Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

യുനസ്‌കോയുടെ അംഗീകാരം ലഭിച്ച 40പേരിൽ ഏഷ്യയിൽ നിന്നുള്ള ഏക കലാകാരനായ ലോകപ്രശസ്ത ചിത്രകാരൻ; ജന്മനാട്ടിൽ കാലുറപ്പിക്കാനായി സഹായം തേടി പാരീസ് മോഹൻകുമാർ; ചിത്രങ്ങൾ വാങ്ങി നമുക്കും സഹായിക്കാം

യുനസ്‌കോയുടെ അംഗീകാരം ലഭിച്ച 40പേരിൽ ഏഷ്യയിൽ നിന്നുള്ള ഏക കലാകാരനായ ലോകപ്രശസ്ത ചിത്രകാരൻ; ജന്മനാട്ടിൽ കാലുറപ്പിക്കാനായി സഹായം തേടി പാരീസ് മോഹൻകുമാർ; ചിത്രങ്ങൾ വാങ്ങി നമുക്കും സഹായിക്കാം

ജാസിം മൊയ്തീൻ

കോഴിക്കോട്: ആഗോളതലത്തിൽ യുനസ്‌കോ തയ്യാറാക്കിയ മികച്ച സമകാലിക ചിത്രകാരമാരുടെ പട്ടികയിൽ ഉൾപ്പെട്ട 40 കലാകാരന്മാരിൽ ഒരാളാണ് പാരിസ് മോഹൻകുമാർ. ഈ പുരസ്‌കാരത്തിന് അർഹനായിട്ടുള്ള ഏഷ്യയിൽ നിന്നുള്ള ഏക വ്യക്തിയാണ് അദ്ദേഹം. ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ ജനിച്ച് പിന്നീട് ഫ്രാൻസിൽ വളർന്ന മോഹൻകുമാർ ഇപ്പോൾ ജനിച്ച മണ്ണിൽ കാലുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് മോഹൻകുമാർ ജനിച്ച നാട്ടിൽ ഇത്രയധികം നാൾ താമസിക്കുന്നത്. ലോകത്തിന്റെ പല ദിക്കുകളിലായിരുന്നു കഴിഞ്ഞ അനേകം വർഷങ്ങളായി മോഹൻകുമാർ.

ഇരുപത് വർഷത്തോളം ഫ്രാൻസിൽ ജീവിച്ചു. അവിടെനിന്ന് തിരിച്ചെത്തി പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ യാത്ര തുടർന്നു. ഗ്രാമങ്ങളായിരുന്നു മോഹൻകുമാറിന്റെ കേന്ദ്രങ്ങൾ. ഒടുവിൽ ഈ കൊറോണക്കാലത്ത് അഴിയൂരിലെ മണ്ടോള ക്ഷേത്രത്തിനരികെയുള്ള വീട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് മോഹൻകുമാർ. ഇനിയുള്ള കാലം നാട്ടിൽ കഴിയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിനായി ചില പദ്ധതികളും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ചിത്രകലയ്ക്കപ്പുറത്ത് പരിസ്ഥിതിക്കും സമൂഹത്തിനും ആദിവാസികൾക്കും വേണ്ടിയാണ് ഇപ്പോഴുള്ള അദ്ദേഹത്തിന്റെ ജീവിതം.

രണ്ട് പതിറ്റാണ്ട് നീണ്ട ഫ്രാൻസിലെ ജീവിതം മതിയാക്കി അദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങളായി കർണാടകയിലെ കബനി തീരത്തും വയനാട്ടിലും തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിലുമായി ജൈവകൃഷിയുടെ പ്രചാരകനായി ജീവിക്കുകയായിരുന്നു. പാരമ്പര്യ വിത്തുകളും കൃഷി രീതികളും ഉപയോഗപ്പെടുത്തി ഗ്രാമീണരെ കൊണ്ട് കൃഷിചെയ്യിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഷം തൊടാത്ത പച്ചക്കറിയുടെ പ്രചാരകനായി കർഷകർക്കിടയിൽ കുറെ നാളുകളായി ചെലവിടുന്നു. വയനാട്ടിലെ ആദിവാസി ജനതകൾക്കിടയിൽ സ്വയംപര്യാപ്ത ഭക്ഷണശീലം വീണ്ടെടുക്കുന്നതിനായുള്ള പരിശ്രമവും നടന്നുവരികയായിരുന്നു. അതിനിടയിലാണ് കോവിഡ് മഹാമാരി വരുന്നത്. ഇതോടെയാണ് വർഷങ്ങൾക്ക് ശേഷം ജനിച്ച നാട്ടിൽ സ്ഥിരതാമസത്തിനെത്തിയത്.

വയനാട്ടിലും കർണ്ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം ഏക്കറുകളോളം വരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൃഷി നടക്കുന്നുണ്ട്. ഇവിടെയെല്ലാം വിളയിക്കുന്ന ഉത്പന്നങ്ങൾ സ്വന്തം നാട്ടിൽ വിപണനം നടത്തുകയും പാരമ്പര്യ കൃഷി രീതികൾ നാട്ടുകാർക്ക് പരിചയപ്പെടുത്തുകയും ചെയ്യാനാണ് അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇതിനായി മാഹിയിൽ അഴിയൂർ ചെക്‌പോസ്റ്റിന് സമീപം വടകരബ്ലോക് പഞ്ചായത്ത് ഓഫീസിന് മുൻവശത്തായി ഹൈവേയിൽ ഒരു കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അഴിയൂർ ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഒരുക്കിയിട്ടുണ്ട്.

 

പദ്ധതി പ്രാവർത്തികമാക്കാൻ ഇനിയും പണം ആവശ്യമുണ്ട്. വയനാട്ടിൽ നിന്നും മറ്റ് കൃഷിയിടങ്ങളിൽ നിന്നും ഉത്പന്നങ്ങൾ എത്തിക്കാനും അത് പ്രാദേശികമായി വിപണനം ചെയ്യാനും ഒരു വാഹനമടക്കം ഇനിയും സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. ഇതിനായി വിവിധ ബാങ്കുകളിൽ ലോണിനായി അദ്ദേഹം അപേക്ഷിച്ചിരുന്നെങ്കിലും മുതിർന്ന പൗരനായതിനാൽ ലോൺ നൽകാൻ കഴിയില്ലെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്.

പരമാവധി 50000 രൂപ മുദ്രലോൺ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാമെന്ന് ഒരു ബാങ്കിൽ നിന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം കലാപ്രേമികളായ ആളുകളുടെ സഹായം തേടിയിരിക്കുന്നത്. പാരിസ് മോഹൻകുമാറിന്റെ കയ്യൊപ്പുള്ള ചിത്രങ്ങൾ മോഹവില നൽകി സ്വന്തമാക്കാൻ ഇന്നും ഫ്രാൻസിൽ നിരവധി ആരാധകരുണ്ട്.

 

ആഗോള തലത്തിൽ യുനസ്‌കോ ആദരിച്ച ലോകത്തെ നാൽപ്പത് ചിത്രകാരന്മാരിൽ ഒരാൾ എന്ന വിശേഷണം മാത്രം മതി അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ചോദിക്കുന്ന വില ലഭിക്കാൻ. ശീതീകരിച്ച ആർട്ട് ഗാലറികളിൽ കല കച്ചവടമായപ്പോൾ വർഷങ്ങൾക്ക് മുമ്പ് അത്തരം കേന്ദ്രങ്ങളോട് വിടപറഞ്ഞതാണ് മോഹൻകുമാർ. പണം സമ്പാദിക്കാനായി കല വിൽക്കില്ലെന്ന് ഒരിക്കൽ ദൃഢപ്രതിജ്ഞ ചെയ്തയാൾ. ആ തീരുമാനം അദ്ദേഹം പിന്നീട് തിരുത്തിയത് കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലായിരുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ളതായ വിവിധ ആർ്ട്ട് ഗ്യാലറികളിൽ അദ്ദേഹം തന്റെ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ചു. വിൽപനയിലൂടെ ലഭിച്ച പണം മുഴുവൻ പ്രളയം തകർത്ത വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി നൽകി. ഒരിക്കൽ കൂടി അദ്ദേഹം തന്റെ ചിത്രങ്ങൾ വിൽക്കാനൊരുങ്ങുകയാണ്. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് നാട്ടുകാർക്ക് നല്ല ഭക്ഷണം നൽകുമെന്നാണ് അദ്ദേഹം പറയുന്നത്.

വിഷം തൊടാതെ വയനാട്ടിലും തമിഴ്‌നാട്ടിലും കർണാടകയിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാരമ്പര്യ കൃഷി രീതികൾ ഉപയോഗിച്ച് വിളയിച്ചെടുന്ന ഉത്പന്നങ്ങൾ അദ്ദേഹം ഇവിടെയെത്തിക്കും. എണ്ണയും, ടൂത്ത് പൗഡറും, പാരമ്പര്യ മരുന്നുകളും ആദിവാസികളുടെ സഹായത്തോടെ അദ്ദേഹം കോഴിക്കോടെത്തിക്കും. ഇതിനായുള്ള ശ്രമങ്ങൾ ഈ കോവിഡ് കാലത്തിന്റെ തുടക്കം മുതൽ അദ്ദേഹം ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തികം വലിയ തടസ്സമായി. മുൻകാലങ്ങളിലെല്ലാം അദ്ദേഹം തന്റെ ചിത്രങ്ങൾ വിൽപനക്ക് വച്ചാണ് അദ്ദേഹം ഇത്തരം പ്രവർത്തനങ്ങൾ്ക്കായി പണം കണ്ടെത്തിയിരുന്നത്.

എന്നാൽ ഇന്ന് ചിത്രങ്ങൾക്ക് വിൽപനക്ക് വെക്കാനോ പ്രദർശനം നടത്താനോ ആർട് ഗ്യാലറികൾ തുറക്കാൻ പറ്റുന്ന സാഹചര്യമല്ല. വിപണനം മുന്നിൽ കണ്ട് വിവിധയിടങ്ങളിൽ ഉത്പാദിപ്പിച്ച കാർഷികോത്പനങ്ങൾ പലതും വിപണന കേന്ദ്രത്തിലെത്തിക്കാൻ കഴിയാതെ നശിച്ചുതുടങ്ങിയിരിക്കുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും മാഹിയിലുമായി അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. അവ വിൽക്കാനോ തിരികെ കൊണ്ടുവരാനോ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദഹത്തിന് സാധ്യമല്ല. കലാപ്രേമികൾ ആ ചിത്രങ്ങൾ വാങ്ങി അദ്ദേഹത്തിന്റെ പുതിയ ഉദ്യമത്തിന് പിന്തുണ നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പാരീസിൽ കുടിയേറുകയും അവിടെ പാരീസുകാരിയായ ഭാര്യയും കുടുംബവുമൊത്ത് ജീവിക്കുന്നതിനിടക്ക് പിറന്ന നാടിനോട് ചില ഉത്തരവാദിത്വങ്ങളൊക്കെ ഇല്ലേ എന്ന സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തിയത്.വർഷങ്ങളോളം കർണാടകയിലും തമിഴ്‌നാട്ടിലും വയനാട്ടിലുമുള്ള ആദിവാസികളെ പഠിപ്പിക്കാനും അവരെ കൃഷിപ്പണിയിലിറക്കാനും വിഷമില്ലാത്ത പച്ചക്കറികൾ കേരളത്തിലേക്ക് കൊണ്ടുവരാനുമൊക്കെയാണ് ഇത്രയും കാലം നീക്കിവെച്ചത്.

ഫ്രാൻസിലെ എക്സപ്രഷനിസ്റ്റ് ഗാലറി, മസൂറിയിലെ ഐ എ എസ് അക്കാദമി തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ലോകപ്രശസ്ത സ്ഥാപനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്നുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ഫൈവ്‌സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ലക്ഷങ്ങൾ വിലവരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. പാരിസ് മോഹൻകുമാറിന്റെ കയ്യൊപ്പുള്ള ചിത്രങ്ങൾക്ക് ഇന്നും ലോകത്താകമാനം ആരാധകരുണ്ട്. എന്നാൽ അവിടെങ്ങളിലെല്ലാം പ്രദർശനം സംഘടിപ്പിക്കാനും വിൽപന നടത്താനുമുള്ള സാഹചര്യം ഇന്നില്ല.

അതിനാലാണ് അദ്ദേഹം കേരളത്തിലുള്ള കലാപ്രേമികളോട് സഹായം ആവശ്യപ്പെടുന്നത്. ലോകമാകെ അംഗീകരിച്ച യുനസ്‌കോ വരെ പുരസ്‌കാരം നൽകിയ പാരീസ് മോഹൻകുമാറിനെപ്പോലൊരു ചിത്രകാരന് ഒരു ഫലകം പോലും നൽകാത്ത നാടാണ് നമ്മുടേത്. നാട്ടുകാർക്ക് നല്ല ഭക്ഷണം നൽകാനുള്ള ഈ ഉദ്യമത്തിലെങ്കിലും അദ്ദേഹത്തിന് മലയാളികളുടെ സഹകരണം ആവശ്യമുണ്ട്. ചിത്രങ്ങൾ വാങ്ങി പാരിസ് മോഹൻകുമാറിനെ സഹായിക്കാൻ തയ്യാറുള്ളവർ അദ്ദേഹത്തിന്റെ 7592074790 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP