Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് പാക്കിസ്ഥാൻ നേതാവ്; പാക്കിസ്ഥാൻ മുഴുവൻ ലോകത്തിനുമേലും ബാധിച്ചിരിക്കുന്ന അർബുദം; ഭരണകൂടവും പട്ടാളവും ചേർന്ന് കഴിഞ്ഞ 72 വർഷങ്ങളായി ജനതയെ വഴിതെറ്റിക്കുന്നു എന്നും അൽത്താഫ് ഹുസൈൻ; ഇന്ത്യയോട് ഐക്യപ്പെട്ട് 'സാരേ ജഹാംസെ അച്ഛാ' ആലപിച്ചും എംക്യൂഎം സ്ഥാപക നേതാവ്

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് പാക്കിസ്ഥാൻ നേതാവ്; പാക്കിസ്ഥാൻ മുഴുവൻ ലോകത്തിനുമേലും ബാധിച്ചിരിക്കുന്ന അർബുദം; ഭരണകൂടവും പട്ടാളവും ചേർന്ന് കഴിഞ്ഞ 72 വർഷങ്ങളായി ജനതയെ വഴിതെറ്റിക്കുന്നു എന്നും അൽത്താഫ് ഹുസൈൻ; ഇന്ത്യയോട് ഐക്യപ്പെട്ട് 'സാരേ ജഹാംസെ അച്ഛാ' ആലപിച്ചും എംക്യൂഎം സ്ഥാപക നേതാവ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയെ അനുകൂലിച്ച് പാക്കിസ്ഥാൻ നേതാവ്. പാക്കിസ്ഥാനിലെ മുത്താഹിദ ക്വാമി മൂവ്മെന്റ് എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകനും നേതാവുമായ അൽത്താഫ് ഹുസ്സൈൻ ആണ് കശ്മീർ വിഷയത്തിൽ ഇന്ത്യയെ അനുകൂലിച്ച് രംഗത്തെത്തിയത്. നാടുകടത്തപ്പെട്ട് ബ്രിട്ടനിൽ കഴിയുന്ന അൽത്താഫ് ഇന്ത്യയെ അനുകൂലിച്ച് സംസാരിക്കുകയും 'സാരേ ജഹാംസേ അച്ഛാ' ആലപിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു. മുഴുവൻ ലോകത്തിനുമേലും ബാധിച്ചിരിക്കുന്ന അർബുദമാണ് പാക്കിസ്ഥാൻ എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. എംക്യൂഎം സെക്രട്ടേറിയറ്റാണ് അൽത്താഫ് ഹുസ്സൈന്റെ വീഡിയോ പുറത്തുവിട്ടത്.

ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അൽത്താഫ് ഹുസ്സൈൻ പറഞ്ഞു. ഇതിന് ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയുണ്ട്. പാക്കിസ്ഥാന് ധൈര്യമുണ്ടെങ്കിൽ ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പാക് അധീന കശ്മീരിനെ പാക്കിസ്ഥാനോട് കൂട്ടിച്ചേർക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

കശ്മീരിന്റെ പേരിൽ പാക്കിസ്ഥാൻ ഭരണകൂടവും പട്ടാളവും ചേർന്ന് കഴിഞ്ഞ 72 വർഷങ്ങളായി പാക് ജനതയെ വഴിതെറ്റിക്കുകയും രാജ്യത്ത് അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുകയുമാണ്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹാജിറുകൾ അടക്കമുള്ളവരെ കൂട്ടക്കുരുതി നടത്താൻ അനുവദിക്കുന്നതിന്റെ പേരിൽ പാക് ഭരണകൂടത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനവും ഉന്നയിച്ചു. ഇക്കാര്യങ്ങൾ ഇന്ത്യൻ മാധ്യമങ്ങളും വാർത്തയാക്കാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നുമുണ്ട്. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹം 'സാരേ ജഹാംസേ അച്ഛാ' ആലപിക്കുന്നതും വീഡിയോയിൽ കാണാം.

കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് എംക്യൂഎം വിഭജന കാലത്ത് പാക്കിസ്ഥാനിലേയ്ക്ക് കുടിയേറിയ മുഹാജിറുകൾക്കിടയിൽ വലിയ പിന്തുണയുള്ള പാർട്ടിയാണിത്. പാർട്ടിയുടെ സ്ഥാപകനായ അൽത്താഫിനെ പാക്കിസ്ഥാൻ നേരത്തേ നാടു കടത്തിയിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടനിലാണ് അൽത്താഫ് ഹുസൈൻ ഇപ്പോൾ ജീവിക്കുന്നത്.

കശ്മീർ വിഷയത്തിൽ ഇന്ത്യയെ കടന്നാക്രമിച്ച് മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രംഗത്തെത്തിയതിന് പിന്നാലെയാണ് അൽത്താഫ് ഹുസൈൻ ഇന്ത്യാ അനുകൂല നിലപാടുമായി രംഗത്തെത്തിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ധരിച്ച് തനിക്ക് ബാറ്റ് വീശാൻ സാധിക്കുമെങ്കിൽ വാളും വീശാൻ സാധിക്കുമെന്ന് ജാവേദ് മിയാൻദാദ് പറഞ്ഞു. കശ്മീരിലെ സഹോദരങ്ങൾ ഭയക്കേണ്ടതില്ല. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നേരത്തേ ഞാൻ സിക്സർ അടിക്കാൻ ബാറ്റ് ഉപയോഗിച്ചിരുന്നു, ഇപ്പോൾ എനിക്ക് ഒരാളെ കൊല്ലാൻ ഈ വാളും ഉപയോഗിക്കാൻ സാധിക്കും എന്നാണ് മിയാൻദാദ് പ്രസംഗിച്ചത്.

ഇതോടൊപ്പം മിയാൻദാദിന്റെ കൂടെയുള്ളവർ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതുമുണ്ട്. ഇതാദ്യമായല്ല ജാവേദ് മിയാൻദാദിന്റെ പ്രസ്താവനകൾ വിവാദമാകുന്നത്. കശ്മീരികളോട് ആയുധമെടുക്കാൻ മിയാൻദാദ് നേരത്തേ പറഞ്ഞത് ഏറെ വിവാദമായിരുന്നു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ ഇന്ത്യ റദ്ദാക്കിയപ്പോഴും മുൻ ക്രിക്കറ്റ് താരം ഇന്ത്യയ്ക്കെതിരെ രൂക്ഷഭാഷയിൽ തന്നെ രംഗത്തെത്തി. ഇന്ത്യൻ സർക്കാർ ഭീരുക്കളാണെന്നും അണ്വായുധം കാഴ്ചയ്ക്കു വേണ്ടിയല്ല പാക്കിസ്ഥാൻ സൂക്ഷിക്കുന്നതെന്നുമായിരുന്നു അന്ന് മിയാൻദാദ് പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP