Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമോഫോബിയ ഇൻ ഇന്ത്യ' എന്ന ഹാഷ്ട് ടാഗിന്റെ ഉറവിടം പാക്കിസ്ഥാൻ; ഗൾഫ് മേഖലയിലടക്കം ഇന്ത്യക്കെതിരായ പ്രചരണം അഴിച്ചുവിടാൻ ട്രോൾ പേജുകളും; നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യമിട്ട് സൈബർ അറ്റാക്കുമായി പാക്കിസ്ഥാൻ; പാക് ചാരസംഘടനയുെട പിന്തുണയുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തിൽ; ഇന്ത്യയുടെ സഖ്യരാജ്യങ്ങളെ ഭിന്നിപ്പിക്കുക ലക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ഒരു തുള്ളി  രക്തമോ ഒരു വെടിയുണ്ടയോ ചെലവാകാതെ എന്നാൽ അതിനേക്കാൾ ഫലപ്രദമായ യുദ്ധമാണ് സൈബർ യുദ്ധം. ഈ കോവിഡ് കാലത്തും ഇന്ത്യയെ തകർക്കാനുള്ള പാക് സ്‌പോൺസേഡ് സൈബർ യുദ്ധം തകൃതിയാണ്. പാക്കിസ്ഥാൻ അറബ്, ക്രിസ്ത്യൻ, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
.പാക്ക് ചാരസംഘടനകളുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ഇവർ വിലയിരുത്തുന്നു. ഇതു സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും ഇതിനായി പ്രവർത്തിക്കുന്ന നിരവധി ട്രോൾ അക്കൗണ്ടുകളുടെ പട്ടികയും ശേഖരിച്ചിട്ടുണ്ട്. 'ഷെയിംഓൺമോദി', 'കയോസ്ഇൻഇന്ത്യ' തുടങ്ങിയ ഹാഷ് ടാഗുകളാണ് ചൊവ്വാഴ്ച പാക്കിസ്ഥാനിൽനിന്ന് ട്വിറ്ററിൽ പ്രചരിച്ചത്

ഇസ്ലാമോഫോബിയ ഇൻ ഇന്ത്യ' എന്ന് അടുത്തിടെ ട്വിറ്ററിൽ പ്രചരിച്ച ഹാഷ് ടാഗിന്റെ ഉറവിടം പാക്കിസ്ഥാനിൽനിന്നുള്ള ചില ആളുകളും ബോട്ടുകളും (കൃത്രിമമായ ടാസ്‌കുകൾ നൽകിയാൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കാനാവുന്ന സോഫ്റ്റ്്വെയർ) ആണെന്ന് സുരക്ഷാ ഏജൻസികളും സ്വതന്ത്ര സമൂഹമാധ്യമ ഉപയോക്താക്കളും കണ്ടെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ മോദി സർക്കാർ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമായിരുന്നു ഈ നീക്കം.

ആദ്യം @pak_fauj എന്ന തരത്തിൽ പ്രവർത്തിച്ചിരുന്ന ട്വിറ്റർ അക്കൗണ്ട് പിന്നീട് @SayyindaMona എന്നാക്കി. ഇതിന്റെ പ്രൊഫൈൽ ചിത്രം ഒരു അറബിയായ Mona Bint Fahd Al Saeed @MonaFahad13 എന്നാക്കി. ഈ അക്കൗണ്ടിലെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നിരവധി ബോട്ടുകളാണ് ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിനു പേർ സബ്സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണൽ പോസ്റ്റ് (സിജെ പോസ്റ്റ്) എന്ന ഫേസ്‌ബുക് പേജ് പാക്കിസ്ഥാനിൽനിന്നാണു പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന പോസ്റ്റുകളും വിഡിയോകളും തെറ്റായ വാർത്തകളും പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കി സ്വതന്ത്ര കശ്മീർ, ഖാലിസ്ഥാൻ, ദ്രാവിഡിസ്ഥാൻ എന്നിവ രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബ്രാഹ്മണ വിഭാഗത്തെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബ്രാഹ്മണ വിരുദ്ധ വികാരം സമൂഹത്തിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. വെളുത്ത സ്ത്രീകളായിരുന്നു വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

അൻഷുൽ സക്സേന എന്ന സ്വതന്ത്ര സമൂഹമാധ്യമ പ്രവർത്തകൻ ഇവരുടെ എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചപ്പോൾ മുൻപ് ഇതിൽ മിക്കവയിലും ഉറുദു ഭാഷയിൽ പാക്കിസ്ഥാനെക്കുറിച്ചുള്ള പോസ്റ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കണ്ടെത്തി. ഒരു ഘട്ടത്തിൽ സിജെ പോസ്റ്റിന്റെ ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളിൽ ആഗോളവാർത്തകൾ നിറഞ്ഞു. മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഈ അക്കൗണ്ടുകൾ ഇന്ത്യ വിരുദ്ധ പോസ്റ്റുകളിലേക്കു ചുവടുമാറിയതായും പരിശോധനയിൽ കണ്ടെത്തി.

തുടർന്ന് സിജെ പോസ്റ്റ് ഫിവർ എന്ന വെബ്സൈറ്റിൽനിന്ന് 10 ഡോളർ മുതൽ 50 പൗണ്ട് വരെ നൽകി വാർത്താ അവതാരകരെ വാടകയ്ക്കെടുത്തു. ഈ അക്കൗണ്ടുകളിൽനിന്ന് നൽകുന്ന വാർത്തകൾ വീട്ടിലിരുന്നു വായിച്ചു ഫോൺ ക്യാമറയിൽ പകർത്തി അയച്ചു നൽകുകയാണ് അവതാരകർ ചെയ്തിരുന്നത്.

പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ അറിവോടെയാണ് ഭൂരിഭാഗം ഇന്ത്യവിരുദ്ധ പ്രചാരണവും നടക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ഐഎസ്ഐ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ പേരിലുള്ള വ്യാജഅക്കൗണ്ടുകൾ വഴി, ഇന്ത്യൻ സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നു വ്യാജപ്രചാരണം അഴിച്ചുവിട്ടു കശ്മീരിലെ മുസ്ലിംകൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പാക്കിസ്ഥാനിൽനിന്നു പ്രവർത്തിക്കുന്ന മിക്ക ബോട്ടുകളും വർഗീയ കലാപമുണ്ടാക്കാനായി മുസ്ലിം വിരുദ്ധ വാർത്തകളാണു പോസ്റ്റ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്ക് ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ കശ്മീരിൽ ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും സമൂഹമാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കശ്മീരിന്റെ വിശേഷാധികാരം നീക്കി 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇന്ത്യാ വിരുദ്ധ നീക്കം വർധിച്ചതു കേന്ദ്രസർക്കാർ ഗൗരവത്തോടെയാണു കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP