Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത കാട്ടിയത് ഖജനാവ് കൊള്ളടിക്കാനോ? ഹൈക്കോടതിയും വിരൽ ചൂണ്ടുന്നത് ലോഡ് ടെസ്റ്റ് എന്ന ശാസ്ത്രീയതയിലേക്ക്; പാലാരിവട്ടം മേൽപ്പാലത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ

പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത കാട്ടിയത് ഖജനാവ് കൊള്ളടിക്കാനോ? ഹൈക്കോടതിയും വിരൽ ചൂണ്ടുന്നത് ലോഡ് ടെസ്റ്റ് എന്ന ശാസ്ത്രീയതയിലേക്ക്; പാലാരിവട്ടം മേൽപ്പാലത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഉത്തരവിനെതിരേയുള്ള റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തള്ളിയതോടെ പൊളിയുന്നത് പാലം പുനർനിർമ്മിച്ച് ഖജനാവ് മുടിക്കാനുള്ള നീക്കം. ഭാര പരിശോധനയ്‌ക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുമായി പോകാനാണ് സർക്കാരിന്റ തീരുമാനം. അപ്പീലുമായി പോകാനാണ് തീരുമാനമെങ്കിൽ മേൽപ്പാലം പുനർ നിർമ്മിക്കുന്നതിന് കേസിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കണം. ഭാര പരിശോധന നടത്താനാണ് തീരുമാനമെങ്കിലും പ്രശ്‌നമുണ്ട്. ഭാര പരിശോധന വിജയിച്ചാൽ മേൽപ്പാലം ഭാഗികമായി പൊളിച്ചുപണിയുക എന്ന സർക്കാർ നിർദ്ദേശം വിവാദത്തിലാകും. ഇത് പുതിയ അഴിമതി ആരോപണങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. ടി ഒ സൂരജിന്റെ അറസ്റ്റും കേസും പോലും വിവാദത്തിലാകും. മെയ്‌ ഒന്നാം തീയതി പാലാരിവട്ടം മേൽപ്പാലം അടച്ചതാണ്. ദുരിതം മുഴുവൻ അനുഭവിക്കുന്നത് യാത്രക്കാരാണ്. ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ തിരക്കു കൂടിയായതോടെ മണിക്കൂറുകളാണ് ബൈപ്പാസ് സ്തംഭിക്കുന്നത്.

മേൽപ്പാലം ഭാഗികമായി പൊളിച്ചു പണിയുക എന്ന നിർദ്ദേശം സർക്കാരിന്റെ സജീവ പരിഗണനയ്ക്ക് വന്നതോടെയാണ് ഇതിനെ ചോദ്യം ചെയ്യുന്ന നീക്കം സജീവമായത്. സ്ട്രക്ചറൽ എൻജിനീയേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന നടത്താതെ പാലം പൊളിച്ചു പണിയുന്നതിനെ ഇവർ കോടതിയിൽ ചോദ്യം ചെയ്തു. മേൽപ്പാലത്തിന്റെ തകരാർ അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാം എന്ന നിർദ്ദേശമായിരുന്നു മദ്രാസ് ഐ.ഐ.ടി. മുന്നോട്ടുവെച്ചത്. പക്ഷേ, ഇതിന് എട്ടു കോടിയോളം രൂപ വേണ്ടിവരുമെന്നും ഐ.ഐ.ടി. നൽകിയ റിപ്പോർട്ടിലുണ്ട്. ഇത്രയും തുകയ്ക്ക് അറ്റകുറ്റപ്പണി നടത്തിയാലും 10 വർഷത്തിലധികം ഗാരന്റി പറയാൻ ഐ.ഐ.ടി.ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ പാലം ഭാഗികമായി പൊളിച്ചു പണിയുക എന്ന ഇ. ശ്രീധരന്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. 18 കോടിയാണ് ഇതിന് ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഭാര പരിശോധന പോലൊരു നിർണായക പരീക്ഷണം ഒഴിവാക്കിക്കൊണ്ട് പാലം പുനർ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങിയതാണ് കോടതിയിൽ സർക്കാർ വാദങ്ങളെ ദുർബലമാക്കിയത്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്‌കർഷിച്ചതിനെക്കാൾ വലിയ വിള്ളലുകൾ പാലത്തിനുണ്ടെങ്കിൽ ഭാര പരിശോധന നടത്തുന്നതിൽ കാര്യമില്ല. പാലാരിവട്ടം പാലത്തിൽ ഇത്തരത്തിൽ വലിയ വിള്ളലുകൾ ഉണ്ടെന്നാണ് സർക്കാർ റിവ്യൂ പെറ്റീഷനിലൂടെ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ, കോടതി അത് അംഗീകരിച്ചില്ല. വലിയ വിള്ളലുകൾ പാലത്തിനില്ലെന്ന വാദത്തിനൊപ്പമാണ് കോടതിയുടെ നിലപാടുകളും. ഇതോടെ സർക്കാരിന്റെ പുനർനിർമ്മാണ നീക്കം ആകെ വിവാദത്തിലാകുകയാണ്.

പാലാരിവട്ടം മേൽപാലത്തിന്റെ പുനർനിർമ്മാണത്തിന് സർക്കാർ തീരുമാനം എടുത്തത് അഞ്ചംഗ സമിതിയുടെ പഠന റിപ്പോർട്ട് പുറത്ത് വരും മുന്നേയാണ്. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ തീരുമാനവുമാണ്. പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജൂൺ 8 ന് സമിതിയെ നിയോഗിച്ചത്. പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പരിശോധിച്ച് സാങ്കേതികവും ഭരണപരവും ഗുണേമേന്മാപരവുമായ വിലയിരുത്തലുകൾ നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക എന്നതായിരുന്നു മൂന്നംഗ സമിതിയുടെ ദൗത്യം. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ, പാലം വിഭാഗം ചീഫ് എൻജിനീയർ, റിട്ടയേർഡ് ചീഫ് എൻജിനീയർ എം. എൻ. ജീവരാജ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സെപ്റ്റംബർ 28ന് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർദ്ധനറാവു പ്രത്യേക ഉത്തരവിലൂടെ സീനിയർ ബ്രിഡ്ജസ് എൻജിനീയർ എസ്. സജു, സീനിയർ സ്ട്രക്ചറൽ എൻജിനീയർ അഷ്റഫ് എസ്.എം. എന്നിവരെക്കൂടി ചേർത്ത് കമ്മിറ്റി വിപുലീകരിച്ചു.

പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ചിരുന്ന മൂന്നംഗ സമിതിയിൽ സ്ട്രക്ചറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അതുകൊണ്ട് രണ്ട് ഉദ്യോഗസ്ഥരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഉന്നത തല സാങ്കേതിക സമിതി വിപുലീകരിക്കുകയാണെന്നും ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. ചെന്നൈ ഐഐടി സമർപ്പിച്ച റിപ്പോർട്ടും, ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടും, ആർ ഡി എസ് കമ്പനി സമർപ്പിച്ച നിവേദനവും പരിശോധിച്ച് ഈ സമിതി ഒക്ടോബർ 4 നകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല അതിനിടെയാണ് മന്ത്രിസഭാ തീരുമാനം വന്നത്.

ലോഡ് ടെസ്റ്റ് നടത്താതെ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാനുള്ള തീരുമാനവുമായി മുന്നോട്ടുപോയത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്ന വിമർശനം ഉയർന്നിരുന്നു. പാലം പൊളിച്ചുപണിയുക എന്ന തീരുമാനത്തിനു മുന്നേ ഭാര പരിശോധന നടത്തേണ്ടതായിരുന്നു. ഇ. ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചതോടെ ഇതിനെതിരായ നീക്കവും ശക്തമായിരുന്നു. ഭാര പരിശോധന നടത്താതെയാണ് പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം എന്നതായിരുന്നു അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എൻജിനീയേഴ്‌സ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയത്. പാലം പണിത ആർ.ഡി.എസും ഈ കേസിൽ കക്ഷിയാണ്. ഈ വിമർശനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല. ഭാര പരിശോധന വേണ്ടെന്ന അഭിപ്രായം സർക്കാരിനില്ലെന്നാണ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

പൊളിച്ചുപണിയുന്നതിനെതിരേ സംസാരിക്കുന്നവർ തന്നെ പാലം സഞ്ചാരയോഗ്യമല്ലെന്ന യാഥാർഥ്യം അംഗീകരിക്കുന്നുമുണ്ട്. ബലപ്പെടുത്തൽ എന്നതാണ് അവർ പരിഹാരമായി പറയുന്നത്. മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ടാണ് അവർ ചൂണ്ടിക്കാട്ടുന്നത്. പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ ഇ. ശ്രീധരനും പങ്കെന്നും പൊതുമരാമത്ത് വകുപ്പിനെ മറികടന്ന് നടത്തിയ പാലം പൊളിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അസോസിയഷൻ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ ഐഐടിയുടെ അഞ്ച് നിർദ്ദേശങ്ങളിൽ മൂന്നും കരാറുകാരൻ സ്വന്തം ചെലവിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ബാക്കി രണ്ടു നിർദ്ദേശങ്ങൾ കൂടി പൂർത്തീകരിക്കാൻ അനുവദിക്കുകയും തുടർന്ന് ലോഡ് ടെസ്റ്റിന് അനുമതി നൽകുകയുമാണ് വേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പാലത്തിന്റെ ബലം പരിശോധിക്കാൻ ലോഡ് ടെസ്റ്റ് നടത്തണോ എന്നു സർക്കാർ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ലോഡ് ടെസ്റ്റ് നടത്തി പാലത്തിന്റെ ബലം പരിശോധിക്കാൻ കരാറിൽ വ്യവസ്ഥയുള്ള നിലയ്ക്ക് ഉചിതമായ ഏജൻസിയെ അതിനു നിയോഗിക്കണോ എന്നു പരിഗണിക്കണം. കാൻപൂർ, മുംബൈ ഐഐടികളെയോ പാലം നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള മറ്റ് ഏജൻസികളെയോ ലോഡ് ടെസ്റ്റിനു നിയോഗിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി മതിയോ എന്നു പരിശോധിക്കേണ്ടതാണ്.

പാലത്തിന്റെ തകരാർ ആദ്യം റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങൾ ആരും അല്ല. നിർമ്മാണ കമ്പനി തന്നെയാണ്. പാലം തുറന്ന് ഒരു മാസത്തിനുള്ളിൽ ഇത് സർക്കാരിനെ അറിയിച്ചിരുന്നു. പല വട്ടം തുടർന്നും ഇക്കാര്യം അറിയിച്ചു. എന്നാൽ സർക്കാർ മൂന്നു വർഷം ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഈ മൂന്നു വർഷം നിർണായകമായിരുന്നു. എന്തു കൊണ്ട് സർക്കാർ ഇക്കാലമത്രയും അത് പരിഗണിച്ചില്ല എന്നതിന് ഇപ്പോഴും ഉത്തരമില്ല. പാലത്തിന്റെ ഉറപ്പിനെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തൽ. പാലം പൂർണമായോ, ഭാഗികമായോ ഇപ്പോൾ പൊളിക്കേണ്ടതില്ല. 2.5 കോടി ചെലവിൽ അറ്റകുറ്റപ്പണി തീർത്തതാണ്. അത് ബലവത്താണെന്നും, ലൈഫ് ഉണ്ടെന്നും ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് അല്ലാതെ വഴിയില്ല. ലോഡ് ടെസ്റ്റ് ചെയ്യാൻ സർക്കാർ ഇത് വരെ തയാറായിട്ടില്ല. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് സംസം. പുതുക്കിപ്പണിയാൻ 18.5 കോടി സർക്കാർ വഹിക്കേണ്ടതില്ല. അത് നിർമ്മാണ കമ്പനി തന്നെ വഹിക്കേണ്ടതാണ്. പുനർ നിർമ്മാണത്തിന്റെ ചെലവ് വഹിക്കാൻ അവർ തയ്യാറുമാണ്.

ലോഡ് ടെസ്റ്റ് മാത്രമാണ് അവരുടെ ആവശ്യം. എന്നാൽ അത് ചെയ്യുന്നില്ല. മറിച്ച് 18 കോടി ഖജനാവിൽ നിന്നൊഴുക്കി പുതിയ പാലം നിർമ്മിക്കുകയാണ് സർക്കാർ. പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ ചെലവാകുന്ന 20 കോടിയോളം രൂപ കേസിൽ പ്രതിസ്ഥാനത്തുള്ള നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‌സിന്റെ പക്കൽ നിന്ന് ഇടാക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ്, അരൂർ- ഇടപ്പള്ളി ബൈപാസ്, സലിം രാജൻ പാലം, ടെക്നോ പാർക്ക് എന്നിവ നിർമ്മിച്ചത് ഈ നിർമ്മാണ കമ്പനി തന്നെയാണ്. മിലിട്ടറി എൻജിനിയറിങ് സർവീസ്, ഐഎസ്ആർഒ എന്നിവയുടെ സുപ്രധാന കരാർ ജോലികൾ ഏറ്റവുമധികം ചെയ്തിട്ടുള്ളതുമാണ്. ബെയറിങ് ഇട്ടതിലെ പാളിച്ച അഴിമതിയല്ല, പിശകാണ്. അത് അവർ സമ്മതിക്കുകയും, ഏറ്റു പറയുകയും, തിരുത്താനുള്ള അവസരം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

2014 ജൂണിൽ നിർമ്മാണം തുടങ്ങിയതാണ് പാലാരിവട്ടം പാലം. 18 മാസം കൊണ്ട് തീർക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്തു. അന്ന് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. തിടുക്കത്തിൽ പൂർത്തിയാക്കിയത് മൂലം ചില അപാകതകൾ ശ്രദ്ധയിൽ പെടുന്നു. തൊട്ടടുത്ത മാസം തന്നെ ഇക്കാര്യങ്ങൾ നിർമ്മാണ കമ്പനി കിറ്റ്‌കോ വഴി സർക്കാരിനെ അറിയിച്ചു. നവംബർ 23ന് നൽകിയ ആദ്യ കത്തിൽ ബെയറിങ് മാറ്റേണ്ടി വരുമെന്നും, ഏതാനും ദിവസം പാലം അടയ്ക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. വീണ്ടും നിരവധി തവണ കമ്പനി കിറ്റ്‌കോയെയും, ബന്ധപ്പെട്ടവരെയും ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷം 2019 ഏപ്രിലിലിലാണ് സർക്കാർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മെയ് 1 ന് പാലം അടച്ച് പണി തുടങ്ങി. നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. 2 മാസം കൊണ്ട് മെയ്ന്റനൻസ് തീർത്തു. 2.5 കോടി രൂപ ഇതിന് ചെലവഴിച്ചു. ഈ സമയത്ത് വിഷയം രാഷ്ട്രിയമാകുന്നു, മാധ്യമങ്ങൾ ഏറ്റെടുത്തു. വിജിലൻസ് കേസന്വേഷിക്കുന്നു. നിർമ്മാണത്തിൽ പ്രാഥമിക ക്രമക്കേടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുകയും ചെയ്തു.

2016ൽ തന്നെ ഈ പാളിച്ച കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്ത കമ്പനി, സർക്കാർ അനുമതി കിട്ടിയ ഉടനെ 2.5 കോടി ചെലവിട്ട് 2019 മെയ് മാസം അറ്റകുറ്റപ്പണികൾ ചെയ്തു. 2 മാസം കൊണ്ട് തീർത്തു. തുറന്ന് കൊടുക്കാൻ പറ്റുന്ന വിധത്തിൽ തൃപ്തികരമാണ് പാലത്തിന്റെ ബലം, ആയുസ് എന്നിവയെന്ന് സർക്കാരിനെ അറിയിച്ചു. അത് ഉറപ്പിക്കാൻ വേണ്ടത് ലോഡ് ടെസ്റ്റാണ്, ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ലോഡ് ടെസ്റ്റ് ആണ് ശുപാർശ ചെയ്യുന്നത്. ബന്ധപ്പെട്ട എജൻസികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ചെയ്യാൻ തയ്യാറായിട്ടില്ല. നിർമ്മാണ കമ്പനിയും, കിറ്റ്കോയും, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും ഇത് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ലോഡ് ടെസ്റ്റ് വിജയിച്ചാൽ പാലം പൊളിക്കേണ്ടതുണ്ടോ ഭാഗികമായോ, പൂർണ്ണമായോ പാലം പൊളിക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് പോയ ബെയറിങ്ങുകൾ മാറ്റി, തൂണുകൾ ബലപ്പെടുത്തി. റീ ടാർ ചെയ്തു. ലോഡ് ടെസ്റ്റ് നടത്തി അത് പര്യാപ്തമെന്ന് ഉറപ്പാക്കുകയേ വേണ്ടൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP