Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

യഥാർത്ഥ പേര് പ്രിയങ്ക തനേജ; ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി ഫോളോ ചെയ്യുന്നത് അഞ്ച് ലക്ഷത്തിലേറെ പേർ; സംവിധാനവും എഡിറ്റിംഗും അഭിനയവും ഒരുമിച്ച് വഴങ്ങുന്ന 'വനിതാ സന്തോഷ് പണ്ഡിറ്റ്'; റോക്ക്‌സ്റ്റാർ സ്വാമി പീഡന കേസിൽ അകത്താകുമ്പോൾ ദേര സാമ്രാജ്യത്തെ നയിക്കാനും എത്തിയേക്കും: പപ്പായ്‌ക്കൊപ്പം ഹെലികോപ്ടറിൽ സഞ്ചരിച്ച് മാധ്യമ വാർത്തകളിൽ നിറഞ്ഞ ഗുർമീതിന്റെ വളർത്തുപുത്രി ഹണി പ്രീത് ഇൻസാന്റെ കഥ

യഥാർത്ഥ പേര് പ്രിയങ്ക തനേജ; ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി ഫോളോ ചെയ്യുന്നത് അഞ്ച് ലക്ഷത്തിലേറെ പേർ; സംവിധാനവും എഡിറ്റിംഗും അഭിനയവും ഒരുമിച്ച് വഴങ്ങുന്ന 'വനിതാ സന്തോഷ് പണ്ഡിറ്റ്'; റോക്ക്‌സ്റ്റാർ സ്വാമി പീഡന കേസിൽ അകത്താകുമ്പോൾ ദേര സാമ്രാജ്യത്തെ നയിക്കാനും എത്തിയേക്കും: പപ്പായ്‌ക്കൊപ്പം ഹെലികോപ്ടറിൽ സഞ്ചരിച്ച് മാധ്യമ വാർത്തകളിൽ നിറഞ്ഞ ഗുർമീതിന്റെ വളർത്തുപുത്രി ഹണി പ്രീത് ഇൻസാന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഇന്ത്യൻ സന്യാസിമാരെ കുറിച്ച് പൊതുവേ ലോകത്തിന് ഒരു സങ്കൽപ്പമുണ്ട്. അത് കാഷായം ധരിച്ച് ജഢപിടിച്ച മുടിക്കെട്ടുകളുമായി ദിവ്യപരിവേഷമുള്ളയാൾ. എന്നാൽ, ഈ ചിന്താഗതിയൊക്കെ പൊളിച്ചെഴുതിയ വ്യക്തിത്വമാണ് റോക്ക് സ്റ്റാർ സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ഗുർമീർ റാം റഹീം സിങ്. ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഈ വിവാദ ആൾദൈവം സാമ്പത്തികം സ്വരൂപിച്ചത് പലവഴികളിലൂടെയാണ്. കൊലപാതകങ്ങൾ പോലും നടത്താൻ മടിയില്ലാത്ത നിഗൂഢ സംഘത്തെ വളർത്തിയ സ്വാമി അഴിക്കുള്ളിലാകുമ്പോൾ ആരാകും അടുത്ത അമരക്കാരൻ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. സ്വാമി സ്വയം വളർത്തുമകൾ എന്നു വിളിക്കുന്ന ഹണി പ്രീത് ഇൻസാന്റെ പേരാണ് പകരക്കാരിയെന്ന നിലയിൽ ഉയർന്നു കേൾക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് റാം റഹിം സിങ്ങിന്റെ പ്രിയപ്പെട്ടവളായി മാറിയ ഹണിപ്രീത് റോത്തക്കിലെ ജയിലിലേക്ക് പോകുന്ന വേളയിൽ അതേ ഹെലികോപ്ടറിൽ കയറിയ വേളയിലാണ് മാധ്യമങ്ങളിൽ നിറഞ്ഞത്. ആരാണ് ആൾദൈവത്തിനൊപ്പം ഹെലികോപ്ടറിൽ കയറിയ സുന്ദരി എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയത്. വളർത്തുമകളായി അറിയപ്പെടുന്ന ഹണി പ്രീത് സിംഗിന്റെ യഥാർത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്. സ്വാമി എവിടെ പോയാലും അനുയായി ഒപ്പം ഇവരും കൂടുമായിരുന്നു.

പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്വ ചിന്തക, നടി, സംവിധായിക അങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ചു എന്നാണ് ഇവർ അറിയപ്പെടുന്നത്. റോക്‌സ്റ്റാർ ബാബയുടെ ആഗ്രഹം എന്തും സഫലീകരിക്കാൻ ഈ മകൾ ഒപ്പമുണ്ടായരിന്നു. സോഷ്യൽ മീഡിയയിലും താരമാണ് ഹണി പ്രീത്. ഫേസ്‌ബുക്കിൽ അഞ്ച് ലക്ഷത്തിലേറെ പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്. ട്വിറ്ററിലും ബാബയ്ക്ക് പിന്തുണയുമായി ഇവർ ഉണ്ടായിരുന്നു.

കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെ കുറിച്ച് വിമർശനവുമായി ആൾദൈവം ട്വീറ്റ് ചെയ്തപ്പോൾ അന്ന് ഹണി പ്രീത് ഇൻസാൻ അതിനെയു പിന്തുണച്ചു രംഗത്തെത്തി.ഈ ട്വീറ്റ് ഇപ്പോഴും സോഷ്യൽ മീഡിയിൽ വൈറലാകുന്നുണ്ട്. മെസേജ് ടു ഗോഡ് എന്ന സിനിമയിൽ ഗുർമീർ നായകനായിരുന്നു. ഈ സിനിമയ്ക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്തത് ഹണി പ്രീത് സിംഗായിരുന്നു. എന്തായാലും യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും എഡിറ്റിംഗും സംവിധാനവും അടക്കമുള്ള കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്യുന്നതു കൊണ്ട് ഹരിയാനയിലെ വനിതാ സന്തോഷ് പണ്ഡിറ്റ് എന്നു പറഞ്ഞാലും അതിൽ അത്ഭുതമില്ല.

ദേരയുടെ കാര്യത്തിൽ ഹണി പ്രീത് ഒരു കാര്യം പറഞ്ഞാൽ പിന്നീട് മറുവാക്ക് ഉണ്ടാകാറില്ല. അത്രയ്ക്ക് സ്വാധീനം ഇവർക്കുണ്ട്. യാതൊരു പരിശീലനവും ഇല്ലെങ്കിലും സംവിധാനം അടക്കമുള്ള കാര്യങ്ങൾ സ്വപ്രയത്ന്നത്താൽ പഠിച്ചെടുത്തു എന്നാണ് പറയുന്നത്. ഇക്കാര്യം അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുമുണ്ട്. 30നും നാൽപ്പതിനും ഇടയ്ക്ക പ്രായമുള്ള ഇവരുടെ യഥാർത്ഥ പ്രിയങ്ക തനേജ  എന്നായിരുന്നു. ഇവരെ കുറിച്ചുള്ള കൂടുതൽ അറിവുകൾ അധികമാർക്കമില്ല. ഹണിപ്രീതിന്റെ വിവാഹ പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് ഇവർ ദേരയുമായി അടുക്കുന്നതും. പിന്നീട് പേരുമാ മാറ്റുന്നത്. 2009ൽ ഇവരെ വളർത്തുമകളായി ദേരാ നേതാവ് അംഗീകരിക്കുകയായിരുന്നു.

ഹണി പ്രീത് തന്റെ സംവിധാന മികവ് പരീക്ഷിച്ചത് സിംഗിന്റെ ചിത്രങ്ങളിൽ തന്നെയായിരുന്നു. മകളെന്ന് പറയുമ്പോഴും ദേരയുടെ ഇപ്പോഴത്തെ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നത് ഹണിപ്രീതാണ്. നാളെ ശിക്ഷ വിധിച്ചാൽ ഗുർമീത് ഏതാനും വർഷത്തേക്കു ജയിലിലായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദേരയുടെ ആത്മീയഗുരുവിന്റെ സ്ഥാനത്തു ഗുർമീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങൾ നടത്തുന്നതിനും ദൈനംദിന പ്രവർത്തനം നിയന്ത്രിക്കുന്നതിനും പുതിയ ഭരണാധികാരിയെ നിയമിക്കേണ്ടി വരും. ഗുർമീതിനും ഭാര്യ ഹർജീത് കൗറിനും മൂന്നു മക്കളാണ് ഒരാണും രണ്ടു പെണ്ണും.

മകൻ ജസ്മീത് സിങ് ഇൻസാൻ ബിസിനസുകാരനാണ്. പെൺമക്കളായ ചരൺജിത്, അമർപ്രീത് എന്നിവർ വിവാഹിതരാണ്. ഇവർക്കു പുറമേയാണ് വളർത്തുമകളായ സ്വീകരിച്ച ഹണി പ്രീതും. ഇവരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. എന്നാൽ, 2007ൽ മാനഭംഗക്കേസ് വീണ്ടും ശക്തമായപ്പോൾ ഗുർമീത് തന്നെ മകൻ ജസ്മീത് സിങ്ങിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിരുന്നു. ജസ്മീത് സ്വന്തം വ്യവസായങ്ങളിലല്ലാതെ ദേര സച്ചാ സൗദയിൽ ഇടപെട്ടു തുടങ്ങിയിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് അടിമുടി ദുരൂഹതകൾ നിറഞ്ഞ ഹണി പ്രീത് സിങ് ദേരയുടെ അമരത്ത് എത്തിയേക്കുമെന്ന സംശയങ്ങളും പെരുകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP