Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

പാർക്കിങിന് സൗകര്യമൊരുക്കാൻ ഈടാക്കുന്നത് ആയിരം മുതൽ പതിനായിരം വരെ: മറുനാടൻ വാർത്തയ്ക്ക് പിന്നാലെ പമ്പയിലെ വനംവകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വിജിലൻസ് റെയ്ഡ്; പരിസരത്ത് പാർക്ക് ചെയ്തിരുന്നത് അമ്പതോളം വാഹനങ്ങൾ

പാർക്കിങിന് സൗകര്യമൊരുക്കാൻ ഈടാക്കുന്നത് ആയിരം മുതൽ പതിനായിരം വരെ: മറുനാടൻ വാർത്തയ്ക്ക് പിന്നാലെ പമ്പയിലെ വനംവകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വിജിലൻസ് റെയ്ഡ്; പരിസരത്ത് പാർക്ക് ചെയ്തിരുന്നത് അമ്പതോളം വാഹനങ്ങൾ

ശ്രീലാൽ വാസുദേവൻ

പമ്പ: ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്ത് പണം വാങ്ങി പാർക്കിങിന് സൗകര്യമൊരുക്കുന്നുവെന്ന മറുനാടൻ വാർത്തയ്ക്ക് പിന്നാലെ വിജിലൻസ് റെയ്ഡ്. വിജിലൻസ് സംഘമെത്തുമ്പോൾ ബംഗ്ലാവിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്നത് അമ്പതോളം തീർത്ഥാടക വാഹനങ്ങളാണ്. വാച്ചറുടെ കൈയിൽ നിന്ന് കണക്കിൽപ്പെടാത്ത രണ്ടായിരം രൂപയും കണ്ടെടുത്തു. പത്തനംതിട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്‌പി ഹരിവിദ്യാധരന്റെ നിർദേശ പ്രകാരം ഇൻസ്പെക്ടർമാരായ രാജീവ്, പി. അനിൽകുമാർ, കെ. അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്. ഇപ്പോൾ കന്നിമാസ പൂജയ്ക്കായി ക്ഷേത്രനട തുറന്നിരിക്കുകയാണ്. മാസപൂജയ്ക്കും മണ്ഡല-മകരവിളക്ക് കാലത്തും പണം വാങ്ങി ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്ത് പാർക്കിങ് നൽകുന്നുവെന്ന വാർത്ത ഓഗസ്റ്റ് 19 ന് മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു.

പൊലീസ് രഹസ്യാന്വേഷണ വിഭാഗം പല തവണ റിപ്പോർട്ട് നൽകിയിരുന്നു. ഡി.എഫ്.ഒ ഓഫീസിൽ നിന്ന് വിളിച്ചു പറയുന്നത് അനുസരിച്ചാണ് ഇവിടെ പാർക്കിങ് കൊടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബംഗ്ലാവിന്റെ പരിസരത്ത് അനധികൃത പാർക്കിങിന് ആയിരം മുതൽ പതിനായിരം വരെ രൂപയാണ് ഈടാക്കുന്നത്. മുഖ്യമായും ഇതര സംസ്ഥാന തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള പകൽക്കൊള്ള സംബന്ധിച്ച് പൊലീസ് ഇന്റലിജൻസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയുള്ള തട്ടിപ്പ് തുടർന്നു.

മണ്ഡല-മകര വിളക്ക് തീർത്ഥാടനകാലത്താണ് ഇവിടെ ചാകര. മാസപൂജ, ഓണം, വിഷു, ഉത്സവ സമയങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവിൽ ശബരിമലയുടെ ഹബ് എന്ന് പറയുന്നത് നിലയ്ക്കലാണ്. എല്ലാ വാഹനങ്ങളും ഇവിടെ എത്തി തീർത്ഥാടകരെ ഇറക്കി പാർക്ക് ചെയ്യണം. ഇവിടെ നിന്ന് കെഎസ്ആർടിസി ബസ് മുഖേനെ വേണം പമ്പയിലേക്ക് തീർത്ഥാടകരെ കടത്തി വിടാൻ. വിഐപികൾ, സർക്കാർ വകുപ്പുകൾ, മാധ്യമങ്ങൾ എന്നിവർക്ക് മാത്രമാണ് പമ്പയിലേക്ക് വാഹനങ്ങൾ കൊണ്ടു പോകുന്നതിന് അനുവാദമുള്ളു.

എന്നാൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ എന്ന പേരിലാണ് ഇൻസ്പെക്ഷൻ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുന്നത്. ഇത് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്തുകൊണ്ടു പോയി പാർക്ക് ചെയ്യും. വണ്ടിയൊന്നിന് ആയിരം രൂപയാണ് ഈടാക്കുന്നത്. അടുത്തിടെ ഇങ്ങനെ വാഹനവുമായി ചെന്ന ഒരാളോട് 7000 രൂപയാണ് ഇവർ ചോദിച്ചത്. അദ്ദേഹം കൊടുത്തില്ലെന്ന് മാത്രമല്ല, പരാതിപ്പെടുകയും ചെയ്തു. പരാതി ചെന്നത് പൊലീസിന് എതിരേയായിരുന്നു.

പൊലീസുകാർ പണം വാങ്ങി പാർക്കിങ് നൽകുന്നുവെന്ന പരാതി സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും അന്വേഷിച്ചു ചെന്നപ്പോഴാണ് വനംവകുപ്പ് ജീവനക്കാർ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. അങ്ങനെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഒന്നിലധികം തവണ റിപ്പോർട്ട് അയച്ചിട്ടും പണം വാങ്ങിയുള്ള പാർക്കിങ് നിർബാധം തുടരുകയാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള വാഹനങ്ങൾ വരെ കേരളാ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ എന്ന രീതിയിൽ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP