Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം പാലം പണി ഏറ്റെടുക്കാൻ ഡിഎംആർസിക്ക് അസൗകര്യം; പുനർനിർമ്മാണത്തിൽ ഇ ശ്രീധരന്റെ പങ്കാളിത്തം ഉറപ്പിക്കാൻ സർക്കാർ ശ്രമം; തുടർ നടപടകൾ ആലോചിക്കാൻ മെട്രോമാനുമായി ചർച്ച നടത്തി മന്ത്രി ജി സുധാകരൻ; നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്‌സ് സൊസൈറ്റിക്ക് നൽകാനും നീക്കം; പാലം നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്; തന്നെ കുരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുൻ മന്ത്രി

പാലാരിവട്ടം പാലം പണി ഏറ്റെടുക്കാൻ ഡിഎംആർസിക്ക് അസൗകര്യം; പുനർനിർമ്മാണത്തിൽ ഇ ശ്രീധരന്റെ പങ്കാളിത്തം ഉറപ്പിക്കാൻ സർക്കാർ ശ്രമം; തുടർ നടപടകൾ ആലോചിക്കാൻ മെട്രോമാനുമായി ചർച്ച നടത്തി മന്ത്രി ജി സുധാകരൻ; നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്‌സ് സൊസൈറ്റിക്ക് നൽകാനും നീക്കം; പാലം നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്; തന്നെ കുരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുൻ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പുനർനിർമ്മിക്കുന്നതിൽ ഡിഎംആർസിക്ക് അസൗകര്യം ഉള്ളതിനാൽ മെട്രോമാൻ ഇ ശ്രീധരന്റെ പങ്കാളിത്തത്തിൽ സംശയം. ഡിഎംആർസിയുടെ ജീവനക്കാരെല്ലാം ഓഫീസ് പൂട്ടി പോയിരിക്കുന്ന സാഹചര്യത്തിലാണ് ഇ ശ്രീധരനും അസൗകര്യമുള്ളത്. ഈ ബുദ്ധിമുട്ട് അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ ഡിഎംആർസിയുടെ ഓഫീസിന്റെ പ്രവർത്തനം ഈ മാസത്തോടെ നിർത്തുകയാണ്. മുൻപുണ്ടായിരുന്ന ഉദ്യോഗസ്ഥർ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറി പോയി. ബാക്കിയുള്ളവർക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പ്രവൃത്തി ഏറ്റെടുക്കുന്നതിലെ പ്രതിബന്ധങ്ങൾ ശ്രീധരൻ വിശദീകരിച്ചു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ മന്ത്രി ജി സുധാകരൻ ബന്ധപ്പെട്ടിരുന്നു. ബുദ്ധിമുട്ടുകൾ മന്ത്രിയെ അറിയിച്ചു. എന്നാൽ ഡിഎംആർസിയുടെ സേവനം വേണമെന്ന് മന്ത്രി പറഞ്ഞു. ഒന്നുകൂടി ആലോചിക്കണമെന്നാണ് മന്ത്രി പറഞ്ഞതെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. പാലംപൊളിക്കലുമായി ബന്ധപ്പെട്ട തുടർനടപടികളെക്കുറിച്ച് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ഡിഎംആർസിയുടെ ഓഫീസിന്റെ പ്രവർത്തനം നിർത്തുന്ന സാഹചര്യത്തിൽ അത്തരം പരിമിതികൾ എങ്ങനെ മറികടക്കാമെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ശ്രീധരൻ പറയുന്നു.

അതേസമയം പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ഇ ശ്രീധരന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി അഭിപ്രായപ്പെട്ടത്. ഈ രംഗത്ത് വിദഗ്ധനായ ഇ ശ്രീധരനെപ്പോലെയുള്ളവരുടെ അഭിപ്രായം അനുസരിച്ചാണ് സർക്കാർ ആദ്യം മുതൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്.തുടർ നടപടികളിലും ഇ ശ്രീധരന്റെ പങ്കാളിത്തം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ ശ്രീധരനുമായി ആശയവിനിമയം നടത്തിയതോടെ ശ്രീധരൻ തന്നെ നിർമ്മാണ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പാലം പൊളിച്ചുപണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് തൊട്ടുപിന്നാലെ പൊതു മരാമത്ത് മന്ത്രി ജി.സുധാകരൻ ഇ.ശ്രീധരനെ ഫോണിൽ വിളിച്ചാണ് പുനർ നിർമ്മാണ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. ചുമതല ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ശ്രീധരന്റെ ആദ്യ നിലപാട്. എന്നാൽ സർക്കാർ നിർബന്ധിച്ചതോടെ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.

മെട്രോ നിർമ്മാണത്തിലെ തങ്ങളുടെ ഭാഗം കഴിഞ്ഞതോടെ ഡി.എം.ആർ.സി കൊച്ചിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതാണ് പ്രധാന പ്രതിസന്ധി. നേരത്തെ പാലം പണികൂടി പൂർത്തിയാക്കിയിട്ട് സേവനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ഹൈക്കോടതി വിധിയെത്തുടർന്ന് 10 മാസത്തിലധികം പദ്ധതി വൈകി. ഡി.എം.ആർ.സി ജീവനക്കാർ കൊച്ചി വിട്ടു. ഓഫീസും പൂട്ടുകയാണ്. നിലവിലെ സാഹചര്യം ഡി.എം.ആർ.സിയുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാമെന്നാണ് ശ്രീധരൻ മന്ത്രിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ശ്രീധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനമെടുത്തത്.

18 കോടിയിലധികം രൂപ ചിലവഴിച്ച് പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയാലും 20 വർഷത്തിൽ താഴെയാണ് പാലത്തിന്റെ ആയുസെന്ന് ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി തള്ളിയ ഈ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി പാലം പൊളിക്കാമെന്ന് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ മേൽപ്പാലം പുനർനിർമ്മിക്കുന്നതിന് ഡി.എം.ആർ.സി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഹൈക്കോടതി സ്റ്റേ നിലവിൽ വന്നതിനാൽ കരാർ ഒപ്പിടാനായില്ല. നിർമ്മാണ ചുമതല ഡി.എം.ആർ.സി ഏറ്റെടുത്താൽ പൊളിക്കലും നിർമ്മാണവും നടത്തുക ഊരാളുങ്കലാവും. ഡി.എം.ആർ.സി ഏറ്റെടുത്തില്ലെങ്കിൽ സർക്കാരിന് വീണ്ടും ടെണ്ടർ വിളിക്കേണ്ടിവരും.

അതേസമയം പാലാരിവട്ടം പാലം നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിക്കുന്നു. ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാർ സംഭവിക്കാറുണ്ടെന്നാണ് യുഡിഎഫ് സർക്കാറിലെ മുൻ മന്ത്രിയുടെ വിശദീകരണം. തന്നെ കുരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇബ്രാഹിം കുഞ്ഞ് ആരോപിക്കുന്നത്. സാമ്പത്തികമായി ഒന്നും ഇതിൽ നിന്നും നേടിയില്ലെന്നും ഇബ്രാഹിം കുഞ്ഞ് അവകാശപ്പെട്ടു. അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും ഇബ്രാഹിം കുഞ്ഞ് ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP