Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ പണി പൂർത്തിയാക്കി മിടുക്കരായി നിൽക്കുമ്പോൾ പാലാരിവട്ടത്തിന് മാത്രം പഞ്ചവടി പാലമെന്ന് ദുഷ്‌പേര്; ഒമ്പത് മാസത്തോളം പണി മുടങ്ങുകയും നാട്ടുകാരെ വെറുപ്പിക്കുകയും ചെയ്ത ശേഷം പാലം പൊളിച്ചുപണി തുടങ്ങിയപ്പോൾ കൊച്ചിക്കാർക്ക് വീണ്ടും ശുഭപ്രതീക്ഷ; രാത്രിയും പകലുമായി നിർമ്മാണം; യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങളില്ല; പഞ്ചവടി പാലം റിലീസ് ചെയ്ത ഒരേ ദിവസം തന്നെ പാലാരിവട്ടം പൊളിച്ചുപണിയും; ആഘോഷമാക്കി സോഷ്യൽ മീഡിയ

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ പണി പൂർത്തിയാക്കി മിടുക്കരായി നിൽക്കുമ്പോൾ പാലാരിവട്ടത്തിന് മാത്രം പഞ്ചവടി പാലമെന്ന് ദുഷ്‌പേര്; ഒമ്പത് മാസത്തോളം പണി മുടങ്ങുകയും നാട്ടുകാരെ വെറുപ്പിക്കുകയും ചെയ്ത ശേഷം പാലം പൊളിച്ചുപണി തുടങ്ങിയപ്പോൾ കൊച്ചിക്കാർക്ക് വീണ്ടും ശുഭപ്രതീക്ഷ; രാത്രിയും പകലുമായി നിർമ്മാണം; യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങളില്ല; പഞ്ചവടി പാലം റിലീസ് ചെയ്ത ഒരേ ദിവസം തന്നെ പാലാരിവട്ടം പൊളിച്ചുപണിയും; ആഘോഷമാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടി പാലം പോലെയാണോ? ഹൈക്കോടതി പോലും ചോദിച്ചു്.ഒരുകുഴപ്പവുമില്ലാത്ത പാലം അഴിമതി കാട്ടാൻ വേണ്ടി കുഴപ്പമുണ്ടെന്ന് വരുത്തിതീർത്ത് പൊളിച്ചുപണിഞ്ഞ് അപകടം ക്ഷണിച്ചുവരുത്തുന്നതാണ് കെ.ജി.ജോർജിന്റെ പഞ്ചവടി പാലം സിനിമയുടെ കഥ. എന്നാൽ, പാലാരിവട്ടം പണിയിൽ അഴിമതി ചാലിച്ചതുകൊണ്ട് ബലക്ഷയം ഉണ്ടായ പാലമാണ്. ഏതായാലും, 1984 ൽ പഞ്ചവടി പാലം ചിത്രം റിലീസ് ചെയ്ത് അതേനാളിൽ തന്നെ സെപ്റ്റംബർ 28ന് പാലാരാവട്ടം പാലം പൊളിച്ചുപണിയുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലം പൊളിക്കൽ തുടങ്ങി.

അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തന്നെ തകർന്ന കഥയാണ് കെ.ജി.ജോർജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം ' (1984) പറയുന്നത്.ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ആദ്യനാളുകളിൽ വാഹനഗതാഗത നിയന്ത്രണമില്ല

ആദ്യ ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളില്ല. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കർമ്മങ്ങൾ നടന്നു. ഡി.എം.ആർ.സി, പൊലീസ്, ദേശീയപാതാ അഥോറിറ്റി എന്നിവർ ഇന്ന് രാവിലെ നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് ഗതാഗത നിയന്ത്രണങ്ങളിൽ ഉൾപ്പടെ തീരുമാനമെടുക്കുകയും പാലം പൊളിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തത്.

ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പുതിയ പാലം പണിയുന്നത്. 661 മീറ്റർ ദൂരം വരുന്ന പാലത്തിന്റെ ടാർ ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. നാല് ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും.

കൊച്ചി ഡി.സി.പി ജി.പൂങ്കുഴലിയും ഡി.എം.ആർ.സി ചീഫ് എൻജിനീയർ കേശവ് ചന്ദ്രനും ദേശീയ പാതാ അഥോറിറ്റി, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് പത്ത് മണിയോടെ സംയുക്ത പരിശോധന നടത്തി. വരുംദിവസങ്ങളിലെ വാഹന നിയന്ത്രണം എങ്ങനെ വേണമെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്.

യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങൾ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിർമ്മാണ ജോലികൾ നടക്കും. പ്രധാന ജോലികൾ രാത്രിയിൽ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗർഡറുകൾ നീക്കുന്ന ജോലിയും തുടങ്ങും. എട്ട് മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചെല്ലാനത്തേക്ക് കൊണ്ടുപോകില്ല

കോൺക്രീറ്റ് അവശിഷ്ടങ്ങൾ കഴിയുമെങ്കിൽ വാഹനങ്ങളിൽ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ശ്രീ ഇ. ശ്രീധരൻ മുന്നോട്ട് വച്ചിരുന്ന നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഈ കാര്യം അദ്ദേഹം സഹായം തേടിയിട്ടുള്ള ഊരാളുങ്കൾ കോപ്പറേറ്റീവ് സൊസൈറ്റിയ അറിയിച്ചിരുന്നു. എന്നാൽ, കഷ്ണങ്ങളാക്കുന്ന ഗർഡർ ചെല്ലാനത്ത് കടൽ ഭിത്തി നിർമ്മിക്കാനായി ഉപയോഗിക്കാം എന്ന നിർദ്ദേശം ഉയർന്നു വന്നിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം കൈക്കൊണ്ടത്.

ഗതാഗത കുരുക്ക് എങ്ങനെ അഴിക്കും?

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഈ രണ്ട് മേൽപ്പാലങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നുള്ള വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് കടക്കാൻ, പാലാരിവട്ടം പാലം ഉണ്ടായിരുന്നെങ്കിൽ വലിയ പ്രയോജനകരമായിരുന്നു. പാലാരിവട്ടം പാലം ഇല്ലാത്ത സ്ഥിതി ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. സിറ്റി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ അവലോകന യോഗത്തിന് ശേഷമായിരിക്കും ഗതാഗതം ഏതൊക്കെ വഴി തിരിച്ചു വിടണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

പാലത്തിലെ ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.

ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കർട്ടൻ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് ബുദ്ധിമുട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡി.എം.ആർ.സി.യും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പ്രകടിപ്പിച്ചത്.

ആകെയുള്ള 17 സ്പാനിൽ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്‌ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്‌ട്രെസ്ഡ് ഗർഡർ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാലം പൊളിച്ചു തുടങ്ങുമ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഇതും നീക്കും. നിലവിലെ ബലക്ഷയമുള്ള പിയർ ക്യാപ്പുകൾ ബലപ്പെടുത്തിയാൽ മതിയെന്നതാണ് തീരുമാനം. പക്ഷേ, ഇതിന് സാധ്യമായില്ലെങ്കിൽ പിയർ ക്യാപ്പുകളും മാറ്റിയേക്കാം.

സമയം ഒരുപാട് നഷ്ടമായെങ്കിലും ശുഭപ്രതീക്ഷയോടെ മുന്നോട്ട്

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തുന്ന പാലാരിവട്ടം പാലം പുനർനിർമ്മാണം കേരളത്തിന്റെ നിർമ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതിച്ചേർക്കപ്പെടുമെന്നുറപ്പാണെന്ന് മന്ത്രി ജിയസുധാകരൻ പറഞ്ഞു.

'വിലപ്പെട്ട സമയം നമുക്ക് നഷ്ടപ്പെട്ടു.നഗരവാസികളും ദേശീയ പാത ഉപയോക്താക്കളും ഏറെ വലഞ്ഞു. കഴിഞ്ഞ 9 മാസക്കാലം പ്രവൃത്തി തടസ്സപ്പെട്ടു കിടന്നു.ബഹു. ഹൈക്കോടതി പാലം പുനർ നിർമ്മാണം അസ്ഥിരപ്പെടുത്തിയില്ലായിരുങ്കിൽ ഇപ്പോൾ പണി പൂർത്തിയാക്കി സുഗമമായ യാത്രാ സൗകര്യം സജ്ജമാക്കാൻ കഴിയുമായിരുന്നു.പുനർനിർമ്മാണം തടസ്സപ്പെടുത്തിയവർ ചെയ്ത തെറ്റ് എത്രമാത്രം വലുതാണ് എന്നത് നാടും നാട്ടാരും മാധ്യമങ്ങളും തിരിച്ചറിയുന്നുണ്ട്. ഉത്തരവാദികളെപ്പറ്റി ആകുലപ്പെടുന്നവരുണ്ട്. കൃത്യമായ വിജിലൻസ് അന്വേഷണം നടന്നു വരുന്നുണ്ട്. ഉപ്പു തിന്നവർ വെള്ളം കുടിച്ചു കൊള്ളും.'

'തടസ്സങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വം ചിലർ ശ്രമിച്ചു.ഒട്ടൊക്കെ വിജയിച്ചു. എന്നാൽ ബഹു.പരമോന്നത കോടതി വിധിയോടെ തമസ്സും തടസ്സങ്ങളുമകന്നു. ഇപ്പോൾ മറ്റൊന്നും തന്നെ ഞങ്ങളെ അലട്ടുന്നില്ല. ഏക ലക്ഷ്യത്തോടെ മുന്നേറുകയാണ്. ഭൂതകാല ഭാണ്ഡങ്ങളഴിച്ച് പഴി പറഞ്ഞിരിക്കാൻ ഞങ്ങളില്ല. ചടുലവും സത്വരവുമായ വർത്തമാന കാല പ്രവൃത്തികളിലൂടെ ഭാവിയിലേയ്ക്കുള്ള ഉയരപ്പാതയാണ് ലക്ഷ്യം.നാണക്കേടിനെ അറബിക്കടലിൽത്തള്ളി അഭിമാനത്തിന്റെ പുതു പാതയൊരുങ്ങുന്നു'-ജി.സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP