Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ...സമ്മതമോ കന്മദമോ നിൻ കടക്കണ്ണിൽ... ദിലീപും ഭാവനയും പാടി അഭിനയിച്ച ഈ പാട്ട് പാപ്പുകുട്ടി ഭാഗവതർ പാടിയത് 97-ാം വയസ്സിൽ; മേരിക്കൊരു കുഞ്ഞാടിലെ അടിപൊളിപ്പാട്ട് പാടിയത് സിനിമയിൽ ആദ്യഗാനം പാടി 60 വർഷത്തിനു ശേഷം; കേരള സൈഗാളിന്റെ മടക്കം മലയാളിയുടെ മനസ്സിൽ പാട്ടിലൂടേയും അഭിനയത്തിലൂടേയും സ്വന്തം സാമ്രാജ്യം ഒരുക്കി; പാപ്പുകുട്ടി ഭാഗവതർ എന്ന വിസ്മയം യാത്രയാകുമ്പോൾ

എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ...സമ്മതമോ കന്മദമോ നിൻ കടക്കണ്ണിൽ... ദിലീപും ഭാവനയും പാടി അഭിനയിച്ച ഈ പാട്ട് പാപ്പുകുട്ടി ഭാഗവതർ പാടിയത് 97-ാം വയസ്സിൽ; മേരിക്കൊരു കുഞ്ഞാടിലെ അടിപൊളിപ്പാട്ട് പാടിയത് സിനിമയിൽ ആദ്യഗാനം പാടി 60 വർഷത്തിനു ശേഷം; കേരള സൈഗാളിന്റെ മടക്കം മലയാളിയുടെ മനസ്സിൽ പാട്ടിലൂടേയും അഭിനയത്തിലൂടേയും സ്വന്തം സാമ്രാജ്യം ഒരുക്കി; പാപ്പുകുട്ടി ഭാഗവതർ എന്ന വിസ്മയം യാത്രയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നൂറ്റിയേഴാം വയസ്സിലാണ് പാപ്പുകുട്ടി ഭാഗവതരുടെ മടക്കം. ഗായകനായും അഭിനേതാവും തിളങ്ങിയ ബഹുമുഖ പ്രതിഭ. ആർക്കും സാധിക്കാത്തത് പലതും ചെയ്താണ് പാപ്പുക്കുട്ടി ഭാഗവതരുടെ യാത്ര. ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. പിന്നീട് നാടകങ്ങളിലും സിനിമകളിലും ഏറെ പാടി. 1999ൽ സൂര്യ ഫെസ്റ്റിവലിൽ തിരുവനന്തപുരത്ത് കച്ചേരി അവതരിപ്പിച്ചിരുന്നു. രണ്ടു മണിക്കൂർ നിർത്താതെ പാടി. അന്നു പ്രായം 86. ഈ പ്രായത്തിൽ ഒരു സംഗീതജ്ഞൻ കച്ചേരി നടത്തിയതായി കേട്ടുകേൾവി പോലുമില്ല. ഇതെങ്ങനെ സാധിച്ചുവെന്നാണ് പലരും ചോദിച്ചത്-നൂറാം വയസ്സിന്റെ നിറവിൽ പാപ്പുക്കുട്ടി ഭാഗതവർ പറഞ്ഞ വാക്കുകളാണ്.

മലയാളിയെ പല തരത്തിലും ഈ പ്രതിഭ വിസ്മയിപ്പിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട ' എന്റടുക്കെ വന്നടുക്കും' എന്ന് തുടങ്ങുന്ന പാട്ട് പാടുമ്പോൾ പാപ്പുക്കുട്ടി ഭാഗവതർക്ക് പ്രായം 97 ആയിരുന്നു. പത്തുകൊല്ലം മുമ്പ് ഹിറ്റായ ഈ പാട്ട് ഇന്നും മലയാളി പാടി നടക്കുന്നു. ദീലീപും ഭാവനയും പാടി അഭിനയിച്ച സിനിമയിലെ ഈ പാട്ട് മതി പ്രായത്തെ തളർത്താത്ത പാപ്പുകുട്ടി ഭാഗവതരുടെ സ്വരമാധുരി അടുത്ത് അറിയാൻ. പാട്ടിനെ സ്‌നേഹിക്കുന്ന പുതുതലമുറയ്ക്കും അങ്ങനെ പാപ്പുകുട്ടി ഭാഗവതർ വിസ്മയമായി. എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ...സമ്മതമോ കന്മദമോ നിൻ കടക്കണ്ണിൽ എന്ന പാട്ടിനൊപ്പം ദിലീപും ഭാവനയും നൃത്തം ചെയ്തത് മലയാളികൾ ഏറെ കൈയടിയോടെയാണ് സ്വീകരിച്ചത്.

സിനിമയിൽ ആദ്യഗാനം പാടി 60 വർഷത്തിനു ശേഷമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഭാഗവതരുടെ ഗാനം. ഏഴാം വയസിൽ കച്ചേരിയുമായി തുടങ്ങിയ അദ്ദേഹം നൂറാം വയസിലും തന്റെ പ്രിയപ്പെട്ട കൊച്ചിക്കാർക്കായി കച്ചേരി നടത്തി. ഇത് ലോക റിക്കോർഡ് പുസ്തകത്തിലും എത്തി. 'പക്കാല' യായിരുന്നു സംഗീത വേദികളിലെ ഹിറ്റു നമ്പർ. ഒരിക്കൽ ഒരു വേദിയിൽ ഹിന്ദി ഗാനം പാടണമെന്ന് സദസ്യർ ആവശ്യപ്പെട്ടു. കുന്ദൻലാൽ സൈഗളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭാഗവതർ സൈഗൾ - മല്ലിക് സഖ്യത്തിന്റെ 'സോജാ രാജകുമാരി' യാണു പാടിയത്. പിന്നീട് മിക്ക വേദിയിലും അത് ആവർത്തിക്കേണ്ടി വന്നു. ഏതാണ് 15,000 ലേറെ വേദികളിൽ സോജാ രാജകുമാരി പാടി. പലയിടത്തും കാണികളുടെ 'വൺസ് മോർ' വിളികളുടെ ശബ്ദം ഉയർന്നുു. അങ്ങനെയാണ് 'കേരള സൈഗൾ' എന്ന പേരു കിട്ടിയത്. ഏത് അവാർഡിനേക്കാളും വിലയുള്ള കിരീടം.

പള്ളുരുത്തിയിലെ വസതിയിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. നൂറ്റാണ്ടു നീണ്ട കലാസപര്യയ്ക്കു വിരാമമിട്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. ഏഴാം വയസിൽ 'വേദമണി' എന്ന സംഗീതനാടകത്തിലൂടെ അരങ്ങിലെത്തിയ പാപ്പുക്കുട്ടി 25 ൽ പരം സിനിമകളിലും പതിനയ്യായിരത്തോളം വേദികളിൽ നാടകത്തിലും അഭിനയിച്ചു. നിരവധി സിനിമകൾക്കായി പാടി. കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച 'പ്രസന്ന'യാണ് ആദ്യ സിനിമ.

1912 മാർച്ച് 29 നാണ് ജനനം. ഫോർട്ടുകൊച്ചിയുടെ പശ്ചാത്തലത്തിൽ നാടകചലച്ചിത്രസംഗീത രംഗത്ത് ഉയർന്നുവന്ന പ്രതിഭകളിൽ പ്രധാനിയായിരുന്നു. പതിനേഴു വയസുള്ളപ്പോൾ ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രഫഷനൽ നടനായി. പിന്നീട് തിക്കുറിശ്ശിയുടെ 'മായ' എന്ന നാടകത്തിൽ അഭിനയിച്ചു. ഇതിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു 'മായ'. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി അനവധി നാടകങ്ങളിൽ അഭിനയിച്ചു. 15,000 ത്തോളം വേദികളിൽ നാടകം അവതരിപ്പിച്ചു. നിരവധി നാടകങ്ങളിൽ പാടി. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പം നിരവധി നാടകവേദികളിലും പ്രവർത്തിച്ചു.

ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 1988 ലാണ് 'വൈസ് ചാൻസലർ' എന്ന അദ്ദേഹത്തിന്റെ അവസാന സിനിമ പുറത്തിറങ്ങിയത്. മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളി കഥാപ്രസംഗ രൂപത്തിലാക്കി 250 വേദികളിൽ അവതരിപ്പിച്ചും ശ്രദ്ധേയനായി. നൂറാം വയസ്സിനെ ആഘോഷമാക്കി പ്രായംമറന്നു കച്ചേരി നടത്തിയ പാപ്പുക്കുട്ടി ഭാഗവതരെ കൊച്ചിക്കാർക്ക് മറക്കാനാവില്ല. ഈ കച്ചേരിയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി.

സംഗീത നാടക അക്കാദമി പുരസ്‌കാരവും ഫെലോഷിപ്പുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി. പരേതയായ ബേബിയാണ് ഭാര്യ. ഗായികയും സിനിമാ സംവിധായകൻ കെ.ജി.ജോർജിന്റെ ഭാര്യയുമായ സെൽമ ജോർജ്, സിനിമസീരിയൽ നടൻ മോഹൻ ജോസ്, സാബു ജോസ്, ഷാദി, പരേതനായ ജീവൻ ജോസ് എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP