Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ചിതലരിക്കുന്നത് ചുവപ്പിന്റെ പ്രതീക്ഷകളാണ്;എംപി ആകാനും...എംഎ‍ൽഎ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ..കമ്മ്യൂണിസ്റ്റായി....കോൺഗ്രസ്സായി...പിന്നെ ബിജെപിയായി; മുന്നണി വിപുലീകരണം പുരോഗമിക്കുമ്പോൾ അസ്ഥാനത്തുകൊള്ളിച്ച് പന്ന്യന്റെ മകന്റെ വിവാദ കവിത

ചിതലരിക്കുന്നത് ചുവപ്പിന്റെ പ്രതീക്ഷകളാണ്;എംപി ആകാനും...എംഎ‍ൽഎ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ..കമ്മ്യൂണിസ്റ്റായി....കോൺഗ്രസ്സായി...പിന്നെ ബിജെപിയായി; മുന്നണി വിപുലീകരണം പുരോഗമിക്കുമ്പോൾ അസ്ഥാനത്തുകൊള്ളിച്ച് പന്ന്യന്റെ മകന്റെ വിവാദ കവിത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം കത്തി നിൽക്കുമ്പോൾ സിപിഎ്മ്മിനെതിരെ കവിതരൂപേണ വിമർശനവുമായി സി.ിപി.ഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ. എംപി ആകാനും എംഎ‍ൽഎ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ കമ്മ്യൂണിസ്റ്റായി കോൺഗ്രസായി പിന്നെ ബിജെപി ആകുന്നവരുടെ കണ്ണികളായി മാറാനിരിക്കുന്നവരാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. ജോസ് കെ മാണി എൽ.ഡി.എഫിൽ എത്തിയതിന് പിന്നാലെയാണ് കവിത രൂപേണയുള്ള ഫേസ്‌ബുക്ക് കുറിപ്പിലൂടെ രൂപേഷിന്റെ പ്രതികരണം.

ജോസ് കെ മാണിയുടെ വരവിന് പിന്നാലെ സിപിഐ നിശബ്ദത പാലിക്കുമ്പോൾ വന്ന ഫേസ്‌ബുക്ക് കുറിപ്പ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.വിശക്കുന്നവന് നീറുന്ന വയറാണ് കമ്മ്യൂണിസമെങ്കിൽ, വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി. അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾക്കായുള്ള കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോൾ ചേർന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ അദ്ധ്യായമെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.രൂപേഷിന്റെ കുറിപ്പിന്റെ പൂർണരൂപംചില തുറന്നെഴുതലുകൾ
കാലം കാതോർത്തു നിൽക്കുന്ന കനൽ തരികളാണ് ...

അടച്ചു വെച്ച ജാലകങ്ങൾക്കപ്പുറത്ത് എരിഞ്ഞു തീരേണ്ടതല്ല
ആ കനൽ തരികൾ ...
ചോർന്നൊലിക്കുന്ന പ്രതീക്ഷകൾക്ക് ഇത്തിരി വെട്ടമേകാനായി മലർക്കെ തുറക്കണം ...
ഓരോ ജാലകങ്ങളും ...
അധികാരത്തിന്റെ ഇടനാഴികളിൽ അലഞ്ഞു തിരിഞ്ഞില്ലെങ്കിലും...
അധികാരവും
പ്രശസ്തിയും നല്കുന്ന സ്വപ്ന സമാന ദൃശ്യങ്ങൾ മഴവില്ലിന്റെ മനോഹാരിതയോടെ
പീലി വിരിച്ചാടുന്നത് കൺമുന്നിലെന്നും പതിവുകാഴ്ചയായിരുന്നു ...
മനം മയക്കുന്ന ആ കാഴ്ചകൾക്കപ്പുറത്ത് മനം മടുപ്പിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളുണ്ടെന്നത്
തിരിച്ചറിയാതിരിക്കുമ്പോൾ
ചിതലരിക്കുന്നത് ചുവപ്പിന്റെ പ്രതീക്ഷകളാണ് ..
ചക്രവാളത്തിലെ ചുവപ്പിന്റെ
ശോണിമ കണ്ട് ചുവപ്പിനെ പ്രണയിച്ചവരല്ല പിന്നീട് കമ്മ്യൂണിസ്റ്റായത് ...
ജന്മിമാരും
മുതലാളിമാരും
ചവിട്ടിമെതിച്ച പട്ടിണി കോലങ്ങളാണ് ചുവന്ന കൊടി പിടിച്ച് കമ്മ്യൂണിസ്റ്റായത് ...
മരണം വരെ
കമ്മ്യൂണിസ്റ്റാകുക എന്നത് ...
മരണം വരെ അച്ചുതമേനോനേയും വെളിയം ഭാർഗവനേയും പോലെ നന്മ മനുഷ്യരായി ജീവിക്കുക എന്നതാണെന്ന് മനസ്സിലാക്കാനാവാത്ത
പലരുടെയും കൈകളിലെ പാവയായി മാറരുത്
കമ്മ്യൂണിസ്റ്റ് പാർട്ടി ...
എംപി ആകാനും
എംഎ‍ൽഎ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ..
കമ്മ്യൂണിസ്റ്റായി
കോൺഗ്രസ്സായി
പിന്നെ ബിജെപി
ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ് ...
പ്രളയകാലത്ത് സ്വന്തം വയറിനോട് പ്രണയം കാണിക്കാതെ സഹജീവികൾക്കായി സർവ്വസ്വവും പിഴുതു നല്കിയ
എറണാകുളത്തെ നൗഷാദും ..
വിശപ്പകറ്റാനുള്ള അന്നദാതാവായ ആടിനെ വിറ്റ് കിട്ടിയ പണം കോവിഡിന്റെ ദുരന്തമുഖത്തെ കരുതലിനായി നാട്ടിനു നൽകിയ സുബൈദയും
അവരുടെ ജീവിതം തന്നെ നാട്ടിനു സമ്മാനമായി നൽകുമ്പോൾ....
മുതലാളിമാരുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നവരായി മാറരുത് കമ്യൂണിസ്റ്റുകാർ...
സർക്കാരാശുപത്രിയിലെ
ചികിത്സയും ....
ചുവന്ന ബോർഡുവെച്ച കാറിൽ കയറില്ലെന്ന ശാഠ്യവും...
ചെറിയ വീട്ടിലെ താമസവും...
സ്വന്തം വീട്ടിൽ വെച്ച് കണ്ട് ശീലിച്ചതുകൊണ്ടാകാം
കമ്മ്യൂണിസത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കാനായി പാർട്ടി ക്ലാസ്സുകൾ കയറിയിറങ്ങേണ്ടി വരാതിരുന്നത്...
വിശക്കുന്നവന് നീറുന്ന
വയറാണ് കമ്മ്യൂണിസമെങ്കിൽ...
വിശപ്പില്ലാത്തവന്
അധികാരം
പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി ...
അധികാരത്തിന്റെ
അപ്പ കഷ്ണങ്ങൾക്കായുള്ള
കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോൾ ചേർന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ ആദ്യ അദ്ധ്യായം ...

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP