Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരിൽ അട്ടിമറിക്കാൻ കഴിയില്ലെന്ന് കൊട്ടാര പ്രതിനിധികൾ; ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബത്തിനും എൻഎസ്എസിനും ഉറപ്പ് കൊടുത്ത് പ്രധാനമന്ത്രിയും; ആറന്മുളയിൽ എൻഡിഎയുടെ പമ്പാ ആരതിയിൽ മുഖ്യാതിഥികളായി എത്തി രാജകുടുംബാംഗങ്ങൾ: ശബരിമലയിൽ പന്തളം രാജകുടുംബം ബിജെപിയോടൊപ്പം

അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരിൽ അട്ടിമറിക്കാൻ കഴിയില്ലെന്ന് കൊട്ടാര പ്രതിനിധികൾ; ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബത്തിനും എൻഎസ്എസിനും ഉറപ്പ് കൊടുത്ത് പ്രധാനമന്ത്രിയും; ആറന്മുളയിൽ എൻഡിഎയുടെ പമ്പാ ആരതിയിൽ മുഖ്യാതിഥികളായി എത്തി രാജകുടുംബാംഗങ്ങൾ: ശബരിമലയിൽ പന്തളം രാജകുടുംബം ബിജെപിയോടൊപ്പം

ആർ കനകൻ

തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയ മോദിയുമായി പന്തളം രാജകൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവർമ, സെക്രട്ടറി പിഎൻ നാരായണ വർമ, ട്രഷറർ ദീപാവർമ എന്നിവർ ചർച്ച നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ കേന്ദ്രത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്നാണ് പ്രതിനിധികൾ മോദിയോടു പറഞ്ഞത്.

അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരിൽ അട്ടിമറിക്കാൻ കഴിയുന്നതല്ല എന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ആവശ്യം സശ്രദ്ധം കേട്ട മോദി അടുത്ത സർക്കാർ അധികാരത്തിൽ വന്നാലുടൻ ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി. കോടതി വിധി വരുന്നത് എന്തുമായിക്കൊള്ളട്ടെ ശബരിമലയുടെ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നാണ് മോദിയുടെ ഉറപ്പ്. ഇതോടെ, ഇടഞ്ഞു നിന്ന പന്തളം രാജകുടുംബവും ബിജെപിയുടെ ഭാഗത്തേക്ക് ചാഞ്ഞിരിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വം മുൻകൈയെടുത്ത് ഇന്നലെ ആറന്മുളയിൽ കെ സുരേന്ദ്രന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പമ്പ ആരതി എന്ന പരിപാടിയിൽ വിശിഷ്ടാതിഥികളായി നാരായണ വർമയും ദീപാവർമയൂം പങ്കെടുത്തിരുന്നു.

ശബരിമലയിൽ പന്തളം കൊട്ടാരത്തിന്റെ പിന്തുണ ഇടതുപക്ഷം പോലും ചർച്ചയാക്കിയിരുന്നു. ഇതിനിടെ കേന്ദ്രത്തേയും സംസ്ഥാന സർക്കാരിനേയും വിമർശിക്കുന്ന എൻ എസ് എസ് നിലപാടുമെത്തി. ശബരിമല പ്രശ്‌ന പരിഹാരത്തിൽ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് കോൺഗ്രസും ആരോപണം ഉന്നയിച്ചു. ഇതിനിടെയാണ് പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നത്. കേരളത്തിൽ ഉടനീളം ശബരിമലയാണ് പ്രചരണ രംഗത്ത് ബിജെപിയും ചർച്ചയാക്കിയത്. കേരളത്തിലെ പ്രചരണങ്ങളിൽ മോദിയും അമിത് ഷായും വിഷയം ഉന്നയിച്ചു. ബിജെപിയുടെ പ്രകടന പത്രികയിലും വിഷയം ഉൾപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പന്തളം കൊട്ടാരം വീണ്ടും ബിജെപിയുമായി എടുത്തത്. ശബരിമല വിഷയത്തിൽ കുമ്മനം നടത്തിയ ഇടപെടലും ഇതിന് കാരണമായി.

ശബരിമല ആചാര ലംഘന പ്രതിഷേധത്തിൽ എൻ എസ് എസും തന്ത്രകുടുംബവും രാജകുടുംബവും ഒരുമിച്ചാണ് മുന്നേറിയത്. എൻ എസ് എസ് നിലപാടുകളായിരുന്നു ഇവരേയും സ്വാധീനിച്ചത്. അതുകൊണ്ട് തന്നെ എൻ എസ് എസിന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് പ്രധാനമന്ത്രിയെ രാജകുടുംബം കണ്ടതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് പാർട്ടി പരിപാടിയായിരുന്നു. വളരെ കുറച്ചു പേരെ മാത്രമേ പ്രധാനമന്ത്രി കണ്ടുള്ളൂ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കുമ്മനം രാജശേഖരൻ നടത്തി ഇടപെടലാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. മുമ്പ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോഴും മോദിയുമായി പന്തളം കൊട്ടാരം കൂടിക്കാഴ്ച നടത്തിയിരുന്നു.

ശശികുമാര വർമ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നതിനാൽ എത്തിയില്ല. രണ്ടു മണിക്കൂറോളം നീണ്ട പമ്പാ ആരതിയിൽ മുഴുവൻ സമയും സംബന്ധിച്ച് കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾ പൂജയിലും പങ്കെടുത്തു. ഉത്തരേന്ത്യൻ മാതൃകയിലാണ് പരിപാടി നടത്തിയത്. കാശിയിൽ നിന്നുള്ള പണ്ഡിറ്റുകളാണ് പൂജയ്ക്ക് നേതൃത്വം നൽകിയത്. ഗംഗാ തീരത്ത് സുപരിചിതമായ നദീവന്ദനവും നദീ പൂജയും കണ്ട് പമ്പാതീരത്തിന്റെ മനം നിറഞ്ഞു. ജയ് പമ്പാ മാതാ... എന്ന് തുടങ്ങുന്ന പമ്പാ ആരതി ഭജൻ പമ്പാതീരത്ത് സത്രക്കടവിലെ വേദിയിൽ മുഴങ്ങിയപ്പോൾ ആരതിയിൽ പങ്കെടുത്ത ഭക്തരും അതേറ്റു പാടി.

കാശിയിൽ നിന്ന് എത്തിയ സീതാറാം ശാസ്ത്രി, പണ്ഡിറ്റ് ഇന്ദ്ര ശാസ്ത്രി, പണ്ഡിറ്റ് ആശ്വാസ് ശാസ്ത്രി, പണ്ഡിറ്റ് ഋഷഭ് ശാസ്ത്രി, ചന്ദ്രശേഖർ ശാസ്ത്രി എന്നിവർ പുജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പരിസ്ഥിതിയും പാരമ്പര്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പമ്പാ തീരത്ത് ആറന്മുള സത്രക്കടവിൽ പമ്പാ ആരതി നടത്തിയത്. പ്രകൃതിയെയും നദിയെയും അമ്മയായിക്കണ്ട് പൂജിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച മാതാ ജ്ഞാനാഭിഷ്ട പറഞ്ഞു. ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രകൃതിയോട് ചേർന്നതാണ്. അതിനാൽ അവ സംരക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു.

അശുദ്ധമാവാത്ത ജലം എന്ന സങ്കല്പത്തിൽ നാളികേരം ഉടച്ച് അതിന്റെ വെള്ളം പമ്പയിലേക്ക് പ്രതീകാത്മകമായി ഒഴിച്ചു. ഇടയാറന്മുള ശ്രീകൃഷ്ണ തപോവനാശ്രമത്തിലെ ചിത്രാപൂർണിമ ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് പമ്പാ ആരതി നടത്തിയതെങ്കിലും മുഖ്യമായും പിന്തുണ നൽകിയത് ബിജെപിയും ആർഎസ്എസുമായിരുന്നു. പമ്പാ നദീതടത്തിലെ ഗ്രാമങ്ങളുടെ വിശുദ്ധിയും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിനുള്ള പ്രാർത്ഥനാ സമർപ്പണമാണ് പമ്പാ ആരതി. മാലിന്യമുക്തമായ പമ്പയെന്ന സ്വപ്നം സഫലമാക്കുവാൻ പമ്പയെ സ്നേഹിക്കുന്നവരാണ് പമ്പാ തീരത്ത് ഒത്തു കൂടിയത്. ആരതിയോടനുബന്ധിച്ച് നയന മനോഹരമായ ദീപക്കാഴ്ചയിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്ത്. മൺചെരാതുകൾ തെളിച്ച് നദിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് എല്ലാവരും മടങ്ങിയത്.

മാതാ ഗുരു പൂർണിമാമയി, സ്വാമിനി ജ്ഞാനാഭിഷ്ഠ, പന്തളം കൊട്ടാരം പ്രതിനിധികളായ നാരായണ വർമ്മ, ദീപാവർമ്മ എന്നിവരെ സഞ്ജു സദാനന്ദൻ, ഡോ ബിജു, രസിത, അഡ്വ അരുൺ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു. കെ സുരേന്ദ്രന്റെ ഭാര്യ ഷീബ കാശി ശങ്കരമീത്തിൽ നിന്നുള്ള പുരോഹിതന്മാരെ ആദരിച്ചു. പരിപാടിയുടെ വിളംബരത്തിനായി തൃശൂരിൽ നിന്നുള്ള പുലികളി സംഘം പുലിക്കളി അവതരിപ്പിച്ചു. ശ്രീരാജ് ശ്രീവിലാസം പരിപാടിയുടെ ചടങ്ങുകൾ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP