Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കൃഷി ചെയ്യുന്നവർക്ക് ഏക്കറിന് 30,000 രൂപവരെ സബ്സിഡി; പപ്പായയുടെ കറയിൽനിന്ന് ആദായമുണ്ടാക്കാം എന്നതിന് പ്രചാരമായതോടെ കേരളത്തിൽ ഒരുങ്ങിയത് 250 ഏക്കറിലെ പപ്പായ കൃഷി; . കിലോയ്ക്ക് 135 രൂപ വരെ ലഭിക്കുമെന്ന് കമ്പനി; പപ്പായക്കർഷകരുടെ കമ്പനി മലപ്പുറത്ത് ഉടൻ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: പപ്പായയുടെ കറയിൽനിന്ന് ആദായമുണ്ടാക്കാം എന്നതിന് പ്രചാരമായതോടെ കേരളത്തിൽ ഈ ലക്ഷ്യം മുൻനിർത്തിയുള്ള കൃഷി 250 ഏക്കറിലെത്തി. എട്ട് ജില്ലകളിലായിട്ടാണിത്. പപ്പായക്കർഷകരുടെ കമ്പനി മലപ്പുറത്ത് ഉടൻ നിലവിൽവരും.

സ്വദേശി ശാസ്ത്രപ്രസ്ഥാനമാണ് കേരളത്തിൽ പപ്പായകൃഷിയുടെ സാധ്യത പ്രചരിപ്പിച്ചത്. കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ ഐ-സ്റ്റെഡ് (ഇന്നവേഷൻ-സയൻസ് ആൻഡ് ടെക്നോളജി ബേസ്ഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്) പദ്ധതിയിലാണ് കൃഷിയുടെ പ്രോത്സാഹനം നടക്കുന്നത്.

കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഇപ്പോൾ കൃഷി പ്രചരിക്കുന്നത്. പച്ച പപ്പായയിൽനിന്ന് ടാപ്പ് ചെയ്‌തെടുക്കുന്ന പപ്പെയ്ൻ എന്ന കറയാണ് കർഷകർക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത്. കൃഷി ചെയ്യുന്നവർക്ക് ഏക്കറിന് 30,000 രൂപവരെ സബ്സിഡി നൽകുന്നുണ്ട്. കൃഷി തുടങ്ങാനുള്ള സഹായം മുതൽ കറ ടാപ്പ് ചെയ്ത് ശേഖരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ സഹായമുണ്ട്.

രണ്ടുവർഷം നീളുന്ന കൃഷിയിൽ ആറാംമാസം മുതൽ ആദായം ലഭിക്കും. പപ്പായയ്ക്ക് അരക്കിലോഗ്രാം ഭാരം വരുമ്പോൾ മുതൽ ടാപ്പ് ചെയ്യാം. തൊലിയിൽ രണ്ട് മില്ലിമീറ്റർ ആഴത്തിൽ കീറലുണ്ടാക്കുകയാണ് ചെയ്യുന്നത്. ഊറിവരുന്ന കറ താഴെ വിരിച്ചിരിക്കുന്ന റബ്ബർ ഷീറ്റിലേക്കാണ് വീഴുക. എല്ലാ ഷീറ്റിലെയും കൂടി ഒന്നിച്ച് കാനിലേക്ക് മാറ്റും. സൂര്യപ്രകാശം ശക്തമാവുന്നതിനുമുമ്പ് ടാപ്പ് ചെയ്യണം.

ഒരേക്കറിൽ 800 തൈകൾ നടാം. ഒരു പപ്പായ നാലുതവണ ടാപ്പ് ചെയ്യാം. കറ ശേഖരിച്ചശേഷം മൂപ്പെത്തിയ കായ്കൾ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങളായ ജ്യൂസ്, ജാം, സ്‌ക്വാഷ്, സോസ് തുടങ്ങിയവയും ഉണ്ടാക്കുന്നു.

കേരളത്തിലെ കർഷകരിൽനിന്നും കോയമ്പത്തൂരിലെ സെന്തിൽ എന്ന കമ്പനിയാണ് കറ സംഭരിക്കുന്നത്. കിലോയ്ക്ക് 135 രൂപയാണ് കിട്ടുക. കറയുടെ ഗുണനിലവാരസൂചികയായ ടോട്ടൽ സോല്യുബിൾ സോളിഡ്സ് (ടി.എസ്.എസ്.) 15 യൂണിറ്റ് ആയിരുന്നാലാണ് 135 രൂപ കിട്ടുക. പിന്നീടുള്ള ഓരോ യൂണിറ്റിനും ഒമ്പതുരൂപ അധികം കിട്ടും.

ഒരേക്കറിൽ രണ്ടരക്കൊല്ലത്തെ കൃഷികൊണ്ട് അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാകും. ഇതിൽ രണ്ടുലക്ഷം രൂപയാണ് ചെലവ് വരുക. സംസ്ഥാന കൃഷിവകുപ്പിന്റെ വിള ഇൻഷുറൻസിൽ ഈ കൃഷി ഇല്ലെന്നത് പോരായ്മയായി കർഷകർ ചൂണ്ടിക്കാട്ടുന്നു.

പപ്പെയ്ൻ എന്ന കറ ആയുർവേദ, അലോപ്പതി മരുന്നുകളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ദഹന അസുഖങ്ങൾ, ഡെങ്കിപ്പനി തുടങ്ങിയവയുടെ ചികിത്സയിലെ മരുന്നുകൾക്കാണ് കൂടുതൽ ഉപയോഗിക്കുന്നത്.

പൂർണമായും ജൈവവളം ഉപയോഗിച്ചാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിൽ 600 പപ്പായത്തൈകൾ വളർത്തിയെടുത്തത്. ഇവിടത്തെ ആദ്യ ടാപ്പിങ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു.

ഐ-സ്റ്റെഡ് കേരള പ്രോജക്ട് ഡയറക്ടർ എ. ഗോപാലകൃഷ്ണൻ നായർ, പ്രോജക്ട് കോ-ഓർഡിനേറ്റർ അഞ്ജലി ആനി ജോർജ്, ജില്ലാ ഫീൽഡ് ഓഫീസർ അലിജ ജോസഫ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP