Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി വ്യവസായി സാജനെ കൊലയ്ക്ക് കൊടുത്തത് എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഈഗോ; ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിൽ സാജൻ പി ജയരാജനോട് പരാതിപ്പെട്ടതോടെ അനിഷ്ടം വളർന്നു; ചെയർപേഴ്‌സണായ ഭാര്യയെ ഉപയോഗിച്ച് പകപോക്കി; താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി നൽകില്ലെന്ന് തുറന്നടിച്ചത് പി കെ ശ്യാമള; സഖാവായിട്ടും പാർട്ടിഗ്രാമത്തിൽ രക്ഷയില്ലെന്ന് ബോധ്യമായതോടെ ജീവനൊടുക്കി; അണികൾക്കിടയിലും രോഷം അണപൊട്ടിയതോടെ ഉദ്യോഗസ്ഥരെ പഴിച്ച് തടിയൂരാൻ നഗരസഭയുടെ ശ്രമം

പ്രവാസി വ്യവസായി സാജനെ കൊലയ്ക്ക് കൊടുത്തത് എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഈഗോ; ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിൽ സാജൻ പി ജയരാജനോട് പരാതിപ്പെട്ടതോടെ അനിഷ്ടം വളർന്നു; ചെയർപേഴ്‌സണായ ഭാര്യയെ ഉപയോഗിച്ച് പകപോക്കി; താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി നൽകില്ലെന്ന് തുറന്നടിച്ചത് പി കെ ശ്യാമള; സഖാവായിട്ടും പാർട്ടിഗ്രാമത്തിൽ രക്ഷയില്ലെന്ന് ബോധ്യമായതോടെ ജീവനൊടുക്കി; അണികൾക്കിടയിലും രോഷം അണപൊട്ടിയതോടെ ഉദ്യോഗസ്ഥരെ പഴിച്ച് തടിയൂരാൻ നഗരസഭയുടെ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നൈജീരിയയിൽ എല്ലു വെള്ളമാക്കി അധ്വാനിച്ചാണ് 15 കോടിയോളം രൂപ പ്രവാസി വ്യവസായിയായ സാജൻ സമ്പാദിച്ചത്. പ്രവാസം മതിയാക്കുന്നതിനൊപ്പം നാട്ടിൽ ഒരു നിക്ഷേപം എന്ന നിലയിലാണ് സിപിഎമ്മിന്റെ പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരു കൺവെൻഷൻ സെന്റർ പണിയാൻ സാജൻ തീരുമാനിച്ചത്. നിരവധി പേർക്ക് തൊഴിൽ നൽക്കുന്ന സംരംഭകൻ ആയിട്ടും സിപിഎമ്മിനുള്ള ശീതസമരങ്ങളും മൂപ്പിളമ തർക്കങ്ങളുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എന്ന ആക്ഷേപം ശക്തമാണ്. സാജന്റെ ആത്മഹത്യ നടന്നിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി കോട്ടയിലാണ്. അതുകൊണ്ട് ഈ രക്തം പുരണ്ടിരിക്കുന്നത് പ്രമുഖ സിപിഎം നേതാക്കളിലുമാണ്.

സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അതിന് അപ്പുറത്തേക്ക് സിപിഎമ്മിന് ഉള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കി. ഓഡിറ്റോറിയത്തിന് അനുമതി നൽകില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭർത്താവ് മാനസിക വിഷമത്തിലായിരുന്നുവെന്ന് മരിച്ച സാജന്റെ ഭാര്യ ബീന തന്നെ പറഞ്ഞു വെക്കുന്നു.

നിരവധി തവണ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ കടുത്ത മാനസിക വിഷമത്തിലായി സാജൻ. എന്തെങ്കിലും ഒരു പരിഹാരം എന്ന നിലയിൽ കണ്ണൂരിലെ പ്രമുഖനായ നേതാവ് പി ജയരാജനെ സാജൻ സമീപിക്കുകയും ചെയ്തു. എന്നാൽ, സാജന്റെ ഈ നീക്കം ഇഷ്ടപ്പെടാത്തവരും സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. അവരുടെ തുടർന്നുള്ള നീക്കങ്ങളാണ് ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കിയത്. സിപിഎം ഒഴികെയുള്ള മറ്റൊരു പാർട്ടിക്കും പ്രവർത്തന സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ നഗരസഭയുടെ അധ്യക്ഷയായ പി കെ ശ്യാമള ആകട്ടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും. ഭാര്യയെ ചെയർപേഴ്‌സൺ സ്ഥാനത്തിരുത്തി എം വി ഗോവിന്ദൻ ഭരണത്തിൽ പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ് എന്ന ആക്ഷേപം അടുത്തകാലത്തായി പാർട്ടിക്കാർക്കിടയിലും ശക്തമായിരുന്നു.

അതുകൊണ്ട് തന്നെ 15 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന്റെ അനുമതി വിഷയത്തിൽ എം വി ഗോവിന്ദന്റെ ഇടപെടൽ ഉണ്ടെന്നും ആക്ഷേപമുണ്ട്. കണ്ണൂർ രാഷ്ട്രീയത്തിൽ ഗോവിന്ദന്റെ ശക്തികേന്ദ്രമായ ഏക പ്രദേശമാണ് ആന്തൂർ. ജില്ലയിൽ അത്രയ്ക്ക് ജനകീയൻ അല്ലാത്ത ഗോവിന്ദൻ അടക്കമുള്ള ചേരിയാണ്. ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ സംഘടനാ ചട്ടങ്ങളിൽ വ്യതിയാനം ആരോപിച്ച് പരസ്യമായി ശാസിക്കുന്നത് അടക്കമുള്ള കാര്യത്തിൽ മുൻകൈ എടുത്തതിന് പിന്നിൽ. എം ഗോവിന്ദൻ നിയന്ത്രിക്കുന്ന ആന്തൂർ നഗരസഭയിൽ നിന്നും കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കില്ലെന്ന ഘട്ടത്തിലായിരുന്നു സാജൻ പ്രശ്‌നം ജയരാജന്റെ മുന്നിൽ എത്തിച്ചത്. അദ്ദേഹം വിഷയത്തിൽ ഇടപെടാം എന്നും വാക്കു നൽകിയതായും സഹായിക്കുകയും ചെയ്തതായി വ്യവസായിയുടെ ഭാര്യ ബീനയും പറയുന്നുണ്ട്. എന്നാൽ, പി ജയരാജനെ കണ്ട് അനുമതി തേടാനുള്ള ശ്രമം ഗോവിന്ദന് അനിഷ്ടമുണ്ടാക്കി എന്നാണ് സാജന്റെ ബന്ധുക്കൾ തന്നെ സൂചിപ്പിക്കുന്നത്. ഇതോടെ ജയരാജനോടുള്ള അനിഷ്ടം മൂലം കൺവെൻഷൻ സെന്ററിന് അനുമതി നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ആക്ഷേപം.

താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള സാജനോട് പറഞ്ഞതായി ബീന തന്നെ വെളിപ്പെടുത്തുന്നുണ്ട്. നഗസഭാ അധ്യക്ഷയുടെ ഈ ഇടപെടലിന് പിന്നിൽ സിപിഎമ്മിന്റെ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് സാജന്റെ കുടുംബം വിരൽചൂണ്ടുന്നത്. കൺവെൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. കൂടെനിന്ന പാർട്ടിക്കാർത്തന്നെ സാജനെ ചതിക്കുകയായിരുന്നെന്നും ബീനയും പിതാവ് പുരുഷോത്തമനും ആരോപിച്ചു. പൂർണമായും സിപിഎം അംഗങ്ങൾ മാത്രമാണ് ആന്തൂർ നഗരസഭയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ പോലും ഇവിടെ സാധിച്ചിരുന്നില്ല. അത്രയ്ക്ക് മൃഗീയമാണ് ഈ പാർട്ടിഗ്രാമത്തിലെ കാര്യം. ഓരോ കുടുംബത്തിലും പാർട്ടിക്ക് വേരുകൾ ഉള്ള സ്ഥലം. സാജനും സഖാവായിരുന്നു. ഒപ്പം നിൽക്കുമെന്ന് കരുതിയ സഖാക്കൾ പോലും പിന്നിൽ നിന്ന് കുത്തിയപ്പോൾ ഇനി രക്ഷപെടാൻ മറ്റു വഴികൾ ഇല്ലെന്ന് ബോധ്യമായതോടെയാണ് സാജൻ ജീവനൊടുക്കിയത്.

നഗരസഭ ചെയർപേഴ്‌സൺ പി.കെ.ശ്യാമള ഭീഷണിപ്പെടുത്തിയതായി മാനേജർ കെ.സജീവും വ്യക്തമാക്കിയതോട് ആരോപണത്തിൽ നിന്നും എഴുപ്പ കൈകഴുകാൻ സാധിക്കില്ല എം വി ഗോവിന്ദന്റെ ഭാര്യയ്ക്ക്. കുറച്ചു ദിവസമായി ചേട്ടൻ ഭയങ്കര ടെൻഷനിലായിരുന്നു. ഓഡിറ്റോറിയത്തിന്റെ കടലാസ്സുകളുമായി പിന്നാലെ നടക്കുകയായിരുന്നു. ചേട്ടനെ കളിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടാവണം. തരില്ലാന്ന് ഉറപ്പു തോന്നിയിട്ടുണ്ടാവണം. പാർട്ടിക്ക് വേണ്ടി ജീവിക്കുന്നയാളായിരുന്നു ഭർത്താവ്. ഇതുമായി ബന്ധപ്പെട്ട് പി ജയരാജന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര് സഹായിച്ചിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ബീന പറഞ്ഞു.

പരാതിയുമായി ചെന്നപ്പോൾ ചെയർപേഴ്സൺ പി കെ ശ്യാമള മാനസികമായി തളർത്തുകയാണ് ചെയ്തത്. കോടികൾ മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്റർ ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നൽ സാജനെ മാനസികമായി തളർത്തി. നിർമ്മാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്നു നഗരസഭ നോട്ടിസ് നൽകി. സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണ് ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവയ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അതേസമയം അനുമതി നിഷേധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള താമസമാണ് ഉണ്ടായതെന്നും നഗരസഭ വിശദീകരിച്ചു.

അതേസമയ പ്രവാസി സംരംഭകന്റെ ആത്മഹത്യ പാർട്ടി ഗ്രാമത്തിനുള്ളിലും പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അണികൾക്കുള്ളിൽ നേതാക്കളോടും കടുത്ത അമർഷം രൂപം കൊണ്ടിട്ടുണ്ട്. ഇത് സിപിഎമ്മിനുള്ളിലെ വിഭാഗീയതയായി മാറുമെന്നാണ് അറിയുന്നത്. അതേസമയം പാർട്ടിക്ക് മേൽ ആരോപണം ശക്തമായതോടെ എങ്ങനെയും തങ്ങളുടെ പ്രശ്‌നമല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമിത്തിലാണ് നഗസഭാ അധ്യക്ഷ പി കെ ശ്യാമളയും കൂട്ടരും. മെയ് അവസാനമാണ് പാറയിൽ സാജന്റെ കെട്ടിടവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടറിക്ക് മുന്നിൽ വന്നതെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യയെന്നമാണ് എം വി ഗോവിന്ദന്റെ ഭാര്യ പറയുന്നത്. ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാനാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം.

നേരത്തെ തളിപ്പറമ്പ് നഗരസഭയിൽനിന്നാണ് കെട്ടിടനിർമ്മാണത്തിനുള്ള പ്ലാൻ പാസാക്കിയത്. പിന്നീട് ആന്തൂർ നഗരസഭ നിലവിൽവന്നതിന് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ഇതിനിടെ അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് പരാതി ലഭിച്ചിരുന്നു. പാറയിൽ സാജന് ഇക്കാര്യത്തിൽ നോട്ടീസ് അയക്കുകയും പണിനിർത്തിവെയ്ക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമാണ് നിർമ്മാണം പുനരാരംഭിച്ചത്- പി.കെ. ശ്യാമള വ്യക്തമാക്കി.

ഏപ്രിൽ 12-നാണ് പാറയിൽ സാജൻ കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. അപേക്ഷയിലെ ന്യൂനതകൾ കണ്ടെത്തുകയും അത് പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പാർഥാസ് കൺവെൻഷൻ സെന്ററിൽ ഏപ്രിൽ 20-നും മെയ് 20-നും വിവാഹങ്ങൾ നടന്നിരുന്നു. താൻ ഉൾപ്പെടെ ഒരു വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിലും വിവാഹം നടക്കാനുണ്ട്. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. നഗരസഭ ഭരണസമിതിക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും നഗരസഭാധ്യക്ഷ വിശദീകരിച്ചു.

കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഭരണസമിതിക്ക് യാതൊരു പങ്കില്ലെന്നും ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥതലത്തിലെ നടപടികളാണെന്നും പി.കെ. ശ്യാമള പറയുന്നു. ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയിൽ സാജൻ(48) ചൊവ്വാഴ്ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. 15 വർഷമായി നൈജീരിയയിൽ ബിസിനസ് നടത്തിവരികയായിരുന്നു. 15 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച കൺവെൻഷൻ സെന്റർ പൂർത്തിയായ ശേഷം പ്രവർത്തനാനുമതിക്കായി നഗരസഭയിൽ കയറി ഇറങ്ങി മടുത്ത് ഒടിവിലായിരുന്നു ആത്മഹത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP