Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ലോക്ഡൗൺകാലത്ത് ഓൺലൈനിലൂടെ ജനങ്ങൾക്ക് തുണയായി പാണക്കാട് തങ്ങൾ കുടുംബം.; ചൊവ്വാഴ്ചകളിലെ പൊതുജന സമ്പർക്കം നിർത്തിവെച്ചപ്പോൾ ഓൺലൈനിലൂടെ ഇടപെടൽ; പ്രവാസികൾക്കും നാട്ടുകാർക്കും കരുത്തുപകർന്നും ജാഗ്രതാനിർദ്ദേശങ്ങൾ നൽകിയും ആവശ്യങ്ങൾ നിറവേറ്റിയും തങ്ങൾ കുടുംബം

ലോക്ഡൗൺകാലത്ത് ഓൺലൈനിലൂടെ ജനങ്ങൾക്ക് തുണയായി പാണക്കാട് തങ്ങൾ കുടുംബം.; ചൊവ്വാഴ്ചകളിലെ പൊതുജന സമ്പർക്കം നിർത്തിവെച്ചപ്പോൾ ഓൺലൈനിലൂടെ ഇടപെടൽ; പ്രവാസികൾക്കും നാട്ടുകാർക്കും കരുത്തുപകർന്നും ജാഗ്രതാനിർദ്ദേശങ്ങൾ നൽകിയും ആവശ്യങ്ങൾ നിറവേറ്റിയും തങ്ങൾ കുടുംബം

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺകാലത്ത് ഓൺലൈനിൽ സജീവമായി പാണക്കാട് കുടുംബം. ചൊവ്വാഴ്ചകളിലെ പൊതുജന സമ്പർക്കം നിർത്തിവെച്ചപ്പോൾ ഓൺലൈനിലൂടെ ജനങ്ങളുടെ കണ്ണീരൊപ്പിയും ജാഗ്രതാനിർദ്ദേശങ്ങൾ നൽകിയും തങ്ങൾ കുടുംബം. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ഉൾപ്പെടെയുള്ള തങ്ങൾ കുടുംബം ജനങ്ങളുമായി കുടുതൽ സമ്പർക്കം പുലർത്തിയത്.

റമദാൻ മാസമായതിനാലും പ്രത്യേകം ശ്രദ്ധിക്കേണ്ടതിനാലും കോവിഡിന്റെ വ്യാപനം തടയുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമായ ഇടപെടൽ നടത്താനും തങ്ങൾകുടുംബം പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ആശ്വാസിപ്പിക്കാനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും കെ.എം.സി.സി., എസ്.കെ.എസ്.എസ്.എഫ്, സമസ്ത തുടങ്ങിയവയുടെ ഓദ്യോഗിക ഫേസ്‌ബുക്ക് പേജകുളിലൂടേയും ലൈവിലെത്തി ജനങ്ങളുമായി സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ പ്രയാസത്തിലായവരുമായി ഫോണിലൂടെ നേരിട്ടുബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനാവശ്യമായ ഇടപെടലുകൾ നടത്താൻ കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ നേതാക്കളോട് ആവശ്യപ്പെട്ടു.

നിരവധി ഫോൺകോളുകളാണ് പാണക്കാട് തങ്ങൾമാരെ തേടിയെത്തുന്നത്. സർക്കാർ സംവിധാനത്തേക്കാളും ജനങ്ങൾ ബന്ധപ്പെടാൻ വേഗത്തിൽ കഴിയുന്നത് തങ്ങൾ കുടുംബമാണെന്നതും, ഇവിടെ പരാതി ബോധിപ്പിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത്തരത്തിൽ മത, രാഷ്ട്രീയത്തിനധീതമായ തങ്ങൾമാരെ ജനംബന്ധപ്പെടാൻകാരണമായിത്തീരുന്നത്. ഫേസ്‌ബുക്ക് പേജിൽ ലൈവിൽ വരാൻ പാണക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹാദിയ സെന്റർഫോർ സോഷ്യൽ എക്സ്പ്രാൻസ് സ്റ്റുഡിയോയിലെ പ്രവർത്തകരായ സഹായിക്കുന്നത്. സമസ്തയുടെ സ്ഥാപനമായ തിരൂരങ്ങാടി ദാറുൽ ഹുദായിലെ പൂർവവിദ്യാർത്ഥികൾ ആരംഭിച്ചതാണ് ഈ സംരംഭം. ഇതിന് പുറമെ മലപ്പുറത്ത് ഭക്ഷണം ലഭിക്കാതെ പ്രയാസത്തിലായവർക്കും തങ്ങൾമാരുടെ നേതൃത്വത്തിൽ ആവശ്യമായ ഭക്ഷണം എത്തിച്ചു നൽകി.

രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട പ്രത്യേക, സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നതിനാൽ, സർക്കാർ നിർദ്ദേശം കണക്കിലെടുത്താണ് പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ പൊതുജന സമ്പർക്കം ഒരു അറിയിപ്പ് ഉണ്ടാകുന്നത്വരെ തങ്ങൾ കുടുംബം നിർത്തിവെച്ചത്. എല്ലാചൊവ്വാഴ്ചകളിലും പൊതുജനങ്ങൾക്ക് തങ്ങൾമാരെ കാണാൻ അനുവദിക്കുന്ന ദിവസമാണ്.
ഇതിനിടയിൽ ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോൺഫറൻസും നടന്നിരുന്നു.

ഫരാജ്യം ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോൺഫറൻസ് അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ തന്നെ സാധ്യമായ മാർണ്മങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരുന്നു.

അതേ സമയം കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ പള്ളികളിലെ ബാങ്ക് വിളി പോലും നിരോധിച്ച് കേന്ദ്രഭരണ പ്രദേശമായ ആന്തമാൻ നിക്കോബർ ദ്വീപിൽ, ദ്വീപ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് മുനവ്വറലി തങ്ങളുടെ ഇടപെടൽ മൂലം പിൻവലിച്ചിരുന്നു. നോമ്പ് ഒന്നു മുതൽ പള്ളികളിൽ ബാങ്ക് വിളിക്കുവാൻ പാടില്ലെന്നായിരുന്നു നിർദ്ദേശം.എന്നാൽ മാധ്യമങ്ങളിൽ നിന്ന് വിവരമറിഞ്ഞ മുനവ്വർ അലി ശിഹാബ് തങ്ങൾ ആന്തമാനിലെ കോൺഗ്രസ് എംപിയെ വിഷയം ധരിപ്പിക്കാനായി എ.ഐ.സി.സി. ജന. സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.യോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം എംപിയും ആന്തമാൻ പി.സി.സി. പ്രസിഡന്റുമായ കുൽദീപ് റായ് ശർമ്മയുമായി കാര്യങ്ങൾ ചർച്ച ചെയ്ത് അടിയന്തിര നടപടി ആവശ്യപ്പെട്ടു. തുടർന്ന് കുൽദീപ് റായ് ശർമ്മ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയായച്ച് ബാങ്ക് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു.ശക്തമായ നേതൃ സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇശാ നമസ്‌കാരത്തിന്റെ ബാങ്കോടെ ഒരാഴ്ചയോളം നീണ്ട വിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. കൊവിഡ്19 ന്റെ മറവിൽ അധികൃതർ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷ മുസ്ലിംകളെയാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. ലോകത്ത് ഒരിടത്തും കൊവിഡ് പ്രതിരോധത്തിനായി പള്ളികളിലെ ബാങ്ക് നിരോധിച്ചിട്ടില്ലെന്നും ദ്വീപ് നിവാസികൾ പറയുന്നു.

മാർച്ച് മാസം 24 ന് ഡൽഹിയിൽ നിന്നെത്തിയ 11 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റിൽ 11 പേരും രോഗ വിമുക്തരവുകയായിരുന്നു. പിന്നീട് ബാംബൂ ഫൽറ്റ് വില്ലേജിലെ പൊലിസുകാരനിൽ നിന്നു 22 പേർക്ക് ഗ്രാമത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ പള്ളി ജീവനക്കാരും ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പള്ളി ഇമാമിനെ ഫോണിൽ വിളിച്ച കാരണത്താൽ എട്ട് പേരെ അധികൃതർ ഹോം ക്വാറന്റൈൻ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്. കൊവിഡ് ബാധിതരുമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുനഃസ്ഥാപിക്കാനുമുള്ള ദ്വീപ് വാസികളുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവർണറും ഡി.സിയും എസ്.ഡി.എമ്മും തഹസിൽദാറും പൊലിസ് മേലധികാരികളുമുൾപ്പെടെയുള്ള അധികൃതരാരും നേരത്തെ വിഷയത്തിൽ ഇടപെടാത്തതാണ് വിഷയം ഇത്രമേൽ വഷളാകാൻ ഇടയാക്കിയത്. കേരളത്തിൽ നിന്നുള്ള നിരവധി പേരാണ് ആന്തമാനിലെ പള്ളികളിൽ ജോലി ചെയ്യുന്നത്.

കോവിഡ്19 പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശനങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചതും ലോക്ഡൗണിനിടയിലാണ്. ഗൾഫ് മേഖലയിൽ പ്രവാസികൾ നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ പാണക്കാട് ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിനിടെയാണ് തങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചത്. വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപെടൽ നേരിടുകയാണ്.

സർക്കാറും സംസ്ഥാനവും അവരെ കൂട്ടിപിടിക്കണം. ഗൾഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസി മലയാളികൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. അവരെ തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങളിലും സർക്കാറിന്റെ ശക്തമായ ഇടപെടൽ വേണമെന്നും തങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതേ സമയം അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കച്ചവടക്കാരും, തൊഴിലാളികളും, വിദ്യാർത്ഥികളുമായി വിവിധ ആവശ്യങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ പോയി അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ, ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ, കുടുങ്ങി കിടക്കുകയാണ് ഇവർ. ഈ ലോക് ഡൗൺ കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ചില സന്നദ്ധ സംഘടനകളുടെയും അയൽവാസികളുടെയും സുഹൃത്തുക്കളുടേയും കരുണയിൽ ദിവസങ്ങൾ തള്ളി നീക്കുകയാണവരെന്നും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP