Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരത്ത് നിന്ന് ഇനി ബംഗളൂരുവിലേക്ക് 12 മണിക്കൂറിൽ ബസ് യാത്ര സ്വപ്‌നമാകും! ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ അമിത വേഗതയ്ക്ക് പിഴയടയ്ക്കാതെ രക്ഷപ്പെടുന്നത് തടയാൻ 'വാഹൻ' എത്തുന്നു; സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ മോട്ടോർവാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കും ഇനി പിഴ ഒടുക്കേണ്ടി വരും; സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത മുഴുവൻ വാഹനങ്ങളുടെയും വിവരം കേന്ദ്ര പോർട്ടലിലേക്ക് മാറുമ്പോൾ

തിരുവനന്തപുരത്ത് നിന്ന് ഇനി ബംഗളൂരുവിലേക്ക് 12 മണിക്കൂറിൽ ബസ് യാത്ര സ്വപ്‌നമാകും! ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ അമിത വേഗതയ്ക്ക് പിഴയടയ്ക്കാതെ രക്ഷപ്പെടുന്നത് തടയാൻ 'വാഹൻ' എത്തുന്നു; സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ മോട്ടോർവാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കും ഇനി പിഴ ഒടുക്കേണ്ടി വരും; സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത മുഴുവൻ വാഹനങ്ങളുടെയും വിവരം കേന്ദ്ര പോർട്ടലിലേക്ക് മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഉടനീളം ക്യാമറ കണ്ണുകളാണ്. അമിത വേഗതയിൽ ചീറിപാഞ്ഞാൽ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം. ക്യാമറയിൽ കുടുങ്ങിയാൽ വീട്ടിൽ പിഴ അടയ്ക്കാനുള്ള രസീത് എത്തും. അതുകൊണ്ട് തന്നെ കേരളത്തിലെ ഹൈവേകളിലൂടെ കഴിയുന്നതും സൂക്ഷിച്ചും കണ്ടും പോയി. എന്നാൽ അതിർത്തി വിട്ടാൽ പിന്നെ അമിത വേഗത. കേരളത്തിലെ കാർ നമ്പറിനെ തമിഴ്‌നാട്ടിലോ കർണ്ണാടകയിലോ കണ്ടെത്തിയാലും പിഴ അടയ്‌ക്കേണ്ടി വരില്ലായിരുന്നു. കാർ നമ്പറിലെ അഡ്രസ് കണ്ടെത്താൻ മറ്റ് സംസ്ഥാനങ്ങൾക്ക് കഴിയാത്തതായിരുന്നു ഇതിന് കാരണം. എന്നാൽ കാലം മാറുകയാണ്. ഇനി സൂക്ഷിക്കണം.

കേന്ദ്രീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ 'വാഹനി'ലേക്ക് കേരളം മാറുകയാണ്. ഇതാണ് വാഹനം ഓടിക്കുന്നവർക്ക് സൂക്ഷ്മത കൂട്ടേണ്ടി വരുന്നതിന് കാരണം. സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ മോട്ടോർവാഹന നിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക. പിഴ പിന്നാലെയെത്തും. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകർത്തുന്ന നിയമലംഘനങ്ങളുടെ പിഴ അതത് സംസ്ഥാനങ്ങളിൽ അടയ്ക്കണം. എന്നാൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം അടക്കമുള്ള സേവനങ്ങൾ ലഭിക്കൂ. ഇത് നിയമ ലംഘനങ്ങളുടെ പിഴ ഒടുക്കേണ്ട സാഹചര്യം ഉണ്ടാക്കും.

ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിഴയടയ്ക്കാതെ രക്ഷപ്പെടുന്നത് ഇനി തടയാനാകും. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേരള വാഹനങ്ങളുടെ പഴയ നിയമലംഘനങ്ങളും 'വാഹൻ' വെബ്സൈറ്റിൽ ഉൾപ്പെടുത്തും. തിരുവനന്തപുരത്ത് നിന്ന് 12 മണിക്കൂർ കൊണ്ട് ബംഗളൂരുവിൽ എത്തുന്ന ടൂറിസ്റ്റ് ബസുകളുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ബസുകളാണെങ്കിൽ അവയ്ക്ക് തമിഴ്‌നാട്ടിലും കർണ്ണാടകയിലും പിഴ വരില്ല. ഇതുപയോഗിച്ചാണ് പലരും തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും റോഡുകളിലൂടെ ചീറി പായുന്നത്. പിഴ വരുമ്പോൾ അത് വലിയ ബാധ്യതയായി മാറും. വേഗതയിലെ നിയന്ത്രണങ്ങൾ എല്ലാ റോഡിലും പാലിക്കേണ്ടിയും വരും. അങ്ങനെ ഈ നീക്കത്തിന് റോഡുകളിലെ വേഗതയെ കാര്യമായി കുറയ്ക്കാനാകും.

ജനുവരി അവസാനത്തോടെയാണ് സംസ്ഥാനത്തെ വാഹനങ്ങൾ പൂർണമായും വാഹനിലേക്ക് എത്തിയത്. ഇതിനുമുമ്പ് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള നിയമലംഘനങ്ങളുടെ വിവരങ്ങൾ ഇപ്പോൾ വാഹനിലേക്ക് ചെക്ക് റിപ്പോർട്ടായി ഉൾക്കൊള്ളിക്കുന്നുണ്ട്. ഇതും പ്രശ്‌നമായി മാറും. കേന്ദ്ര സംവിധാനമായ 'വാഹനി'ലേക്ക് സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചു കഴിഞ്ഞു. ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളിലെ നിയമലംഘനങ്ങളും ഓൺലൈനായത്. സംസ്ഥാനത്തെ വാഹനങ്ങളുടെ പൂർണവിവരങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കു ലഭിക്കും. നിയമലംഘനങ്ങളുണ്ടെങ്കിൽ അവർക്ക് 'വാഹൻ' വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ചെക്ക് റിപ്പോർട്ട് സമർപ്പിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾക്കൊപ്പം പിഴ സംബന്ധിച്ച വിവരങ്ങളും കൂട്ടിച്ചേർക്കപ്പെടും. അങ്ങനെ ഈ പിഴ തുക അക്കൗണ്ടിൽ കിടക്കും. ഇത് എന്നായാലും അടയ്‌ക്കേണ്ടി വരും. അല്ലെങ്കിൽ കുരുക്കുകൾ ഏറെയാണ്.

ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് പരിശോധന, പെർമിറ്റ് പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് മോട്ടോർവാഹനവകുപ്പിനെ സമീപിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലെ പിഴകൾ സംബന്ധിച്ച വിവരങ്ങളും തെളിയും. പിഴയടച്ച് ചെക്ക് റിപ്പോർട്ട് പിൻവലിച്ചാൽ മാത്രമേ വാഹനിൽനിന്നുള്ള തുടർസേവനങ്ങൾ ലഭിക്കൂ. പിഴ രേഖപ്പെടുത്തിയ ഓഫീസിൽനിന്നുതന്നെ ഓൺലൈൻ നിരാക്ഷേപപത്രം (എൻഒസി.) ലഭിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പിഴയും 'വാഹൻ' ഓൺലൈനിൽ അടയ്ക്കാനാകും. അങ്ങനെ രാജ്യത്ത് എവിടെ വാഹന നിയമ ലംഘനം നടത്തിയാലും അത് ഉടമകൾക്ക് കുരുക്കായി മാറും.

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന നിയമലംഘനങ്ങൾക്കും ഇതേ രീതിയിൽ പിഴ ഈടാക്കാനാകുമെന്നതാണു നേട്ടം. സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത മുഴുവൻ വാഹനങ്ങളുടെയും വിവരം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത parivahan.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വാഹനങ്ങളുടെ നികുതി അടയ്ക്കുക, വിൽപനയുടെ ഭാഗമായി ഉടമസ്ഥത മാറ്റുക, ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വിവിധ പെർമിറ്റുകൾ തുടങ്ങി ഏതു സേവനവും ഇനി ഈ പോർട്ടൽ വഴിയാണു ചെയ്യേണ്ടത്. നേരിട്ടു ചെയ്യാൻ പ്രയാസമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളെയും മോട്ടർ വാഹന ഓഫിസുകളിലെ സേവന കേന്ദ്രങ്ങളെയും സമീപിക്കാമെന്നു മോട്ടർവാഹന വകുപ്പ് അധികൃതർ പറഞ്ഞു. സ്വന്തം വാഹനങ്ങളുടെ വിവരങ്ങൾ പോർട്ടൽ സന്ദർശിച്ചു പരിശോധിക്കാൻ ഉപയോക്താക്കൾക്കും സാധിക്കും.

വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു വാഹൻ, ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു സാരഥി എന്നിങ്ങനെ 2 ഭാഗമാണു പോർട്ടലിൽ. സംസ്ഥാനത്തു കാസർകോട്, വയനാട് ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ മാത്രമാണു നിലവിൽ സാരഥിയിൽ ചേർത്തിരിക്കുന്നത്. ഒരു മാസത്തിനകം മുഴുവൻ ജില്ലകളിലെയും വിവരങ്ങൾ ചേർക്കും. വിവിധ നിയമലംഘനങ്ങൾക്കു ചെക്ക് റിപ്പോർട്ട് നൽകി പിഴ അടയ്ക്കാത്ത വാഹനങ്ങൾക്കു വിലക്കേർപ്പെടുത്താനും ഇവയ്ക്കു തുടർസേവനങ്ങൾ നിരസിക്കാനും ഗതാഗത കമ്മിഷണർ എല്ലാ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും വീണ്ടും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്കുള്ള സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടസ്സപ്പെടുത്താനാണു മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. പിഴത്തുക അടയ്ക്കാതെ വാഹനങ്ങളുടെ നികുതി അടയ്ക്കാനോ ഉടമസ്ഥത മാറ്റാനോ പെർമിറ്റുകൾക്ക് അപേക്ഷിക്കാനോ സാധിക്കില്ല.

പഴയ വാഹനങ്ങളുടെ ഷാസിയും മറ്റും ഉപയോഗിച്ചു കൃത്രിമം വരുത്തി കള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഓടുന്ന ചില വാഹനങ്ങൾ സംസ്ഥാനത്തുണ്ടെന്നു മോട്ടർ വാഹന വകുപ്പിനു വിവരമുണ്ട്. റജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചാൽ ഉടമ, വാഹന മോഡൽ എന്നതുൾപ്പെടെ എല്ലാ വിവരവും ഇനി ഉടനടി ഉദ്യോഗസ്ഥർക്കു കണ്ടെത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP