Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലിയേക്കര ടോൾ പ്ലാസ നടത്തുന്ന ഗുരുവായൂർ ഇൻഫ്രസ്ട്രക്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ടാറിങ് റോഡുകളെ കുരുതിക്കളങ്ങളാക്കുന്നു; മണ്ണുത്തി-ഇടപ്പള്ളി പാതയിൽമാത്രം രണ്ടു മാസത്തിനിടെ നടന്നത് 120 അപകടങ്ങൾ; പഠനം നടത്താതെയും നാറ്റ്പാകിനെ അവഗണിച്ചും ടാറുചെയ്ത റോഡിലെ യാത്ര മരണത്തെ മുന്നിൽ കണ്ടെന്നു യാത്രക്കാർ

പാലിയേക്കര ടോൾ പ്ലാസ നടത്തുന്ന ഗുരുവായൂർ ഇൻഫ്രസ്ട്രക്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ടാറിങ് റോഡുകളെ കുരുതിക്കളങ്ങളാക്കുന്നു; മണ്ണുത്തി-ഇടപ്പള്ളി പാതയിൽമാത്രം രണ്ടു മാസത്തിനിടെ നടന്നത് 120 അപകടങ്ങൾ; പഠനം നടത്താതെയും നാറ്റ്പാകിനെ അവഗണിച്ചും ടാറുചെയ്ത റോഡിലെ യാത്ര മരണത്തെ മുന്നിൽ കണ്ടെന്നു യാത്രക്കാർ

തൃശൂർ: റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും ബാധ്യസ്ഥരായ ടോൾ കമ്പനിക്കാരുടെ അശ്രദ്ധയും അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത കുരുതിക്കളമായി. ഗ്രിപ്പ് ലെയർ ടാറിംഗിന് പകരം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ മൈക്രോ സർഫേസിങ് ടാറിങ് രീതിയാണ് അപകടം വിതച്ചത്. റോഡിന് ടൈൽ പതിച്ച പോലെ മിനുസം വന്നതോടെ വാഹനങ്ങൾ തെന്നിമറിയുന്നതും, ബ്രേക്കിടുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവായി. മണ്ണുത്തി മുതൽ ചാലക്കുടി വരെയുള്ള യാത്ര വാഹനയാത്രികർക്ക് പേടിസ്വപ്നമായി.

ഏപ്രിൽ മുതലാണ് നടത്തറ, കുറുമാലി, കൊരട്ടി, പാലിയേക്കര, നന്തിക്കര, നെല്ലായി ഭാഗങ്ങളിൽ റീ ടാറിങ് തുടങ്ങിയത്. നടത്തറ മുതൽ കൊരട്ടി വരെ മാത്രം ഇതുവരെ നൂറ്റിയിരുപതോളം അപകടങ്ങൾ നടന്നു. രണ്ടു യുവാക്കൾ മരിച്ചു. ജൂണിൽ ഇതുവരെ അൻപതോളം അപകടങ്ങളുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടു മണിക്കൂറിനുള്ളിൽ പത്തോളം അപകടങ്ങളാണ് നടത്തറ, കൊരട്ടി, പുതുക്കാട് ഭാഗത്തുണ്ടായത്. മഴ വന്നതോടെ അപകടവും കൂടി. എന്നിട്ടും സർക്കാരും ടോൾ അധികൃതരും നിസംഗത പുലർത്തുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

കണ്ടെയ്‌നർ ലോറികൾ അടക്കം രാത്രിയും പകലുമായി പതിനായിരക്കണക്കിന് വാഹനങ്ങളാണ് നാലുവരി ദേശീയപാതയിലൂടെ പ്രതിദിനം കടന്നുപോകുന്നത്. പലയിടത്തും തെരുവുവിളക്കുകൾ കത്താത്തതും രാത്രികാലങ്ങളിൽ അപകടം വിതയ്ക്കുന്നു.

നാറ്റ്പാകിനെ (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് റിസർച്ച് സെന്റർ) അവഗണിച്ചാണ് ടോൾ കമ്പനി പരീക്ഷണാടിസ്ഥാനത്തിലുള്ള അശാസ്ത്രീയമായ മൈക്രോ സർഫേസിങ് ടാറിങ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനും ദേശീയപാതയുടെ നിർമ്മാണത്തിനും റോഡ് വികസനത്തിനും ഗതാഗതം സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിനുമുള്ള സർക്കാർ സ്ഥാപനമാണ് നാറ്റ്പാക്.

ഓരോ സ്ഥലത്തെക്കുറിച്ചും പഠനം നടത്തിയ ശേഷമാണ് നാറ്റ്പാക് റോഡ് നിർമ്മാണത്തിന് അടക്കം പദ്ധതി തയ്യാറാക്കുക. ദേശീയപാതകൾ നിർമ്മിക്കുമ്പോഴും, ഗതാഗതപരിഷ്‌കാരം നടപ്പാക്കുമ്പോഴും സർക്കാരും പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടങ്ങളും നാറ്റ്പാകിന്റെ സഹായവും ഉപദേശവും തേടുക പതിവാണ്.

മതിയായ പഠനമില്ലാതെ കോടികൾ ചെലവിട്ട് നടത്തിയ മൈക്രോ സർഫേസിങ് ടാറിങ് പരാതികളെ തുടർന്ന് പാതിവഴിയിലാണ്. മഴ തുടങ്ങിതോടെ റീടാറിങ് പൂർത്തീകരിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ദേശീയപാതയിലൂടെയുള്ള യാത്ര മഴ കനത്തതോടെ ദുരിതമയമായിരിക്കുകയാണ്.

റീടാറിങ് നടത്തുന്ന മുംബൈയിലെ സി.പി അറോറ കൺസ്ട്രക്ഷൻ കമ്പനിയും ടോൾ പിരിക്കുന്ന ഗുരുവായൂർ ഇൻഫ്രസ്ട്രക്ചർ കമ്പനിയും തമ്മിൽ തർക്കത്തിലാണെന്നും, അറോറ കമ്പനിക്ക് റീ ടാറിങ് നടത്തിയ വകയിൽ ടോൾ കമ്പനി അഞ്ചു കോടി നൽകാനുണ്ടെന്നും റിപ്പോർട്ടുണ്ട്.

സർഫെയ്‌സിങ് ടാറിങ് നടത്തിയതിൽ ദേശീയപാത അഥോറിറ്റി ടോൾ കമ്പനിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ കാലാവസ്ഥക്ക് അനുകൂലമല്ലാത്തതും, രാജ്യാന്തരനിലവാരത്തിലുള്ളതുമായ സർഫേസിങ് ടാറിംഗിന് (എമെൽഷൻ രീതി, മഴവെള്ളം താഴ്ന്നുപോകാത്തതുമൂലം റോഡ് തകരില്ല) ദേശീയപാത അഥോറിറ്റി അനുമതി നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ മണ്ണുത്തി മുതൽ കറുകുറ്റിവരെയുള്ള ഭാഗത്ത് (38 കിലോ മീറ്റർ) 2011 ജനുവരി മുതൽ 2013 സെപ്റ്റംബർ വരെ 1168 അപകടങ്ങളുണ്ടായി. ഒല്ലൂർ, പുതുക്കാട്, കൊടകര, ചാലക്കുടി കൊരട്ടി എന്നിവിടങ്ങളിലായി 252 പേർ മരിച്ചു. ഇതിൽ 54 പേർ കാൽനടയാത്രക്കാരായിരുന്നു. ഇരുന്നൂറിലേറെ കാൽനടയാത്രക്കാർക്കാണ് പരിക്കേറ്റത്.

പ്രതിദിനം ദേശീയപാതയിലൂടെ കാൽലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ടോൾ കമ്പനിക്ക് ഒരു ദിവസം മാത്രം 75 ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടുന്നുണ്ടെന്നാണ് ഒരു വർഷം മുൻപത്തെ കണക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP