Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലപ്പാടിയിൽ നിന്നും മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് പൊക്കി; ആംബുലൻസിൽ നിന്നും പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ; ദൃശ്യങ്ങളിലേക്ക് നോക്കി വിളിച്ചു പറയുന്നത് ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻപരാഗ് എന്നും; ആംബുലൻസിൽ പാന്മസാല വന്നതിനു പിന്നിൽ ചതിയെന്ന് ശിഹാബ് തങ്ങൾ റിലീഫ് സെൽ; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി; ശിഹാബ് തങ്ങൾ ആംബുലൻസിൽ പാന്മസാല പിടിച്ചതിൽ കണ്ണൂരിൽ രാഷ്ട്രീയ വിവാദം

തലപ്പാടിയിൽ നിന്നും മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് പൊക്കി; ആംബുലൻസിൽ നിന്നും പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ; ദൃശ്യങ്ങളിലേക്ക് നോക്കി വിളിച്ചു പറയുന്നത് ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻപരാഗ് എന്നും; ആംബുലൻസിൽ പാന്മസാല വന്നതിനു പിന്നിൽ ചതിയെന്ന് ശിഹാബ് തങ്ങൾ റിലീഫ് സെൽ; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി; ശിഹാബ് തങ്ങൾ ആംബുലൻസിൽ പാന്മസാല പിടിച്ചതിൽ കണ്ണൂരിൽ രാഷ്ട്രീയ വിവാദം

എം മനോജ് കുമാർ

കണ്ണൂർ: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്ന് പാന്മസാല പാക്കറ്റുകൾ പിടിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. ആംബുലൻസിൽ നിന്നും പൊലീസ് പാന്മസാല പിടിച്ച രീതിയും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനും അത് വാർത്തയാക്കാൻ കാണിച്ച ഉത്സാഹവും സംശയാസ്പദമായി തന്നെ നിൽക്കുകയാണ്. കൊറോണ കാലത്ത് മുഴുവൻ സമയം ചാരിറ്റിപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം ഇതിനു പിന്നിലുണ്ട് എന്നുള്ള ആരോപണവും പാന്മസാല പിടിച്ച സംഭവത്തെ വിവാദമാക്കി തന്നെ നിർത്തുകയാണ്. 90 പാന്മസാല പാക്കറ്റുകളാണ് ആംബുലൻസിൽ നിന്നും പിടിച്ചത്. മുസ്ലിം ലീഗ് നടത്തുന്ന മെഡി ചെയിൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ലീഗ് ആംബുലൻസുകൾ മരുന്നുകൾ സ്വീകരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. അങ്ങിനെ തലപ്പാടി നിന്നും സ്വീകരിച്ച മരുന്ന് പാക്കറ്റിനുള്ളിലാണ് പാന്മസാല പാക്കറ്റുകൾ കണ്ടതും കുമ്പള പൊലീസ് അത് പിടിച്ചെടുക്കുകയും ചെയ്തത്.

ശിഹാബ് തങ്ങളുടെ പേരിൽ ചാരിറ്റി നടത്തുന്ന ആംബുലൻസിൽ പാന്മസാല കടത്തേണ്ട ആവശ്യമില്ല. കൊറോണ കാലത്ത് നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നത് തകർക്കാനുള്ള രാഷ്ട്രീയ നീക്കമാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരോപിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ സെക്രട്ടറി ശുഹൈബ് കൊതേരി ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാന്മസാല പിടികൂടിയതിനെ തുടർന്നു ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പാന്മസാല പാക്കറ്റുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പൊലീസ് ആംബുലൻസ് വിട്ടു നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന മണക്കുന്നുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. ലീഗ് ഇത്തരം കാര്യങ്ങൾ ചെയ്യുന്ന പാർട്ടിയില്ല. മെഡി ചെയിൻ പദ്ധതി ലീഗ് നടത്തുന്നുണ്ട്. മരുന്നുകളുടെ കൈമാറ്റമാണ് ഇത്. ഇതിന്നിടയിൽ പാന്മസാല കടത്തിന് ലീഗ് നേതാക്കളോ അണികളോ ചാരിറ്റി പ്രവർത്തകരോ ഒരിക്കലും മുതിരില്ല. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കരീം ചേലേരി മറുനാടനോട് പറഞ്ഞു. ഇത് ലീഗിനെ ചെളിവാരിയെറിയാനുള്ള നീക്കം തന്നെയാണ്-കരിം പറയുന്നു.

മംഗളൂരുവിൽ നിന്നുള്ള രോഗിയെ എത്തിക്കാൻ തലപ്പാടിയിലെക്ക് തിരിച്ച ആംബുലൻസിന്റെ മടങ്ങിവരവിലാണ് കുമ്പള പൊലീസ് പാൻ മസാല പാക്കറ്റ് പിടിച്ചത്. ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് ആവശ്യപ്പെട്ടപ്രകാരം തലപ്പാടി നിന്ന് സ്വീകരിച്ച മരുന്ന് പൊതിയുടെ ഉള്ളിലാണ് പാൻ മസാല പാക്കറ്റുകൾ കാണപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ആംബുലൻസിൽ നിന്നും പാന്മസാല പാക്കറ്റുകൾ പിടിച്ചത്. ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് പറഞ്ഞ മരുന്ന് പൊതിയാണ് ഇത്. ഇതിൽ എന്താണ് എന്ന് ആംബുലൻസ് ഡ്രൈവർക്ക് അറിയില്ല. പൊലീസിന് കൃത്യമായ വിവരം കിട്ടുകയും പൊലീസ് ആംബുലൻസ് പിടികൂടുകയും ചെയ്തു. ഇത് ആസൂത്രിതമായി നടന്ന ചതിയാണെന്നാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരോപിക്കുന്നത്. മരുന്നുകൾ വാങ്ങുകയും ഇത് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട രോഗികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഈ ഘട്ടത്തിൽ കുറച്ച് പാന്മസാല പാക്കറ്റുകൾ കടത്തേണ്ട എന്ത് കാര്യമുണ്ടെന്നാണ് റിലീഫ് സെല്ലിന്റെ ചോദ്യം. ലീഗിന്റെ ആത്മീയ നേതാക്കൾ പരമപ്രധാനമായ സ്ഥാനമുള്ള നേതാവാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. തങ്ങളുടെ പേരിൽ ഓടുന്ന ആംബുലൻസ് ലഹരിമരുന്ന് കടത്തിന് ഉപയോഗിക്കുന്ന പ്രശ്‌നവും ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ടീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. റിലീഫ് സെൽ വിരൽ ചൂണ്ടുന്നു.

തലപ്പാടിയിൽ നിന്ന് രോഗിയെ എത്തിക്കാൻ കണ്ണൂരിൽ നിന്ന് തിരിച്ച ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്നുമാണ് കുമ്പള പൊലീസ് പാന്മസാല പാക്കറ്റുകൾ പിടിച്ചത്. മെഡി ചെയിൻ പദ്ധതിയുടെ ഭാഗമായി ഈ ആംബുലൻസ് ഓടുന്നുണ്ട്. മരുന്ന് സ്വീകരിക്കുകയും മറ്റുള്ള ഇടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലിംലീഗ് പദ്ധതിയാണ് മെഡി ചെയിൻ. പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചിരിക്കെ മരുന്ന് എത്തിക്കാനുള്ള പദ്ധതിയാണിത്. ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പിൽ തലപ്പാടിക്ക് പോകുന്ന കാര്യം ആംബുലൻസ് ഡ്രൈവർ മുസദ്ദിക് പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് തലപ്പാടിനിന്ന് മരുന്ന് എത്തിക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയത്. ഈ പൊതിയാണ് രോഗികളെ കയറ്റുന്ന കൂട്ടത്തിൽ ഡ്രൈവർ സ്വീകരിച്ച് മുൻ സീറ്റിൽ തന്നെ വെച്ചത്. എന്താണ് പൊതിക്കുള്ളിൽ എന്നറിയാത്തതിനാൽ ഡ്രൈവർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പക്ഷെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഇതിൽ പാന്മസാല പാക്കറ്റുകളായിരുന്നു. തുടർന്നു ആംബുലൻസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ പൊലീസ് ഡ്രൈവറുടെ പേരിൽ പാന്മസാല കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്നും പാന്മസാല പിടിച്ച സംഭവത്തിനു പിന്നിൽ ചതി മണക്കുന്നുണ്ട് എന്നാണ് സെൽ ഭാരവാഹികൾ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ ഡിജിപിക്ക് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പരാതി നൽകിയത്. ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഇതിനു പിന്നിലുണ്ട്. ചതിയാണിത്-റിലീഫ് സെൽ ജനറൽ സെക്രട്ടറിയും എംഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ശുഹൈബ് കൊതേരി മറുനാടനോട് പറഞ്ഞു.

ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ പാന്മസാല കടത്തി എന്ന നിഗമനത്തിൽ കുമ്പള പൊലീസ് ഉറച്ചു നിൽക്കുകയാണ്. പരിശോധിച്ചപ്പോൾ പാന്മസാല പാക്കറ്റുകൾ കണ്ടെത്തി. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു ഇതിൽ പങ്കുണ്ട് എന്ന് പറയുന്നില്ല. പക്ഷെ ഡ്രൈവർക്ക് പങ്കുണ്ട്. പാന്മസാല ഉത്പ്പന്നങ്ങൾ കടത്തിയതിന്റെ പേരിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്-കുമ്പള എസ്‌ഐ സന്തോഷ്‌കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടിട്ടുണ്ട്. പക്ഷെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്-എസ് ഐപറയുന്നു.

വീഡിയോയിൽ കാണുന്നത്

പൊലീസ് ആംബുലൻസിൽ നിന്നും പാന്മസാല പിടിക്കുന്നു. ആംബുലൻസ് ഡ്രൈവർ പൊലീസിനോട് പറയുന്നു. എനിക്ക് ഇത് തന്നത് വേറെ ആളാണ്. ഹാരിസ് എന്താണ് എനിക്ക് തന്നത്. മെഡിസിൻ എന്ന് പറഞ്ഞു തന്നത് പാൻ പരാഗ് കെട്ടാണ്. നിങ്ങൾ... ഒരു മാതിരി സ്വഭാവം കാണിക്കരുത്. ഇതിൽ ഹാൻസ് ആണുള്ളത്. ഇതെല്ലാം നമ്മൾ ഉപയോഗിക്കുന്ന സാധനമാണോ? നിങ്ങൾ സെക്രട്ടറി ആയതുകൊണ്ടാണ് നിങ്ങളുടെ വാക്ക് കെട്ടാണ് ഞാൻ സാധനം സ്വീകരിച്ചത്.

പൊലീസ്: ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻ പരാഗ്.

ഡ്രൈവർ: എന്റെ ഉമ്മാണ് സത്യം ഞാൻ അറിയില്ല...ഞാൻ അറിയാത്ത കാര്യമാണിത്...


ഓഡിയോയിൽ കുമ്പള എസ്‌ഐയുമായി ഒരാൾ നടത്തുന്ന സംഭാഷണം:

പൊലീസ്: അത് പാന്മസാല പിടിച്ച സംഭവമാണ്. രഹസ്യവിവരം കിട്ടിയതിനാൽ പരിശോധിച്ചതാണ്. അത് കടത്തിയത് തന്നെയാണ്. അതിൽ സംശയമില്ല.

അത് ട്രാപ്പ്ഡ് ആണെന്ന് പറയുന്നുണ്ടല്ലോ?

പൊലീസ്: അത് വെറുതെ പറയുന്നതാണ്. ശിഹാബ് തങ്ങളുടെ ഫോട്ടോയൊക്കെ ഉള്ളതുകൊണ്ട് പറയുന്നതാണ്.

അതിൽ രോഗികൾ ഉണ്ടായിരുന്നോ?

മട്ടന്നൂർ സ്വദേശികളായ രോഗികൾ ഉണ്ട്. അവരെ വേറെ വാഹനത്തിൽ കയറ്റി വിട്ടു.

ആംബുലൻസ് ഡ്രൈവർ അറസ്റ്റിലാണോ?

പൊലീസ്; അതെ. ആംബുലൻസ് ഡ്രൈവർ അറിഞ്ഞു കൊണ്ട് ചെയ്തതാണ്. ഞാൻ പാക്കറ്റ് പൊട്ടിക്കുന്ന സമയത്ത് അയാൾ ഫോണെടുത്ത് ചോദിക്കുകയാണ്. നീ എന്ത് സാധനമാണ് തന്നത് എന്ന്? തുറന്നു നോക്കിയാൽ അല്ലേ അതിൽ എന്താണ് എന്ന് അറിയുകയുള്ളൂ. അതിനു മുൻപ് എങ്ങനെ അറിഞ്ഞു?

അത് ഒരു ഡ്രാമ തന്നെയാണ് അല്ലേ.

അതേ. ഡ്രൈവർക്ക് എല്ലാം കൃത്യമായി അറിയാം.

മരുന്നിനുള്ളിൽ പാന്മസാല ഒളിപ്പിച്ചവരെ കണ്ടെത്തണം: ശുഹൈബ് കൊതേരി

ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു പണി നൽകിയതാണ്. ഞങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനം സിപിഎമ്മിന് അലോസരമുണ്ടാക്കുന്നുണ്ട്. ഞങ്ങളെ ചെളിവാരിയെറിയാനുള്ള നീക്കമാണ് നടന്നത്. ആംബുലൻസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഹാരിസ് ആണ് തലപ്പാടി നിന്ന് മരുന്ന് വാങ്ങി കണ്ണൂർ എത്തിക്കാൻ പറഞ്ഞത്. തലപ്പാടിക്ക് പോകുന്നു എന്ന് അറിഞ്ഞത്‌കൊണ്ടാണ് ഇത് പറഞ്ഞത്. ഞങ്ങൾ ലീഗിന്റെ മെഡി ചെയിനിന്റെ ഭാഗമായി മരുന്ന് വിതരണം ചെയ്യുന്നുണ്ട്. അതിനാലാണ് മരുന്ന് സ്വീകരിച്ചത്. റിയാസ് ഉപ്പള മരുന്ന് തരും. അത് കണ്ണൂരിൽ എത്തിക്കണം എന്നാണ് ഹാരിസ് പറഞ്ഞത്. ആംബുലൻസ് ഡ്രൈവർ ഈ മരുന്നാണ് സ്വീകരിച്ചത്. പത്തു രൂപയുടെ തൊണ്ണൂറു പാക്കറ്റുകൾ പാൻ മസാല ആണ് മരുന്ന് കവർ എന്ന പേരിൽ ഇതിലുണ്ടായിരുന്നത്. അതാകെ 900 രൂപയുടെ പാക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. 900 രൂപയുടെ പാന്മസാല ആണോ കടത്തുക. ഡ്രൈവർ അത് വെച്ചത് മുന്നിലും. രഹസ്യ അറകളിൽ വച്ചാണ് ഇത്തരം സാധനങ്ങൾ കടത്തുന്നവർ അതിനുള്ള ഒരുക്കങ്ങൾ ചെയ്യുക. മരുന്ന് കവർ കാറിന്റെ മുന്നിൽ തന്നെ വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി സ്വന്തം ഉപയോഗത്തിനു കൊണ്ട് വന്നത് എന്ന് വെക്കുകയാണെങ്കിൽ തന്നെ ഡ്രൈവർ സിഗരറ്റ് വലിക്കുകയോ പാൻ ഉപയോഗിക്കുകയോ ചെയ്യുന്നയാളല്ല. ചാരിറ്റിയെ മനസുകൊണ്ട് സ്വീകരിച്ച ഡ്രൈവർ ആണിത്. പണം നോക്കിയല്ല ഇയാൾ പോയത്.

മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ളവരെ കൊണ്ടുവരാനാണ് ആംബുലൻസ് പോയത് തന്നെ. ഉറക്കമില്ലാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ കൂടിയാണിത്. പണം മോഹിച്ച് ഡ്രൈവർ ജോലി ഏറ്റെടുത്ത ആളുമല്ല. മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് ആംബുലൻസ് പൊക്കി. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. ഇത് ശിഹാബ് തങ്ങളുടെ പേരിലുള്ള വണ്ടിയാ പാൻ പരാഗ് കടത്തുന്നത് കണ്ടോ എന്നാണ് പൊലീസ് വീഡിയോയിൽ പറയുന്നത്. ഇതിൽ മരുന്നുകൾ മാത്രമാണ് എന്ന് ഡ്രൈവർ പറയുന്നുണ്ട്. പക്ഷെ ലഹരിവസ്തുക്കൾ ഉണ്ട് എന്ന മട്ടിൽ തന്നെയാണ് പരിശോധന നടന്നത്. മാധ്യമങ്ങൾകൂടി പൊലീസിന് ഒപ്പമുണ്ടായിരുന്നു. പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും അത് വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾകൊണ്ട് കഴിഞ്ഞു. ആംബുലൻസ് പിടിക്കുമ്പോൾ അതിനു പിന്നിൽ പൊലീസ് ഒരു ആംബുലൻസ് കൂടി റെഡിയാക്കി നിർത്തിയിരുന്നു. ഇതിലുള്ള രോഗികളെ ആ ആംബുലൻസിലേക്ക് ആണ് മാറ്റിയത്. ഒരു ആംബുലൻസ് വിളിക്കാൻ സമയം വേണ്ടെ? അതിനുള്ള സമയം പോലും പൊലീസ് എടുത്തില്ല. മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകമാണ് അവിടെ നടന്നത്.

ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു ഉപ്പളയിലും ആംബുലൻസ് ഉണ്ട്. ആ ആംബുലൻസിനു നൽകിയ പണി ലക്ഷ്യം തെറ്റി ഞങ്ങളുടെ മേൽ പതിച്ചതാണ്. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങളെ മോശമാക്കാൻ സിപിഎം നടത്തിയ ശ്രമമാണിത്. ഞങ്ങൾ പാന്മസാല കടത്തി എന്ന് ആരും വിശ്വസിക്കുന്നില്ല. എന്തായാലും പാന്മസാല പിടുത്തം പൊലീസ് അന്വേഷിക്കട്ടെ. ആദ്യമായാണ് ആംബുലൻസ് തലപ്പാടി പോകുന്നത്. പാന്മസാല കടത്തുന്നത് ആണ് ലക്ഷ്യം എങ്കിൽ ഇടയ്ക്കിടെ അവിടെ പോയി വരേണ്ടതല്ലേ. ഡിജിപി പരാതി നൽകിയപ്പോൾ ഉടൻ തന്നെ വണ്ടിയും ഡ്രൈവറെയും വിട്ടു തന്നു-ശുഹൈബ് പറയുന്നു.

മരുന്ന് വാങ്ങാൻ നിർദ്ദേശം നൽകിയ ഹാരിസ് പറയുന്നത് ഇങ്ങനെ:

ഞാൻ ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ്. ഞാൻ സിപിഎമ്മുകാരനല്ല, കോൺഗ്രസുകാരനാണ്. ഞാൻ ഒരു കുഴപ്പവും കാണിച്ചിട്ടില്ല. ഞാൻ അറസ്റ്റിലാണ് എന്ന് വരെ വാർത്ത വന്നിട്ടുണ്ട്. ഞാൻ അറസ്റ്റിലല്ല വീട്ടിലുണ്ട്. ഞാൻ രാഷ്ട്രീയം കളിക്കാറില്ല. ഒരു പോസ്റ്റും നടത്താറുമില്ല. ആളുകൾ കുഴഞ്ഞു വീണാൽ ആശുപത്രിയിൽ എത്തിക്കുന്ന ജോലിയാണ് ഞങ്ങളുടെത്. അതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കാൻ കഴിയുകയുമില്ല. ഇന്നലെ മുതൽ എനിക്ക് വളരെയേറെ വിഷമമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മരുന്ന് പ്രശ്‌നത്തിൽ മുസദ്ദിക്, റിയാസ് ഉപ്പള, ഹാരിസ് അതായത് ഞാൻ എല്ലാവരും നിരപരാധികളാണ്. ഇതിനു പിന്നിൽ ശരിയായ കളിക്കാരുണ്ട്. അതാരാണ് എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങൾ ഒരുങ്ങി തന്നെ പുറപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പിന്തുണ കൂടി വേണം-വീഡിയോയിൽ ഹാരിസ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP