Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

ദുശ്ശാസനക്കുറുപ്പിന്റെ തരികിടയിൽ പഞ്ചവടി പാലം പൊളിഞ്ഞത് ഉദ്ഘാടന നാളിൽ; യുഡിഎഫ് സർക്കാരിന്റെ സ്പീഡ് പദ്ധതിയിൽ എല്ലാറ്റിനും സ്പീഡ് കൂടിയതോടെ പാലാരിവട്ടം പാലത്തിൽ വിള്ളലും പൊട്ടലും; ശ്രീധരന് ഈഗോയെന്ന് പഴിച്ചവർക്ക് ഖജനാവിനെ മുടിക്കാതെ പുനർനിർമ്മാണം പ്രഖ്യാപിച്ച മെട്രോ മാൻ യഥാർത്ഥ ഹീറോ; പാലാരിവട്ടത്ത് മുന്മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ വില്ലനാകുമ്പോൾ

ദുശ്ശാസനക്കുറുപ്പിന്റെ തരികിടയിൽ പഞ്ചവടി പാലം പൊളിഞ്ഞത് ഉദ്ഘാടന നാളിൽ; യുഡിഎഫ് സർക്കാരിന്റെ സ്പീഡ് പദ്ധതിയിൽ എല്ലാറ്റിനും സ്പീഡ് കൂടിയതോടെ പാലാരിവട്ടം പാലത്തിൽ വിള്ളലും പൊട്ടലും; ശ്രീധരന് ഈഗോയെന്ന് പഴിച്ചവർക്ക് ഖജനാവിനെ മുടിക്കാതെ പുനർനിർമ്മാണം പ്രഖ്യാപിച്ച മെട്രോ മാൻ യഥാർത്ഥ ഹീറോ; പാലാരിവട്ടത്ത് മുന്മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ വില്ലനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം പാലത്തെ പലരും കളിയാക്കുന്നത് പഞ്ചവടി പാലമെന്നാണ്. നിർമ്മിച്ച് ഉദ്ഘാടന ദിവസം തന്നെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പിന്റെയും സംഘത്തിന്റെയും അഴിമതിയിൽ മുങ്ങി തകർന്ന് വീഴുന്ന കെ.ജി.ജോർജ് പടത്തിന്റെ ഓർമ ഹൈക്കോടതിക്ക് പോലുമുണ്ടായി. പാലാരിവട്ടം പഞ്ചവടിപ്പാലമോ എന്ന് കോടതിയും ചോദിച്ചുപോയി. ഗതാഗതത്തിന് തുറന്ന് രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം സംഭവിച്ചത് മലയാളികളെ ആകെ ഞെട്ടിച്ചുകളഞ്ഞു. നേരാംവണ്ണം കാര്യങ്ങൾ ചെയ്തില്ലെന്ന തോന്നൽ പ്രബലമായി എന്നുമാത്രമല്ല, അതുസത്യമെന്ന് തെളിയുകയും ചെയ്തു.

വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുർവിനിയോഗം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് കേസെടുത്ത വിജിലൻസ് ബന്ധപ്പെട്ടവർക്കെതിരെ എടുത്തത്. നിലവാരം കുറഞ്ഞ കോൺക്രീറ്റ്, ഗുണനിലവാരമില്ലാത്ത സിമന്റ്, കമ്പിയും ഉപയോഗിച്ചതായും വിജിലൻസ് കണ്ടെത്തി. കുറഞ്ഞ ചെലവിൽ നിർമ്മാണം പൂർത്തിയാക്കാൻ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുകയായിരുന്നെന്നും ഇതിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. ഇതെല്ലാം ചോദ്യം ചെയ്ത ഇ.ശ്രീധരന് ഈഗോ ആണെന്നാണ് സുപ്രീം കോടതിയിൽ നിർമ്മാണ കമ്പനി ഉന്നയിച്ച വിചിത്രവാദം.

പാലാരിവട്ടത്ത് ഇനി നിർമ്മിക്കാൻ പോകുന്ന പാലം നൂറു വർഷം നിലനിൽക്കും. ഇത് കൂടി കണക്കിലെടുത്തുകൊണ്ടുള്ള രൂപകൽപ്പനയാണ് ശ്രീധരൻ തയ്യാറാക്കിയിട്ടുള്ളത്. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെ ഉള്ള വിദഗ്ദ്ധർ ആണ് മേൽപാലം അപകടാവസ്ഥയിൽ ആണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റ് ഇല്ല എന്നും കോടതി പറഞ്ഞു. അങ്ങനെയാണ് പാലം പൊളിക്കുന്നത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്പീഡ് പദ്ധതിയിൽപ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കുന്നത്. അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന് സസ്‌പെൻഷനിലായിരുന്ന ടി ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തിയതും ഈ സമയത്താണ്.ദേശീയപാത അഥോറിറ്റി നിർമ്മിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുത്തു.. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയർമാനായ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷ(ആർബിഡിസികെ)ന് മേൽനോട്ട ചുമതല നൽകി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കൺസൾട്ടൻസിയായി.

പാലം നിർമ്മാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച് ആർഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ് കണ്ടെത്തി. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമ്മാണം ആറ് കോടിയോളം കുറവിലാണ് ആർഡിഎസ് കരാറെടുത്തത്.

നിർമ്മാണത്തിന് മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്) നൽകില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി കിട്ടി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ് അത് മറികടക്കാൻ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമ്മാണമേറ്റെടുത്തത്. യുഡിഎഫ് സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും കരാർ തുകയിൽ നിന്ന് വീതിച്ചു. പാലം നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റു കൂട്ട് നിർദ്ദിഷ്ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായി. അതും ആവശ്യത്തിന് ഉപയോഗിച്ചില്ല. ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാതെ ആർഡിഎസ് തോന്നിയപടി നിർമ്മാണം പൂർത്തിയാക്കി. ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്ദത്തോടെ പാലം ഇളകി.

സ്പാനുകൾക്കിടയിലെ ജൊയിന്റ് തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ് മൂലം തകർന്നു. കോൺക്രീറ്റ് നിർമ്മാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം അങ്ങനെ അടച്ചു. ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘവും രിശോധന നടത്തി. ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധനയിൽ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്ധരുമുൾപ്പെട്ട സംഘം രണ്ട്വട്ടം പാലം പരിശോധിച്ചു.

പാലം പൊളിച്ചു പണിയണമെന്ന് ശ്രീധരനും കൂട്ടരും വിധിയെഴുതി. പാലത്തിന്റെ ഡിസൈനിൽ മുതൽ കുഴപ്പങ്ങളുള്ളതായി ശ്രീധരൻ വെളിപ്പെടുത്തി. 18.71 കോടി രൂപ ചെലവിൽ പാലം പുനർനിർമ്മിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ഇത്തരമൊരു നിർമ്മാണം ആദ്യമാണെന്ന് ശ്രീധരൻ കണ്ടെത്തി. പാലം പുനർനിർമ്മിക്കാനുള്ള നടപടികൾക്കൊപ്പം നിർമ്മാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. നിർമ്മാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച് വിജിലൻസ് 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഉൾപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്തു. ഈ അന്വേഷണമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് എത്തുന്നത്. പാലാരിവട്ടം പാലം നിർമ്മാണത്തിന് പിന്നിൽ നടന്ന അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലൻസ് കോടതിയെ വിജിലൻസ് അറിയിച്ചിരുന്നു.

സർക്കാരിന് അധികച്ചെലവില്ലാതെ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീധരൻ പറയുന്നു. എറണാകുളം നോർത്ത്, പച്ചാളം, ഇടപ്പള്ളി, കോഴിക്കോട് പന്നിയങ്കര മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ വകയിൽ മിച്ചംവന്ന തുക ഡി.എം.ആർ.സി.യുടെ കൈവശമുണ്ട്. ഏകദേശം 20 കോടിയോളം രൂപ വരുമിത്. ഈ പണം ഡി.എം.ആർ.സി. മടക്കി നൽകിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ചെക്ക് മടങ്ങി. ഇതിനിടയിലാണ്, പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം വരുന്നത്. ഈ പണം ഇതിന് വേണ്ടി നൽകും. ഡി.എം.ആർ.സി.യുടെ കൈവശമുള്ള പണം ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കാമെന്ന് സർക്കാരിനെ അറിയിച്ചു. പാലം നിർമ്മാണത്തിന് പണം സർക്കാർ നൽകേണ്ട കാര്യമില്ലെന്നും അറിയിച്ചിരുന്നു.

ഇബ്രാഹിംകുഞ്ഞ് കുടുങ്ങുമ്പോൾ

പലാരിവട്ടത്ത് കരാർ ഏറ്റെടുത്ത കമ്പനിക്ക് 8.25 കോടി രൂപ മൂൻകൂറായി പലിശരഹിതമായി നൽകാൻ ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണെന്ന് കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് തന്റെ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. പാലം നിർമ്മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താൻ നൽകിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്. എന്നാൽ പാലം നിർമ്മാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ ടി.ഒ സൂരജ് അറിയിച്ചത്.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഈ ക്രമക്കേടിൽ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്നാണ് ടി.ഒ സൂരജ് ജാമ്യഹർജിയിൽ ആരോപിക്കുന്നത്.

8.25 കോടി രൂപ കരാർ കമ്പനിക്ക് മുൻകൂറായി അനുവദിക്കാൻ തീരുമാനിച്ച ഫയലിൽ ഒപ്പിട്ടിരിക്കുന്നത് അന്ന് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി.ഒ സൂരജ് വ്യക്തമാക്കുന്നത്. കരാർ കമ്പനിക്ക് പലിശ രഹിതമായി പണം അനുവദിക്കാനാണ് മന്ത്രി ഉത്തരവിട്ടതെന്ന് സൂരജ് പറയുന്നു. ഏഴ് ശതമാനം പലിശ ഈടാക്കി പണം നൽകാനാണ് താൻ നിർദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം ഹർജിയിൽ പറയുന്നുണ്ട്. കേസിലെ നാലാം പ്രതിയാണ് ടി.ഒ സൂരജ്. അഴിമതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം സംബന്ധിച്ച വിജിലൻസ് അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു വെളിപ്പെടുത്തൽ. ഇതോടെ ഇബ്രാഹിംകുഞ്ഞിന് കുരുക്കായി.

ആദ്യം തുറന്നടിച്ചത് ഗണേശ് കുമാർ

കെ ബി ഗണേശ് കുമാർ എംഎൽഎയാണ് ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികൾ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേശ് കുമാർ എംഎൽഎ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് തെളിവുകൾ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു.അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെട്ട കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. ആ സർക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണം. പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നും ഗണേശ് വ്യക്തമാക്കി.

മുസ്ലിംലീഗ് ഭരിച്ച പൊതുമരാമത്ത് വകുപ്പ് അഴിമതിയുടെ വിളനിലമാണെന്ന ആക്ഷേപം ശക്തമായിരുന്നു. മുൻ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി ഒ സൂരജ് സ്ഥാനത്തിരുന്ന് അനധികൃതമായി സമ്പാദിച്ചുകൂട്ടിയത് കോടികളായിരുന്നു. എന്നിട്ടും വേണ്ട വിധത്തിൽ നടപടികളൊന്നും ഉണ്ടായില്ല. പാലാരിവട്ടം മോൽപ്പാല നിർമ്മാണം നേരത്തെ ഡിഎംആർസിക്ക് നൽകാൻ ആലോചനകൾ നടന്നിരുന്നു. എന്നാൽ, ഇത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലേക്കായി മാറ്റിയത മന്ത്രിയുടെ താൽപ്പര്യ പ്രകാരം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിന്റെ ആരോപത്തിൽ നിന്നും എളുപ്പം പുറത്തുകടക്കാൻ ഇബ്രാഹിം കുഞ്ഞിന് സാധിക്കില്ല.

2014ൽ നിയമസഭയിൽ സിങ്കം സ്‌റ്റൈലിൽ മീശവെച്ച് എത്തിയ ഗണേശ് കുമാർ സഭയിൽവെച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. അഴിമതിക്കാരനായ മന്ത്രിയുടെ പേരു വെളിപ്പെടുത്തും എന്നു പറഞ്ഞാണ് ഗണേശ് അന്ന് രംഗത്തെത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാർക്കെതിരെയാണ് ഗണേശ് കുമാറിന്റെ ആരോപണം. ഗണേശിന്റെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷ എം എൽ എമാർ നിയമസഭയിൽ ബഹളമുണ്ടാക്കിയിരുന്നു.

ആരോപണങ്ങൾ തനിക്ക് നേരെ വരുമ്പോൾ വി കെ ഇബ്രാഹിം കുഞ്ഞ് തടിയൂരാനുള്ള ശ്രമം ശക്തമാക്കി. പാലത്തിൽ സിമന്റ്, കമ്പി തുടങ്ങിയവ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിയല്ലെന്നും ഇബ്രാഹിംകുഞ്ഞ് എംഎൽഎ. പാലാരിവട്ടം മേൽപ്പാലം നിർമ്മിക്കുമ്പോൾ ഇബ്രാഹിംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. ഭരണാനുമതി നൽകുകയാണ് മന്ത്രിയുടെ ചുമതല. കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. പാലാരിവട്ടം മേൽപ്പാലം വിഷയത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയെന്ന ഗണേശ് കുമാർ എംഎൽഎ.യുടെ വാദം ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചത് വിജിലൻസിന്റെ റിപ്പോർട്ടല്ല, സർവേയാണ്. പാലം സംബന്ധിച്ച് ഇ. ശ്രീധരന് പലതും പറയാം. അതൊന്നും നടക്കണമെന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

സിമന്റില്ലാത്ത പാലം

പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത് അത്യാവശ്യത്തിനു പോലും സിമന്റ് ഉപയോഗിക്കാതെയെന്ന് ചെന്നൈ ഐ.ഐ.ടി.യുടെ പഠന റിപ്പോർട്ട് ഏവരേയും ഞെട്ടിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനകളുടെ ഇടക്കാല റിപ്പോർട്ടിലും അന്തിമ റിപ്പോർട്ടിലുമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പാകത്തിന് സിമന്റില്ലാത്തതാണ് ബലക്ഷയത്തിന്റെ പ്രധാന കാരണമെന്ന് എടുത്തുപറയുന്നു. ഗർഡറുകൾ, തൂണുകൾ, ഭിത്തി എന്നിവിടങ്ങളിൽ ആവശ്യത്തിന് കോൺക്രീറ്റ് ഇല്ല. 'എം. 35' എന്ന അനുപാതത്തിൽ കോൺക്രീറ്റ് വേണ്ടിടത്ത് 'എം. 22' എന്ന അളവിൽ മാത്രമാണ് ഉപയോഗിച്ചത്. ഗർഡറുകൾക്ക് വളവുണ്ടായി. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങിനിർത്തുന്ന ബെയറിങ്ങുകളുടെയും നിർമ്മാണത്തിൽ വീഴ്ചയുണ്ടായി. ഗുണമേന്മ പരിശോധിക്കുന്നതിലും രൂപകല്പനയിലും വീഴ്ചയുണ്ടായി - ഇതാണ് വിള്ളലുകൾക്ക് കാരണമായത്.

പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് ഇടക്കാല റിപ്പോർട്ടുകളും അന്തിമ റിപ്പോർട്ടുമാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷന് ചെന്നൈ ഐ.ഐ.ടി. നൽകിയത്. ചെന്നൈ ഐ.ഐ.ടി. സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. പി. അളഗ സുന്ദരമൂർത്തിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. പാലത്തിൽ നടത്തിയ വിവിധ പരിശോധനകളുടെ ഫലവും ഒപ്പം, ചിത്രങ്ങളും അടങ്ങുന്ന 500-ലധികം പേജ് വരുന്നതാണ് റിപ്പോർട്ട്. അടിയന്തര പ്രാധാന്യത്തോടെ പാലത്തിലെ തകരാറുകൾ പരിഹരിക്കണമെന്നും ചെന്നൈ ഐ.ഐ.ടി. നിർദ്ദേശിക്കുന്നുണ്ട്. അത്യാധുനിക അസംസ്‌കൃത വസ്തുക്കളും രീതികളും ഇതിനായി ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP