Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്തു വന്ന സിപിഐ ദേശീയ സെക്രട്ടറി ഡി. രാജക്ക് പരാതി നൽകാനെത്തിയ മുൻ മണ്ഡലം സിപിഐ സെക്രട്ടറിക്ക് പാർട്ടി റെഡ് വളണ്ടിയർമാരുടെ ക്രൂരമർദനം; മർദിച്ച അവശനാക്കിയ പാർത്ഥസാരഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മർദനം ആദിവാസികളുടെ ഫണ്ട് തട്ടിയ നേതാവിനെതിരെ പരാതി നൽകാൻ നേരിട്ടെത്തിയതിന്

ജംഷാദ് മലപ്പുറം

മലപ്പുറം:  സിപിഐ ദേശീയ സെക്രട്ടറി ഡി. രാജക്ക് പരാതി നൽകാനെത്തിയ മുൻ മണ്ഡലം സിപിഐ സെക്രട്ടറിക്ക് പാർട്ടി റെഡ് വളണ്ടിയർമാരുടെ മർദനം. പരുക്കേറ്റ പാർത്ഥസാരഥി ആശുപത്രിയിൽ. മലപ്പുറത്തുവന്ന രാജയെ കാണാൻവന്നത് ആദിവാസികളുടെ ഫണ്ട് തട്ടിയ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട്. പരുക്കേറ്റ നിലമ്പൂർ മുന്മണ്ഡലം സെക്രട്ടറി ആർ. പാർത്ഥസാരഥിയെ മലപ്പുറം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അട്ടപ്പാടിയിലെ ആദിവാസികളുടെ ഫണ്ട് തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടും പാർട്ടി നടപടി എടുക്കാത്തതിനെതിരെയാണ് മലപ്പുറത്തെത്തിയ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജക്ക് ആർ. പാർത്ഥസാരഥി പരാതി നൽകാനെത്തിയത്. കെ. ദാമോദരൻ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ വന്ന ഡി. രാജയെ പരാതി ബോധിപ്പിക്കാൻ വന്നപ്പോൾ റെഡ് വളണ്ടിയർ എന്ന പേരിൽസംഘം മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.

ഭാരതീയദർശനങ്ങളെ വർഗ്ഗീയമായി വളച്ചൊടിച്ച് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള പോരട്ടത്തിന്റെ ആഹ്വാനവുമായാണ് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതദർശനം ദേശീയ സെമിനാർ നടത്തുന്നത്. ഈചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ഡി. രാജ എത്തിയത്. മാർക്‌സിയൻ മാനവികതയെ ഭാരതീയ സംസാകാരത്തിന്റെ ഭൂമികയിൽ വികസിപ്പിച്ച ചിന്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ ദാമോദരന്റെ സ്മരണാർത്ഥമാണ് സിപിഐ സ്ഥാപക ദിനത്തിൽ സെമിനാർ ആരംഭിച്ചത്. രാഷ്ട്രീയം, സാഹിത്യം, സാംസ്‌കാരികം, കല തുടങ്ങിയ വിവിധ മേഖലകളിലെ ഒട്ടറെ പ്രമുഖർ പങ്കെടുത്തു.

രാവിലെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വർത്തമാന ഭാരതം വെല്ലുവിളികളെന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സെമിനാറിന് തുടക്കം കുറിച്ചു. വേദനിക്കുന്ന കാശ്മീരിന്റെ ചിത്രം വരച്ചുകാട്ടി സിപിഐ ജമ്മുകാശ്മീർ സെക്രട്ടറി മിസ്‌റാബ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീരികൾ വഞ്ചിക്കപ്പെട്ട ജനതയാണെന്നും ലോകത്തിന്റെ മറ്റിടങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ ഇന്ന് കാശ്മീർ ജനതക്ക് അന്യമാണെന്നും വൈകാരികമായി മിസ്‌റാബ് പറഞ്ഞപ്പോൾ പുറം ലോകം അറിയാത്ത മറ്റൊരു കാശ്മീരാണ് ഇന്നിന്റെ യാഥാത്ഥ്യമെന്ന് സദസ്സിനും വേദിക്കും വ്യക്തമായി.

മൂന്ന് മാസത്തിനകം 50,000 തൊഴിലുകൾ വാഗ്ദാദം ചെയ്ത കേന്ദ്ര സർക്കാർ നാല് മാസത്തിന് ശേഷം കാശ്മീരികളുടെ ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കി. 90ശതമാനം കാശ്മീരികളെയും മോദി ഇന്ത്യാ വിരുദ്ധരാക്കി. ഇന്ത്യക്കൊപ്പം നില്ക്കുന്ന നേതാക്കളെ ഇന്ന് കാശ്മീരികൾ അംഗീകരിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മൻ കീ ബാത്ത് നടത്തുന്ന പ്രധാമന്ത്രി കാശ്മീർ ജനതയുടെ മനസ്സ് കാണാൻ തയ്യാറാകണമെന്നും രാജ്യത്തെ മുസ്ലീങ്ങൾ ജമാഅത്തെ ഇസ്ലാമി പോലുള്ള വർഗീയ ഫാസിസ്റ്റ്കൾക്ക് പിന്നാലെ പോകാതെ ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും മിസ്‌റാബ് ആവിശ്യപ്പെട്ടു. ദാമോദരന്റെ ദർശനം, ചിന്ത, സാഹിത്യം, രാഷ്ട്രീയം എന്ന വിഷയത്തിൽ സി രാധാകൃഷ്ണൻ, അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി. എം എം സചീന്ദ്രൻ അധ്യക്ഷനായിരുന്നു. പി പി ലെനിൻ ദാസ് സ്വാഗതവും എം എ റസാഖ് നന്ദിയും പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കാൻ ഒരു നിയമം കൊണ്ടും കഴിയല്ലെന്നും നമ്മുടെ പാരമ്പര്യത്തെ കുറിച്ച് അറിയാത്തവരാണ് വിഘടന ചിന്തകൾക്ക് പിന്നിലെന്നും ന്യൂനപക്ഷവും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഡോ. പി കെ ഫസൽ ഗഫൂർ, എ പി അബ്ദുൾ വഹാബ് എന്നിവർ സംസാരിച്ചു. പി പ്രസാദ് അധ്യക്ഷതവഹിച്ച സെഷനിൽ തുളിസി ദാസ് മേനോൻ സ്വാഗതവും അഡ്വ. കെ കെ സമദ് നന്ദിയും പറഞ്ഞു.

ഏകതയുടെ ചിന്താ ധാര ബുദ്ധൻ, ഗാന്ധി, അംബേദ്കർ- മാർക്‌സിയൻ വീക്ഷണം എന്ന സെഷനിൽ ഡോ. കെ ജി പൗലോസ്, ആലങ്കോട് ലീലാകൃഷണൻ, ഇ എം സതീശൻ എന്നിവർ സംസാരിച്ചു. എ പി അഹമ്മദ് അധ്യക്ഷനായി. കെ പ്രഭാകരൻ സ്വാഗതവും സമീറ ഇളയോടത്ത് നന്ദിയും പറഞ്ഞു. ഇ ജയകൃഷ്ണൻ അവതരിപ്പിച്ച ദേശ് രാഗ് ഗാന വിരുന്നോടെയാണ് ഭാരത ദർശനത്തിന്റെ ഒന്നാം ദിന പരിപാടികൾക്ക് തിരശീല വീണത്. കെ ദാമോദരന്റെ കുടുംബത്തിന്റെ സാന്നിധ്യം കൊണ്ടും ജില്ലയിലെ ആദ്യക്കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പിന്തുണകൊണ്ടും സമ്പന്നമായ സെമിനാർ വൈജ്ഞാനിക ദാർശനിക തലങ്ങളിൽ വിരുന്നോരുക്കിയ അപൂർവ്വ വേദിയായി. ഇന്ന് രാവിലെ 9.30ന് അതീജിവനപാത എന്ന സെഷനിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ചരിത്ര പഠന വിഭാഗം മുൻ അധ്യക്ഷ ഡോ.മൃദുല മുഖർജി, ഡോ. കെ രവിരാമൻ, അഡ്വ. കെ പ്രകാശ് ബാബു എന്നിവർ സംബന്ധിക്കും.

മാധ്യമ പ്രതിസന്ധി സെഷനിൽ കാശ്മീർ ടൈംസ് ചീഫ് എഡിറ്റർ അനുരാധ ബാക്ഷിൻ, ഏഷ്യാനെറ്റ് എഡിറ്റർ ഇൻചാർജ്ജ് എം ജി രാധാകൃഷ്ണൻ, ദി ട്രിബ്യുണൽ എഡിറ്റർ സന്ദീപ് ദീക്ഷിത്, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് എന്നിവർ പങ്കെടുക്കും. സമാപന സെഷനായ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി എന്ന വിഷയത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പർ എം എം ബേബി, സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ ബിനോയ് വിശ്വം എം പി, പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ എന്നിവർ സംസാരിക്കും.

4.30ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആസ്ഥാന മന്ദിരത്തിന് കെ ദാമോദരൻ എന്ന് നാമകരണം ചെയ്യും. പന്ന്യൻ രവീന്ദ്രൻ, കെ ദാമോദരന്റെ ഫോട്ടോ അനാഛാദനം ചെയ്യും. തുടർന്ന് 95-ാം വാർഷികത്തോട് അനുബന്ധിച്ച് പൊതുസമ്മേളനത്തിൽ കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പി രാജേന്ദ്രൻ, ടി വി ബാലൻ, കെ വത്സരാജ്, കെ പി സുരേഷ് രാജ് എന്നിവർ സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP