Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേസിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാനും നിരപരാധിയാണെന്നു തെളിയിക്കാനും കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്; സ്വാധീനിക്കാൻ പറ്റുന്ന മിക്കതിനേയും സ്വാധീനിച്ചു; പലരുടെയും കൈകളിലേക്ക് കോടികൾ എത്തിച്ചു; ജാമ്യലംഘനം തുടർച്ചയാക്കിയ ദിലീപിന് ഒന്നിലും പേടിയില്ല; ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായതോടെ കേസ് കൂടുതൽ അട്ടിമറിക്കപ്പെടും എന്നുറപ്പായി! സിനിമാ മംഗളത്തിൽ നിന്ന് പുറത്തായ പല്ലിശ്ശേരി ജനയുഗത്തിൽ ദിലീപിനെതിരെ പുതിയ പോർമുഖം തുറക്കുമ്പോൾ

കേസിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാനും നിരപരാധിയാണെന്നു തെളിയിക്കാനും കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്; സ്വാധീനിക്കാൻ പറ്റുന്ന മിക്കതിനേയും സ്വാധീനിച്ചു; പലരുടെയും കൈകളിലേക്ക് കോടികൾ എത്തിച്ചു; ജാമ്യലംഘനം തുടർച്ചയാക്കിയ ദിലീപിന് ഒന്നിലും പേടിയില്ല; ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായതോടെ കേസ് കൂടുതൽ അട്ടിമറിക്കപ്പെടും എന്നുറപ്പായി! സിനിമാ മംഗളത്തിൽ നിന്ന് പുറത്തായ പല്ലിശ്ശേരി ജനയുഗത്തിൽ ദിലീപിനെതിരെ പുതിയ പോർമുഖം തുറക്കുമ്പോൾ

എം ബേബി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അതിന് മുമ്പും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. സിനിമാ മംഗളം വാരികയിലെ കോളത്തിലൂടെ അത്രയേറെ ദിലീപിനെതിരെ അദ്ദേഹം ആക്ഷേപങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. മഞ്ജു വാര്യരും ദിലീപും അകലാൻ കാരണം പോലും പല്ലിശ്ശേരിയുടെ റിപ്പോർട്ടുകളാണെന്ന് ദിലീപ് കരുതിയിരുന്നു. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട സിനിമാ മംഗളത്തിൽ തുടരെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും ദിലീപിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഒടുവിൽ ദിലീപ് നടത്തിയ ശക്തമായ ഇടപെടലുകളിലൂടെ പല്ലിശ്ശേരി മംഗളത്തിൽ നിന്ന് പുറത്തുപോവുകയായിരുന്നു. സിനിമാ മംഗളത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ പല്ലിശ്ശേരി വെറുതെ ഇരിക്കുന്നില്ല. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലൂടെ ദിലീപിനെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് പല്ലിശ്ശേരി.

അക്രമിക്കപ്പെട്ട നടിയെയോ സാക്ഷികളേയോ സ്വാധീനിക്കരുത്, പാസ്പോർട്ട് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിക്കണം, കേസ് നടപടികളുമായി സഹകരിക്കണം, അന്തിമ റിപ്പോർട്ട് നൽകുന്നതിനിടെ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുത്, വാക്കായോ മാധ്യമങ്ങളിലൂടെയോ സ്വാധീന, ഭീഷണി ശ്രമങ്ങൾ പാടില്ല തുടങ്ങിയ ജാമ്യ വ്യവസ്ഥകളോടെയാണ് ദിലീപ് പുറത്ത് വന്നതെന്ന് പല്ലിശ്ശേരി ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്ന ദിലീപിനെ ഒരു സംഘം സ്വീകരിച്ചത് പാലഭിഷേകവും പുഷ്പാഭിഷേകവും നടത്തിയാണ്. മണിക്കൂറുകളോളം ആലുവയിൽ ഗതാഗത തടസമുണ്ടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് ജാമ്യലംഘനത്തിന് തുടക്കമിട്ടത്.

തുടർന്ന് പുറത്ത് വന്ന ദിലീപ് കേസിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാനും താൻ നിരപരാധിയാണെന്ന് തെളിയിക്കാനും വേണ്ടി കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. സ്വാധീനിക്കാൻ പറ്റുന്ന മിക്കതിനെയും സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികൾ എത്തിച്ചിട്ടുണ്ട്. ജാമ്യലംഘനം തുടർച്ചയാക്കി മാറ്റിയ ദിലീപിന് ഒന്നിലും പേടിയില്ല. എന്തു വിലകൊടുത്തും രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതിനായി എത്ര കോടികൾ ചെലവഴിക്കാനും ദിലീപിന് മടിയില്ല. പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്ത് വശത്താക്കേണ്ടവരെ അത്തരത്തിലും സ്വീധീനിച്ചു കഴിഞ്ഞുവെന്നും പല്ലിശ്ശേരി പറയുന്നു.

സി പി എം നേതാവായ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ സിനിമയിൽ നായകനായതോടെയാണ് കേസ് കൂടുതൽ അട്ടിമറിക്കപ്പെടുമെന്ന സംശയം ജനിച്ചതെന്നും പല്ലിശ്ശേരി പറയുന്നു. ജനയുഗത്തിലൂടെയുള്ള ഈ പ്രസ്താവനക്കെതിരെ സി പി എം പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണൻ സി പി എം നേതാവല്ല എന്നവർ പറയുന്നു. സി പി എമ്മിനോട് അനുഭാവമുള്ള ഒരു കലാകാരൻ മാത്രമാണ് അദ്ദേഹം. ഇനി പല്ലിശ്ശേരി പറയുന്നത് പോലെ സി പി എം നേതാവാണെങ്കിൽ തന്നെ സി പി എം നേതാവിന്റെ സിനിമയിൽ അഭിനയിച്ചാൽ കേസ് എങ്ങിനെ അട്ടിമറിക്കപ്പെടും എന്നാണ് അവരുടെ ചോദ്യം. സി പി എം നേതാവിന്റെ സിനിമയിൽ അഭിനയിച്ചാൽ കേസ് അട്ടിമറിക്കാൻ സി പി എം ഇടപെടുമെന്നാണോ പല്ലിശ്ശേരി പറയുന്നതെന്നും ഇവർ ചോദിക്കുന്നു.

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുവന്ന പല്ലിശ്ശേരിക്കെതിരെ നേരത്തെ ദിലീപ് രംഗത്ത് വന്നിരുന്നു. വർഷങ്ങളായി തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളാണ് പല്ലിശ്ശേരി. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സമയത്ത് മുകേഷേട്ടൻ പറഞ്ഞ കഥകളിലൂടെയാണ് എനിക്ക് പല്ലിശ്ശേരി എന്ന ആളെ പരിചയം. അന്ന് തിലകൻ ചേട്ടനെ തല്ലി എന്നൊക്കെ പറഞ്ഞിട്ടുള്ള കഥകളുണ്ടായിരുന്നു. കേട്ട കാര്യങ്ങൾ അത്തരത്തിലുള്ളതായതിനാൽ എന്റെ മനസ്സിൽ ഇയാൾക്ക് ഒരു കോമാളിയുടെ രൂപമാണ്. കണ്ടുമുട്ടിയത് പിന്നീടൊരു സുപ്രഭാതത്തിൽ ഞാൻ പെല്ലിശ്ശേരിയെ നേരിട്ട് കണ്ടു. എനിക്കയാള കണ്ടപ്പോൾ ഒരു കൗതുകമാണ് ആദ്യം തോന്നിയത്. പിന്നീട് പല അവസരത്തിലും ഇയാളെ കണ്ടു. ലൊക്കേഷനിൽ 'ഒരു സ്‌മോൾ' ഉണ്ടാവുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. പൈസ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഇടയ്ക്ക് ലൊക്കേഷനിൽ വരും. നമ്മുടെ അടുത്ത് പൈസയ്ക്ക് ചോദിക്കും. പൈസ കൊടുത്ത് എഴുതിക്കേണ്ട ആവശ്യമില്ലല്ലോ. അതിന് ശേഷമാണ് എന്നെ കുറിച്ച് മോശമായ വാർത്തകൾ എഴുതി തുടങ്ങിയതെന്നായിരുന്നു അന്ന് ദിലീപ് ഒരു മാധ്യമത്തിലൂടെ വ്യക്തമാക്കിയത്.

എന്തിനാണ് ഇങ്ങനെ എഴുതുന്നത് എന്ന് ചോദിച്ചപ്പോൾ നമ്മൾ ചോദിക്കുന്നത് തന്നില്ലെങ്കിൽ ഇങ്ങനെയെക്കെ ഉണ്ടാവും എന്നായിരുന്നു മറുപടിയെന്നും ദിലീപ് പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ കണ്ടത് ഏറ്റവുമൊടുവിൽ ഞങ്ങൾ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, ' എന്റെ മകനെ അസിസ്റ്റന്റ് ഡയറക്ടറാകണം' എന്നാണ്. അതിന് ഞാൻ അവരെ കളിയാക്കി. ഇനി മകൻ സംവിധായകനായാൽ അയാളെ കുറിച്ചും കിടപ്പറ രഹസ്യങ്ങൾ എഴുതി പൈസ വാങ്ങില്ലേ എന്ന് ചോദിച്ചു. അത് പുള്ളിക്ക് വലിയ കുറച്ചിലായി. അതിന് ശേഷം ഒരു അവാർഡ് നൈറ്റിന് വേണ്ടി വിളിച്ചു. എനിക്കതിന് പോകാൻ കഴിഞ്ഞില്ല. അതിന് ശേഷം ശത്രുതയോട് ശത്രുതയാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

പല്ലിശേരിയുടെ ജനയുഗത്തിലെ ലേഖനത്തിന്റെ പൂർണ്ണ രൂപം

കോടികൾ കൊടുത്ത് ദിലീപ് രക്ഷപ്പെടും!
പല്ലിശേരി

കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിലാണ് നടൻ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ വിചാരണ കഴിയുംവരെ ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും തെളിവെടുപ്പും സാക്ഷികളുടെ ചോദ്യംചെയ്യലും പൂർത്തിയായതായി കോടതി നിരീക്ഷിച്ചു.

ഗുരുതരമായ ആരോപണമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായി 85 ദിവസം ജയിലിൽ കിടന്ന ദിലീപിന് നേരെ പ്രോസിക്യൂഷൻ ഉന്നയിച്ചതെങ്കിലും പ്രതിക്ക് ഏതെങ്കിലും തരത്തിൽ ക്രിമിനൽ പശ്ചാത്തലമില്ലെന്നും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളിയല്ലെന്നും ഇരയും സാക്ഷികളും വിചാരണവേളയിൽ കൂറുമാറുമെന്ന് കോടതി കരുതുന്നില്ലെന്നും അതുകൊണ്ട് കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അങ്ങനെ 85-ാമത്തെ ദിവസം ദിലീപ് സ്വതന്ത്രനായി.

ജാമ്യവ്യവസ്ഥകൾ എന്തൊക്കെ?

- ആക്രമിക്കപ്പെട്ട നടിയെയൊ സാക്ഷികളെയൊ സ്വാധീനിക്കരുത്.
- ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും.
- പാസ്പോർട്ട് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിക്കണം.
- അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം.
- കേസ് നടപടികളുമായി സഹകരിക്കണം.
- അന്തിമറിപ്പോർട്ട് നൽകുന്നതിനിടെ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുത്.
- വാക്കായോ, അച്ചടി, ദൃശ്യ, ഇലക്ട്രിക് മാധ്യമങ്ങളിലൂടെയോ സ്വാധീന, ഭീഷണിശ്രമങ്ങൾ പാടില്ല.

കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങൾ

- ദിലീപിന് കാവ്യാമാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിനു ഇരയായ നടി മഞ്ജുവാര്യർക്കു നൽകിയത് വൈരാഗ്യത്തിന് കാരണമായി.
- 'ഹണി ബി ടു' ചിത്രത്തിന്റെ ഗോവയിലെ സെറ്റിൽ വച്ചും നടിയെ ആക്രമിക്കാൻ പദ്ധതി ഇട്ടു.
- 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം നൽകി.
- 2013 ഏപ്രിൽ മാസം താരനിശയുടെ റിഹേഴ്സൽ ക്യാമ്പിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി ദിലീപ് സിനിമാ മേഖലയിലെ സ്വാധീനമുപയോഗിച്ച് നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു.
- ആക്രമിച്ച ദൃശ്യങ്ങൾ പകർത്തി അത് നടിക്കെതിരെ പലതരത്തിലും ഉപയോഗിക്കാൻ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തി.
- നടിയോടുള്ള പ്രതികാരം തീർക്കാൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഡ്രൈവറായി ജോലി ചെയ്തുവന്ന പൾസർ സുനിയെ ദിലീപ് എറണാകുളം എം ജി റോഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ച ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു.
- ഗൂഢാലോചന നടത്താൻ തൃശൂരിൽ ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വച്ച് ദിലീപും പൾസർ സുനിയും വീണ്ടും കൂടിക്കാഴ്ച നടത്തി. അവിടെവച്ച് 10,000 രൂപ നൽകി. തുടർന്ന് പിറ്റേദിവസം ഒരു ലക്ഷം രൂപയും നൽകി.
- തുടർന്ന് തൊടുപുഴയിലെത്തി 30,000 രൂപ കൈപ്പറ്റുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ പണം നെറ്റ് ബാങ്കിങ് വഴി കൈമാറാൻ ഒന്നാംപ്രതി ശ്രമിക്കുകയും ചെയ്തു.
- തോപ്പുംപടി പാലത്തിനു സമീപം, തൃശൂർ പുഴക്കൽ കിണറ്റിങ്കൽ ടെന്നീസ് ക്ലബ്, തൊടുപുഴയിലെ കോളജ് എന്നിവിടങ്ങളിൽ വച്ചും ദിലീപും പൾസർ സുനിയും നേരിൽ കണ്ടു. നടി വിവാഹിതയായി സിനിമാരംഗം വിടാൻ സാധ്യതയുള്ളതിനാൽ ഉടൻ കൃത്യം നടത്തണമെന്ന് ദിലീപ് പൾസർ സുനിയോട് ആവശ്യപ്പെട്ടു.
- ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് കൃത്യം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടി എറണാകുളത്ത് വരുമെന്നറിഞ്ഞ് തമ്മനത്തെ വാടകവീട്ടിലെത്തി പൾസർ സുനിയും കൂട്ടാളികളും ഗൂഢാലോചന നടത്തി പദ്ധതി ആവിഷ്‌കരിച്ചു.
- തൃശൂരിൽ നിന്നും പനമ്പിള്ളി നഗറിലേക്ക് വരികയായിരുന്ന നടിയുടെ വാഹനത്തെ കറുകുറ്റിയിൽ നിന്ന് ടെമ്പോ ട്രാവലറിൽ പിന്തുടർന്ന് അക്രമം നടത്തി.
- 2017 ഫെബ്രുവരി 22ന് പൾസർ സുനിയും കൂട്ടാളിയും കാവ്യാമാധവന്റെ സ്ഥാപനമായ 'ലക്ഷ്യ'യിൽ എത്തി ദിലീപിനെക്കുറിച്ച് അന്വേഷിച്ചു.
- ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ 11-ാം തീയതി അഡ്വ. പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചു. എന്നാൽ പ്രതിഷ് ചാക്കോ രേഖകൾ മനഃപൂർവം കേസിന്റെ തെളിവിലേക്ക് ഹാജരാക്കിയില്ല. സഹപ്രവർത്തകനായ 12-ാം പ്രതി അഡ്വ. രാജു ജോസഫിനെ ഏൽപ്പിച്ചു. ഇയാൾ നാലരമാസത്തോളം മെമ്മറി കാർഡ് ഒളിപ്പിച്ചുവച്ചു. ഇരുവരും ചേർന്ന് തെളിവ് നശിപ്പിച്ചു.

എന്തൊക്കെയാണ് കുറ്റങ്ങൾ?

- ക്രിമിനൽ ഗൂഢാലോചന
- കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ
- അന്യായമായി തടങ്കലിൽ വയ്ക്കൽ
- തട്ടിക്കൊണ്ടുപോകൽ
- സ്ത്രീകൾക്കെതിരായ അക്രമം
- തടങ്കലിൽ വയ്ക്കാനായി ബലാത്സംഗം
- കൂട്ടബലാൽസംഗം
- ഭീഷണിപ്പെടുത്തൽ
- തെളിവ് നശിപ്പിക്കൽ
- കുറ്റവാളിയെ സംരക്ഷിക്കൽ
- പ്രകൃതിവിരുദ്ധ പീഡനം
- ബലമായി തടഞ്ഞുവയ്ക്കൽ
മുഖ്യസാക്ഷിപ്പട്ടികയിൽ മഞ്ജുവാര്യർ
- 650 പേജുള്ള കുറ്റപത്രം
- മുഖ്യസാക്ഷിപ്പട്ടികയിൽ മഞ്ജുവാര്യർ
- 450 രേഖകൾ
- 355 സാക്ഷികൾ
- സിനിമാമേഖലയിൽ നിന്നും 50 സാക്ഷികൾ
- 22 പേരുടെ രഹസ്യമൊഴി
- ദിലീപിനെതിരെ കൂട്ടബലാൽസംഗം തുടങ്ങി 13 കുറ്റകൃത്യങ്ങൾ
- നടിയോടുള്ള വ്യക്തിവൈരാഗ്യത്തിനും ആക്രമണത്തിനും എട്ട് കാരണങ്ങൾ
കുറ്റാരോപിതന് പാലഭിഷേകവും പുഷ്പാഭിഷേകവും
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതനാണ് ദിലീപ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും കോടതി സൂചിപ്പിച്ചിരുന്നു.
ജാമ്യം ലഭിച്ചു പുറത്തുവന്ന ദിലീപിനെ ഒരു സംഘം സ്വീകരിച്ചത് പാലഭിഷേകവും പുഷ്പാഭിഷേകവും നടത്തിയാണ്. മണിക്കൂറുകളോളം ആലുവയിൽ ഗതാഗത തടസമുണ്ടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് ജാമ്യലംഘനത്തിന് തുടക്കമിട്ടത്.

ജാമ്യലംഘനം തുടർച്ചയാക്കി?

ജാമ്യം കിട്ടി പുറത്തുവന്ന ദിലീപ് കേസിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാനും താൻ നിരപരാധിയാണെന്നു തെളിയിക്കാനും വേണ്ടി കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്. അതിനിടയിൽ സ്വാധീനിക്കാൻ പറ്റുന്ന മിക്കതിനേയും സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികൾ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാരംഗത്തെ അടക്കിപ്പിടിച്ച വർത്തമാനം. ജാമ്യലംഘനം തുടർച്ചയാക്കി മാറ്റിയ ദിലീപിന് ഒന്നിലും പേടിയില്ല. എന്തു വിലകൊടുത്തും രക്ഷപ്പെടുന്നതിനുള്ള തീവ്രശ്രമത്തിലാണ്.

രക്ഷപ്പെടാൻ കോടികൾ എത്ര വേണമെങ്കിലും ചെലവഴിക്കാൻ ദിലീപിന് മടിയില്ല. ജാമ്യം കിട്ടി പുറത്തുവന്നതുമുതൽ പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്തു വശത്താക്കേണ്ടവരെ അത്തരത്തിലും സ്വാധീനിച്ചുകഴിഞ്ഞു. എത്രയും വേഗം വിചാരണ തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും വിചാരണ തുടങ്ങാതിരിക്കുന്നതിന് ഓരോരോ കാര്യങ്ങൾ പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനിത്ര ഭയമെന്ന ചോദ്യത്തിന് മറുപടി മാത്രം ഉണ്ടായില്ല.ഇപ്പോൾ രണ്ട് സിനിമയുടെ ചിത്രീകരണത്തിലാണ് ദിലീപ്. അറസ്റ്റിനു മുമ്പ് തുടക്കമിട്ട രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരെണ്ണം. സംവിധായകനും സിപിഎം നേതാവുമായ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് രണ്ടാമത്തേത്. ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായതോടെയാണ് കേസ് കൂടുതൽ അട്ടിമറിക്കപ്പെടും എന്ന സംശയം ജനിച്ചത്.

നടിക്ക് നീതി ലഭിക്കില്ല
എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ മനസിലാകുന്ന ചിത്രം ശോചനീയമാണ്. പണമുണ്ടെങ്കിൽ ആർക്കും ഏത് കേസിൽ നിന്നും സുഖമായി രക്ഷപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP