Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സാ സൗകര്യങ്ങൾ; അതിനൂതനമായ ലാബ് സൗകര്യവും ഡയാലിസിസ് യൂണിറ്റുകളും ശിശു- സ്ത്രീസൗഹൃദ വാർഡുകളും; വൃത്തിയുടെയും വെടുപ്പിന്റെയും കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം; പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പാർക്കും; മനസുവച്ചാൽ സർക്കാർ ആശുപത്രിയും ഇങ്ങനെ സുന്ദരമാക്കാം: പാറശ്ശാല താലൂക്ക് ആശുപത്രി കണ്ട് വിശ്വസം വരാതെ മലയാളികൾ

ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സാ സൗകര്യങ്ങൾ; അതിനൂതനമായ ലാബ് സൗകര്യവും ഡയാലിസിസ് യൂണിറ്റുകളും ശിശു- സ്ത്രീസൗഹൃദ വാർഡുകളും; വൃത്തിയുടെയും വെടുപ്പിന്റെയും കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം; പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പാർക്കും; മനസുവച്ചാൽ സർക്കാർ ആശുപത്രിയും ഇങ്ങനെ സുന്ദരമാക്കാം: പാറശ്ശാല താലൂക്ക് ആശുപത്രി കണ്ട് വിശ്വസം വരാതെ മലയാളികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. സർക്കാർ ആശുപത്രിയെന്ന് കേട്ടാൽ ചിലപ്പോഴെങ്കിലും വൃത്തിയില്ലായ്മയടക്കം നിരവധി മോശം ചിത്രങ്ങളും അനുഭവങ്ങളുമായിരിക്കും മനസിലേക്കെത്തും. എന്നാൽ സ്വകാര്യ ആശുപത്രികൾ ചികിത്സയുടെ പേരിൽ രോഗികളുടെ സാമ്പത്തിക അടിത്തറ വരെ തോണ്ടി മറിക്കുന്ന രീതിയിൽ ഞെക്കി പിഴിയാറുണ്ടെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. ഇവിടെയാണ് കേരളത്തിലെ ഒരു സാധാരണ താലൂക്ക് ആശുപത്രി വ്യത്യസ്തമാകുന്നത്. സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളെ വെല്ലും വിധം തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ആ ആശുപത്രി നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രിയടക്കം അഭിനന്ദിച്ച ആ സർക്കാർ ആശുപത്രിയിൽ നമുക്കൊന്നു പോകാം.

പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് എന്ന സർക്കാർ ആശുപത്രിയാണ് കേരള സർക്കാറിന് അഭിമാനമാകുന്നത്. സംസ്ഥാനത്തെ ഏതൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ചികിത്സയെക്കാളും ഒരു പടി മുകളിലാണ് പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. മറ്റ് സർക്കാർ ആശുപത്രികളിൽ കാണുന്ന വൃത്തിഹീനമായ അന്തരീക്ഷമോ രൂക്ഷമായി പെരുമാറുന്ന നഴ്സുമാരോ അല്ല പാറശ്ശാലക്കാരുടെ താലൂക്ക് ആശുപത്രിയിൽ എന്നത് എടുത്ത് പറയേണ്ട കാര്യവുമാണ്

മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്‌കാരങ്ങൾ വാങ്ങിയ പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഏതാരാൾക്കും ആശുപത്രിയിൽ കയറി ചെല്ലുന്നത് മുതൽ പുറത്തേക്ക് ഇറങ്ങുന്നത് വരെ ഒരു സർക്കാർ ആശുപത്രിയിലാണ് നിൽക്കുന്നത് എന്ന് തോന്നാത്ത രീതിയിലാണ് ഇവിടുത്തെ അന്തരീക്ഷം. മരങ്ങളും ചെടിളും നിറഞ്ഞ ഹരിതാഭമായ അന്തരീക്ഷം പ്രകൃതി രമണീയമാണെന്ന് പറയാതിരിക്കാനാകില്ല. റോട്ടറി പാർക്ക് നിർമ്മിച്ച് നൽകിയതാണ് കുട്ടികളുടെ പാർക്ക്.

ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, വാർഡുകൾ, ജൈവ പാർക്ക്, കുട്ടികളുടെ പാർക്ക്, ലാബുകൾ, ഒപി വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, ശിശുസൗഹൃദ, സ്ത്രീസൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നവയാണ് ഒരു താലൂക്ക് ആശുപത്രിയാണെങ്കിലും മികച്ച് സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് എത്തിക്കുന്ന പുണ്യ പ്രവർത്തി തന്നെയാണ് ഈ ആശുപത്രിയിൽ നടക്കുന്നതെന്ന് നിസംശയം പറയാൻ കഴിയും. ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് നേരിടുന്ന പതിവ് അനാസ്ഥ ഇവിടെ ഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് കാഴ്ചയിൽ തന്നെ വ്യത്യസ്ഥം

സാധാരണ സർക്കാർ ആശുപത്രികളിൽ ചെല്ലുമ്പോൾ നിങ്ങൾ കണ്ടേക്കാവുന്ന കാഴ്ചകളല്ല പാറശ്ശാല താലൂക്ക് ആശുപത്രിയിൽ.വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ മനോഹരമായ പൂന്തോട്ടവും അരയന്നങ്ങൾ വെള്ളത്തിലിരിക്കുന്ന പ്രതിമ അടക്കമുള്ള വാട്ടർ ഫൗണ്ടെയ്നുമാണ് ആദ്യ കാഴ്ചകൾ. കൃത്യമായി ലാൻഡ് സ്‌കെയ്‌പ്പ് ചെയ്ത ഇടനാഴികളും, കുട്ടികളുടെ കളിസ്ഥലവും ചെറിയ പാർക്കുമൊക്കെ ചേർന്ന കാഴ്ച കണ്ണിന് കുളിർമ്മ നൽകുന്ന ഒന്ന് തന്നെയാണ്.കഴിഞ്ഞ 15 വർഷത്തോളമായി കൈവരിച്ചിരിക്കുന്ന ഒരു ക്രമേണയുള്ള വളർച്ചയാണ് ആശുപത്രിയിൽ കാണുന്നത് എന്ന അഭിപ്രായമാണ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉണ്ണിക്കൃഷ്ണൻ പറയുന്നത്.1904ൽ ആരംഭിച്ച് ഇന്ന് താലൂക്ക് ആസ്ഥാനമായി വളർന്ന് നിൽകുന്ന കഥയാണ് ഈ ആശുപത്രിക്ക് പറയാനുള്ളത്.

വൃത്തിയുള്ള അന്തരീക്ഷവും സുരക്ഷയും

ഒരു ആശുപത്രിയിൽ ചികിത്സയിലെത്തുന്ന രോഗിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗകര്യം അവന് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കി നൽകുക എന്നതാണ് എന്ന വിശ്വാസമാണ് ഇവിടുത്തെ ഭരണകർത്താക്കൾക്കുള്ളത്.സ്വകാര്യ ആശുപത്രികളിലേതിന് സമാനമായി ഓരോ വാർഡും ദിവസവും മൂന്ന് തവണ ക്ലീൻ ചെയ്യുകയും ഓരോ ക്ലീൻ ചെക്ക് നടത്തുന്നതും പ്രത്യേകമായി രേഖപ്പെടുത്തി പരിശോധിക്കുന്നതിന്റേയും സൗകര്യം ഇവിടെ ഉണ്ട്. വൃത്തിയുള്ള അന്തരീക്ഷം രോഗ ചികിത്സയ്ക്ക് എത്തുന്നവർക്ക് മനസ്സിന് തന്നെ ആത്മ വിശ്വാസം പകരും എന്ന ചിന്താഗതിയാണ് അത്തരം ഒരു ആശയത്തിലേക്ക് ആശുപത്രി അധികൃതരെ നയിച്ചത്.ഇവിടുത്തെ വൃത്തിയുള്ള അന്തരീക്ഷം ഏതൊരു വ്യക്തിക്കും സന്തോഷം പകരുന്ന ഒന്നാണ്.

എല്ലാ വാർഡുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. കിടക്കകൾ ഓരോ ദിവസവും മാറ്റി വിരിക്കുന്നു. കിടക്കകൾ മാറ്റി വിരിക്കുന്നുണ്ടോ എന്ന പരിശോധന എളുപ്പത്തിലാക്കുവാൻ ഓരോ ദിവസവും ഓരോ നിറത്തിലുള്ളവയാണ് വിരിക്കുന്നത്.ആശുപത്രി അന്തരീക്ഷം നിലനിർത്തുന്നതിന് ക്ലീനിങ്ങ് ജീവനക്കാർ മുതൽ സൂപ്രണ്ട് വരെ ഉള്ളവർഒരുപോലെ പ്രവർത്തിക്കുന്നതാണ് ആശുപത്രിയിലെ വൃത്തിയുള്ളതും ഹരിതവുമായ ദൃശ്യങ്ങൾക്ക് കാരണം. ഗ്രീൻ പ്രോട്ടോകോൾ ഒക്കെ സർക്കാർ തലത്തിൽ വരുന്നതിന് മുൻപ് ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾ ആശുപത്രി വളപ്പിൽ അനുവദിക്കാറില്ല.ക്യാന്റീനിൽ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.ആശുപത്രിയിൽ എത്തുന്നുവരെ നിരീക്ഷിക്കുന്നതിനും സാമഹൂഹ്യ വിരുദ്ധരേയും പിടികൂടുന്നതിന് സിസിടിവി ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

ലാബ് സൗകര്യം അതി നൂതനവും ചെലവ് കുറഞ്ഞതും

സംസ്ഥാനത്തെ ആശുപത്രികളിലും സർക്കാർ ലാബുകളിലും ലഭിച്ചേക്കാവുന്നതിലും വലിയ സൗകര്യമാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ലഭിക്കുക. ഏറ്റവും ആധുനിക മിഷീനുകളാണ് ലാബിൽ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പബ്ലിക്ക് ലാബ് കഴിഞ്ഞാൽ ഏറ്റവും അധികം സൗകര്യങ്ങൾ ഉള്ളത് ഈ ലാബിലാണ്. വർഷം തോറും 2 കോടി രൂപയുടെ വരവാണ് ഈ താലൂക്ക് ആശുപത്രിയിലെ ലാബിൽ നിന്നും ലഭിക്കുന്നത്.പാവപ്പെട്ട രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുക എന്നതും ഒപ്പം മെച്ചപെട്ടതും കൃത്യതയുള്ളതുമായ റിസൽറ്റ് നൽകുന്നു എന്നതും പ്രത്യേകതയാണ്.ലാബിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഉപകരണങ്ങൾ പരിപാലിക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും കഴിയുമെന്നും പിന്നെ ബാക്കി തുക വരുമെന്നുമുള്ളത് ലാബ് സൗകര്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

കിഡ്നി രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഡയാലിസസ് സൗകര്യം

കഴിഞ്ഞ ഫെബ്രുവരി മുതലാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ഡയാലിസസ് സൗകര്യം ആരംഭിച്ചത്. പുറത്ത് സ്വകാര്യ ആശുപത്രികളിൽ ഓരോ ഡയാലിസസിന് 1500 മുതൽ ചാർജ് ഈടാക്കുമ്പോൾ ഓരോ ഡയാലിസസിനും ഇവിടെ ബിപിഎൽ കാർഡജ് ഉടമകൾക്ക് 400 രൂപയും എപിഎൽ കാർഡ് ഉടമകൾക്ക് 600 രൂപയുമാണ് ഈടാക്കുന്നത്. ഏതൊരു സ്വകാര്യ ആശുപത്രിയിലെ ഡയാലിസസ് യൂണിറ്റിലും ലഭിക്കുന്ന സൗകര്യം ഇവിടെ ലഭിക്കുന്നുെവന്നതും മറ്റൊരു പ്രത്യേകതയാണ്.പൂർണ്ണമായി ശീതീകരിച്ച ഡയാലിസസ് യൂണിറ്റിൽ ഒരേ സമയം രോഗികളെ ചികിത്സിക്കാൻ കഴിയും.

ആശുപത്രിയുടെ നടത്തിപ്പും ചിലവും

പാറശ്ശാല ആശുപത്രിയുടെ നടത്തിപ്പ് വിജയത്തിന് പിന്നിൽ ഏറ്റവും വലിയ പങ്ക് ബ്ലോക്ക് പഞ്ചായത്തിന്റേതാണ്. ദേശീയ ആരോഗ്യ ദൗത്യ പദ്ധതിയിൽ നിന്നുള്ള ഫണ്ടും, ലാബിൽ നിന്നുള്ള വരുമാനവുമാണ് ആശുപത്രി പ്രവർത്തിച്ച് പോകുന്നതിന്റെ പ്രധാന കാരണം. കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാ പാർട്ടിയിൽ നിന്നുള്ള നേതാക്കളും ആശുപത്രിയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. രോഗികൾ ഓപി ടിക്കറ്റിന് പോലും നൽകുന്ന പണം വർധിപ്പിക്കുന്നതിന് ബ്ലോക്ക് ത്യയാറാകുന്നില്ല. കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നു. ഒരു ഇൻ പേഷ്യന്റിന് 5 രൂപയും ഔട്ട് പോഷ്യന്റിന് 2 രൂപയും ഈടാക്കുന്നു. ശരിക്ക് പറഞ്ഞാൽ ദിവസേന ബെഡ് ഷീറ്റിന് ചെലവാക്കുന്ന പണത്തിന്റെ പകുതി പോലും ആകുന്നില്ല. എന്നാൽ ലാബിൽ നിന്നുമുള്ള ലാഭം തന്നെയാണ് ആശുപത്രിയുടെ പ്രവർത്തനത്തിനും ചെലവിനുമായി ഉപയോഗിക്കുന്നത്.

രോഗികൾക്ക് നൽകുന്ന സൗകര്യങ്ങൾ

കുറഞ്ഞ ചെലവിൽ മുന്തിയ ചികിത്സ എന്നതാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിലെ പ്രത്യേകത. പബ്ലിക്ക് ലാബിൽ നടത്തുന്ന എല്ലാ ടെസ്റ്റുകളും ഇവിടെ ലഭ്യമാണ്. പുറത്തെ ലാബിൽ നൽകുന്നതിന്റെ 20 ശതമാനം മാത്രാണ് രോഗികൾക്ക് നൽകേണ്ടി വരുന്നത്.കിഡ്നി രോഗികൾക്ക് ഡയാലിസിസ് നൽകുന്നത് ബിപിഎൽ 400 പെിഎൽ 600 എന്ന നിരക്കിലാണ്.18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായിട്ടാണ് കിടത്തി ചികിത്സ ഉൾപ്പടെ നൽകുന്നത്.കാരുണ്യ മുതലായ എല്ലാ സർക്കാർ പദ്ധതികളും ഇവിടെ നടപ്പിലാക്കുന്നുണ്ട്. അമ്മയും കുഞ്ഞും പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കാനിങ് സൗകര്യം ഉൾപ്പടെ സൗകര്യമായിട്ടാണ് നൽകുന്നത്. സിടി സ്‌കാൻ ചെയ്യുന്നത് 700 രൂപയും എംആർഐ സ്‌കാൻ ചെയ്യുന്നത് 1200 രൂപയ്ക്കുമാണ് ചെയ്തുകൊടുക്കുന്നത്.

രോഗികളുടെ പ്രതികരണം

പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങൾ പാറശ്ശാലക്കാർക്ക് എന്നും ഒരു വിസ്മയമാണ്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ മാത്രം അവർ കണ്ടിട്ടുള്ള സംവിധാനങ്ങൾ ഇവിടെ ലഭിക്കുന്നു എന്നത് തന്നെയാണ് അത്. രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിലും ചികിത്സയിലും അവർക്ക് പൂർണ തൃപ്തിയുണ്ട്.സാധാരണ സർക്കാർ ആശുപത്രിയിലെ നഴ്സുമാർ പെരുമാറുന്നത് പോലെ അല്ല ഇവിടെ എന്നാണ് രോഗികൾ പറയുന്നത്. സ്വകാര്യ ആശുപത്രികളിൽ പണം വാങ്ങിയ ശേഷം കരുതലും സ്നേഹവും നൽകുമ്പോൾ ഇവിടെ സ്വന്തം വട്ടിലെ പോലത്തെ സുശ്രുഷയാണ് ലഭിക്കുന്നത്. പിന്നെ വൃത്തിയുള്ള അന്തരീക്ഷം, ചിരിച്ച മുഖത്തോടെ പെരുമാറുന്ന ഡോക്ടറും നഴ്സുമാരും പിന്നെ ഇതിനകത്ത് തന്നെ എല്ലാ സൗകര്യങ്ങളും. ഇതൊക്കെ തന്നെയാണ് തങ്ങളെ സന്തുഷ്ടരാക്കുന്നത് എന്നാണ് രോഗികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP