Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം പാലം തുറന്നു; പാലത്തിലെ ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ; മുഖ്യമന്ത്രി മനപ്പൂർവ്വം മറന്ന മെട്രോമാൻ ഇ ശ്രീധരനെ അഭിനന്ദിച്ചു സുധാകരൻ; ഇ ശ്രീധരൻ, ഡിഎംആർസി, ഊരാളുങ്കൽ എന്നീ കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി; ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനവും

കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം പാലം തുറന്നു; പാലത്തിലെ ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ; മുഖ്യമന്ത്രി മനപ്പൂർവ്വം മറന്ന മെട്രോമാൻ ഇ ശ്രീധരനെ അഭിനന്ദിച്ചു സുധാകരൻ; ഇ ശ്രീധരൻ, ഡിഎംആർസി, ഊരാളുങ്കൽ എന്നീ കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി; ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ പൊളിച്ചു പണിത പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല. ഡിഎംആർസി ഉദ്യോഗസ്ഥർ പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു.

ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി സുധാകരൻ ആദ്യയാത്രക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പാലം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിന് മെട്രോമാൻ മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കാൻ മറന്നിടത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അദ്ദേഹത്തെ ഓർത്തത് എന്നതും ശ്രദ്ധയമായി.

പാലം വേഗത്തിൽ പൂർത്തിയാക്കാനായത് ഇ ശ്രീധരൻ, ഡി എം ആർ സി ഊരാളുങ്കൽ എന്നിവരുടെ കൂട്ടായ്മയുടെ വിജയമാണെന്നായിരുന്ന മന്ത്രി ദി സുധാകരൻ പറഞ്ഞത്. സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി പി എം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി നടത്തി. ഇതിന് പിന്നാലെ ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനവുമുണ്ടായിരുന്നു.

2016 ഒക്ടോബർ 12ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയർ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ്‌ ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കുമാണ്. കേരളത്തിന്റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നതും ശ്രദ്ധേയമാണ്. പാലത്തിന്റെ അവസാന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി.

പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡി എം ആർ സിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമ്മിച്ചത്. 2020 സെപ്റ്റംബർ അവസാനമാണു പാലം പുനർനിർമ്മാണം തുടങ്ങിയത്. തകരാറിലായ ഗർഡറുകളും പിയർ ക്യാപുകളും പൊളിച്ചു പുതിയവ നിർമ്മിച്ചു. തൂണുകൾ ബലപ്പെടുത്തി. റെക്കോർഡ് സമയം കൊണ്ടാണു പാലം പുനർനിർമ്മാണം പൂർത്തിയായത്. 100 വർഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നൽകുന്നതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർനിർമ്മിച്ചത്.

തകർന്ന പാലം പുനർനിർമ്മിക്കാൻ ഏജൻസികളുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനിച്ചത്. ദേശീയ പാതയിൽ കൊല്ലം മുതൽ എറണാകുളം വരെ 5 പ്രധാന പദ്ധതികളാണു സർക്കാർ പൂർത്തിയാക്കിയതെന്നു സുധാകരൻ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകൾ, കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ എന്നിവയ്‌ക്കൊപ്പം പുനർനിർമ്മിച്ച പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ ഗതാഗതം സുഗമമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP