Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് പോസിറ്റീവാണെന്ന് ആരോ​ഗ്യ പ്രവർത്തകർ വിളിച്ചു പറഞ്ഞത് ദമ്പതികൾ ബസിൽ യാത്ര ചെയ്യവെ; തങ്ങളുടെ സഹയാത്രികർ കോവിഡ് രോ​ഗികളാണെന്നറിഞ്ഞതോടെ ബസിൽ നിന്നും ഇറങ്ങിയോടി യാത്രക്കാരും കണ്ടക്ടറും; യാത്രക്കാർക്കായി തിരച്ചിൽ നടത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

കോവിഡ് പോസിറ്റീവാണെന്ന് ആരോ​ഗ്യ പ്രവർത്തകർ വിളിച്ചു പറഞ്ഞത് ദമ്പതികൾ ബസിൽ യാത്ര ചെയ്യവെ; തങ്ങളുടെ സഹയാത്രികർ കോവിഡ് രോ​ഗികളാണെന്നറിഞ്ഞതോടെ ബസിൽ നിന്നും ഇറങ്ങിയോടി യാത്രക്കാരും കണ്ടക്ടറും; യാത്രക്കാർക്കായി തിരച്ചിൽ നടത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് ബാധിതരായ ദമ്പതികൾ ബസിൽ യാത്ര ചെയ്തത് പരിഭ്രാന്തി പടർത്തി. യാത്രക്കാർ കോവിഡ് ബാധിതരാണെന്ന് അറിഞ്ഞതോടെ കണ്ടക്ടറും സഹയാത്രികരും ബസിൽ നിന്നും ഇറങ്ങിയോടി. തമിഴ്‌നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം. മുപ്പതോളം യാത്രക്കാരാണ് ബസിൽ സഞ്ചരിച്ചത്. കോവിഡ് രോഗബാധ സംബന്ധിച്ച വിവരമറിയുമ്പോൾ പതിനഞ്ചോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. മറ്റു യാത്രക്കാർക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്.

നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാൻ ജില്ലയിലെ പൻരുതിക്കും വാടല്ലൂരിനുമിടയിൽ ബസിൽ യാത്ര ചെയ്ത അൻപത്തിയേഴുകാരനും ഭാര്യയ്ക്കുമാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്. ദമ്പതികളിൽ ക്ഷയരോഗബാധിതനായ ഭർത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാൽ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സാംപിൾ ശേഖരിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവർ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.

സ്രവപരിശോധന പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ ടിഎൻഎസ്‌ടിസി ബസിൽ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.
കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടർക്ക് ഫോൺ നൽകാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടർ നിലവിളിക്കുകയും ഈ ബഹളത്തിനിടെ ബസ് നിർത്തുന്നതിനിടെ യാത്രക്കാർ ഇറങ്ങിയോടിയതും. കോവിഡ് രോഗബാധിതനിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്.

മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലൻസിൽ രാജാ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂർ ജനറൽ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി.

തമിഴ്‌നാട്ടിൽ രണ്ടായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ന്. 2500 ലധികം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന തുടർച്ചയായ മൂന്നാമത്തെ ദിവസവും. തമിഴ്‌നാട്ടിൽ 2516 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി. ആകെ മരണം 833 ആയി.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ പത്തുപേർ വിദേശത്തുനിന്ന് (യുഎഇ- നാല്, റഷ്യ -നാല്, കോംഗോ -ഒന്ന്, മാലദ്വീപ് - ഒന്ന്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ (ഡൽഹി -രണ്ട്, ഗുജറാത്ത് -ഒന്ന്, പശ്ചിമ ബംഗാൾ- ഒന്ന്) നാലുപേർക്കും, റോഡ് മാർഗവും തീവണ്ടിയിലും എത്തിയ (കർണാടക - 10, കേരളം - അഞ്ച്, മഹാരാഷ്ട്ര - നാല്, തെലങ്കാന - മൂന്ന്, ആന്ധ്രാപ്രദേശ് - ഒന്ന്, പശ്ചിമ ബംഗാൾ - ഒന്ന്) 24 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12 വയസിന് താഴെ പ്രായമുള്ള 3188 പേർക്ക് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1227 പേർ ചൊവ്വാഴ്ച രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ തമിഴ്‌നാട്ടിൽ ആകെ രോഗമുക്തരുടെ എണ്ണം 35,339 ആയി. 28,428 ആണ് ആക്ടീവ് കേസുകൾ.

തലസ്ഥാനമായ ചെന്നൈയിൽ വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. 1380 പേർക്ക് ചെന്നൈയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 44,203 പേർക്കാണ് ചെന്നൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സമീപ ജില്ലകളായ ചെങ്കൽപേട്ടിൽ 146 പേർക്കും, തിരുവള്ളൂരിൽ 156 പേർക്കും, കാഞ്ചീപുരത്ത് 59 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP