Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവർക്ക് പാലാ രൂപതയുടെ ഉഗ്രൻ സമ്മാനങ്ങൾ; അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം; നാലുമുതലുള്ള കുട്ടികളുടെ പ്രസവച്ചെലവും പഠനസഹായവും; സീറോ മലബാർ സഭാ രൂപതയുടെ വാഗ്ദാനം കുടുംബ വർഷം ആഘോഷഭാഗമായി

മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവർക്ക് പാലാ രൂപതയുടെ ഉഗ്രൻ സമ്മാനങ്ങൾ; അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം; നാലുമുതലുള്ള കുട്ടികളുടെ  പ്രസവച്ചെലവും പഠനസഹായവും; സീറോ മലബാർ സഭാ രൂപതയുടെ വാഗ്ദാനം കുടുംബ വർഷം ആഘോഷഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവർക്ക് ഉഗ്രൻ സമ്മാനങ്ങളുമായി സീറോ മലബാർ സഭ പാലാ രൂപത. കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം.

ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന പരസ്യത്തിൽ പറയുന്നു.

ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുന്നതാണെന്നും പരസ്യത്തിൽ പറയുന്നു. നാലുമുതലുള്ള കുട്ടികളുടെ പ്രസവച്ചെലവ് മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും സൗജന്യം. ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ കോളേജ് ഓഫ് നഴ്‌സിങ്ങിൽ സൗജന്യ പഠനം. പാലാ രൂപതയുടെ കുടുംബവർഷം 2021 ആഘോഷത്തിന്റെ ഭാഗമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന തരത്തിൽ നേരത്തെ ചർച്ചകൾ നടന്നിരുന്നു. കേരള ക്രൈസ്തവർ വംശനാശ ഭീഷണി നേരിടുന്നു എന്ന തരത്തിൽ സഭ അനുകൂല പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെട ഇക്കാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു.

ഈ വിഷയത്തിൽ യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ സി.രവിചന്ദ്രന്റെ കുറിപ്പ് കൂടി വായിക്കാം:

പ്രസവ സൗജന്യങ്ങൾ

മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവർക്ക് രണ്ട് മാരക 'സൗജന്യ'ങ്ങളാണ് പാല രൂപത അദ്ധ്യക്ഷന്റെ ഈ പരസ്യം വാഗ്ദാനം ചെയ്യുന്നത്. 1. പ്രസവചെലവ്. 2. നഴ്സിങ് കോളേജിൽ പഠനം. മൂന്ന് കൂട്ടികളാണെങ്കിൽ 'സൗജന്യം' കിട്ടില്ല. നാലാമതൊരു കുട്ടിയെ പ്രസവിച്ചാൽ നോക്കികൊള്ളാം എന്ന ഈ കരാറിൽ രണ്ട് സ്ഥാപനങ്ങളുടെ പേരെടുത്ത് പറയുന്നുണ്ട്. ആ സ്ഥാപനങ്ങളിൽ നിന്നേ സൗജന്യം ലഭിക്കൂ. പ്രസവം കഴിഞ്ഞ് നഴ്സിങ് പഠനംവരെയുള്ള കാലം എങ്ങനെ തരണംചെയ്യും എന്ന കാര്യം പാക്കേജിൽ പറയുന്നില്ല. That one has to self-manage

(2) ഇതിൽ കൂടുതൽ ഓഫറുകളുള്ള വേറെ പരസ്യപോസ്റ്ററുകളും ഉണ്ടെന്ന് കേൾക്കുന്നു! 'സൗജന്യം' എല്ലാവർക്കും ലഭിക്കുമോ? സാധ്യതയില്ല. മറ്റ് മതങ്ങളിൽ ഉള്ളവർക്കോ മറ്റ് സഭകളിലെ/രൂപതകളിലെ ക്രിസ്ത്യാനികൾക്കോ ലഭിക്കുമെന്ന് കരുതാനാവില്ല. നാലാമത്തെ കുട്ടി വേണം എന്ന് രൂപത പറയാനുള്ള കാര്യം ശിശുക്കളോടുള്ള അമിതസ്നേഹമോ രാജ്യ-സംസ്ഥാന താല്പര്യമോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്. സ്വമതത്തിൽ ആളെ കൂട്ടുക, അംഗസംഖ്യ വർദ്ധിപ്പിക്കുക-അതാണ് ആദ്യത്തെയും അവസാനത്തെയും പ്രേരണ. ആളുകൂടിയാൽ തലയെണ്ണി സമൂഹത്തോടും സ്റ്റേറ്റിനോടും വിലപേശാം, മതപ്പണിക്ക് കൂടുതൽ പേരെ ലഭ്യമാകും. ഈ പരമ്പരാഗത മതപ്രജനനസിദ്ധാന്തം തന്നെയാണ് ഈ പരസ്യത്തിന് പിന്നിലെ മുഖ്യ ചേതോവികാരം.

(3) 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ജനസംഖ്യ ഇനിയും കൂട്ടണം എന്നു വാദിക്കുന്നവർ അടിസ്ഥാന യാഥാർത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. കഴിഞ്ഞ 200 വർഷത്തിനിടെ ലോകജനസംഖ്യ ഏതാണ്ട് എട്ടിരട്ടി വർദ്ധിച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി എന്നീ രംഗങ്ങളിൽ മനുഷ്യൻ നടത്തിയ അമ്പരപ്പിക്കുന്ന മുന്നേറ്റവും മൂലധനസമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായി ലോകമെമ്പാടും സമ്പത്തിന്റെ ഉദ്പാദനം പലമടങ്ങ് വർദ്ധിപ്പിക്കപെട്ടതുമാണ് ദാരിദ്ര്യത്തിലും രോഗപീഡകളിലും തകർന്നടിയാതെ ഈ എട്ടിരട്ടിയെ കാത്തത്. അപ്പോഴും പൂർണ്ണ പരിഹാരമായിട്ടില്ല, പ്രശ്നങ്ങൾ നിരവധി ബാക്കി നിൽക്കുന്നു. സ്വന്തം മതത്തിന്റെ അംഗസംഖ്യ കുറയുന്നതോർത്ത് കുണ്ഠിതപ്പെടുന്നവരും അംഗസംഖ്യ കൂട്ടി ആവേശം കൊള്ളുന്നതും സമൂഹത്തിന്റെ പൊതുതാല്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യമാണ്.

(4) മതവരുമാനം വർദ്ധിക്കുമെന്നതും കൊല്ലലും കൊല്ലപ്പെടലും ഉൾപ്പടെയുള്ള മതപ്പണികൾക്ക് കൂടുതൽ ആളുകളെ കിട്ടും എന്നതുമാണ് ഉയരുന്ന ജനസംഖ്യ മതങ്ങളെ ഉന്മാദംകൊള്ളിക്കുന്നതിന്റെ മുഖ്യകാരണങ്ങൾ. ചെറിയ ജനസംഖ്യയുള്ളിടത്തും കുറച്ച് സാമൂഹികപ്രശ്നങ്ങൾ ഉള്ളിടത്തും മതത്തിന്റെ സാധ്യതകൾ താരതമ്യേന നേർപ്പിക്കപെടും. ജനപ്പെരുപ്പം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മതം ഉത്തരവാദിയാണെന്നു വന്നാലും അതവരെ ഒട്ടും അലോസരപെടുത്തില്ല. അത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സ്റ്റേറ്റാണ്! നിർബന്ധിതപ്രജനനം വ്യക്തിതാല്പര്യത്തെയും പൗരാവകാശങ്ങളെയും ഹനിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP