Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓണത്തിന് നെയ്യും പരിപ്പും പപ്പടവും കൂട്ടി സദ്യ ഉണ്ണുമ്പോൾ ആരും ഓർത്തില്ല ഇവരെ; സപ്ലൈകോ ഇവരോട് കാട്ടിയത് 'കൊടും ചതി'; കുറഞ്ഞ തുക ക്വോട്ട് ചെയ്ത തമിഴ്‌നാട് കമ്പനിക്ക് ടെൻഡർ നൽകിയപ്പോൾ ഓണക്കിറ്റിൽ നിറഞ്ഞത് നിലവാരം കുറഞ്ഞ അപ്പളം പപ്പടം; മലയാളികൾ പുറത്തുനിന്ന് പപ്പടം വാങ്ങാതെ വന്നതോടെ കേരളത്തിലെ തനത് പപ്പടത്തിന് കഷ്ടകാലവും; കിറ്റിൽ വന്നത് തമിഴ് പപ്പടമെങ്കിലം കോട്ടം വന്നത് തനത് പപ്പടത്തിന്റെ പെരുമയ്ക്കും

ഓണത്തിന് നെയ്യും പരിപ്പും പപ്പടവും കൂട്ടി സദ്യ ഉണ്ണുമ്പോൾ ആരും ഓർത്തില്ല ഇവരെ; സപ്ലൈകോ ഇവരോട് കാട്ടിയത് 'കൊടും ചതി'; കുറഞ്ഞ തുക ക്വോട്ട് ചെയ്ത തമിഴ്‌നാട് കമ്പനിക്ക് ടെൻഡർ നൽകിയപ്പോൾ ഓണക്കിറ്റിൽ നിറഞ്ഞത് നിലവാരം കുറഞ്ഞ അപ്പളം പപ്പടം; മലയാളികൾ പുറത്തുനിന്ന് പപ്പടം വാങ്ങാതെ വന്നതോടെ കേരളത്തിലെ തനത് പപ്പടത്തിന് കഷ്ടകാലവും; കിറ്റിൽ വന്നത് തമിഴ് പപ്പടമെങ്കിലം കോട്ടം വന്നത് തനത് പപ്പടത്തിന്റെ പെരുമയ്ക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിന്റെ തനത് പപ്പടത്തിനെ ഓണം നാളിൽ സർക്കാർ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന്റെ ഫലം അനുഭവിക്കുന്നത് പപ്പടം ഉപജീവനമാക്കി ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ. ലോക്ക് ഡൗൺ ആയതിനാൽ സ്വതേ പ്രതിസന്ധിയിലായ പപ്പടം നിർമ്മാതാക്കൾ ഓണക്കാലത്ത് സർക്കാർ നൽകിയ ഇരുട്ടടിയുടെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടുമില്ല. ഓണം കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈ കോ ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ നല്കി. പപ്പടത്തിനു ടെൻഡർ നൽകേണ്ടത് കേരളത്തിലെ പപ്പട നിർമ്മാതാക്കൾക്കായിരുന്നു. എന്നാൽ ടെൻഡർ വന്നപ്പോൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻഡർ വിളിച്ച കമ്പനിക്ക് ടെൻഡർ നൽകി. ടെൻഡർ പപ്പടത്തിനാണെന്ന് സപ്ലൈകോ ഓർത്തതുമില്ല. സ്വകാര്യ കമ്പനിക്ക് ടെൻഡർ ലഭിച്ചപ്പോൾ അവർ കുറഞ്ഞ വിലയ്ക്ക് അപ്പളം പപ്പടം എന്ന നിലയിൽ കിറ്റിൽ നിറച്ചു. ഗുണനിലവാരം കുറഞ്ഞ തമിഴ്‌നാട് അപ്പളമാണ് പപ്പടം എന്ന നിലയ്ക്ക് കിറ്റിൽ നിറച്ചത്. കേരളത്തിലെ തനത് പപ്പടം കിറ്റിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ഇത് പപ്പട നിർമ്മാതാക്കളുടെ വയറ്റത്ത് അടിച്ച നടപടിക്ക് കാരണമാവുകയും ചെയ്തു. ഭക്ഷ്യയോഗ്യമല്ലാത്ത അപ്പളമാണ് കേരളത്തിൽ ഓണത്തിനു സർക്കാർ തലത്തിൽ വിതരണം ചെയ്തത്. നിലവാരമില്ലാത്ത ശർക്കരയ്ക്കും പുറമേയാണ് മോശം അപ്പളം പപ്പടം എന്ന പേരിൽ ഇതേ കിറ്റിൽ നിറച്ചത്. ആക്ഷേപം തമിഴ്‌നാട് അപ്പളത്തിനെ കുറിച്ചാണെങ്കിലും വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചത് കേരളത്തിന്റെ തനത് പപ്പടത്തിനെയാണ്.

അതേസമയം ഓണത്തിനായി കരുതിവെച്ച പപ്പടം വിതരണക്കാരുടെ കയ്യിൽ അതേപടി കിടന്നു. കിറ്റിൽ പപ്പടം ഉണ്ടായതിനാൽ ഓണത്തിനു മലയാളികൾ അങ്ങനെ പപ്പടം വാങ്ങിയില്ല. പപ്പടം കേടാവുകയും പപ്പട നിർമ്മാതാക്കൾക്ക് കനത്ത നഷ്ടം വരുകയും ചെയ്തു. ശുദ്ധമായ ഉഴുന്നിൽ നിർമ്മിക്കുന്നതാണ് കേരളത്തിന്റെ പപ്പടം. പതിനഞ്ചു ദിവസം മാത്രമാണ് കേരളത്തിലെ പപ്പടത്തിന്റെ കാലാവധി. പതിനഞ്ചു ദിവസം കഴിഞ്ഞാൽ പപ്പടം കേടാവും. പക്ഷെ സപ്ലൈ കോ ടെൻഡർ കാരണം മലയാളികൾ ഓണത്തിനു ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടം എന്ന പേരിൽ കഴിച്ചു. യഥാർത്ഥ പപ്പടം കച്ചവടക്കാരുടെ കയ്യിൽ വെറുതെ കിടന്നു. ഓണത്തിനു സപ്ലൈകോ നടത്തിയ 'കൊടും ചതി' കാരണം പപ്പടം വിപണി ഇതുവരെ യഥാർത്ഥ അവസ്ഥയിലേക്ക് വന്നിട്ടില്ലെന്നാണ് പപ്പടം നിർമ്മാതാക്കളുടെ പരാതി. ഓണം എന്നാൽ കേരളത്തിൽ പപ്പടം ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സീസണാണ്. ഈ സീസണിലാണ് കേരളത്തിന്റെ പപ്പടം അതെ പടി കിടന്നത്.

മാനുഷികമായ പരിഗണന കൊടുത്ത് കേരളത്തിന്റെ സാഹചര്യങ്ങൾ അറിഞ്ഞു സപ്ലൈകോ തീരുമാനം എടുത്തിരുന്നെങ്കിൽ പപ്പട നിർമ്മാതാക്കൾക്ക് ഈ ഗതി വരില്ലായിരുന്നു. സർക്കാരിന്റെ തലതിരിഞ്ഞ നടപടികൾ കാരണം കേരളത്തിന്റെ പപ്പടം ഓണത്തിനു മലയാളികൾക്ക് കഴിക്കാനും കഴിഞ്ഞില്ല. കിറ്റിലെ പപ്പടം മോശം ഗുണനിലവാരത്തിന്റെ പേരിൽ കളയേണ്ടിയും വന്നു. ഓണത്തിനു സർക്കാർ കൊടുത്ത 'പണി'യുടെ ആഘാതത്തിൽ നിന്ന് പപ്പടം നിർമ്മാതാക്കൾ ഇപ്പോഴും കരകയറിയിട്ടില്ല. പപ്പടത്തിന്റെ പേരിൽ മോശം അപ്പളം കഴിക്കേണ്ടി വന്ന മലയാളികളിൽ പലരും പപ്പടം വെറുത്ത് അത് ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നാണ് കേരള പപ്പട് മാനുഫെക്‌ച്ചേഴ്‌സ് അസോസിയേഷൻ (കേപ്മ) സംസ്ഥാന സെക്രട്ടറി വിനീത് പ്രാരത്ത് മറുനാടനോട് പറഞ്ഞത്. ഇനിയെങ്കിലും പപ്പടത്തിന്റെ കാര്യം വരുമ്പോൾ സർക്കാർ കേരളത്തിലെ പാവം പപ്പടം തൊഴിലാളികളെ ഓർക്കുകയും അവരുടെ പപ്പടം കേരളത്തിൽ ലഭ്യമാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കുത്തുപാള എടുത്ത് നിൽക്കുന്ന പപ്പടം വ്യവസായത്തെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ സപ്ലൈകോ എടുക്കുകയും ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഓണത്തിന്റെ അനുഭവം മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയന് കെപ്മ കത്ത് നൽകിയിട്ടുണ്ട്. ഇനിയുള്ള കിറ്റ് വിതരണത്തിൽ കേരളത്തിന്റെ തനത് പപ്പടം തന്നെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ കത്ത് നൽകിയത്. ഓണത്തിനു ഗുണനിലവാരം കുറഞ്ഞ പപ്പടം നൽകിയപ്പോൾ അത് പപ്പടത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടിച്ചുവെന്നും കത്തിലുണ്ട്.

ഓണം കിറ്റിൽ എല്ലാ സാധനങ്ങൾക്കും ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ വന്നു. ഹഫ്‌സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. ഓണം കിറ്റിലെ പപ്പടത്തിനു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ടെൻഡർ പിടിച്ചപ്പോഴാണ് കമ്പനിക്ക് അബദ്ധം മനസിലാക്കാൻ കഴിഞ്ഞത്. ശുദ്ധമായ ഉഴുന്നിൽ ഉണ്ടാകുന്ന പപ്പടം ടെൻഡർ തുകയിൽ നൽകാൻ കഴിഞ്ഞില്ല. തമിഴ്‌നാടിൽ നിന്നും കുറഞ്ഞ നിരക്കിൽ അവർ അപ്പളം കൊണ്ടുവന്നു പപ്പടത്തിന്റെ ലേബലിൽ നിറച്ചു. പപ്പടം അപ്പളമായപ്പോൾ മലയാളികൾക്ക് അത് കഴിക്കാനും കഴിഞ്ഞില്ല. ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടത്തിന്റെ ലേബലിൽ വിതരണം ചെയ്തതും വിവാദമായി. കിറ്റിലെ അപ്പളം കിട്ടിയവർ അത് കളയുകയും പരാതി ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ഓണക്കിറ്റിലെ പപ്പടം വിവാദമായത്. ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം വരുകയും ചെയ്തിരുന്നു.

ഓണത്തിനു പപ്പടം ടെൻഡർ വിളിച്ച കമ്പനി പപ്പട നിർമ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ വിലയ്ക്ക് പപ്പടം നല്കിയാൽ കൈ നഷ്ടം വരും. അതുകൊണ്ട് തന്നെ ആരും കമ്പനിയുടെ ഓർഡർ സ്വീകരിച്ചില്ല. പകരം അവർ തമിഴ്‌നാട്ടിലേക്ക് പോയി അപ്പളം നിർമ്മിച്ച് പപ്പടമായി വിതരണം ചെയ്തു. പപ്പടം ശുദ്ധ ഉഴുന്നിൽ നിർമ്മിക്കുന്നതാണ്. എന്നാൽ അപ്പളത്തിൽ അരിപ്പൊടി കൂടി മിക്‌സ് ചെയ്യും. ആറു മാസത്തോളം അപ്പളം കേടുകൂടാതെയിരിക്കുന്നതാണ് അപ്പളം. ഉഴുന്നിന്റെ അളവു വളരെക്കുറവുള്ള ഈ പപ്പടത്തിൽ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതൽ. ഗുണനിലവാരം കുറഞ്ഞ അപ്പളമാണ് ഇവർ വിതരണം ചെയ്തത്. ഓണക്കിറ്റിലേക്ക് പപ്പടത്തിനുള്ള ടെൻഡർ വിളിക്കുമ്പോൾ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹഫ്‌സർ ട്രേഡിങ് കമ്പനി സപ്ലൈകോയ്ക്കു നൽകിയത് തമിഴ്‌നാട്ടിൽ നിന്നുള്ള അപ്പളമാണ്.

60 ഗ്രാം വരുന്ന, 12 എണ്ണമുള്ള പപ്പടത്തിന് തമിഴ്‌നാട്ടിലെ മൊത്തവില പായ്ക്കറ്റിന് 6.30 രൂപയാണ്. എന്നാൽ സിവിൽ സപ്ലൈസ് വകുപ്പ് 9.62 രൂപയ്ക്കാണ് ഓണക്കിറ്റിലേക്ക് ഇവ വാങ്ങിയത്. ശ്രീശാസ്താ അപ്പളത്തിന്റെ ആസ്ഥാനം മധുരയാണ്. ഓണക്കിറ്റിലെത്തിയപ്പോൾ കേരള പപ്പടമെന്നു പേരു മാറ്റിയിട്ടുണ്ടെങ്കിലും കമ്പനിയുടെ ജിഎസ്ടി നമ്പരും എഫ്എസ്എസ്എഐ നമ്പരും ഒന്നുതന്നെയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തമിഴ്‌നാട്ടിലെ പപ്പട യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരിക്കെ തന്നെയാണ് തമിഴ്‌നാട്ടിൽ നിന്നും പപ്പടം വന്നത്.

60 ഗ്രാമിന്റെ 88 ലക്ഷം കേരള പപ്പടം പായ്ക്കറ്റുകൾ ലഭിക്കാനാണ് സിവിൽ സപ്ലൈസ് കോർപറേഷൻ ടെൻഡർ നൽകിയത്. ഇതിൽ 9.62 രൂപയ്ക്കു ക്വോട്ട് ചെയ്ത ഹഫ്‌സർ ട്രേഡിങ് കമ്പനിക്ക് 8127000 പായ്ക്കറ്റുകൾക്കുള്ള ഓർഡറും എസ്‌കോ കറി പൗഡർ ആൻഡ് ഫുഡ് ഇൻഡസ്ട്രീസിനു 504000 പായ്ക്കറ്റിനുള്ള ഓർഡറുമാണു നൽകിയത്. നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി എന്നീ സ്ഥലങ്ങളിലേക്കായി എസ്‌കോ 504000 പായ്ക്കറ്റുകൾ ക്വോട്ട് ചെയ്തത് 9.30 രൂപയ്ക്കാണ്. എന്നാൽ എക്‌സോ പിന്നീട് ഇതിൽ നിന്നു പിന്മാറുകയും ബാക്കി 5 ലക്ഷം പപ്പടത്തിന്റെ ഓർഡർ കൂടി ഹഫ്‌സറിനു ലഭിക്കുകയും ചെയ്തു. പപ്പടത്തിനു കരാറെടുത്ത ഹഫ്‌സർ കമ്പനി വർഷങ്ങളായി സപ്ലൈകോയ്ക്ക് പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP