Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉടമസ്ഥാവകാശത്തെ ചൊല്ലി ദേവസ്വം ബോർഡും വനം വകുപ്പും ഒരു വർഷം തർക്കിച്ചു കൊണ്ടിരുന്നു; എങ്കിൽ രണ്ട് കൂട്ടരും എടുക്കേണ്ടെന്ന് തീരുമാനിച്ച് പ്രകൃതി; പ്രളയകാലത്ത് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വില വരുന്ന മണൽ ഒഴുകി പോയി; പമ്പയിൽ മഴ തിമിർത്ത് പെയ്തതോടെ രണ്ട് കൂട്ടരേയും വിഡ്ഢികളാക്കി മണൽ അതിന്റെ വഴിക്ക് പോയി; സർക്കാരിന്റെ പിടിപ്പുകേടിന് മറ്റൊരു ഉദാഹരണം കൂടിയായത് ഇങ്ങനെ

ഉടമസ്ഥാവകാശത്തെ ചൊല്ലി ദേവസ്വം ബോർഡും വനം വകുപ്പും ഒരു വർഷം തർക്കിച്ചു കൊണ്ടിരുന്നു; എങ്കിൽ രണ്ട് കൂട്ടരും എടുക്കേണ്ടെന്ന് തീരുമാനിച്ച് പ്രകൃതി; പ്രളയകാലത്ത് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വില വരുന്ന മണൽ ഒഴുകി പോയി; പമ്പയിൽ മഴ തിമിർത്ത് പെയ്തതോടെ രണ്ട് കൂട്ടരേയും വിഡ്ഢികളാക്കി മണൽ അതിന്റെ വഴിക്ക് പോയി; സർക്കാരിന്റെ പിടിപ്പുകേടിന് മറ്റൊരു ഉദാഹരണം കൂടിയായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ഒടുവിൽ ഒഴുകിയെത്തിയ ഭാഗ്യവും 'ദൈവം' എടുത്തു. പമ്പാനദിയിൽ ശേഖരിച്ചിട്ട മണൽ എടുക്കുന്നതിനെ ചൊല്ലി വനം വകുപ്പും ദേവസ്വം ബോർഡും തമ്മിലെ തർക്കത്തിന് ഇനി പ്രസക്തിയില്ല. ഈ മണൽ എല്ലാം പമ്പ തന്നെ തിരിച്ചെടുത്തു. മന്ത്രിമാർ ഇടപെട്ടിട്ടും തീരാത്ത മണൽ തർക്കത്തിനു വിരാമമിട്ട് ലക്ഷക്കണക്കിനു രൂപയുടെ മണൽ പമ്പാനദിയിൽ ഒലിച്ചു പോയി. കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് മണൽ ഒഴുകിപ്പോയത്. മഴ വന്നാൽ മണൽ പോകുമെന്ന് ഏവർക്കും അറിയാമായിരുന്നു. എന്നിട്ടും രണ്ട് കൂട്ടരും തർക്കിച്ചു കൊണ്ടിരുന്നു. ്അവസാനം പ്രകൃതിക്ക് തന്നെ എല്ലാം മടുത്തു. അങ്ങനെ തർക്കവും തീർന്നു.

കഴിഞ്ഞ പ്രളയത്തിലാണ് പമ്പാ ത്രിവേണിയിൽ മണൽ ഒഴുകി എത്തിയത്. തീർത്ഥാടനത്തിനായി ഇവ നീക്കം ചെയ്ത് ത്രിവേണിക്കും ചെറിയാനവട്ടത്തിനും മധ്യേ നദിയുടെ പലഭാഗത്തായി കൂട്ടിയിട്ടു. കുറച്ചു മണൽ ചക്കുപാലം പാർക്കിങ് ഗ്രൗണ്ടിലും നിക്ഷേപിച്ചു. ശബരിമല വികസന പ്രവർത്തനങ്ങൾക്കായി ഇതിൽ 20,000 ഘനഅടി മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവ് ഇറക്കി. പമ്പാനദിയിൽ നിന്നു ദേവസ്വം ബോർഡ് മണൽ ശേഖരിച്ചു തുടങ്ങിയപ്പോൾ വനംവകുപ്പ് തടസവുമായി എത്തി. ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ എടുത്താൽ മതിയെന്ന് വനം വകുപ്പും ചെളി നിറഞ്ഞത് ആയതിനാൽ അതുവേണ്ടന്ന് ദേവസ്വം ബോർഡും നിലപാട് സ്വീകരിച്ചു. ഇതോടെ തർക്കം പുതിയ തലത്തിലെത്തി.

ഇതേ തുടർന്നു വനം, ദേവസ്വം മന്ത്രിമാർ ഇടപെട്ട് യോഗം വിളിച്ചു. പമ്പാനദിയിൽ എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോർഡിന് മണൽ സംഭരിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. പക്ഷേ വനം വകുപ്പ് പാസ് നൽകാഞ്ഞതിനാൽ സംഭരണം നടന്നില്ല. മഴയും വെള്ളപ്പൊക്കവും ഉണ്ടായാൽ മണൽ ഒലിച്ചുപോകുമെന്ന മുന്നറിയിപ്പും അവഗണിച്ചു. ശക്തമായ മഴയിൽ പമ്പ, കക്കി, ഞുണങ്ങാർ എന്നീ നദികളിലെ ജലനിരപ്പ് ഉയരുകയും മണൽ ഒലിച്ചുപോകുകയും ചെയ്തു. ഇനിയും വളരെ കുറച്ച് മണൽ മാത്രമേയുള്ളു. രണ്ടു ദിവസം കൂടി ജില്ലയിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ബാക്കിയുള്ളതും നഷ്ടമാകും. കനത്ത മഴയിൽ ഇപ്പോഴുള്ള മണ്ണ് മാറ്റുക അസാധ്യമാണെന്നതാണ് ഇതിന് കാരണം. അങ്ങനെ പമ്പ കൊണ്ടിട്ടത് പമ്പ തന്നെ കൊണ്ടു പോവുകയാണ്.

പമ്പയിൽ ജലനിരപ്പ് ഉയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി. ശബരിമലയിലും കനത്ത മഴയാണ്. രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പമ്പ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. ഇടുക്കിയിൽ ശനിയാഴ്ചയും റെഡ് അലർട്ട് തുടരും. വടക്കൻ ജില്ലകളിലും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ പമ്പ മുഴുവനായും മുങ്ങിപ്പോയിരുന്നു. പ്രളയത്തിന് ശേഷമുള്ള പമ്പയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ നദിയിലേക്ക് ഇറക്കുന്നില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ നടപ്പന്തലിലേക്ക് ഉൾപ്പടെ വെള്ളം കയറും.

നീരൊഴുക്കിനെ തുടർന്ന് മണിയാർ ബാരേജിലെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടതിനാൽ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നദിയുടെ തീരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഹാപ്രളയത്തെത്തുടർന്ന് ദിശമാറി ഒഴുകിയ പമ്പ പുനഃസ്ഥാപിച്ചെങ്കിലും നദിയുടെ ഒരു ഭാഗത്ത് അടിഞ്ഞ മണൽ വീണ്ടും ഒലിച്ചിറങ്ങി. പടിക്കെട്ട് കഴിഞ്ഞ് ഹോട്ടൽ കോംപ്ലക്സ് നിന്ന ഭാഗത്തേക്ക് വെള്ളം കയറി കൊണ്ടിരിക്കുകയാണ്. മഴ തുടർന്നാൽ ഇനി മറുകര കടക്കാൻ ബുദ്ധിമുട്ടാകും.

പമ്പയിൽ നിന്ന് നീക്കം ചെയ്ത മണ്ണ് പാർക്കിങ് ഗ്രൗണ്ടിലാണ് നി ക്ഷേപിച്ചിരുന്നത്. ഈ മണലും ഒഴുകി ത്രിവേണി ഭാഗത്ത് വന്ന് നദിയിൽ പതിക്കുകയാണ്. നട തുറന്ന ദിവസം ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ മണൽ നീക്കാൻ തുടങ്ങിയപ്പോൾ സർക്കാർ തീരുമാനത്തിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുമായി എത്തി. ഇതോടെ മരാമത്ത് ഉദ്യോഗസ്ഥർ മണൽനീക്കാനുള്ള നടപടി ഉപേക്ഷിക്കുകയായിരുന്നു.ത്രിവേണി ഭാഗത്ത് വാട്ടർ അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപം മണ്ണടിഞ്ഞതിനെ തുടർന്ന് പമ്പിങ് നിർത്തി വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP