ര മകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. അനുഭവം ഓർമ യാത്രയെന്ന പുസ്തകത്തിലും മകളുടെ വേർപാടിന്റെ ദുഃഖത്തെ കുറിച്ച് എഴുതി. ഈ ഓർമകളാണ് അശരണരുടെ കണ്ണീരൊപ്പുമ്പോൾ ചിത്രയ്ക്ക് കരുത്താകുന്നത്. മകളുടെ ഓർമ്മയിൽ സ്‌നേഹ നന്ദന ട്രസ്റ്റും ഉണ്ടാക്കി. ഇത് വഴിയും നിരാലംബർക്ക് താങ്ങും തണലുമാകുന്നുണ്ട് പ്രിയ ഗായിക.

പതിനജോളം വർഷയ്ത്ത്‌ത്തേ കാത്തിരിപ്പിനും തപസിനും ശേഷം ചിത്രക്ക് അംബാടി കണ്ണൻ നൽകിയ കൈനീട്ടമായിരുന്നു നന്ദന. ഗുരുവായുരപ്പന്റേ ജീവനുള്ള സമ്മാനമയണു മലയളത്തിന്റേ വാനംബാടി തന്റേ കൊച്ചു നന്ദനയെ കണ്ടതും കൊണ്ടുനടന്നതും. ദുബായിലേ സ്വിമ്മിങ് പൂളിൽ ചിത്രയുടെ ഓമനയുടെ ജീവൻ പൊലിഞതു മലയളീകളുടേ മുഴുവൻ വേദനയായി. ഡൗൺ സിൻട്രോം എന്ന രോഗം കുട്ടിക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഏറെ കരുതലുകളെടുത്താണ് ചിത്ര മകളെ നോക്കിയത്.

അനുഭവം ഓർമ യാത്രയെന്ന പുസ്തകത്തിൽ ചിത്ര കുറിച്ചത് ഇങ്ങനെ

ഒരമ്മയുടെ അനിർവചനീയമായ ഭാവങ്ങൾ എന്നിൽ പിറക്കുന്നത് എന്റെ മകൾ നന്ദനയുടെ വരവോടെയാണ്. അമ്മയുണ്ടാവുമ്പോഴുണ്ടാകുന്ന പറഞ്ഞാൽ തീരാത്ത, മതിവരാത്ത സന്തോഷം നന്ദനയിലൂടെ ഞാൻ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. സ്ത്രീത്വത്തിന്റെ പരിപൂർണതയുടെ ആ സൗഭാഗ്യം, ഐശ്വര്യത്തിന്റെ ഒരു നിലാപ്പന്തൽ തന്നെയായിരുന്നു ഞങ്ങൾക്ക്. പതിമൂന്ന് വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളുടെ ജീവിതത്തിന്റെ മരുഭൂമിയിൽ തളിർത്ത മരുപ്പച്ച!

നന്ദന പിറക്കും മുമ്പ് താരാട്ടുപാട്ടുകൾ പാടേണ്ടിവരുമ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു. എന്നാൽ , ആ വേദനയിൽ നിന്നും നൂറുപൂക്കൾ ഒരുമിച്ച് പിറവിയെടുത്ത് സുഗന്ധം പരത്തുന്നതുപോലെയായിരുന്നു നന്ദന. പിന്നെപ്പിന്നെ, എന്റെ താരാട്ടുപാട്ടുകൾ നന്ദനയ്ക്കും കൂടിയുള്ളതായി. എന്റെ പാട്ടുകേട്ടുറങ്ങിയിരുന്ന നന്ദനയ്ക്ക് ഉണർത്തുപാട്ടാവാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന സങ്കടം ഞാനിനി ആരോടാണ് പറയുക? എങ്ങനെയാണ് ആ വേദനയിൽ നിന്നും ഞാൻ മുക്തിനേടുക?

എട്ടു വർഷക്കാലം ഞങ്ങളുടെ ജീവന്റെ തന്ത്രികളിൽ ശ്രുതിമീട്ടിയിരുന്ന നന്ദനയാണ് പൊയ്‌പ്പോയിരിക്കുന്നത്. എന്നെയും വിജയൻ ചേട്ടനെയും തനിച്ചാക്കി അവൾ എവിടേയ്ക്കോ പോയ്മറഞ്ഞിരിക്കുന്നു. ഓരോ വിഷുക്കാലവും നൊമ്പരപ്പെടുത്തുന്ന ഓർമകൾ മാത്രമാക്കി നന്ദന മറയുമ്പോൾ എന്റെ മനസ് ശൂന്യമാവുകയാണ്.

സാധാരണയായി, മക്കളെ തനിച്ചാക്കി യാത്രയാവുന്നത് അച്ഛനോ അമ്മയോ ആണ്. എന്നാൽ, ഒരിക്കൽപ്പോലും അവളെ തനിച്ചാക്കാൻ ആഗ്രഹിക്കാതിരുന്ന ഞങ്ങളെ നന്ദന തോൽപ്പിക്കുകയായിരുന്നില്ലേ? അല്ലെങ്കിൽപ്പിന്നെ, ചെന്നൈയിൽ നിന്നും അകന്ന് ദുബായി സുഹൃത്തിന്റെ വില്ലയിലെ സ്വിമ്മിങ് പൂളിലേക്ക് ഞങ്ങളുടെയെല്ലാം ശ്രദ്ധയിൽനിന്നും മാറി നന്ദന നടന്നടുക്കുമായിരുന്നോ? ഓർത്തുനോക്കുമ്പോൾ, ഇപ്പോഴും ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല. വലിയ വാതിലുകൾ തനിയെ തുറന്ന് സ്വിമ്മിങ് പൂളിലേക്ക് പോകാൻ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എനിക്ക് ആലോചിക്കാനാവുന്നില്ല. സ്വിമ്മിങ് പൂളിന്റെ വലിയ ഗേറ്റ് നന്ദന എങ്ങനെ തുറന്നു എന്ന ചോദ്യം ഇപ്പോഴും മനസിൽ ബാക്കിനിൽക്കുന്നു.

നന്ദനയ്ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്ടമായിരുന്നു. 2011 ഏപ്രിൽ 14നും എന്നെ നിർബന്ധിച്ച് മഞ്ചാടി വച്ച് കണ്ടു കൊണ്ടിരുന്ന നന്ദന, താടിക്കു കൈയും കൊടുത്ത് കമിഴ്ന്നു കിടന്ന് മഞ്ചാടി ആസ്വദിക്കുന്നത് കണ്ടാണ് ഞാൻ കുളിക്കാൻ പോയത്. ആ സമയത്തെപ്പോഴോ അവൾ സ്വിമ്മിങ്പൂളിനെക്കുറിച്ച് ചിന്തിച്ചുപോയത് ഏത് ശക്തിയുടെ പ്രേരണ കൊണ്ടാവും? രണ്ട് ദിവസം മുമ്പും അതേ സ്വിമ്മിങ്പൂളിൽ ഞങ്ങൾ മകളെ ആവോളം കുളിപ്പിച്ചിരുന്നതാണല്ലോ. എപ്പോഴും കൈയിൽ സൂക്ഷിച്ചിരുന്ന മഞ്ഞപ്പാവ കൈയിൽ നിന്നും ഒഴിവാക്കിയതും കാലിലെ ചെരുപ്പ് ഒഴിവാക്കിയതും ഏതോ ശക്തിയുടെ പ്രേരണയാൽ എന്ന് തന്നെ വിശ്വസിക്കാനേ എനിക്ക് കഴിയുന്നുള്ളൂ. വിഷുസംക്രാന്തി ദിനത്തിലെ ഉത്തരായനത്തിൽ എന്റെ മകൾ ജലസമാധിയിലേക്ക് പോകുമ്പോൾ ഏറ്റവും ശുഭമുഹൂർത്തത്തിലെ മരണം അവൾക്ക് ലഭിച്ചുവെന്ന് ആശ്വസിക്കാൻ മാത്രമേ ഞങ്ങൾക്കാവുന്നുള്ളൂ. ഭാഗവതത്തിൽ പറയുന്ന ഏറ്റവും ശുഭകരമായ മരണമുഹൂർത്തത്തിലായിരുന്നല്ലോ അവൾ ഞങ്ങളെ വിട്ടുപോയത്. അത്രത്തോളം നിഷ്‌കളങ്കമായ മനസ്സുള്ള നന്ദന, സ്വർഗത്തിലിരുന്ന് ഞങ്ങളും വിഷമങ്ങൾ കാണുന്നുണ്ടാവും, അല്ലേ?

ഓർത്തുനോക്കുമ്പോൾ മരണം വല്ലാത്തൊരു യാഥാർത്ഥ്യമാണ്. ഭീഷണമായ യാഥാർത്ഥ്യം! ജീവിതത്തിൽ നിന്നും വേറിട്ടുള്ളൊരു സത്യമായി മരണമല്ലാതെ മറ്റൊന്ന് ചൂണ്ടിക്കാട്ടുവാൻ എളുപ്പമല്ലെങ്കിലും അത് നൽകുന്ന വേദന മാറ്റുവാൻ എന്തിനാണ് സാധിക്കുക? പുനർജന്മം സത്യമായിരുന്നെങ്കിൽ, ഇനിയൊരു ജന്മം കൂടി നന്ദനയുടെ അമ്മയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെങ്കിൽ ...

(അനുഭവം, ഓർമ, യാത്ര : കെ.എസ്.ചിത്ര എന്ന പുസ്തകത്തിൽ നിന്ന്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP